ഫ്യൂഡൽ ബോധവുമായി ക്ലാസ് മുറിയിലേക്ക് ഓഡിറ്റിങ് നടത്താൻ ചെല്ലുന്ന ടീച്ചർമാരോട് പറയാനുള്ളത്

0
356

Vishnu Vijayan

പറയാനുള്ളത് ടീച്ചർമാരോടാണ്.

കുറച്ചു വർഷങ്ങൾക്കു മുൻപാണ്, സ്കൂളിൽ സാമൂഹിക പാഠ പുസ്തകത്തിൽ കേരള നവോത്ഥാന ഭാഗമാണ് വിഷയം, ജാതീയത, അഥസ്ഥിതരുടെ സാമൂഹിക അവസ്ഥ, സാമൂഹിക ഉച്ചനീചത്വങ്ങൾ ഇങ്ങനെ ഒന്നൊന്നായി ടീച്ചർ പറഞ്ഞു പോകുന്നു.

അതിനിടയിൽ ടീച്ചർ : ഗ്രാൻഡ് കിട്ടുന്ന കുട്ടികൾ ഒന്ന് എഴുന്നേറ്റു നിൽക്കൂ.

കുറച്ചു കുട്ടികൾ എഴുന്നേറ്റു നിന്നു,

ദേ ഇവരുടെ മുൻ തലമുറയുട കാര്യമാണ് പാഠപുസ്തകത്തിൽ പറഞ്ഞിട്ടുള്ളത്.

പിറ്റേവർഷം അതേ പുസ്തകം, അതേ പാഠഭാഗം അതേ ചോദ്യം ഒരാൾ മാത്രം എഴുന്നേൽക്കുന്നില്ല,

ടീച്ചർ : നീ ഗ്രാൻഡ് കിട്ടുന്ന കൂട്ടത്തിൽ ഉള്ളതല്ലേ !

കുട്ടി : അതെ, അതിനെന്താ !

ടീച്ചർ : എഴുന്നേറ്റു നിൽക്കാൻ പറഞ്ഞത് കേട്ടില്ലേ !

കുട്ടി : ഞാൻ എന്തിന് എഴുന്നേൽക്കണം ! ചരിത്രം പഠിപ്പിക്കുമ്പോൾ ഉദാഹരണം പറയാൻ സംവരണംത്തിന് അർഹരായ കുട്ടികളെ എഴുന്നേൽപ്പിച്ചു നിർത്തുന്ന കലാപരിപാടിക്ക് പകരം സംവരണം എന്തിന് നൽകുന്നു എന്ന് ടീച്ചർ ആദ്യം പഠിപ്പിക്കാൻ ശ്രമിക്കൂ. അത് ഇരകളുടെ തലമുറയോട് അല്ല സ്വന്തം തലമുറയോട് തന്നെ പോയി ചോദിച്ചു മനസിലാക്കാൻ നോക്കൂ.

ഇതിന് മറുപടി നൽകാൻ പോലും നിൽക്കാതെ ക്ലാസ് തീരുന്നതിന് മുൻപ് ഇറങ്ങി പോയ ടീച്ചറുടെ മുഖം ഇപ്പോഴും അയാൾ ഓർക്കുന്നു…

ഒരു സുഹൃത്തിൻ്റെ അനുഭവമാണ്. ആദ്യം പറഞ്ഞ സംഭവം അതേ ക്ലാസ് മുറിയിൽ അയാളുടെ സഹോദരി ഉൾപ്പെടെ എഴുന്നേറ്റു നിന്ന അനുഭവത്തെ കുറിച്ചാണ്.

കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ കേന്ദ്രീയ വിദ്യാലയത്തിൽ ആറാം ക്ലാസ് പരീക്ഷയുടെ ക്വസ്റ്റിൻ പേപ്പറിൽ വന്ന ചില ചോദ്യങ്ങൾ കണ്ടിരുന്നു, അത് ഇങ്ങനെയാണ്.

“What do you mean by Dalit?”

options : were foreigners, untouchables, middle class and upper class.

“What is the common stereotype about Muslims?”

Options : 1. They don’t send their girls to school

2. They are pure vegetarians,

3. They do not sleep at all at the time of Roza.

4. All of the above….

നമ്മൾ നമ്മുടെ ദൈനംദിന ജീവിതത്തിൽ ന്യൂനപക്ഷ/കീഴാള/അപര വിഭാഗങ്ങളെ അഡ്രസ് ചെയ്യാൻ ഉപയോഗിച്ച് വരുന്ന രീതീകളാണ്. സിലബസിൽ ഉൾപ്പെടുത്തി ക്ലാസ് മുറിയിൽ ടീച്ചിംഗ് നൽകുന്നത് നോക്കൂ.

റേസിസത്തിൻ്റെ, ജാതീയതയുടെ ഇത്തരം സ്റ്റീരിയോ ടൈപ്പ് ബോധത്തെ പോളീഷ് ചെയ്ത് പുതിയ തലമുറയ്ക്ക് പാഠ്യപദ്ധതി രൂപീകരണം നടത്തുന്ന രീതിയെ കുറിച്ചാണ് പറയുന്നത്…

ക്ലാസിൽ ഈ വിഷയം പഠിപ്പിക്കുന്ന സമയത്ത് ക്ലാസിലുണ്ടായിരുന്ന ദളിത് വിഭാഗത്തിൽ പെട്ട കുഞ്ഞുങ്ങളോട് എഴുന്നേൽക്കാൻ ആവശ്യപ്പെടുകയും ചെയ്തു എന്നും കേൾക്കുന്നു, തീർച്ചയായും അങ്ങനെ സംഭവിച്ചു കാണണം.

സിബസിൽ ഇതൊന്നും പരാമർശിച്ചു കൂടിയില്ലാഞ്ഞിട്ട് പോലും എഴുന്നേറ്റ് നിൽക്കേണ്ട, അധ്യാപകരുടെ അനാവശ്യ റിസർവേഷൻ ഓഡിറ്റിങിന് വിധേയമാകേണ്ടി വന്ന ഒരുപാട് ഒരുപാട് തലമുറകൾ നമുക്ക് ചുറ്റുമുണ്ട്, വെറുതെ ഒന്ന് അന്വേഷിച്ചു നോക്കണം…..

പറയാനുള്ളത് ടീച്ചർമാരോടാണ്.

ഇമ്മാതിരി ഫ്യൂഡൽ ബോധവുമായി ക്ലാസ് മുറിയിലേക്ക് ഓഡിറ്റിങ് നടത്താൻ നിങ്ങൾ
ചെല്ലുമ്പോൾ ഓർക്കുക,

പണ്ട് ഇതേ ഫ്യൂഡലിസം അതിന്റെ അധികാര ധിക്കാര ഗർവ്വിൽ തലമുറകളോളം വയലിൽ വിത്തിടീപ്പിക്കുകയും,കൊയ്ത്, കറ്റചുമന്ന് മെതിപ്പിക്കുകയും, നുകത്തിൻ്റെ ഒരു വശത്ത് കാളയെയും മറുവശത്ത് മനുഷ്യനെയും ഉപയോഗിച്ച് ഉഴുതുമറിച്ചിരുന്ന വയലിൽ,
ചിറകളുടെ മടയടക്കാൻ ഓടിച്ചിരിക്കുന്ന വയലുകളിൽ, രാവന്തിയോളം ഉറക്കവും ഭക്ഷണവും ഇല്ലാതെ വിളവിന് കാവൽ ഇരുന്ന വയലിൽ ചവിട്ടി താഴ്ത്തപ്പെട്ടവരുടെ തലമുറകൾ, ഇന്ന് അതേ ക്ലാസ് മുറിയിൽ,

ചരിത്ര ബോധ്യത്തിൻ്റെ, നീതിയുടെ, ജനാധിപത്യ ചിന്തയുടെ ചോദ്യങ്ങൾ ഒന്നൊന്നായി ചോദിച്ചു കൊണ്ട്, അടിമത്വം ഉഴുതുമറിച്ചിരുന്ന അതേ കണ്ടങ്ങൾ വഴി ഓടിക്കുന്ന അവസ്ഥ ഉണ്ടാകാതിരിക്കട്ടെ…