സംഘപരിവാർ രാഷ്ട്രീയത്തിലേക്ക് ഒരിക്കലും പോകില്ലെന്ന് പറയുന്നത് തന്നെ ഇക്കാലത്ത് വലിയ രാഷ്ട്രീയ നിലപാടാണ്

162

Vishnu Vijayan

നിലവിൽ രാജ്യത്തെ തിരഞ്ഞെടുപ്പ് രാഷ്ട്രിയത്തിൽ സംഘപരിവാർ വിരുദ്ധ സഖ്യ രൂപീകരണം എന്നത് ഏറ്റവും മികച്ച രീതിയിൽ നടപ്പിലാക്കാൻ കഴിയുന്ന അപൂർവം പ്രാദേശിക പാർട്ടി നേതാവ് തമിഴ് നാട്ടിലെ എം.കെ.സ്റ്റാലിൻ ആണെന്ന് തോന്നുന്നു.ഒരു കാരണവശാലും ചേർന്ന് നിൽക്കാൻ സാധ്യത ഇല്ലാത്ത കൂട്ടരെ ഒന്നിച്ചു ചേർത്ത് മുന്നണി ഉണ്ടാക്കിയ മാതൃക സ്റ്റാലിൻ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കാണിച്ചു തന്നതുമാണ്.അതിൽ അണ്ണാ ഡിഎംകെ യെ തമിഴ് മണ്ണിൽ ശിഥിലമാക്കുക എന്ന രാഷ്ട്രീയ തന്ത്രം കൂടി ഉള്ളപ്പോൾ തന്നെ പരിവാർ വിരുദ്ധ കാർഡ് ഇറക്കി കളിക്കാൻ സ്റ്റാലിൻ മറക്കാറില്ല.അടുത്ത നാളിൽ ഡിഎംകെ യുടെ ചാനലിൽ ഒരു പരസ്യം കാണുകണ്ടായി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യമാണ്.

ഡിഎംകെയുടെ മുഖ്യ എതിരാളികളായ അണ്ണാ ഡിഎംകെയക്കാൾ ഉപരി ആ പരസ്യം ലക്ഷ്യം വെക്കുന്നത് ഹിന്ദുത്വ ശക്തികളെയാണ്.
സംഘകാല ചരിത്രവും ദ്രാവിഡ മുന്നേറ്റത്തയും ഒക്കെ പറഞ്ഞു, ഓർമ്മപ്പെടുത്തി അതുവഴി പരിവാറിനെയും ഹിന്ദുത്വ രാഷ്ട്രീയത്തെയും തമിഴ് മണ്ണിൽ നിന്ന് മാറ്റി നിർത്തേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ചുമാണ് പരസ്യം.അപ്പോഴും പെരിയാർ ഒക്കെ മുൻപോട്ട് വെച്ച ജാതി വിരുദ്ധ സമൂഹം എന്ന തലത്തിൽ ഒന്നും രാഷ്ട്രീയം പറയാൻ പോന്ന ശേഷി സ്റ്റാലിനോ അദ്ദേഹത്തിന്റെ രാഷ്ട്രീയ പാർട്ടിക്കോ ഇന്ന് ഇല്ല.

എന്നാൽ എങ്ങനെയും തമിഴ് മണ്ണിൽ ലാൻഡ് ചെയ്യുക എന്ന ലക്ഷ്യം വെച്ച് തലൈവർ മുതൽ തലൈവിയെ വരെ കളത്തിൽ ഇറക്കാനുള്ള തയ്യാറെടുപ്പ് നടത്തുന്ന പരിവാർ രാഷ്ട്രീയത്തെ എതിർത്തു പ്രതിരോധം തീർക്കുക പ്രധാനപ്പെട്ട കാര്യമാണ് നിലവിൽ അവിടെ അക്കാര്യത്തിൽ ശേഷി ഉള്ള ആളെന്ന നിലയിൽ ആശ്വാസം അയാൾ തന്നെയാണ്.ഇതിനിടയിൽ ഇന്നലെ വന്നൊരു വാർത്ത വിജയ് യുടെ ഫാമിലി ബിജെപിയിൽ ചേരും എന്ന അഭ്യൂഹം പരന്നതിനെ തുടർന്ന് വിജയ് യുടെ പിതാവ് നൽകിയ വാർത്താ കുറിപ്പാണ്.

വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങും എന്നാൽ ഒരിക്കലും ബിജെപിയിലേക്ക് പോകില്ലെന്ന് അദ്ദേഹത്തിന്റെ പിതാവ് ചന്ദ്രശേഖർ പറയുന്നു.വിജയ് നാളെകളിൽ തമിഴ് രാഷ്ട്രീയത്തിൽ വന്നാൽ എന്ത് തരത്തിലുള്ള രാഷ്ട്രീയമാണ് സ്വീകരിക്കുക എന്നൊന്നും അറിയില്ല കാര്യമായി രാഷ്ട്രീയം ഒന്നും പൊതുവേദിയിൽ പറയാത്ത ആളുമാണ്. വിജയ് തമിഴ് രാഷ്ട്രീയത്തിൽ ഇറങ്ങുകയോ ഇറങ്ങാതെ ഇരിക്കുകയോ അത് എന്ത് തന്നെ ആയാലും നിലവിൽ അതിനെക്കാൾ പ്രാധാന്യം അർഹിക്കുന്ന മറ്റൊരു കാര്യം,
തമിഴ് നാട്ടിൽ വളരെയധികം സ്വീകാര്യതയുള്ള, തെന്നിന്ത്യൻ സിനിമയിലെ ഒരു പ്രധാന സൂപ്പർ താരം, താൻ സംഘപരിവാർ രാഷ്ട്രീയത്തിലേക്ക് ഒരിക്കലും പോകില്ലെന്ന് പറയുന്നത് തന്നെ ഇക്കാലത്ത് വലിയ രാഷ്ട്രീയ നിലപാടാണ്…