പരിസ്ഥിതിക്കുമേൽ തൂങ്ങിയാടുന്ന ഡെമോക്ലസ്സിന്റെ വാൾ, പ്രയോജനമില്ലെങ്കിലും വിയോജിപ്പുകൾ അറിയിക്കാം

0
133

Vishnu Vijayan

EIA (Environment Impact Assesment -2020)

സർദാർ വല്ലഭായ് പട്ടേലിന്റെ ഓർമ്മയ്ക്ക് ഗുജറാത്തിൽ പണിതുയർത്തിയ ‘ Statue of Unity ‘ എന്ന പ്രതമ വിഭാവനം ചെയ്തവർ അത് മനസ്സിൽ കണ്ട നാൾ മുതൽ നിലനിൽപ്പ് തന്നെ ദോഷകരമായി ബാധിച്ച ഒരു വിഭാഗം ജനത ആ നാട്ടിലുണ്ട്.

75 ഗ്രാമങ്ങളിൽ കഴിഞ്ഞിരുന്ന 75000 ന് അടുത്ത് വരുന്ന ആദിവാസി ജനവിഭാഗങ്ങൾ, അധിവസിച്ചിരുന്ന ഗ്രാമവും, ജീവിതോപാദിയും, ജീവിതവും നഷ്ടപ്പെട്ട ആ മനുഷ്യരെ ഇപ്പോഴും പുനരധിവാസിപ്പിക്കാൻ ഭരണകൂടത്തിന് യാതൊരു താത്പര്യം ഇല്ല.അങ്ങനെ വൻകിട നിർമ്മിതികൾ, ഡാമുകൾ, ഖനികൾ, തുറമുഖങ്ങൾ, ഫാക്ടറികൾ എന്ന് തുടങ്ങിയ വികസന പ്രവർത്തനങ്ങളുടെ ഒക്കെ ഫലമായി കുടിയിറക്കപ്പെടുന്ന അനേക ലക്ഷം മനുഷ്യർ അലഞ്ഞു നടക്കുന്ന ദേശമാണ് ഇത്, ഉപഭൂഖണ്ഡം എന്നൊക്കെ പറയുന്ന ദേശത്ത് സ്വന്തമായി ചവിട്ടി നിൽക്കാൻ ദേശമില്ലാത്ത മനുഷ്യരുടെ കൂടി ഇടം..!
……….
1986 ൽ ഭോപ്പാൽ ദുരന്തത്തിന് ശേഷം നടപ്പിൽ വന്ന Environment Protection Act ഇപ്പോൾ EIA (Enviornment Impact Assesment -2020) എന്ന പേരിൽ ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു കഴിഞ്ഞു. ഇനി അങ്ങൊട്ട് ഏതെങ്കിലും വ്യക്തിക്കോ, കോർപറേറ്റ് സ്ഥാപനത്തിനോ ഫാക്ടറികൾ, ഖനികൾ, തുറമുഖം തുടങ്ങിയ നിർമ്മാണങ്ങൾ നടക്കുന്ന വേളയിൽ പരിസ്ഥിതിയെ, മനുഷ്യരെ, ജീവജാലങ്ങളെ എങ്ങനെ ബാധിക്കും എന്ന് യാതൊരു തരത്തിലുള്ള പഠനവും നടത്താതെ തന്നെ തുടങ്ങാം.

ഭരണകൂടത്തിനോ പദ്ധതിയുടെ നടത്തിപ്പ് വഹിക്കുന്ന കൂട്ടർക്കോ ഏതെങ്കിലും ഘട്ടത്തിൽ തിരിച്ചറിവ് വന്നാൽ മാത്രം ആ പദ്ധതിയിൽ മാറ്റം വരും. ആ പദ്ധതി മൂലം ദോഷം അനുഭവിക്കുന്ന സാധാരണക്കാരായ മനുഷ്യർക്ക് ശബ്ദം ഉയർത്താൻ യാതൊരു അവകാശവും ഇല്ല ശബ്ദം ഉയർത്തിയിട്ട് പ്രത്യേകിച്ച് യാതൊന്നും സംഭവിക്കാനും പോകുന്നുമില്ല. പ്രകൃതിയുടെയും, ജീവജാലങ്ങളുടെയും ഒപ്പം പതിവ് പോലെ ഗ്രാമീണർ, കർഷകർ, താഴേ തട്ടിലുള്ള തൊഴിൽ സമൂഹം, ആദിവാസികൾ, മത്സ്യ തൊഴിലാളികൾ തുടങ്ങി അടിത്തട്ടിൽ ഉള്ള മനുഷ്യരുടെ ജീവിതത്തിന് മേൽ മറ്റൊരു പ്രഹരമാണ് വന്നു പതിക്കാൻ പോകുന്നത്.

പൊതുജനത്തിൻ്റെ അഭിപ്രായങ്ങൾ, എതിർപ്പ് അറിയിക്കാൻ പതിവ് പോലെ ഒരു അവസരം നൽകിയിട്ടുണ്ട്, ആഗസ്റ്റ് മാസം 11 ആം തീയതി അതായത് നാളെ വരെ. എതിരഭിപ്രായങ്ങൾക്ക്, വിയോജിപ്പുകൾക്ക് വലിയ പ്രാധാന്യം കൂടി വരുന്ന കാലമായത് കൊണ്ട് നമ്മൾ ഒക്കെ പറഞ്ഞാൽ അവർ അപ്പോൾ തന്നെ ബോധോദയം വന്നു അതിൽ നിന്ന് പിൻമാറും കെട്ടോ.
………
ഈ രാജ്യം എത്രത്തോളം മോശമാക്കി തീർത്താലും ജനാധിപത്യം, മതനിരപേക്ഷത തുടങ്ങിയവ ഇവർ തകർത്തെറിഞ്ഞാലും അവ വിദൂരമെങ്കിലും ചരിത്രത്തിലെ തന്നെ മറ്റൊരു ഘട്ടത്തിൽ പുനസ്ഥാപനം നടത്താം, വീണ്ടെടുക്കാം.പക്ഷെ ഒരിക്കലും ഒരുനാളും വീണ്ടെടുക്കാൻ കഴിയാത്ത ചിലതുണ്ട്, അതിൽ തന്നെ ഏറ്റവും പ്രാധാന്യം അർഹിക്കുന്നതാണ് ഈ പ്രകൃതി വിഭവങ്ങൾ, ഈ കുത്തകകൾ ഊറ്റിയെടുന്ന ഈ രാജ്യത്തെ വിഭവങ്ങൾ വരും തലമുറയ്ക്ക് കൂടി അവകാശപ്പെട്ടവയാണ്, പൂർണ്ണമായും നഷ്ടപ്പെട്ടു പോയാൽ ഒരുനാളും ആർക്കും വീണ്ടെടുക്കാൻ കഴിയില്ല.ഈ ഭൂമി ഒറ്റപ്പെട്ട ഒരു വ്യക്തിയുടെയോ ഒരു സമൂഹത്തിന്റെയോ ഒരു രാഷ്ട്രത്തിന്റെയോ സ്വത്തല്ല. എന്തിന് അത്‌ ഭൂമിയിലുള്ള എല്ലാ മനുഷ്യരുടെയും കൂട്ടുസ്വത്തുമല്ല . ഭൂമിയുടെ ഗുണഭോക്താക്കൾ മാത്രമാണ് നമ്മൾ, നമുക്ക് ലഭിച്ചതിനേക്കാൾ മെച്ചപ്പെട്ട രീതിയിൽ വരും തലമുറകൾക്ക് അത് കൈമാറാൻ ബാധ്യതപ്പെട്ടവരാണ് നമ്മൾ മുൻപ് എപ്പോഴോ വായിച്ച മാര്‍ക്സിൻ്റെ (! ) വരികൾ ഓർത്തു പോകുന്നു.