ഒരു ആണെന്ന പ്രിവിലേജിൽ നിന്നുകൊണ്ട് ഇവിടെ സ്ത്രീകൾ വലിയ വിവേചനം ഒന്നും നേരിടുന്നില്ലെന്നു പറയാൻ അസാമാന്യ ഉളുപ്പ് വേണം

279

Vishnu Vijayan

ഒരു ആണെന്ന പ്രിവിലേജിൽ നിന്നുകൊണ്ട് വളരെ എളുപ്പത്തിൽ പറഞ്ഞു വെക്കാൻ കഴിയുന്ന ഒരു കാര്യമുണ്ട് ഇവിടെ സ്ത്രീകൾ ഇക്കാലത്ത് വലിയ വിവേചനം ഒന്നും നേരിടുന്നില്ല എന്ന്,

അതിന് പക്ഷെ അസാമാന്യ ഉളുപ്പ് വേണം…

അത് നേരെ മറിച്ച് ആകണമെങ്കിൽ ഈ പുരുഷാധിപത്യ സമൂഹത്തിൽ വ്യക്തിയെ
തന്നെ ഉടച്ചു വാർക്കണം,

തുല്യത എന്നൊന്നുണ്ട് കേൾക്കുമ്പോൾ ചെറിയൊരു കാര്യമായി തോന്നുമെങ്കിലും അതത്ര ചെറിയ കാര്യമല്ല ജനാധിപത്യ അടിത്തറയിൽ നിലകൊള്ളുന്ന ഒന്നാണ്.

ഈ കാര്യത്തിൽ ഒരുപാട് ദൂരത്തേക്ക് പോകേണ്ട നമ്മുടെ അടുക്കളയിൽ നിന്നും തീൻമേശയിൽ നിന്നൊക്കെ തന്നെയാണ് അത് തുടങ്ങുന്നത്, എല്ലാ ഇടങ്ങളിലും പിൻതുടരുന്ന ഈ പ്രിവിലേജിനെ എങ്ങനെ സമീപിക്കുന്നു എന്നതാണ് കാര്യം. അതിക പ്രിവിലേജ് തിരിച്ചറിയാൻ കഴിയുന്നത് തന്നെയാണ് പ്രാഥമികമായ കാര്യം.

ഒരു സ്ത്രീ അവളുടെ കഴിവിൽ ഉയർന്നു വരുമ്പോൾ, സാമൂഹിക വിഷയങ്ങളിൽ വ്യക്തമായ നിലപാടുകൾ പറയുമ്പോൾ, അതിനു ധൈര്യം കാണിക്കുമ്പോൾ അവർ ഉൾപ്പെടുന്ന സമൂഹം നേരിടുന്ന അസമത്വം വിളിച്ചു പറയുമ്പോൾ കൂത്തച്ചി, വെടി, ആട്ടക്കാരി, തൻ്റേടി, ധിക്കാരി തുടങ്ങി ഉയർത്തുന്ന ഓരോ ചാപ്പയടിയും സംശയം വേണ്ട അത് പാട്രിയാർക്കി എല്ലിനിടയിൽ കുത്തുമ്പോൾ പുറത്തു വരുന്നതാണ്.

അടിമുടി പാട്രിയാർക്കി വ്യവസ്ഥിതിയിൽ നിലകൊള്ളുന്ന ഒരു സമൂഹത്തിൻ്റെ ഭാഗമായി നിൽക്കുമ്പോൾ മേൽപ്പറഞ്ഞ വിഷയങ്ങളിൽ പലപ്പോഴും വീഴ്ചകൾ ഉണ്ടാകുമെന്നറിയാം. അതേസമയം അതിനെതിരെ പുലർത്താൻ കഴിയുന്ന ജാഗ്രത, പ്രധാനപ്പെട്ട കാര്യമാണ്.

അപ്പോഴും പറയട്ടെ ഒരു സ്ത്രീ അവരുടെ ജനനം മുതൽ മരണം വരെ കടന്നു പോകുന്ന അതിഭീകരമായ വിവേചനങ്ങൾ എന്തെന്ന് തിരിച്ചറിയാൻ നമ്മൾ എത്ര വലിയ ശ്രമം നടത്തിയാലും കഴിയില്ല എന്ന് തന്നെ….

തുല്യത എന്നൊന്നുണ്ട് കേൾക്കുമ്പോൾ ചെറിയൊരു കാര്യമായി തോന്നുമെങ്കിലും അതത്ര ചെറിയ കാര്യമല്ല അത്രത്തോളം ജനാധിപത്യ അടിത്തറയിൽ നിലകൊള്ളുന്ന ഒന്നാണ്. ലിംഗം, ജാതി, വർഗ്ഗം എന്നിങ്ങനെ ഇന്ത്യൻ സമൂഹത്തിൽ ആഴത്തിൽ വേരുള്ള സാമൂഹിക വിവേചനങ്ങളെ നമ്മൾ ഓരോ ഘട്ടത്തിലും അഡ്രസ് ചെയ്തു തുടങ്ങുന്ന വേളയിൽ അതിനു വിപരീതമായ നമ്മുടെ ചെയ്തികളോട് കുറഞ്ഞപക്ഷം കുറ്റബോധം എങ്കിലും തോന്നേണ്ടതുണ്ട്. അതോടൊപ്പം
നാം അനുഭവിക്കുന്ന പ്രിവിലേജുകളോടും, (അൽപമെങ്കിലും ഉളുപ്പ് ഉണ്ടെങ്കിൽ).

………………………………………………………………..

ഇന്ത്യൻ സമൂഹത്തിൽ ഇതിന് ശക്തമായ മറ്റൊരു മുഖമുണ്ട് അത്, ജാതി പ്രിവിലേജ് അനുഭവിച്ചു കൊണ്ട് ജാതിയുടെ ഇരകളെ നോക്കി തികഞ്ഞ ലാഘവത്തോടെ പറയാൻ കഴിയുന്ന ഏയ് ഇവിടെ ജാതി വിവേചനങ്ങൾ ഒന്നും നിലനിൽക്കുന്നില്ല എന്നതാണ്….!

പക്ഷെ അതിനും അസാമാന്യ ഉളുപ്പ് വേണം ഇപ്പോൾ നമ്മുടെ നാട്ടിൽ കണ്ടുവരുന്ന ചില നവ നാസ്തികരെ പോലെ…

Advertisements