വയനാട് തൊവരിമല ഭൂസമരത്തോട് ഐക്യദാർഢ്യപ്പെടുക

522

Vishnu Vijayan എഴുതുന്നു

ആദിവാസി സമൂഹം അവകാശങ്ങൾക്കായി ശബ്ദം ഉയർത്തുമ്പോൾ ഐക്യപ്പെടാൻ തയ്യാറാകാത്ത അതേസമയം അരിച്ചാക്കും പ്ലാസ്റ്റിക് കസേരയുമായി ഊരുകളിൽ വണ്ടി തിരിക്കുന്ന ആദിവാസി സ്നേഹം ഒക്കെ ഒന്നാന്തരം പ്രഹസനമാണ്.

Vishnu Vijayan

വയനാട് തൊവരിമലയിൽ ഹാരിസണ്‍ മലയാളം പ്ലാൻ്റേഷൻ കൈവശം വച്ചിരുന്ന, 1970 ൽ അച്ച്യുതമേനോൻ സർക്കാർ പിടിച്ചെടുത്ത 104 ഹെക്ടർ ഭൂമിയിൽ 13 പഞ്ചായത്തുകളില്‍ നിന്നായുള്ള ഭൂരഹിതര്‍ കഴിഞ്ഞ ദിവസം സമരമാരംഭിച്ചിരുന്നു, അതിൽ 90 ശതമാനവും ആദിവാസി സമൂഹമാണ്.

തൊവരിമല ഭൂമി ഇപ്പോൾ വനം വകുപ്പിന്റെ കൈവശമുള്ള വനഭൂമിയാണ്. വനംവകുപ്പ് അധികൃതര്‍ സമരക്കാരെ ഒഴിപ്പിക്കാൻ ശ്രമങ്ങള്‍ നടത്തുകയും, ഇന്നലെ രാവിലെ പോലീസ് സമരക്കാരെ ഒഴിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.

സമരക്കാരുടെ സാധനങ്ങളുമെല്ലാം പോലീസ് കണ്ടെത്തി നശിപ്പിക്കുകയും നിരവധി പേരെ പോലീസ് വാഹനങ്ങളില്‍ ഊരുകളിലും വീടുകളിലും എത്തിച്ചതായും, നിരവധി ആളുകൾ ചിതറി ഒടുകയും ചെയ്തതായി അറിയാൻ കഴിയുന്നു.

ഹാരിസൺ മലയാളം ഗ്രൂപ്പ് , ടാറ്റ ഗ്രൂപ്പ് തുടങ്ങിയ കോർപറേറ്റുകൾ കേരളത്തിൽ കൈവശം വെച്ചിരിക്കുന്ന സർക്കാർ ഭൂമി ഏകദേശം അഞ്ച് ലക്ഷം ഏക്കറോളം വരും.

ഹാരിസണിനെതിരെയും, ടാറ്റായ്ക്ക് എതിരെയും വ്യജ പ്രമാണം, വ്യജരേഖ, സർക്കാർ ഭൂമി അനധികൃതമായി കൈയ്യടക്കി വെക്കൽ, അനധികൃത ഭൂമി കൈമാറ്റം തുടങ്ങിയ കാര്യങ്ങളിൽ നിരവധി
കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്.

ഭൂമിയുടെ പേരിൽ അവകാശ വാദം ഉന്നയിക്കുന്ന അരികുവത്കരിക്കപ്പെട്ട ജനതയെ അധികാരം ഉപയോഗിച്ച് അടിച്ചമർത്തുകയല്ല വേണ്ടത്, അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചു പിടിച്ച് ആദിവാസി സമൂഹം ഉൾപ്പെടെയുള്ള ഭൂരഹിത വിഭാഗങ്ങൾക്ക് വിതരണം ചെയ്യുകയാണ് വേണ്ടത്.

ഒരിക്കൽ കൂടി ആവർത്തിക്കട്ടെ,

ആദിവാസി സമൂഹം അവകാശങ്ങൾക്കായി ശബ്ദം ഉയർത്തുമ്പോഴെല്ലാം അതിനോട് ഐക്യപ്പെടാൻ തയ്യാറാകാതെ അരിച്ചാക്കും പ്ലാസ്റ്റിക് കസേരയുമായി ഊരുകളിൽ വണ്ടി തിരിക്കുന്ന ആളുകളോടാണ് അതൊക്കെ അവർ സ്വയം വാങ്ങിച്ചു കൊള്ളും, അത്തരം ഔദാര്യങ്ങളല്ല , അവരുടെ അവകാശ സമരങ്ങളോട് ഐക്യപ്പെടുകയാണ് വേണ്ടത്. അതല്ലാതെയുള്ള ആദിവാസി സ്നേഹം ഒക്കെ ഒന്നാന്തരം പ്രഹസനമാണ്.

വയനാട് തൊവരിമല ഭൂസമരത്തോട് ഐക്യദാർഢ്യപ്പെടുക…

Image may contain: one or more people, people standing and outdoor