പുരോഗമനം പറയുന്നവർ ഫെയ്സ്ബുക്കിൽ ജാതിവാൽ പേരിനൊപ്പം വെച്ച് അനീതികളെ എതിർത്തു രോക്ഷം കൊള്ളുന്നു

305

Vishnu Vijayan എഴുതുന്നു 

ഒരിക്കൽ തമിഴ് നടൻ വിജയ് സേതുപതി പറയുകയുണ്ടായി നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ പുരോഗമനം പറയുന്നവർ ഫെയ്സ്ബുക്കിൽ ജാതിവാൽ പേരിനൊപ്പം വെച്ച് അനീതികളെ എതിർത്തു രോക്ഷം കൊള്ളുന്നത് എന്ന്.

ജാതിയെ കുറിച്ച് ചർച്ച നടക്കുമ്പോളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ പലപ്പോഴും അത് എത്തി നിൽക്കുന്ന ഒരു ഘടകം ജാതിവാൽ ആയിരിക്കും.

ഒരു സംഭവം പറയാം, അടുത്ത കാലത്ത് ഒരാൾ വളരെ മികച്ച രീതിയിൽ മത/ജാതീയ മനോഭാവം എതിർത്തു കൊണ്ട് ഒരു പോസ്റ്റ് ഇടുന്നു, തുടർന്ന് അയാളുടെ ജാതിവാൽ തട്ടിയാണ് പോസ്റ്റിൻ്റെ കീഴിൽ ചർച്ചകൾ പുരോഗമിക്കുന്നത്, ജാതിവാലിൻ്റെ പ്രശ്നം ചൂണ്ടിക്കാട്ടിയ ആളോട് ഇത് താൻ ഒരു കൗതുകത്തിന് പേരിനൊപ്പം ചേർത്തതാണ് മറ്റു പ്രിവിലേജിൻ്റെ ഭാഗമായി അല്ലെന്ന് ഒക്കെയാണ് ടിയാന്റെ വാദം, ഒരുപടികൂടി കടന്ന് ജാതിവാൽ ചോദ്യം ചെയ്ത ആളുടേത് സംഘി യുക്തിയാണ് എന്നൊക്കെ പറയുന്ന തലത്തിൽ എത്തിയപ്പോഴാണ് ഒരു കമൻ്റ് ഇട്ടു കളയാം എന്ന് കരുതിയത്, എന്നാൽ കമൻ്റ് ടൈപ്പ് ചെയ്തു അത് പോസ്റ്റുന്നതിന് മുൻപ് നോക്കിയപ്പോൾ അതിനുള്ളിൽ അയാൾ വാല് മാറ്റി കഴിഞ്ഞു, ഒടുക്കം
ഈ കമൻ്റ് ടേപ്പ്‌ ചെയ്തു തുടങ്ങിയപ്പോൾ പേരിനൊപ്പം ഉണ്ടായിരുന്ന ജാതിവാൽ ഇപ്പോൾ കാണുന്നില്ല, ഇതിനിടെ ഇവിടെ നടന്ന ചർച്ചയുടെ ഫലമായി കരുതുന്നുവന്ന് ചേർത്താണ് കമൻ്റ് പോസ്റ്റ് ചെയ്തത്.

ഇതിപ്പോൾ പറയാൻ കാരണം പുരോഗമന ഇടങ്ങളായ കലയിലും/സാംസ്കാരിക/സാഹിത്യ മണ്ഡലങ്ങളിലും തങ്ങളുടെ പേരിനൊപ്പം ആഢ്യത്തം പോലെ കൊണ്ട് നടന്നിരുന്ന ഒന്നാണ് ഈ വാലുകൾ. വലിയ വലിയ പുരോഗമന ചിന്തകൾ പറഞ്ഞിരുന്ന ആളുകൾക്ക് യാതൊരു അസ്വഭാവികതയും തോന്നിയിരുന്നില്ല എന്നതാണ് വാസ്തവം.

പേരിനൊപ്പം ജാതിവാൽ ചേർത്ത് കൊണ്ട്, ഇടപെടുന്ന മേഖലയിൽ എല്ലാം അതിന്റെ പ്രിവിലേജ് അനുഭവിച്ചു കൊണ്ട്, ഒടുവിൽ ഇവിടെ നിലനിൽക്കുന്ന ജാതയുടെ മുഴുവൻ ഉത്തരവാദിത്വം ഭരണഘടന വിഭാവനം ചെയ്യുന്ന സംവരണത്തിന് മുകളിൽ ചാർത്തി കൊടുക്കുന്നതാണ് മറ്റൊരു പുരോഗമന യുക്തി. എപ്പോഴാണ് ഇതിൽ നിന്ന് ഒരു മാറ്റം ഉണ്ടായി തുടങ്ങിയതെന്ന്/സൂചനകൾ കണ്ടു തുടങ്ങിയത് എന്ന് ചോദിച്ചാൽ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ സംഭവിച്ചതൊന്നുമല്ല,

ഇപ്പോൾ ജാതിവാൽ ഉപേക്ഷിക്കുന്ന ഈ പ്രവണതകൾ വ്യപകമായി മാറുന്നുവെങ്കിൽ അത് നിരന്തരമായ ചർച്ചകളുടെ ഭാഗമായി തന്നെയാണ്. പേരിനൊപ്പമുള്ള പ്രിവിലേജ് വാലുകൾ ഉപേക്ഷിച്ചാൽ പ്രിവിലേജിൽ നിന്ന് പുറത്തു കടന്നു അഥവാ, ജാതിയെ പൂർണമായും മറികടന്നു എന്നൊന്നും പറയുന്നില്ല. അതേസമയം ഇതൊന്നും ഒട്ടും പുരോഗമനം അല്ലേന്നും അതേസമയം ഒരു കാലഘട്ടത്തിന്റെ ആധിപത്യ സ്വാഭാവത്തെ ഓർമ്മിപ്പിക്കുന്ന ജാതിയുടെ ചിഹ്നങ്ങൾ ആണെന്നും, അത് ഇക്കാലത്തും ദൈനംദിന ജീവിതത്തിൽ പ്രിവിലേജ് സമ്മാനിക്കുന്ന ഘടകങ്ങൾ ആണെന്ന ഓർമ്മപ്പെടുത്തൽ എങ്കിലും ഇത്തരം ചർച്ചകൾ വഴിവെക്കട്ടെ.

അതല്ലെങ്കിൽ ഇതൊരു വലിയ പുരോഗമന വാലാണ് എന്നൊക്കെ ആർക്കെങ്കിലും തോന്നിയാലോ….!!!