മതതീവ്രവാദകളേ നിങ്ങളുടെ തോക്കിനും ബോംബിനും മുന്നിൽ മാനവികത നശിക്കില്ല

0
611

Vishnu Vijayan എഴുതുന്നു 

‘Standing in Solidarity ‘Hello brother ‘

ന്യൂസിലാൻഡ് ക്രൈസ്റ്റ് ചർച്ച് വെടിവെപ്പിൽ അനുശോചിച്ച്, ന്യൂസിലാണ്ടിലെ ദേശീയ ക്രിക്കറ്റ് എംബ്ലം കടമെടുത്ത് നിരയായി (സ്വഫ്) നിന്ന് നമസ്‌കരിക്കുന്ന മനുഷ്യരുടെ പശ്ചാത്തലത്തിൽ സിംഗപ്പൂർ സ്വദേശി Keith Lee ഡിസൈൻ ചെയ്ത പോസ്റ്ററിലെ ആ വാചകം.

Vishnu Vijayan

In remembrance of the innocent who has fallen. Let’s unite in the face of bigotry. എന്നുകൂടിയാണ് അദ്ദേഹം കൂട്ടിച്ചേർത്തത്.

അന്ന് ക്രൈസ്റ്റ് ചർച്ചിൽ മുസ്‌ലിം പള്ളികളിൽ നടന്ന ആക്രമണത്തിൻ്റെ ഉത്തരവാദിത്വം മുസ്ലിം വിഭാഗങ്ങൾക്ക് മാത്രമാണെന്നും അവരുടെ കുടിയേറ്റമാണ് ലോകത്തെ കുഴപ്പങ്ങൾക്കു കരണമെന്നും പരാമർശം നടത്തിയ ആസ്ട്രേലിയൻ സെനറ്റർ ഫ്രേസർ എന്നിങ്ങിൻ്റെ പ്രസ്താവനയിൽ പ്രതിക്ഷേധിച്ച് അയാൾക്ക് നേരെ ചീമുട്ട എറിഞ്ഞത് ഒരു പതിനേഴ് വയസ്സുകാരനാണ്.

‘New Zealand mourns with you we are one ‘

ക്രൈസ്റ്റ് ചർച്ചിൽ ജുമാ നമസ്കാരത്തിന് എത്തിയ വിശ്വാസ സമൂഹത്തിന് മുന്നിൽ ഹിജാബ് ധരിച്ച് വന്ന ന്യൂസിലാൻഡിൻ്റെ പ്രധാനമന്ത്രി ജസീൻ്റ ആൻഡൻ പറഞ്ഞ വാക്കുകൾ മറക്കാൻ കഴിയില്ല.

ജന സമൂഹത്തിൻ്റെ ഇടയിലൂടെ നടന്ന് അവരെ പരസ്പരം ആലിംഗനം ചെയ്തു കൊണ്ട്, ചേർത്തു പിടിച്ച് മാനവികതയുടെ ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും മഹത്തായ മാതൃകയാണ് അവർ നമുക്ക് കാണിച്ചു തന്നത്. കുടിയേറ്റക്കാരെ കൊന്നു തള്ളുന്ന തീവ്രവാദികളുടെ രാജ്യമല്ല, കുടിയേറി വന്ന ജനത ന്യൂസിലാൻഡിനെ സ്വന്തം നാടായി സ്വീകരിച്ച ആളുകളാണ്, തീർച്ചയായും ഇത് അവരുടെ നാടാണ്, അവർ ഞങ്ങളുടെ ഭാഗമാണ് എന്ന് പറഞ്ഞ ആ വനിതാ പ്രധാനമന്ത്രിയെ.

ഒന്നര മാസമേ ആയിട്ടുള്ളു ന്യൂസിലൻഡ് ക്രൈസ്റ്റ് ചർച്ച്‌വെടിവെപ്പ് നടന്നിട്ട്, അതിൻ്റെ പ്രതികാരം എന്ന പോലെ ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ നൂറുകണക്കിന് ജീവനുകളാണ് ഇല്ലാതാക്കപ്പെട്ടത്.

ഇപ്പോൾ ശ്രീലങ്കൻ ഭീകരാക്രമണത്തിൽ ചാവേറെന്ന് കരുതപ്പെടുന്ന യുവാവിന്റെ ദൃശ്യങ്ങൾ ഒരു ശ്രീലങ്കൻ ചാനൽ പുറത്തു വിട്ടിരിക്കുന്നു ഭീകരാക്രമണം നടന്ന
സെന്റ് സെബാസ്റ്റ്യൻ പള്ളിയിലേക്ക് ബാഗുമായി കയറിപ്പോകുന്ന അക്രമിയെന്ന് സംശയിക്കുന്ന ആളുടെ സിസിറ്റിവി ദൃശ്യങ്ങളാണ് പുറത്ത് വിട്ടിട്ടുള്ളത്.

ക്രൈസ്റ്റ് ചർച്ചിൽ വെടിവെപ്പ് നടത്തിയ അക്രമിയോട് പള്ളിയുടെ കവാടത്തിൽ
നിന്ന മനുഷ്യൻ ‘ Hello brother ‘ എന്നാണ് അഭിസംബോധന ചെയ്തത്, ആ മനുഷ്യനെ തന്നെയാണ് തീവ്രവാദി ആദ്യം വെടിവച്ച് കൊന്നതും ! ശ്രീലങ്കയിലും പള്ളിയിലേക്ക് ബാഗുമായി കടന്നു വന്ന ആ യുവാവിനെ സ്നേഹത്തോടെ വരവേറ്റ മനുഷ്യർ കാണും.

ഇത്രയും ഇങ്ങനെ ആവർത്തിച്ചു പറഞ്ഞത്,

മതത്തിന്റെ, വംശീയ വിദ്വേഷത്തിൻ്റെ പേരിൽ മനുഷ്യരെ ഉൻമൂലനം ചെയ്യാൻ തെരുവിൽ ഇറങ്ങുന്ന മത തീവ്രവാദികളെ നിങ്ങൾ ഉള്ളിൽ സൂക്ഷിക്കുന്ന പകയുടെ, വെറുപ്പിൻ്റെ, പ്രതികാരത്തിൻ്റെ പേരിൽ തീർക്കുന്ന അതിരുകളിൽ ഒതുങ്ങി നിൽക്കുകയല്ല ഈ ലോകം.

അതിരുകൾക്കപ്പുറം പരസ്പരം തിരിച്ചറിയാൻ കഴിയുന്ന, അതിരുകൾ താണ്ടി വരുന്നവരെ സഹോദരങ്ങൾ എന്ന പോലെ ചേർത്തു നിർത്താൻ കഴിയുന്ന എണ്ണിയാൽ ഒടുങ്ങാത്തത്ര മനുഷ്യരുടെ ലോകമാണിത്. ആ മനുഷ്യരെ ഇങ്ങനെ നിരന്തരം ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന നിങ്ങളോടുള്ളത് വെറുപ്പു മാത്രമാണ്…