പാട്രിയാർക്കി തലയ്ക്കു പിടിച്ചവർക്കായി ചില പരസ്യങ്ങൾ

221

Vishnu Vijayan എഴുതുന്നു 

ചില പരസ്യങ്ങൾ….

1. ജർമ്മൻ വാഹന നിർമാതാക്കളായ ഫോക്സ് വാഗൺ ചിത്രീകരിച്ച പരസ്യത്തിൽ ലിംഗ വിവേചനം ചൂണ്ടിക്കാണിച്ചു ഫോക്സ് വാഗണ്‍ കമ്പനിയുടെ ഒരു പരസ്യം ഏതാനും ദിവസം മുമ്പ് ബ്രിട്ടനിലെ Advertising Standard Authority നിരോധിച്ചിരുന്നു.

എന്താണ് കാര്യം എന്നല്ലേ സംഭവം വളരെ സിംപിളാണ്,

നമ്മൾ ഭൂതക്കണ്ണാടി വെച്ചു പലയാവർത്തി നോക്കിയാൽ പോലും നമ്മുടെ പാട്രിയാർക്കി തലയിൽ കയറാൻ ഇടയാല്ലാത്ത, നമ്മളിൽ അലിഞ്ഞു ചേർന്ന സ്റ്റീരിയോ ടൈപ്പ് ചിന്തകളുടെ തുടർച്ചയാണ്.

Vishnu Vijayan
Vishnu Vijayan  

ലിംഗ വിവേചനവുമായി ബന്ധപ്പെട്ട സമൂഹത്തിൽ നിലനിന്നു പോരുന്ന സ്റ്റീരിയോ ടൈപ്പ് മാതൃകകൾ കാറിന്റെ പരസ്യം വഴി പ്രോത്സാഹിപ്പിച്ചു എന്ന കാരണത്താൽ ആണ് നിരോധനം ഏർപ്പെടുത്തിയത്.

കുഞ്ഞിനെ നോക്കി വീട്ടിൽ ഇരിക്കുന്നത് സ്ത്രീകളുടെ ഉത്തരവാദിത്വമായും, സാഹസികതയിൽ ഏർപ്പെടുന്നത് പൗരുഷത്തിൻ്റെ ലക്ഷണമായും നോക്കി കാണുന്ന മനോഭാവം തന്നെയാണ് ഫോക്സ് വാഗൺ മാർക്കറ്റ് ചെയ്തത് എന്നാണ് Advertising Standards Authority കണ്ടെത്തിയത്…..

2. ഇന്ത്യൻ ടയർ നിർമ്മാതാക്കളായ റാൽക്കോ ടയേഴ്സ് സ്വാതന്ത്ര ദിനത്തിൽ ഇറക്കിയ പരസ്യമാണ് മറ്റൊന്ന്.

തിരക്കേറിയ റോഡിൽ ടാക്സിക്ക് കൈ നീട്ടുന്ന ട്രാൻജെൻ്റഡ് യുവതിയെ കാറിൽ കയറ്റാൻ അനുവദിക്കാതെ ടാക്സി ഡ്രൈവർ കടന്നു പോകുന്നു,

പിന്നിൽ വരുന്ന ബൈക്ക് യാത്രികൻ തൻ്റെ പക്കലുള്ള ഹെൽമെറ്റുകളിൽ ഒന്ന് ആ യുവതിക്ക് നൽകി ബൈക്കിൽ കയറ്റി കൊണ്ടുപോകുന്നതുമാണ് സാരാംശം.

ഇതിലിപ്പം എന്താണ് അല്ലേ…!!!

ട്രാന്‍സ്‌ജെന്‍ഡർ വിദ്യാർത്ഥികളെ തങ്ങളുടെ കോളേജിൽ പ്രവേശിപപ്പിക്കാൻ ആകില്ലെന്നും മറ്റുള്ള വിദ്യാര്‍ത്ഥികളുടെ ഒപ്പമിരുത്തി പഠിപ്പിച്ചാല്‍ കോളെജിന്റെ പഠനാന്തരീക്ഷവും പാരമ്പര്യവും മാറുമെന്നും ചൂണ്ടിക്കാട്ടി രണ്ടു മാസം മുമ്പ് കോടതിയിൽ പോയത് കേരളത്തിലെ അറിയപ്പെടുന്ന കോളേജ് മാനേജ്‌മെന്റ് ആണ്.

ബസിൽ, ട്രയിനിൽ നമ്മുടെ സീറ്റിനരികിലോ അതുമല്ലെങ്കിൽ പബ്ലിക് സ്പെയ്സിൽ ട്രാൻജെൻ്റഡ് കമ്യൂണിറ്റിയിൽ ഉൾപ്പെട്ട ഒരാളുടെ സാമീപ്യം അലോസരമായി തോന്നുന്ന അവരിൽ നിന്ന് ഒഴിഞ്ഞു മാറാൻ നോക്കുന്ന സമൂഹത്തിൽ തന്നെയാണ് ഈ പരസ്യം ചെന്നു പതിക്കുന്നത്.

3. അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡ് മോട്ടോഴ്‌സ് ഏതാനും മാസം മുമ്പ് ഇറക്കിയ ഒരു പരസ്യം ഇങ്ങനെയാണ്.

പ്രായമായ അച്ഛനും, അമ്മയും, മകളും (ഇന്ത്യൻ ഫാമിലി) ചേർന്ന് പുതിയ കാറിൽ യാത്ര പോകുമ്പോൾ, ആ പുതിയ കാറിലെ യാത്രയുടെ സർപ്രൈസിന് അച്ഛൻ മകളോട് നന്ദി പറയുന്ന വേളയിൽ,

താൻ ഒരു കുഞ്ഞിനെ അഡോപ്റ്റ് ചെയ്യാൻ പോകുന്നു എന്ന കാര്യം മാതാപിതാക്കളോട് ആ യുവതി തിരിച്ചു പറയുന്നു, പൊടുന്നനെ കാറിനുള്ളിൽ ഉണ്ടാകുന്ന നിശബ്ദതയ്ക്ക് ശേഷം, കാർ നിർത്താൻ ആവശ്യപ്പെട്ട് അച്ഛൻ അടുത്തുള്ള ഓട്ടോമോട്ടീവ് ഷോപ്പിൽ കയറി ബേബി സീറ്റ് വാങ്ങി തിരിച്ചു വരുന്നു, അത് പിന്നിലെ സീറ്റിൽ വെച്ച് കുഞ്ഞിൻ്റെ സുരക്ഷിത്വത്തെ കുറിച്ചാണ് അദ്ദേഹം പറയുന്നത്.

വിവാഹവും, കുട്ടികളെ വളർത്തലും ജീവിത ലക്ഷ്യമായി കാണുന്നതാണല്ലോ നമ്മുടെ പരമ്പരാഗത സങ്കൽപ്പം, അതിൽ നിന്ന് മാറി ചിന്തിക്കാനോ മാറി ചിന്തിക്കുന്ന കൂട്ടരെ അംഗീകാരിക്കാൻ, ഉൾക്കൊള്ളാൻ പരുവപ്പെടാത്ത ഇടങ്ങളാണ് നമ്മുടേത്.

ഒരു സ്ത്രീ അവിവാഹിതയായി കഴിയുക, ഒരു കുട്ടിയെ അഡോപ്റ്റ് ചെയ്യുക എന്നത് അവരുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്, പക്ഷെ ആ തീരുമാനം എടുക്കുന്ന ഏതൊരു സ്ത്രീയും തനിക്ക് നേരെ വരാൻ ഇടയുള്ള സോഷ്യൽ ഓഡിറ്റിങ് നെ നേരിടാൻ കൂടി തയ്യാറെടുപ്പ് നടത്തേണ്ട സമൂഹമാണിത്.

അതിലേക്ക് തന്നെയാണ് ഇത്തരം പരസ്യങ്ങൾ കടന്നു വരുന്നത്.

ഇതൊക്കെ ആണോ വലിയ കാര്യങ്ങൾ എന്നാണെങ്കിൽ,

ചെറിയ കാര്യങ്ങൾ ആണ്, നിമിഷങ്ങൾ കൊണ്ട് പലയാവർത്തി കടന്നു പോകുന്ന
ചിന്തകളെ സ്വാധീനിക്കാൻ കെൽപ്പുള്ള കാഴ്ചകൾ തന്നെയാണ് ആവർത്തിച്ചു വരുന്ന ഈ പരസ്യങ്ങൾ.

അതുകൊണ്ട് തന്നെ തുല്യത, ലിംഗ നീതി , വർണ വിവേചനം ഇതിലൊക്കെ നമ്മുടെ സ്റ്റീരിയോ ടൈപ്പ് ബോധത്തെ നമ്മളിൽ തന്നെ ശക്തമായി നിലനിർത്താനും കഴിയും, ചിലപ്പോഴെങ്കിലും അതിൽ പൊളിച്ചെഴുത്ത് നടത്താൻ കഴിയുന്ന ചില ചിന്തകളെ ഉയർത്തി വിടാനും സാധിക്കും…