കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന കാര്യത്തിൽ സമൂഹത്തിൽ നിലനിൽക്കുന്ന ഭയം മാറേണ്ടതുണ്ട്

426

എഴുതിയത്  : Vishnu Vijayan

അതിന് ഇപ്പോഴത്തെ പിള്ളേര് വാർത്ത വല്ലതും കാണുവോ, പത്രം വായിക്കുവോ..!

എപ്പോൾ നോക്കിയാലും ഫോണിൽ കുത്തിക്കൊണ്ട് നടക്കാൻ അല്ലേ സമയം പിന്നെ എങ്ങനെയാണ് കാര്യങ്ങൾ മനസിലാക്കുന്നത്….!!!!

അല്ല ചേട്ടാ, പറഞ്ഞത് പോലെ കാശ്മീരിൽ എന്താണ് അവസ്ഥ, ആസാമിലെ ജനങ്ങളെ സംബന്ധിച്ച് പുതിയ വല്ല റിപ്പോർട്ടുകളും വന്നോ…!!!

അവിടെ അവസ്ഥകൾ ശാന്തമാണ് എന്നാണല്ലോ വാർത്തകൾ.

എന്നാൽ അങ്ങനെ ഒന്നും അല്ലല്ലോ ചേട്ടാ അന്താരാഷ്ട്ര മാധ്യമങ്ങളും ചില നാഷണൽ മീഡിയകളും പറയുന്നത്…!!!

വാഷിംഗ്ടൺ പോസ്റ്റ്, ന്യൂയോർക്ക് ടൈംസ്, അൽ ജസീറ, ദ ഗാർഡിയൻ, CNN , ബിബിസി വേൾഡ് തുടങ്ങി, ഫസ്റ്റ് പോസ്റ്റ്, സ്ക്രോൾ,
ദ വയർ എന്ന് തുടങ്ങി വലിയ നിര ദേശീയ/അന്തർദേശീയ മാധ്യമങ്ങൾ ഒക്കെ ഫോളോ ചെയ്യുന്ന യുവാക്കൾ നമ്മുടെ നാട്ടിലുണ്ട്. അവരൊക്കെ കാണുന്നുണ്ട് എന്താണ് നടക്കുന്നതെന്ന് കാശ്മീർ മാത്രമല്ല ലോകത്ത് ഏത് കോണിലും.

ഫോണിൽ കുത്തൽ എന്നത് സോഷ്യൽ മീഡിയ ഉപയോഗം ആണ് കാര്യം എങ്കിൽ, കഴിവുകൾ അവതരിപ്പിക്കാൻ ഒരു വേദി എന്ന പ്ലാറ്റ്‌ഫോം ഇല്ലാത്തവർ ടിക്ടോക്കിൽ വീഡിയോ പോസ്റ്റ് ചെയ്യുന്നിടത്ത് തുടങ്ങും ഇതിന്റെ വിസിബിലിറ്റി, കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സിനിമ എന്നുവേണ്ട സൂര്യന് കീഴിലുള്ള സകല വിഷങ്ങളെക്കുറിച്ചും ചർച്ച ചെയ്തു തന്നെയാണ് സൈബർ സ്പെയ്സിൽ പുതിയ ജെനറേഷൻ വളർന്നു വരുന്നത്.

പണ്ട് കവലയിലും, ചായപ്പീടികയിലും ഇരുന്ന് ചർച്ച ചെയ്യുന്ന നേരങ്ങളിൽ ഉപയോഗിച്ച് വന്നിരുന്ന ചില അളിഞ്ഞ ചിന്തകൾ കടന്നു വരാതെ, അതിനെ റദ്ദു ചെയ്ത് അൽപം പൊളിറ്റിക്കൽ കറക്ടായി തന്നെയാണ് അവർ വളർന്നു വരുന്നത്.

പ്രളയം വന്നാൽ സകലതും മാറ്റി വെച്ച് ഒറ്റപെട്ട സഹജീവികൾക്ക് വേണ്ടി ഈ മീഡിയ തന്നെ കൺട്രോൾ റൂം ആക്കിമാറ്റാൻ അറിയാവുന്ന അതിനായി രാവന്തിയോളം സജ്ജരായി മാറുന്ന ജനറേഷൻ ആണ് ചേട്ടാ ഈ ചെറിയ സ്ക്രീനിൽ കുത്തിക്കൊണ്ട് ഇരിക്കുന്നത്.

ലോകത്തിൻ്റെ ഏത് കോണിലുള്ള ആളുകളുമായി സൗഹൃദം പങ്കുവെച്ചും
ഇഷ്ടപ്പെട്ട സിനിമകളും, ബുക്കുകളും, മീഡിയയും തേടിപ്പിടിച്ച് കാണുകയും, ഈ ഡിജിറ്റൽ സാധ്യത ഉപയോഗിച്ച് അരനൂറ്റാണ്ട് മുൻപ് സ്വപ്നം കാണാൻ കഴിയാതിരുന്ന പലതും കൈപ്പിടിയിൽ ഒതുക്കിയുമാണ് അവർ ജീവിക്കുന്നത്,

ഇതൊന്നും പറഞ്ഞു തുടങ്ങിയാൽ അത്ര പെട്ടെന്ന് അവസാനിക്കുന്ന വിഷയമല്ല.

ചേട്ടൻ്റെ അറിവിലേക്കായി ഒരു കാര്യം കൂടി പറയാം കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന സംഭവമാണ്.

വൈകുന്നേരം ആറുമുതല്‍ പത്ത് മണിവരെ ഹോസ്റ്റലില്‍ മൊബൈല്‍ ഉപയോഗിക്കരുത്, ഫോൺ ഉപയോഗിക്കാനാണ് തീരുമാനം എങ്കിൽ ഹോസ്റ്റലില്‍ നിന്ന് മാറണം എന്ന് ബിരുദ വിദ്യാര്‍ഥിനിയായ ഫഹീമ ഷിറിൻ എന്ന പെണ്‍കുട്ടിക്ക് പ്രിന്‍സിപ്പല്‍ നിര്‍ദേശം നല്‍കിയിരുന്നത്ര.

ബോയ്സ് ഹോസ്റ്റലിൽ ആൺകുട്ടികൾ രാത്രി – പകൽ വ്യത്യാസം ഇല്ലാതെ ഇഷ്ടാനുസരണം ഉപയോഗിച്ച് വരുന്ന കാര്യമാണ്, അതേസമയം ആറരയോടെ പെൺകുട്ടികൾ ഹോസ്റ്റലിൽ കയറണമെന്ന് പറയുന്നത് പോലെ, പെൺകുട്ടികൾക്ക് മൊബൈൽ ഫോൺ ഉപയോഗം പാടില്ല എന്ന് പറയുന്നതിലും ലിംഗ വിവേചനം ഒക്കെ കൃത്യമായി പ്രവർത്തിക്കുന്നുണ്ട് കെട്ടോ, അപ്പോൾ തന്നെ അടിസ്ഥാനപരമായ കാര്യത്തെ കുറിച്ച് പറയാതെ വയ്യ.

കോളേജ് മാനേജ്‌മെന്റ് എടുത്ത തീരുമാനം അപ്പാടെ ഏറ്റെടുക്കാൻ പെൺകുട്ടിയും, വീട്ടുകാരും തയ്യാറായില്ല അതുകൊണ്ട് തന്നെ അവർ കോടതിയെ സമീപിച്ചു,

പെണ്‍കുട്ടിയും ബന്ധുക്കളും നല്‍കിയ ഹരജിയിൽ കോടതി ഒരു നിരീക്ഷണം നടത്തുകയുണ്ടായി.മൊബൈൽ ഫോൺ ഉപയോഗം ഇൻ്റർനെറ്റ് ഉപയോഗത്തിൻ്റെ ഭാഗമാണ്, ഇൻ്റർനെറ്റ് ഉപയോഗിക്കുക എന്ന അവകാശത്തെ ആർക്കും തന്നെ തടയാൻ കഴിയില്ല, ഒരേസമയം വിദ്യാഭ്യാസത്തിനും,, സ്വകാര്യതയ്ക്കുമുള്ള അവകാശത്തിൻ്റെയും മൗലിക അവകാശത്തിൻ്റെയും ഭാഗമാണ് ഇതെന്ന്.

പെൺകുട്ടിയുടെ പിതാവ് ഒരു കാര്യം കൂടി ചേർത്ത് പറഞ്ഞതായി കണ്ടു (Doolnews),

അദ്ദേഹം പറയുന്നത് കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന കാര്യത്തിൽ സമൂഹത്തിൽ നിലനിൽക്കുന്ന ഭയം മാറേണ്ടതുണ്ട്, അതിനു വേണ്ടിയായിരുന്നു തൻ്റെ ശ്രമം, പെൺകുട്ടിയുടെ പിതാവ് ഹക്സർ പറയുന്നു മൊബൈൽ ഫോണിനെ ഏറ്റവും ഗുണപ്രദമായ ഒരു ഉപകരണം എന്ന രീതിയിൽ തിരിച്ചറിഞ്ഞ് ഉപയോഗങ്ങളെ കുറിച്ച് പുതിയ തലമുറയ്ക്ക് അവബോധം ഉണ്ടാക്കേണ്ട തലത്തിൽ സമീപിക്കേണ്ട കാലം കടന്നപോയിരിക്കുന്നു, അപ്പോഴാണ് നമ്മൾ ഇത്രയും പഴഞ്ചൻ ആശയങ്ങൾ വെച്ച് നിലപാട് എടുക്കുന്നത് ആ നിലപാട് പൂർണമായും തെറ്റാണ് ഇനിയെങ്കിലും തിരുത്താൻ തയ്യാറെടുക്കണം എന്ന്…

അപ്പോൾ തലമുറയുടെ മാത്രം പ്രശ്നം അല്ല നമ്മുടെ തലയിലെ ചിന്തികളുടെ പ്രശ്നമാണ് സോ ഇനിയെങ്കിലും തിരുത്താൻ തയ്യാറെടുക്കണം എന്ന്…