‘എങ്കൾ തലൈവി നയൻതാര’ അതെ..അവർ തമിഴ് സിനിമയിൽ സൂപ്പർസ്റ്റാർ തന്നെയാണ്

66

Vishnu Vijayan

നയൻതാര തൻ്റെ ‘ആറം’ സിനിമയുടെ പ്രചരണാർത്ഥം ചെന്നൈയിൽ എത്തിയ നയൻതാരയെ ആരാധകർ വരവേറ്റത് ‘ എങ്കൾ തലൈവി നയൻതാര’ എന്ന ആർപ്പുവിളിയോട് കൂടിയായിരുന്നു.തലൈവരും, ദളപതിയും അരങ്ങ് തകർക്കുന്ന തമിഴ് ഇൻഡസ്ട്രിയിൽ പുരുഷ കേന്ദ്രീകൃതമായ താരപ്രഭയ്ക്കൊപ്പം ഒറ്റ ദിവസത്തിൽ സംഭവിച്ച മായാജാലവിദ്യ ആയിരുന്നില്ല ആ വരവേൽപ്പ്.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനോട് അടുത്ത് തെന്നിന്ത്യൻ സിനിമയിൽ പല ഘട്ടങ്ങൾ കടന്ന് തൻ്റേതായ ഇടം ഉറപ്പിച്ച് എടുത്ത, അങ്ങനെ ഒരു സ്പെയ്സ് സൃഷ്ടിച്ചെടുത്ത ഒരു സ്ത്രീ അർഹിക്കുന്ന അംഗീകാരം കൂടിയാണത്.
……………
നായിക എന്നാൽ നായകനൊപ്പം ആടിപ്പാനും പ്രണയ രംഗങ്ങളിൽ, റൊമാന്റിക് സീനിൽ പുട്ടിന് പീര പോലെ ഉപയോഗിച്ച് പോരുന്ന ഇൻഡസ്ട്രിയിൽ തന്നെയാണ് നയൻതാര പലപ്പോഴും നായക പ്രാധാന്യം ഒക്കെ കാറ്റിൽ പറത്തി ഒന്നിന് പുറകെ ഒന്നായി സിനിമകൾ ഇറക്കി തരംഗം സൃഷ്ടിക്കുന്നത്, പുരുഷ കേന്ദ്രീകൃതമായ നായക പ്രാധാന്യം ഇല്ലാതെ തന്നെ സിനിമകൾ സാധ്യമാണെന്ന് കാണിച്ചു തരുന്നതാണ് അടുത്ത കാലത്ത് ഇറങ്ങിയ നയൻതാരയുടെ ഒട്ടുമിക്ക സിനിമകളും.

ഇത്തരത്തിൽ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ അവർ ഉറപ്പിച്ച് പോകുന്ന സ്റ്റാർഡവും, വേറിട്ട സമീപനവും, ഇൻഡസ്ട്രിയിൽ വരുത്തുന്ന മാറ്റവും സമകാലീനർക്കും, വരാനിരിക്കുന്ന ആളുകൾക്കും നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.

അപ്പോഴും നയൻതാരയുടെ കാര്യത്തിൽ ചില ഘട്ടങ്ങളിൽ ഇതിൽ നിന്ന് വ്യതിചലിച്ച് പുരുഷ കേന്ദ്രീകൃത, താരപ്രഭയ്ക്ക് ചുറ്റും വലം വെക്കുന്ന വാണിജ്യ സിനിമയോട് അവർക്ക് കോംപ്രമൈസ് ചെയ്യേണ്ടി വരുന്നു. അത്തരം സിനിമളുടെ ഭാഗമാകേണ്ടി വരുന്നു എന്ന വസ്തുത കൂടിയുണ്ട്.
…………………
തമിഴ് നടൻ രാധാ രവി ഒരു പൊതുവേദിയിൽ നയൻതാരയെ കുറിച്ച് നടത്തിയൊരു വിവാദ പ്രസ്താവനയിൽ പറഞ്ഞൊരു കാര്യം ഇങ്ങനെയാണ്, നയന്‍താരയെ ‘ലേഡി സൂപ്പര്‍സ്റ്റാര്‍ ’ എന്ന് വിളിക്കേണ്ട കാര്യമില്ല അത്തരം വിശേഷണം ശിവാജി ഗണേശനേയും, എംജിആറിനേയും പോലുള്ളവര്‍ക്കേ ചേരുകയുള്ളു, പുരട്ചി തലൈവരും നടികര്‍ തിലകവും, ഒക്കെ ഇതിഹാസങ്ങളാണെന്ന്.രാധാ രവി പറഞ്ഞത് നേരാണ് നയൻതാരയെ ലേഡി സൂപ്പർ സ്റ്റാർ എന്നൊക്കെ വിളിക്കുന്നത് മോശമാണ്. ലിംഗ വ്യത്യാസം പരിഗണിച്ച് ‘ലേഡി സൂപ്പർസ്റ്റാർ’ എന്ന അതിക വിശേഷണം ഒന്നും നൽകേണ്ടതില്ല.

ഒരു നടിയെ സംബന്ധിച്ച് അവർ കൂടി ഭാഗമായ ഇൻഡസ്ട്രിയിൽ അങ്ങനെ ഒരു സ്റ്റാർഡത്തിന് ഉള്ള സാധ്യത സ്വഭാവികമായും ഇല്ലാത്തയിടത്ത് നിന്ന് അവർ പുതിയ സാധ്യത സൃഷ്ടിച്ചു കയറി വന്നതാണ് അതുകൊണ്ട് ആരും വെറുതെയങ്ങ് വെച്ച് നീട്ടിയതല്ല ആ പദവി ആയതിനാൽ തന്നെ സൗത്ത് ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയിലെ, ‘സൂപ്പർസ്റ്റാർ’ തന്നെയാണ് നയൻതാര.