എത്രത്തോളം സവർണ ബിംബവത്കരിക്കാൻ കഴിയുമോ അതിന്റെ പാരമ്യത്തിൽ ആണ് ഓണം ഇക്കാലത്ത് കൊണ്ടാടപ്പെടുന്നത്

347

എഴുതിയത് : Vishnu Vijayan

അൽപം പൊളിറ്റിക്കൽ ആകാതെ ഓണത്തെ കുറിച്ച് പറയാൻ കഴിയില്ല,

മാവേലി നാടുവാണീടും കാലം മനുഷ്യരെല്ലാരുമൊന്നുപോലെ.

എന്ന് തുടങ്ങുന്ന നാരായണ ഗുരുവിന്റെ പ്രിയശിഷ്യൻ സഹോദരൻ അയ്യപ്പൻ എഴുതിയ ഓണപ്പാട്ട് വീണ്ടും വായിക്കുമ്പോൾ നമുക്ക് തിരിച്ചറിയാൻ കഴിയും ഓണം എന്ന കൺസപ്റ്റ് തന്നെ എത്ര പൊളിറ്റിക്കൽ ആയ ഒന്നാണ് എന്ന്. പക്ഷെ അയ്യപ്പൻ നമുക്ക് മുൻപ് അവതരിപ്പിച്ച പോലെ ഒരു ദ്രാവിഡ ചിഹ്നമായല്ല മഹാബലി ഇന്ന് ഓർമ്മിക്ക പെടുന്നത്, അതിനെ എത്രത്തോളം സവർണ ബിംബ വത്കരിക്കാൻ കഴിയുമോ അതിന്റെ പാരമ്യത്തിൽ ആണ് ഓണം ഇക്കാലത്ത് കൊണ്ടാടപ്പെടുന്നത്.

അവിടെ സവർണനായ പൂണൂൽ ധരിച്ച ഒരു മഹാബലിയെ കേന്ദ്രീകരിച്ച് ഓണം ആഘോഷിക്കപ്പെടും. ഇങ്ങനെ തന്നെയാണ് പല ആഘോഷങ്ങളും, സംസ്കാരവും, വിശ്വാസരീതീകളും, ചരിത്രവും എല്ലാം ആസൂത്രിതമായി പരിവർത്തനപ്പെട്ടത്. ഓണം എന്നത് ഇക്കാലത്ത് കീഴാളതയുടെ കൃത്യമായ, നിഷ്കളങ്കമായ രീതിയിലുള്ള ഒരു ഓർമ്മപ്പെടുത്തലാണ് എന്ന് പറയാൻ കഴിയില്ല. അപ്പോഴും മറ്റൊരു വശം പറയാതെ വയ്യ.

നിങ്ങൾ നിങ്ങളുടെ ചെറുപ്രായത്തിൽ ഹോളി ആഘോഷിച്ചിട്ടുണ്ടോ…!!! രാഖി കെട്ടുക എന്ന ആചാരം എപ്പോഴാണ് നമുക്കിടയിൽ കടന്നു കടന്നു കൂടിയത്…!!!!

രാമായണ മാസാചരണം ഒരു പാരമ്പര്യം സംസ്കാരമാണ് എന്ന് പറയുന്നു ഇവിടെ എപ്പോൾ മുതലാണ് അത് പ്രാക്ടീസ് ചെയ്തു തുടങ്ങിയത്…!!! ഗണേശോത്സവം വ്യാപകമായി നടക്കുന്നു, സവർണതയുടെ വിജയങ്ങളായി കൊണ്ടാടുന്ന ഇത്തരം ഉത്തരേന്ത്യൻ ആഘോഷങ്ങൾ എന്ന് മുതലാണ് നമ്മുടെ നാട്ടിൽ സജീവമായി മാറിയത്…!!!

പക്ഷെ ഓണം എന്ന് നമ്മൾ കേട്ടിട്ടുണ്ട്, നമ്മുടെ ചെറിയ പ്രായത്തിൽ തന്നെ നമ്മുടെ ചിന്തളിലേക്ക് അത് കടന്നു വരുന്നത് തന്നെ മാനവികതയെ, ജനാധിപത്യം ബോധത്തെ ഉൾകൊണ്ട്, അനുവർത്തിച്ചു ജീവിച്ചിരുന്ന ഒരു ചക്രവർത്തിയെ ചവിട്ടി താഴ്ത്തിയ/ഇല്ലായ്മ ചെയ്ത പശ്ചാത്തലത്തിൽ നിന്നാണ്.

അതൊരു മിത്ത്, കാവ്യം എന്തും തന്നെ ആയിക്കോട്ടെ എന്നാൽ കൃത്യമായി ഒരു പദ്ധതിയുടെ ലക്ഷണം അത് പറയുന്നുണ്ട്. ഇപ്പോഴും തുടർന്നു വരുന്നത് തന്നെയാണ്, കൃത്യമായ പദ്ധതി നടപ്പിലാക്കുന്നതിൽ അവർ അന്നും ഇന്നും ഒട്ടും പിന്നിൽ അല്ല.

ഇതൊക്കെ ആഘോഷങ്ങൾ അല്ലേ എന്തിനാണ് ഇതിന കാണുന്നത് എന്നൊക്കെ ആണ് ചിന്ത എങ്കിൽ..!!

ശെരിയാണ് ഇങ്ങനെ വ്യത്യസ്തങ്ങളായ ആചാര, അനുഷ്ടാന, ആഘോഷങ്ങളുടെ ആകെത്തുകയാണ് നമ്മുടെ ബഹുസ്വരത എന്നത്, എന്നാൽ അതിൽ ഉൾക്കൊള്ളൽ പോലെതന്നെ, ഒന്നിന് മുകളിൽ മറ്റൊന്ന് സ്ഥാപിച്ചെടുക്കൽ, മാറ്റിയെടുക്കൽ എന്ന ഘടകം കാലങ്ങളായി അതിവിദക്തമായി അനുവർത്തിച്ചു വരുന്നുണ്ട്.

അവിടെ നമുക്ക് പരിചിതമല്ലാത്ത ചവിട്ടി താഴ്ത്തലിൻ്റെ , ഇല്ലായ്മയുടെ ആഘോഷം നമ്മൾ പോലും അറിയാതെ നമ്മളിൽ കയറി കൂടും, വാസ്തവത്തിൽ ഓണം എന്നാൽ വാമന ജയന്തി ആണോ എന്ന് പോലും സംശയം ജനിക്കുന്ന കാലം വിദൂരമല്ല…

അതിനാൽ അൽപം എങ്കിലും പൊളിറ്റിക്കൽ അല്ലാതെ ഓണത്തെ കുറിച്ച് പറയാൻ കഴിയില്ല, വിജയൻ മാഷ് (എം എൻ വിജയൻ) പറഞ്ഞത് പോലെ,

നിങ്ങൾ ചവിട്ടി താഴ്ത്തിയവരും ചവിട്ടി പുറത്താക്കിയവരും തിരച്ചു വരുന്നൊരു കാലമുണ്ട് എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഓണം

Advertisements