റാഹത്തായ കാര്യങ്ങള് ചെയ്യാൻ നൗഷാദ് ഇക്കയ്ക്ക് എപ്പോഴും കഴിയട്ടെ

321

Vishnu Vijayan എഴുതുന്നു 

ചോദ്യം : ഏതാണ്ട് എത്ര പൈസയുടെ തുണി കൊടുത്തു എന്ന് കണക്കുണ്ടോ താങ്കൾക്ക് കഴിഞ്ഞ ദിവസം…!!!

നൗഷാദിന്റെ മറുപടി : ഞാൻ കണക്ക് കൂട്ടിയിട്ട് കൊടുത്തതല്ല അത്, എനിക്ക് എന്റെ മനസ്സിൽ തോന്നി അത് ചെയ്യണം എന്ന് ദൈവം എന്നെക്കൊണ്ട് അത് തോന്നിപ്പിച്ചു…

Vishnu Vijayan
Vishnu Vijayan

രണ്ടു ദിവസങ്ങൾക്ക് മുമ്പ് എറണാകുളം ബ്രോഡ്‌വേയിൽ ഫ്ലഡ് റിലീഫിന് സഹായം തേടിയിറങ്ങിയ ആളുകളെ ഒരു മനുഷ്യൻ തൻ്റെ ഒപ്പം കൂട്ടികൊണ്ട് പോയി തൻ്റെ പക്കൽ വിൽക്കാൻ വെച്ചിരുന്ന വസ്ത്രങ്ങൾ മാനവികത എന്താണെന്ന് നമ്മളെ ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തിയ നേരം മുതൽ പലരും അദ്ദേഹത്തിന്റെ നഷ്ടം എങ്ങനെ നികത്താം എന്ന ആലോചനയിലാണ്.

മാളുകളിൽ കയറി പറയുന്ന വില നൽകി വസ്ത്രം വാങ്ങി , വഴിയോരത്ത് പരമാവധി വിലപേശി വാങ്ങാൻ നോക്കുന്ന നമ്മുടെ ലാഭ നഷ്ട കണക്കുകളുടെ മറുവശത്ത് നിൽക്കുന്ന മനുഷ്യനാണ് അയാൾ, എന്നാൽ നമ്മുടെ ലാഭവും നഷ്ടവും അളന്നു തൂക്കുന്ന നമ്മുടെ പക്കലുള്ള സ്റ്റാറ്റിസ്റ്റിക്കൽ മെഷർമെൻ്റ് ഉപയോഗിച്ചും അളന്നാൽ കണ്ടെത്താൻ കഴിയുന്ന ഒന്നല്ല ആ മനുഷ്യനെയും അയാളുടെ ആ പ്രവർത്തിയേയും.

അങ്ങനെ അളക്കാൻ ശ്രമിച്ചാൽ, അദ്ദേഹം പറയുന്ന ലാഭത്തിൻ്റെ കണക്ക് നമുക്ക് അത്ര പെട്ടെന്ന് പിടികിട്ടില്ല കാരണം മനുഷ്യത്വം എന്ന മാനവികതയുടെ മീറ്റർ വെച്ച് വേണം അത് അളന്നു നോക്കാൻ, അളന്നാലും തിട്ടപ്പെടുത്താൻ കഴിയുമെന്ന് തോന്നുന്നില്ല.

സിനിമാ താരം മമ്മൂട്ടി , നൗഷാദിനെ ഫോണിൽ വിളിച്ച് സന്തോഷം അറിയിക്കുന്ന വേളയിൽ നൗഷാദ് പറഞ്ഞത്, ഇക്കാ ഞാൻ ഇത് ദൈവത്തിന്റെ നാമത്തിലാണ് ചെയ്തത് എന്നാണ്.

തനിക്ക് ഇത്തരം പ്രവർത്തികൾ ചെയ്യാൻ
പ്രേരണ നൽകുന്ന അടിസ്ഥാന കാരണമായി ആ മനുഷ്യൻ ആദ്യം മുതൽ ആവർത്തിച്ചു പറയുന്നതും ദൈവ നാമം തന്നെയാണ്,

അതും അത്രപെട്ടെന്ന് മനസിലാക്കാൻ കഴിയാത്ത മറ്റൊരു കണക്കാണ് കെട്ടോ,

കാരണം പടച്ചോൻ്റെ കിത്താബിലാണ്
അത് രേഖപെടുത്തുന്നത്, അതിന്റെ ലാഭ നഷ്ടം കുറിക്കുന്നത്, മനുഷ്യത്വം എന്ന മാനുഷിക ഗുണത്തെ ഊട്ടിയുറപ്പിക്കുന്ന
ആ ഊർജം കേവലം നാസ്തിക യുക്തിയിൽ മാത്രം മനുഷ്യത്വം എന്ന വികാരത്തെ നോക്കി കണ്ടാൽ, തിട്ടപ്പെടുത്താൻ കഴിയാത്ത ഒന്നാണ്.

വാപ്പയുടെ പാത പിന്തുടർന്ന് ജീവിതത്തിൽ താൻ എപ്പോഴും ഇതൊക്കെ തന്നെയാണ് അനുവർത്തിച്ച് വരുന്നത് എന്ന് അദ്ദേഹം പറയുന്നു, ഇപ്പോൾ ആകസ്മികമായി തൻ്റെ ജീവിതത്തിൽ കഴിഞ്ഞ ദിവസം സംഭവിച്ച കാര്യവും, അതുവഴി ഉണ്ടായ പ്രശസ്തിയും താൻ ആഗ്രഹിച്ചതല്ല എന്ന് ആവർത്തിച്ചു പറയുന്നു, ആ മനുഷ്യൻ്റെ വാക്കുകളിൽ അത് അയാളെ വല്ലാണ്ട് അലട്ടുന്ന പോലെ തോന്നുന്നു.

കാരണം അതയാൾ ഒരിക്കൽ പോലും ആഗ്രഹിച്ചിരുന്നില്ല എന്നത് തന്നെ.

കടയിൽ പോയി വസ്ത്രം വാങ്ങിയാൽ അഞ്ഞൂറ് രൂപ എങ്കിലും ആകും, എന്നാൽ വഴിയോരത്ത് നിന്ന് വാങ്ങിയാൽ നൂറ്റമ്പത് ഇരുന്നൂറ് രൂപയിൽ ഒതുങ്ങും, ഇത് തന്നെ സഹജീവികളോട് ചെയ്യാൻ കഴിയുന്ന വലിയ ഉപകാരം അല്ലേയെന്ന് തൻ്റെ ബിസിനസ് പോലും ഈ രീതിയിൽ നോക്കി കാണുന്ന മനുഷ്യനാണ് അയാൾ.

നൗഷാദ് എന്നത് ഒരു ഓർമ്മപ്പെടുത്തലാണ്, സ്നേഹത്തിന്റെ, പങ്കുവെക്കലിൻ്റെ വറ്റാത്ത നീരുറവയുടെ ഒരിക്കൽ കൂടിയുള്ള ഒരു ഓർമ്മപ്പെടുത്തൽ, മുൻപും പലപ്പോഴായി നമ്മളിലൂടെ കടന്നു പോയിട്ടുണ്ട് ആ ഓർമ്മപ്പെടുത്തൽ.

അതിനെ കണക്കുകൾ കൂട്ടി കിഴിച്ച് നോക്കി ഓഡിറ്റിങ് നടത്താതെ നമുക്ക് അദ്ദേഹത്തെ അദ്ദേഹത്തിന്റെ വഴിക്ക് വിടാം.

മമ്മൂട്ടി പറഞ്ഞത് പോലെ റാഹത്തായ കാര്യങ്ങള് ചെയ്യാൻ നൗഷാദ് ഇക്കയ്ക്ക് എപ്പോഴും കഴിയട്ടെ, അതിന് പടച്ചോന്‍ അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ, എല്ലാ ബര്‍ക്കത്തും ഉണ്ടാവട്ടെ….