പാ.രഞ്ജിത്തിനെതിരെ വധഭീഷണിയും വ്യക്തിഹത്യയും നടത്തുന്ന തിരക്കിലാണ് ഒരു വിഭാഗം

390

വിഷ്ണു വിജയൻ എഴുതുന്നു

പാ.രഞ്ജിത്തിനെതിരെ തമിഴ്നാട്ടിൽ ഒരു വിഭാഗം വധഭീഷണിയും, വ്യക്തിഹത്യയും നടത്തുന്ന തിരക്കിലാണ്.

ജൂൺ മാസം 5 ആം തീയതി തമിഴ്നാട്ടിലെ തഞ്ചേ ജില്ലയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് ,രാജ രാജ ചോളനെ കുറിച്ച് നടത്തിയ ചരിത്ര വിമർശനത്തിന്റെ പേരിലാണ് സമൂഹിക മാധ്യമങ്ങൾ വഴിയും അല്ലാതെയും കൊലപാതക ഭീഷണിയും, വ്യക്തി അധിക്ഷേപവും നടത്തിവരുകയാണ് ബ്രാഹ്മണ്യ ശക്തികൾ.

രാജ രാജ ചോളന്റെ കാലത്താണ് ദലിതരുടെ ഭൂമിയിൽ മേലുള്ള അധികാരവും, അവരുടെ കൈയിൽ ഉണ്ടായിരുന്ന ഭൂമി പിടിച്ച് എടുക്കുകയും ബ്രാഹ്മണ വ്യവസ്ഥയുടെ അടിമകളാക്കുകയും, സ്ത്രീകളെ ദേവദാസി വ്യവസ്ഥയിലേക്ക് തള്ളിവിടുകയും ചെയ്തതെന്നും,

തമിഴ്നാട്ടിലുള്ള മിക്ക ക്ഷേത്രങ്ങളുടെ പേരിലുള്ള ഭൂമികളെല്ലാം ദളിതരുടെയാണെന്നും ഉള്ള പരമാർശങ്ങളാണ് ബ്രാഹ്മണ ഹിന്ദുത്വവാദികളെ ചൊടിപ്പിക്കുകയും, അദ്ദേഹത്തിനെതിരെ കൊലപാതകഭീഷണി ഉയർത്താനും കാരണമായിരിക്കുന്നത്.

കാലാ ‘യുടെ ഓഡിയോ ലോഞ്ച് ചടങ്ങിൽ രജനീകാന്ത് പറയുകയുണ്ടായി, രെഞ്ജിത്ത് തീർച്ചയായും അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരു സിനിമാ സംവിധായകനായി മാത്രം ഒതുങ്ങി പോകുന്ന ഒരാളല്ല, അദ്ദേഹം വലിയൊരു മനുഷ്യനായി തീരുമെന്നാണ് ഞാൻ കരുതുന്നത്.

ഞാൻ മാത്രം നന്നായി ജീവിക്കണം, പണം, പേര്, പ്രശസ്തി ഇതൊക്കെ സ്വന്തമാക്കണം അതിൽമാത്രം മുഴുകി ജീവിതം നയിക്കുന്ന മനുഷ്യനല്ല. തൻ്റെ സമൂഹം, സുഹൃത്തുക്കൾ, കൂടെയുള്ളവർ അവരെയും ഉയരത്തിൽ എത്തിക്കണം അവരെയും രക്ഷപ്പെടുത്തണം എന്ന ലക്ഷ്യത്തിൽ ജീവിക്കുന്ന ആളാണ് രെഞ്ജിത്ത്.

സമൂഹത്തിലെ പ്രശ്നങ്ങളെ കുറിച്ച് ആഴത്തിൽ ചിന്തിക്കുന്നയാൾ മാത്രമല്ല, തൻ്റെ കൺമുന്നിൽ നടക്കുന്ന അനീതികൾക്കെതിരെ എന്തെങ്കിലും പ്രതിവിധി ചെയ്യണം എന്ന് കരുതി ജീവിക്കുന്ന ആളാണ്. ഈ പ്രായത്തിൽ ഇതുപോലൊരാളെ ഞാൻ കണ്ടിട്ടില്ല എന്ന്.

സിനിമയിലും ജീവിതത്തിലും വ്യക്തമായ രാഷ്ട്രീയം ഉയർത്തി പിടിക്കുന്ന , അതിൻ്റെ ഭാഗമായ പ്രവർത്തനങ്ങളിലൂടെ മുൻപോട്ടു പോകുന്ന വ്യക്തിയാണ് പാ.രെഞ്ജിത്ത്. ഇന്ത്യൻ സിനിമ കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലം ശെരിയായ രീതിയിൽ അഡ്രസ് ചെയ്യാൻ തയ്യാറാകിതിരുന്ന ജനതയുടെ ജീവിതമാണ് രെഞ്ജിത്ത് നമുക്ക് മുൻപിൽ തൻ്റെ സിനിമയിലൂടെ തുറന്നു കാണിക്കുന്നത്.

കഴിഞ്ഞ നൂറു വർഷത്തെ ഇന്ത്യൻ സിനിമാ ചരിത്രത്തിൻ്റെ ഇങ്ങേയറ്റത്ത് ബാഹുബലി ഉൾപ്പെടെയുള്ള സിനിമകളിൽ എത്തി നിൽക്കുമ്പോൾ, ഇക്കാലമത്രയും ബ്രാഹ്മണിക്കൽ ബോധങ്ങളെ ഇന്ത്യൻ സമൂഹത്തിൻ്റെ പൊതുബോധമായി നിലനിർത്താൻ നടത്തി വന്നിരുന്ന ശ്രമങ്ങളെ പൂർണമായും തിരുത്തിയാണ്, ജനാധിപത്യ സങ്കൽപ്പങ്ങളിൽ അടിസ്ഥാനപ്പെടുത്തിയ പ്രമേയത്തിലൂന്നിയ രാഷ്ട്രീയം മദ്രാസിലൂടെയും, കബാലിയിലൂടെയും, കാലായിലൂടെയും, താരമൂല്യളുള്ള ആളുകളിലൂടെ വാണിജ്യ സിനിമയെ ഉപയോഗിച്ച് രഞ്ജിത്ത് പറയുന്നത്.

രാമായണവും, മഹാഭാരതവും ഒക്കെ
ബിഗ് സ്‌ക്രീനിൽ കാത്തിരിക്കുന്ന പ്രേക്ഷകർക്കിടയിലേക്കാണ് രാവണൻ്റെ ജീവിതം പറയാൻ ഒരാൾ ധൈര്യസമേതം കടന്നു വരുന്നത്.

എനിക്ക് കിട്ടുന്ന അവസരങ്ങളിൽ എല്ലാം ഞാൻ ജാതീയതയെ കുറിച്ച് സംസാരിച്ചു കൊണ്ടേയിരിക്കും, ആ കാരണം കൊണ്ട് നിങ്ങൾക്ക് എന്നെ വെറുക്കാം മാറ്റി നിർത്താം എന്ത് വേണമെങ്കിലും ചെയ്യാം. അതിൽ എനിക്ക് യാതൊരു വിഷമവും ഇല്ല, എന്നാൽ നിങ്ങൾക്ക് എതിരെ തന്നെയാണ് എൻ്റെ പോരാട്ടം.

വലിയ ഉത്തരവാദിത്വമുണ്ട് ഈ സമൂഹത്തോട് ഇവിടുത്തെ ജാതീയതയ്ക്ക് എതിരായാണ് അതെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന കരുത്തനായ മനുഷ്യനാണ് രെഞ്ജിത്ത്.

രജനീകാന്ത് പറഞ്ഞത് പോലെ രെഞ്ജിത്ത് അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരു സിനിമാ സംവിധായകനായി മാത്രം ഒതുങ്ങി പോകാൻ വന്ന ഒരാളല്ല എന്ന് തിരിച്ചറിയുക….

Stand with Pa Ranjith..