ടിക് ടോക്കിനെയും കണ്ടൻ്റുകളെയും വ്യാപകമായി എതിർക്കുന്നതിൻ്റെ കാരണങ്ങളെ മൂന്നായി തിരിക്കാം

205

Vishnu Vijayan

ടിക് ടോക്ക്…

ടിക് ടോക്കിനെ അല്ലെങ്കിൽ അതിൽ വരുന്ന കണ്ടൻ്റുകളെ വ്യാപകമായി എതിർക്കുന്നത് പൊതുവെ കണ്ടു വരുന്ന പ്രവണതയാണ്, അതിൻ്റെ കാരണങ്ങളെ മൂന്നായി തിരിക്കാം എന്ന് തോന്നുന്നു.

 1. പുസ്തകങ്ങൾ വൈജ്ഞാനിക ഇടങ്ങളിലെ അവസാന വാക്കായി കാണുന്ന ആളുകൾ ആദ്യ കാലങ്ങളിൽ ( ഇപ്പോഴും) ഓൺലൈൻ എഴുത്തുകളെ കേവലം നാലാം കിട കാര്യങ്ങളായി നോക്കി കണ്ട മനോഭാവം പോലെ, സോഷ്യൽ മീഡിയ നെറ്റവർക്കിൽ മറ്റു തലങ്ങളിൽ കഴിയുന്ന ആളുകളുടെ അമ്മാവൻ സിൻട്രം ആണ് ഒന്നാമത്തേത്.
 2. കലിപ്പൻ്റെ കാന്താരിയും, ആറ് മണിക്ക് വീട്ടിൽ കയറാൻ പെങ്ങൾക്ക് ഉപദേശം നൽകുന്ന, സമയം തെറ്റി വന്നാൽ കരണം അടിച്ചു പൊട്ടിക്കുന്ന ടിക് ടോക്ക് ആങ്ങളയും ആണ് രണ്ടാമത്തെ വിഷയം.
 3. മൂന്ന്, ടിക് ടോക്ക് വെറുക്കപ്പെട്ട ഇടമാണ് എന്ന എലീറ്റ് ക്ലാസ് മനോഭാവം ആണ്.
  ടിക് ടോക്ക് ഫോബിയയുടെ അമ്മാവൻ സിൻട്രം വെറുതെ പ്രകടിപ്പിക്കാം എന്നല്ലാതെ പ്രത്യേകിച്ച് കാര്യമില്ല, തലമുറകൾക്ക് ഒപ്പം കാലം മാറും പോലെ കോലം മാത്രമല്ല സോഷ്യൽ മീഡിയ സൈറ്റുകളും മാറും.
  കലിപ്പൻ്റെ കാന്താരിയും, ആറ് മണിക്ക് വീട്ടിൽ കയറാൻ ഉപദേശം നൽകുന്ന ടിക് ടോക്ക് ആങ്ങളമാരും ഒക്കെ ഒട്ടും തന്നെ പ്രോത്സാഹിക്കപ്പെടേണ്ടത് അല്ല.
  ഇക്കാര്യത്തിൽ ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, യൂട്യൂബ് ഇതിൽ ഒന്നും ഇല്ലാത്ത ഒന്നും തന്നെ ടിക് ടോക്കിൽ അതികമായി ഇല്ല, ഫെയ്സ്ബുക്കിൽ തന്നെ ഫാൻസ്‌ക്ലബ് ഉൾപ്പെടെ ധാരാളം പാരലൽ വേൾഡ് ഉണ്ട്, അത് ഫോളോവേഴ്സ്, ലൈക്ക്, ഷെയറിംഗ് കൊണ്ട് ശക്തമായ രീതിയിൽ നിലനിർത്തി പോകുന്നുണ്ട്. രജത് ആർമി മുതൽ ഫാൻ ഫൈറ്റ് ക്ലബ്ബുകൾ വരെ വൾഗറിൻ്റെ, വംശീയ ജാതീയ മനോഭാവത്തിൻ്റെ കൂത്തരങ്ങാണ് ടിക് ടോക്ക് ഈ കാര്യത്തിൽ ഒരു പുതിയ പ്രതിഭാസം ഒന്നുമല്ല.
  ………………

ടിക് ടോക്കിന് പുറത്ത് സോഷ്യൽ മീഡിയ സൈറ്റുകളിൽ അതിനെക്കുറിച്ചുള്ള ഈ പൊതുബോധ നിർമ്മിതി ഏറ്റവും ശക്തമായി ഉറപ്പിച്ചെടുത്തത് ഫാൻ ഫൈറ്റ് ക്ലബ്ബുകൾ ഉൾപ്പെടെ പടച്ചുണ്ടാക്കി വിട്ടിട്ടുള്ള വൾഗർ ട്രോളോകളാണ്, ‘കോളനി വാണം’ എന്ന ടാഗ് ലൈനിൽ പ്രവഹിച്ച ട്രോളുകളും, യൂട്യൂബ് വീഡിയോകളും അതിൽ ഉൾപ്പെടും.

അതുകൊണ്ടാണ് ഏറ്റവും ഒടുവിൽ ടിക് ടോക്ക് റോസ്റ്റിംഗ് എന്ന പേരിൽ യൂട്യൂബിൽ വൈറലായ അർജുൻ ചെയ്ത റിയാക്ഷൻ വീഡിയോ അതേ നരേറ്റീവ് ഉപയോഗിക്കുന്ന കാഴ്ച കണ്ടത്. അയാളുടെ റിയാക്ഷൻ വീഡിയോ നേരിട്ടോ അല്ലാതെയോ കോളനി എന്ന പരിഹാസ തലത്തിൽ എത്തുന്നതും. അത് വളരെ ഓർഗാനിക് ആയി സംഭവിച്ച കാര്യമാണ്, ആ വിഷയത്തിൽ അയാൾക്ക് അതികമായി കിട്ടുന്ന കൈയ്യടിയും തീർത്തും സ്വഭാവികമാണ്, നാമെല്ലാം തന്നെ നമ്മുടെ ചുറ്റുപാടിൻ്റെ കൂടി പ്രതിഫലനമാണ്, ഒരു പരിധിവരെ അതുകൊണ്ട് അയാളെ മാത്രം കുറ്റപ്പെടുത്താൻ പറ്റില്ല.
അയാൾ ചെയ്യുന്നത് ഫോളോവേഴ്സ് അയച്ചു കൊടുക്കുന്ന വീഡിയോസ് ആണ് എന്ന് അയാൾ പറയുന്നത്, അതിൽ പലതും അയച്ചു കൊടുത്ത ആളുകൾക്ക് അങ്ങനെ ഒരു ഉദ്ദേശം കാണണം, ഏതായാലും അവർ ആഗ്രഹിച്ചത് അയാൾ തിരിച്ച് ഭംഗിയായി ചെയ്തു കൊടുത്തു.
………….

Please like my profile pic broiii,എന്ന ക്യാപ്ഷനിൽ ഫെയ്സ്ബുക്കിൽ ഫോട്ടോ ഇട്ടിരുന്ന പിള്ളേര് ഇൻസ്റ്റഗ്രാമിൽ ചേക്കേറിയ നേരത്ത് അവരിൽ ഒരു വിഭാഗം ആളുകളും അവർക്ക് പിന്നാലെ വന്നവരും ടിക് ടോക്കിലേക്ക് ആണ് പോയത്. മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ അവർക്ക് വേണ്ടി രൂപപ്പെടുത്തി എടുത്ത ആപ്ലിക്കേഷൻ ആണ് ടിക് ടോക്ക്. ഉപയോഗിക്കുന്ന ഭൂരിഭാഗവും രണ്ടായിരത്തിന് ശേഷം ജനിച്ച ആളുകളാണ്. അവരുടെ ലോകമാണ് അവർ ആധിപത്യം ഉള്ള ഇടം ആണത്.എന്നാൽ ഒരുപരിധിവരെ പ്രായഭേദമെന്യേ ആളുകളിലേക്ക് അത് വ്യാപിച്ചു, കലയിലും, അഭിനയത്തിലും, സംഗീതത്തിലും ഒക്കെ കഴിവുള്ളവർക്കും ക്രീയേറ്റീവായി ഇടപെടാൻ കഴിയുന്നവർക്കും മുൻപിൽ അത് സാധ്യത തുറന്നിടുകയും ചെയ്തു. ഫെയ്സ്ബുക്കും യൂട്യൂബും നൽകി പോരുന്നതിനെക്കാൾ വലിയ വിസിബിലിറ്റി അവർക്ക് അവിടെ ലഭിച്ചു.പ്രായം, നിറം, വണ്ണം ഇങ്ങനെയുള്ളവയുടെ പേരിൽ അപകർഷതാബോധം ഇല്ലാതെ, അതിൽ നിലനിൽക്കുന്ന പൊതുബോധത്തെ തള്ളി കളഞ്ഞു കൊണ്ട് മനുഷ്യർ അവരുടെ റ്റാലൻ്റ് മൊബൈൽ ക്യാമറയ്ക്ക് മുൻപിൽ പ്രകടിപ്പിച്ചു തുടങ്ങി. ചെറിയ വീടുകളുടെ, ഓലപ്പുരകളുടെ, തേയ്ക്കാത്ത വീടുകളുടെ മുൻപിൽ തികഞ്ഞ ആത്മവിശ്വാസത്തോടെ കലാ പ്രകടനങ്ങൾ കാഴ്ച വെച്ചു, തൊഴിലുറപ്പ് പണിയും, ചുമട്ട് ജോലിയും, ഓട്ടോ ഓടിച്ചും ജീവിക്കുന്ന സമൂഹത്തിൻ്റെ സകലമാന തുറകളിലും ഉള്ള മനുഷ്യരും അവിടെ വന്നു, അവർക്ക് പതിനായിരക്കണക്കിന് വ്യൂവേഴ്സ് വന്നു നിറഞ്ഞു, ഇതൊക്കെ ആണ് ടിക് ടോക്ക് വിപ്ലവത്തിൻ്റ ചുരുക്കം.

ഇത് അത്ര ചെറിയ കാര്യമല്ല കാണുന്ന എല്ലാവർക്കും ഒരേ പോലെ സുഖിക്കുന്നതും അല്ല. അവിടെയാണ് ടിക് ടോക്കിനെ ഒരു കുഴപ്പം പിടിച്ച ഇടമാക്കി വായിക്കപ്പെടുന്നത്. എലീറ്റ് ക്ലാസ് നരേറ്റീവ് അതിനെ വീണ്ടും വീണ്ടും ഉറപ്പിച്ചെടുക്കുന്നത്. സമൂഹത്തിലും, സാമൂഹിക മാധ്യമങ്ങളിലും ഉള്ളത് പോലെ തന്നെ കൊള്ളേണ്ടതും തള്ളേണ്ടതും, തിരുത്തപ്പെടേണ്ടെതുമായ കാര്യങ്ങൾ തന്നെയാണ് അവിടെയും ഉള്ളത് , അതിനപ്പുറം അവജ്ഞയോടെ പുച്ഛത്തോടെ നോക്കി കാണേണ്ട, വെറുക്കപ്പെടേണ്ട ഒന്നല്ല ടിക് ടോക്കും അവിടെ ഉള്ളവരും.