തമിഴരോടുള്ള പാണ്ടികളെന്ന വിളിയിൽ ഉൾച്ചേർന്നിരുന്ന അതേ വികാരം തന്നെയാണ് കഴിഞ്ഞ കാലത്ത് ബംഗാളികളെന്ന് പറയുമ്പോഴും നമുക്കുള്ളത്

508

Vishnu Vijayan  എഴുതുന്നു

ബസിൽ യാത്ര ചെയ്യുമ്പോൾ കണ്ടക്ടറും , യാത്രക്കാരും തമ്മിലുള്ള ഒരു പ്രധാന പ്രശ്നം ബാലൻസ് നൽകാനുള്ള ചില്ലറ പൈസയെ ചൊല്ലിയാണ്, ഒന്നും രണ്ടും രൂപ പലപ്പോഴും തിരികെ നൽകാതെ പൊകുന്നത് സ്ഥിരം കാഴ്ചയാണ്, രണ്ട് രൂപ അല്ലേ എന്ന് നമ്മളും കരുതി വിട്ടു കളയും. ചില്ലറ ഇല്ലെന്ന ന്യായം അവരുടെ ഭാഗത്ത് കാണും, അതേസമയം യാത്രക്കാർ ടിക്കറ്റ് എടുക്കാനുള്ള ചില്ലറ കൈവശം സൂക്ഷിച്ചു യാത്ര ചെയ്യണം എന്ന് പറയുന്നത് ബാലിശമായൊരു ന്യായമാണ്.

Vishnu Vijayan 
Vishnu Vijayan 

പക്ഷെ കഴിഞ്ഞ ദിവസം കോഴിക്കോട് ഇതിൽ നിന്നും വ്യത്യസ്തമായ ഒരു സംഭവം ഉണ്ടായി ബാലൻസ് പൈസ ചോദിച്ചപ്പോൾ ഓരോരുത്തർക്കും നൽകാതെ ഒരുമിച്ച് നോട്ട് ആയി കൊടുത്തു, ഓരോരുത്തരായി എടുത്ത ടിക്കറ്റിൻ്റെ ബാലൻസ് ആണ് ഇങ്ങനെ ഒരുമിച്ച് നൽകിയത്, തങ്ങൾക്ക് കിട്ടാനുള്ള ബാലൻസ് തുകയായ രണ്ടു രൂപ അങ്ങനെ തന്നെ തരണമെന്ന് പറഞ്ഞ് ഒരു വിഭാഗം ഇതരസംസ്ഥാന തൊഴിലാളികൾ ബസ് തടയുകയുണ്ടായി, ഇത്രയും ചരിത്രം…….

അവരാകുമ്പൊൾ കൂലി വളരെ കുറച്ചു കൊടുത്താൽ മതി പണിയെടുക്കുകയും ചെയ്യും നമുക്ക് ഇരട്ടി ലാഭമാണ്…

അവർ നന്നായി ജോലി എടുക്കുമെന്ന് നമുക്ക് ഉറച്ച ബോധ്യമുണ്ട്, എന്നാൽ ആ അധ്വാനത്തിന് കുറഞ്ഞ വേദനം മതിയെന്ന കാര്യത്തിൽ രണ്ടാമത് ഒന്ന് ആലോചിക്കേണ്ട കാര്യമില്ല.

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ ഏതൊക്കെയോ ദേശങ്ങളിൽ നിന്ന് കേരളത്തിൽ വന്നെത്തി ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ബംഗാളി എന്ന് നമ്മൾ പൊതുവെ വിളിക്കുന്ന തൊഴിലാളികളുടെ കാര്യമാണ് പറഞ്ഞു വരുന്നത്.

കേരളത്തിലെ ഗ്രാമ/നഗരങ്ങളിൽ ചെറുതും വലുതുമായ കൺസ്ട്രക്ഷൻ മേഖലയിൽ, കാർഷിക മേഖലയിൽ, റോഡ് നിർമാണം ഫാക്ടറി ജോലികൾ, ഹോട്ടൽ ജോലികൾ തുടങ്ങി അത്രത്തോളം കഷ്ടപ്പാട് നിറഞ്ഞ മേഖലകളിൽ വ്യാപകമായ ഉത്തരേന്ത്യൻ/വടക്കുകിഴക്കൻ ജനതയെ കുറിച്ച്. സ്വന്തം നാട്ടിലെ തൊഴിലില്ലായ്മയും, കുറഞ്ഞ ശമ്പളവും, സാമ്പത്തിക പ്രതിസന്ധികളും, ദാരിദ്ര്യവും മറികടക്കാൻ ഇവിടെ എത്തി തൊഴിൽ ചെയ്യുന്ന ഈ മനുഷ്യരാണ്.

നമ്മുടെ നാട്ടിലെ തൊഴിലാളികൾ ചെയ്യുന്ന അതേ ജോലികൾ തന്നെയാണ് ഇവരും ചെയ്യുന്നത്, ഒരുപക്ഷെ അതിനെക്കാൾ ഭാരിച്ച രീതിയിൽ എന്ന് പറയാം. എന്നാൽ ഒരേ തൊഴിൽ മേഖലയിൽ മലയാളിയും ഇതരസംസ്ഥാന തൊഴിലാളിയും വാങ്ങുന്ന ശമ്പളമാണ് കാര്യം അത് തമ്മിലുള്ള അന്തരം. നീതിയുടെ വിഷയമാണ്, ചെയ്യുന്ന
തൊഴിലിനോട് ആത്മാർത്ഥത പുലർത്തുന്ന ഈ മനുഷ്യരോട് എത്രത്തോളം നീതി പുലർത്താൻ നമ്മൾ തയ്യാറാകുന്നുണ്ട്
എന്ന് ചിന്തിച്ചു നോക്കണം.

കേരളത്തിൻ്റെ ഇന്നത്തെ സാഹചര്യത്തിൽ ഇവരൊന്നു പൂർണമായും പണി മുടക്കിയാൽ വ്യത്യസ്തങ്ങളായ നിർമ്മാണ മേഖലകളും, തൊഴിൽ മേഖലകളും ആ നിമിഷം തന്നെ നിശ്ചലമാകും എന്നതാണ് യാഥാർത്ഥ്യം.

കൺസ്ട്രക്ഷൻ മേഖലകളിൽ പണിയെടുക്കുന്ന ഈ തൊഴിലാളികൾ എത്രത്തോളം സുരക്ഷിതരാണ് എന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ !

യാതൊരു തരത്തിലുമുള്ള സുരക്ഷാ സംവിധാനങ്ങളുമില്ലാതെ ആണ് പല ബഹുനില കെട്ടിടത്തിന്റെയും പുറത്ത് നിലപ്പുറത്ത് തൂങ്ങി കിടന്ന് പൊള്ളുന്ന വെയിലിൽ പണിയെടുക്കുന്നത്, ഈ മനുഷ്യർ കടന്നു പോകുന്നത് മരണത്തിനും ജീവിതത്തിനും ഇടയിലുള്ള തീക്ഷ്ണമായ ജീവിത അനുഭവങ്ങളിലൂടെയാണ്. എന്നാൽ അധികൃതർ ഈ കാര്യങ്ങൾ എത്രത്തോളം ഗൗരവമായ രീതിയിൽ നോക്കി കാണുന്നുണ്ട് !

ഇതിനെല്ലാം ഒടുവിലാണ് ഇവരോടുള്ള വംശീയ വിദ്വേഷങ്ങളും, അവജ്ഞയും നിലകൊള്ളുന്നത്. മുൻപ് ഇവരുടെ സ്ഥാനത്ത് (ഇപ്പോഴും) തമിഴരായിരുന്നു എന്ന് മാത്രം. തമിഴരോടുള്ള പാണ്ടികളെന്ന വിളിയിൽ ഉൾച്ചേർന്നിരുന്ന അതേ വികാരം തന്നെയാണ് കഴിഞ്ഞ കാലത്ത് ബംഗാളികൾ എന്ന് പറയുമ്പോഴും നമുക്കുള്ളത്.

ബസ് തടഞ്ഞു നിർത്തി തങ്ങളുടെ ബാലൻസ് തുക ചോദിച്ച ഇതരസംസ്ഥാന തൊഴിലാളികളോട് അതേ മനോഭാവത്തിൽ തന്നെയാണ് വാർത്തയുടെ കീഴിൽ കമൻ്റുകൾ വന്നു നിറയുന്നത്.

ഇത് ബാലൻസ് തുക രണ്ടു രൂപ ചോദിച്ച വിഷയമായി ചുരുക്കേണ്ട കാര്യം അല്ല ഇത്, അവർ തങ്ങളുടെ കഠിനമായ അധ്വാനത്തിന് അർഹതപ്പെട്ട വേദനം ചോദിച്ചു വാങ്ങുന്ന അവകാശം നിവർന്ന് നിന്ന് ചോദിക്കുന്ന കാലം വിദൂരമല്ലെന്ന് ഓർക്കുക…

Advertisements