Vishnu Vijayan എഴുതുന്നു 

കറുത്തിട്ടായാലും തന്നെ കാണാൻ ഭംഗിയൊക്കെ ഉണ്ട് കെട്ടോ. അല്ലേൽ തന്നെ കളറിൽ ഒക്കെ എന്ത് കാര്യം ! മനുഷ്യന്റെ മനസ്സിലും, പ്രവർത്തയിലും അല്ലെ ശരിയായ സൗന്ദര്യം ഇരിക്കുന്നത്. പുറമെ കാണുന്ന സൗന്ദര്യം ഒക്കെ വെറും ഭ്രമം മാത്രമല്ലേ…!

നീ ശെരിക്കും വലിയ മനസ്സിന്റെ ഉടമയാണ് കെട്ടോ…!

നമ്മുടെ പൊതുബോധം തലയിലേറ്റി നടക്കുന്ന ഒരു സോകോൾഡ് ഡയലോഗാണ്, ഇനിയിത് ഇങ്ങനെയൊന്നു മാറ്റി പറഞ്ഞു നോക്കൂ.

വെളുത്തിട്ടായാലും തന്നെ കാണാൻ നല്ല ഭംഗിയൊക്കെ ഉണ്ട് കെട്ടോ. അല്ലേൽ തന്നെ നിറത്തിലൊക്കെ എന്ത് കാര്യം ! മനുഷ്യന്റെ മനസ്സിലും, പ്രവർത്തയിലും അല്ലെ ശരിയായ സൗന്ദര്യം ഇരിക്കുന്നത്, പുറമെ കാണുന്ന സൗന്ദര്യം ഒക്കെ വെറും ഭ്രമം മാത്രമല്ലേ…!

(മറുപടി ഏതാണ്ട് ഇതേപോലെ ആയിരിക്കും)

ഓഹ് ഓഹ് അപകർഷബോധം കൊണ്ട് പറയുന്നതാകും അല്ലേ..!!!!

ഒരു ഗ്രൂപ്പിൽ ഒരു വ്യക്തിയെ കൂടെയുള്ളവർ നിറത്തിൻ്റെ/വംശീയതയുടെ പേരിൽ പരിഹസിച്ച് സംസാരിക്കുമ്പോൾ അയാൾ തിരിച്ചു പ്രതികരിച്ചാൽ ഉടനടി വരുന്ന മറുപടി,

” ഏയ് ഇതൊക്കെ കാര്യമാക്കാതെടാ/ഡി ”

എന്ന് തോളിൽ തട്ടി നിങ്ങൾ ഇങ്ങനെ അപകർഷതാബോധം കൊണ്ട് നടക്കരുത് എന്നൊരു ഉപദേശവും കൂട്ടത്തിൽ വരും,

വംശീയത പ്രകടിപ്പിച്ച് പരിഹാസം പറഞ്ഞു രസിച്ച കൂട്ടർ നിമിഷങ്ങൾ കൊണ്ട് മാന്യൻമാരാകുകയും ചെയ്യും..

ഒരാൾ തനിക്ക് തൻ്റെ ജീവിതത്തിൽ നേരിടേണ്ടി വരുന്ന ജാതീയ വിവേചനം തുറന്നു പറയുമ്പോൾ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഇങ്ങനെ അപകർഷതാബോധം കൊണ്ടു നടക്കാതെ നമ്മളെല്ലാം മനുഷ്യരല്ലേ എന്ന ഉപദേശം ഇതിന്റെ മറ്റൊരു വശമാണ്…!!

പേരിനൊപ്പം പ്രിവിലേജിൻ്റെ വാലുള്ള കൂട്ടരാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിൻ്റെ മാഹാത്മ്യം പറയുന്നതെന്ന് ശ്രദ്ധിക്കണം.

ഈ അപകർഷതാബോധ സിദ്ധാന്തം എന്നത് തന്നെ വിദക്തമായൊരു തന്ത്രമാണ്,

വംശീയത/ജാതീയത/ലിംഗവിവേചനം/വാരേണ്യ ചിന്താഗതി ഇതൊക്കെ അപരനിൽ പ്രകടിപ്പിച്ച് ഊറ്റം കൊള്ളുകയും ഒടുവിൽ അതിനിരയാകുന്ന വ്യക്തിക്ക് തിരിച്ചു മറുപടി പറയാൻ കഴിയാത്ത വിധത്തിൽ അയാൾക്ക് മേൽ ചാർത്താൻ ഉപയോഗിക്കുന്ന ആയുധം കൂടിയാണ് അപകർഷതാ ബോധ ചാപ്പകുത്തൽ.

സണ്ണി എം കപ്പിക്കാട് ഇതിൽ കൃത്യമായ ഒരു നിരീക്ഷണം നടത്തുന്നുണ്ട്

ഓരോരുത്തരും അവരുടെ വ്യക്തിപരമായ ഉള്ളടക്കത്തിൽ അപകർഷതാബോധം ഉള്ളവരായിരിക്കും.

പക്ഷെ ഒരു ജനതയ്ക്ക് മുഴുവൻ അപകർഷത ആണെന്ന് പറയുന്നത് കുറ്റകൃത്യമാണ്. അത് ഇവരെ വീണ്ടും കുറ്റാരോപിതർ ആക്കാനും ഇവർ ശേഷി ഇല്ലാത്തവർ ആണെന്നും ഇവർ സ്വയമേവ പിൻവലിയുന്നവർ ആണെന്നുമുള്ള ബോധമാണ് പുറത്തു വരുക എന്ന്…

ഇത് സാഡിസ്റ്റ് മനോഭാവം എന്നതിനപ്പുറം നിറത്തിൻ്റെയോ, വംശത്തിൻ്റെയോ, ജാതിയുടെയോ, ലിംഗത്തിന്റെയോ പേരിൽ വ്യത്യസ്ത പുലർത്തുന്ന അപരനോട്
ഒട്ടും നീതി പുലർത്താൻ കഴിയാത്ത ഒരു സമൂഹത്തിൻ്റെ ആത്മരതി കൂടിയാണ് ഈ അപകർഷതാബോധ ചാപ്പയടി എന്നത്…

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.