Vishnu Vijayan എഴുതുന്നു
‘ഞാൻ തളർന്നു പോയി ഇനിയിപ്പം ഇതിൽനിന്ന് ഒരു ഉയർത്തെഴുന്നേൽപ്പ് ഉണ്ടാകില്ല എന്ന് വിചാരിക്കാൻ പാടില്ല ‘

ഏതാനും ദിവസം മുൻപ് ഒരു ഇൻ്റർവ്യൂവിൽ സ്വന്തം ജീവിതത്തിൽ നിന്ന് പാർവതി പറഞ്ഞ വാക്കുകളാണ്.
ഉയരെ…❤️
ഒരേസമയം പാർവ്വതിയും പല്ലവിയും സ്ക്രീനിൽ നിറഞ്ഞു നിൽക്കുന്ന അനുഭവമാണ് ഉയരെ,
ആ രണ്ടു പേരുകൾ മാത്രമല്ല ആൺബോധം തകർത്തെറിയാൻ ശ്രമിച്ച് പരാജയപ്പെട്ടു പോകാത്ത കരുത്തരായ അനേകായിരം സ്ത്രീകളെ പാതി പൊള്ളിയ, കാണുമ്പോൾ ഓരോ നിമിഷവും ഉള്ള് പൊള്ളിക്കുന്ന, ആണായി പോയതിൽ അപമാനവും, അമർഷവും തോന്നിപ്പിക്കുന്ന പല്ലവിയുടെ മുഖത്ത് കാണാൻ കഴിയും.
പാർവതി പറയുന്നു , മേക്കപ്പ് ഇട്ടതിനു ശേഷം ശാരീരികമായ പരിമിതികളുണ്ട്, അധികം സംസാരിക്കാൻ ഒന്നും കഴിയില്ല,
ഭക്ഷണം കഴിക്കാൻ കഴിയില്ല. ഇതിനപ്പുറം ആന്തരികമായി കടന്നുപോകേണ്ടിവരുന്ന വെല്ലുവിളികളുണ്ട്. മേക്കപ്പിനെക്കുറിച്ച് സെറ്റിൽ എല്ലാവർക്കും അറിയാം, എന്നിട്ടും അവർക്ക് കാണുമ്പോൾ ഞെട്ടലുണ്ടാകുന്നു.
അതെനിക്ക് ബുദ്ധമുട്ടുണ്ടാക്കിയിരുന്നു. അപ്പോൾ ഞാൻ ചിന്തിച്ചത്, ആസിഡ് അറ്റാക്കിന് ഇരകളായവർ എങ്ങനെ ജീവിക്കുന്നു എന്നാണ്.
പക്ഷെ ഇങ്ങനെ ജീവിക്കേണ്ടി വരുന്ന ആളുകളെക്കാൾ സമൂഹം വേട്ടക്കാരൻ്റെ പക്ഷത്ത് നിൽക്കാനാണ് പലപ്പോഴും ജാഗ്രത പുലർത്തുന്നത്.
‘ യുവാവ് പെട്രോൾ ഒഴിച്ച് പൊള്ളിച്ചത് മൂലം അത്യാസന്നനിലയിൽ ആയിരുന്ന പെൺകുട്ടി മരിച്ചു. യുവാവിനെ മാനസിക ആശ്വാസം ലഭിക്കാനും, സാമൂഹിക വിരുദ്ധ മനോഭാവം മാറാനും, ശാന്തവും സ്വസ്ഥവും ആയി ജീവിക്കാനും, പുതിയൊരു നന്മ നിറഞ്ഞ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും ഉള്ള അഭയകേന്ദ്രമാണ് ആവശ്യം, എന്നാണ് എൻ്റെ അഭിപ്രായം, ശിക്ഷ ആർക്കും ഒരു ഉപകാരവും തരുന്നില്ല ‘
ഒരു പെൺകുട്ടിയെ നടുറോഡിൽ വെച്ച് തീകൊളുത്തി കൊന്ന ക്രിമിനലിനെക്കുറിച്ച്
ഒരു ഫെയ്സ്ബുക്ക് ഗ്രൂപ്പിൽ വന്ന പോസ്റ്റാണ്.
അയാളിലെ അടങ്ങാത്ത പ്രണയം കൊണ്ടാണ് പെൺകുട്ടിയെ ഇല്ലാതാക്കാൻ ശ്രമിച്ചതെന്ന് കരുതുന്നുവെങ്കിൽ അങ്ങനെ കരുതുന്ന ആളുകളും അയാളും തമ്മിൽ വലിയ അന്തരമില്ല.
തനിക്ക് വഴങ്ങാത്ത ഒരാളെ കൂട്ടുകാരുടെ ഇടയിൽ വെടി, വേശ്യ, പോക്കുകേസ്, എന്നൊക്കെ ചാപ്പകുത്തി രസിക്കുന്ന
ആൺ അധികാര ബോധങ്ങളുടെ എക്സ്ട്രീം ബോധത്തിൽ നിന്നുകൊണ്ടാണ്, പെൺകുട്ടിയുടെ ജീവിതവും, സ്വപ്നങ്ങളും ഏതു വിധേനയും റദ്ദു ചെയ്യാൻ അവളെ ഇല്ലാതാക്കിയത്.
‘ഉയരെയിൽ’ അക്ഷരാർത്ഥത്തിൽ ഗോവിന്ദ് അയാൾ തന്നെയാണ്.
അയാളുടെ ആഗ്രഹങ്ങൾ, സ്വപ്നങ്ങൾ, ദുഖങ്ങളിൽ ഒക്കെ ചേർത്തു നിർത്താൻ വിളിച്ചാൽ കേൾക്കുന്ന ദൂരത്ത് അവൾ ഉണ്ടായിരിക്കണം, അപരൻ്റെ ചിന്തകൾക്കും, വികാരങ്ങൾക്കും തെല്ലു പരിഗണന നൽകാൻ കഴിയാത്ത തന്നിലേക്ക് ചുരുങ്ങുന്ന മനുഷ്യൻ, അയാളുടെ പരാജയങ്ങൾ അവൾക്കുമേൽ കെട്ടിവെച്ച് അതിൽ ആശ്വാസം കണ്ടെത്താൻ കഴിയുന്ന പ്രിവിലേജുകളുടെ ആൺ രൂപമാണ് ഗോവിന്ദൻ.
അവിടെ അവളും അവളുടെ ജീവിതവും അപ്രസക്തമാണ്, അയാൾ മാത്രമാണ് ഉള്ളത്.
ഇതിനെല്ലാം ഒടുവിൽ തൻ്റെ തെറ്റിനെ യാതൊരു ഉളുപ്പില്ലാതെ, നിഷേധിക്കാനും, ന്യായീകരിക്കാനും കഴിയും, ഒപ്പം നിൽക്കാൻ, അയാൾക്ക് വേണ്ടി സംസാരിക്കാൻ ചുറ്റും ആളുകളാണ്, സോഷ്യൽ അക്സപറ്റൻസ് നേടി കൊടുക്കാൻ പാട്രിയാർക്കി മത്സരിക്കും.
പല്ലവിയെ അത്യന്തികമായി തകർക്കാൻ പോന്നതല്ല ഇതൊന്നും, കാരണം എനിക്ക് ഞാനാകാണം നീ ആഗ്രഹിക്കുന്ന ഞാനല്ല ഞാൻ ആഗ്രഹിക്കുന്ന ഞാനാവണം എന്ന് പറയാൻ അൽപം വൈകിപ്പോയെങ്കിലും ആ വാക്കുകൾ അവൾക്ക് കൂടുതൽ കരുത്ത്
നൽകുന്നുണ്ട്.
പക്ഷെ ബിഗ് സ്ക്രീനിൻ്റെ പുറത്ത് അത് പറയാൻ ഇത്രത്തോളം വൈകിപ്പോകരുത് ആരും.
ഇൻ്റർവ്യൂവിലേക്ക് തിരിച്ചു വരാം.
ചോദ്യം : ഇനി ജോലി ചെയ്യാൻ കഴിയില്ല എന്നൊരു ആശങ്ക മീൻസ്, അതിനു അനുവദിക്കില്ല എന്നൊരു തോന്നൽ ഉണ്ടായിരുന്നോ ?
പാർവതി തിരുവോത്ത് : അനുവാദത്തിൻ്റെ ആവശ്യമില്ല എന്ന് മനസിലായി, അതാണ് ഈ രണ്ടു വർഷത്തിലെ ഏറ്റവും വലിയ തിരിച്ചറിവ്, അനുവാദത്തിനു വേണ്ടി ആരും കാത്തു നിൽക്കേണ്ടതില്ല എന്ന് മനസിലായി.
ഒരേസമയം പാർവ്വതിയും പല്ലവിയും നിറഞ്ഞു നിൽക്കുന്ന അനുഭവമാണ്,
ആ രണ്ടുപേർ മാത്രമല്ല ആൺബോധം തകർത്തെറിയാൻ ശ്രമിച്ച് പരാജയപ്പെട്ടു പോകാത്ത അനേകായിരം പല്ലവിമാർ,
അവർ പറക്കും ഉയരെ, ഉയരെ..