ഗൃഹാതുര നൊമ്പരം ഉണർത്താൻ കഴിയുന്ന ഒരു അപൂർവ്വ നായക പരിവേഷം ഉണ്ടെങ്കിൽ അത് ‘ജയൻ’ എന്ന മൂന്നക്ഷരമാണ്

260

Vishnu Vijayan

ജയനെ കുറിച്ച് ഓർക്കുമ്പോഴെല്ലാം തന്നെ ആലോചിക്കാറുള്ള ഒരു കാര്യം അദ്ദേഹം ഇപ്പോഴും ഉണ്ടായിരുന്നു എങ്കിൽ ഓരോ കാലത്തും എങ്ങനെ ആയിരിക്കും അദ്ദേഹത്തിന്റെ സാന്നിധ്യം മലയാള
സിനിമയിൽ ഉണ്ടാകുമായിരുന്നത് എന്നാണ്.

തീയേറ്റർ എക്സ്പീരിയൻസ് പോയിട്ട് ഞാൻ ഒക്കെ ജനിക്കുന്നതിന് പതിറ്റാണ്ട് മുൻപേ അഭ്രപാളിയിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച് അസ്തമിച്ചു പോയ ഒരാളെ കുറിച്ചാണ് പറഞ്ഞു വരുന്നത്, എന്നിരുന്നാലും വല്ലാതെ വൈകാരികമായ ഒരു ഉണർവ്വ് നൽകാൻ, ഒരുതരം ഗൃഹാതുര നൊമ്പരം ഉണർത്താൻ കഴിയുന്ന ഒരു അപൂർവ്വ നായക പരിവേഷം ഉണ്ടെങ്കിൽ അത് വ്യക്തിപരമായി ‘ജയൻ’ എന്ന മൂന്നക്ഷരമാണ്.

(മലയാളം ഫിലിം ഇൻഡസ്ട്രിയിലെ ഈ ആദ്യത്തെ സൂപ്പർസ്റ്റാറിനോട് തോന്നുന്ന ആ ഇഷ്ടം ഒരുപരിതവരെ മിമിക്രി താരങ്ങളുടെ സ്റ്റേജ് ഷോ ഉണർത്തി വിട്ട ഓർമ്മകളുടെ സ്വാധീനം കൂടിയാകാം)

ജെല്ലിക്കെട്ടിൽ സാബുവിൻ്റെ അഭിനയം എടുത്തു പറഞ്ഞ്, ടൈപ്പ് കാസ്റ്റിംഗിനെ കുറിച്ച് ലിജോ ജോസ് അടുത്ത നാളിൽ പറയുകയുണ്ടായി, സാബുവിനെ പോലുള്ള ആളുകളെ സംവിധായകർ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്താതെ പോകുന്നതിനെ കുറിച്ച്.

വിനായകനും, ജോജുവും, ചെമ്പനും ഉൾപ്പെടുന്ന ഒരു നിര അഭിനേതാക്കൾ ഒരു പ്രത്യേക തരം ടൈപ്പ് കാസ്റ്റിംഗിൽ അകപ്പെട്ടു പോകുമായിരുന്ന (ഒരുപരിധിവരെ അങ്ങനെ ആയിരുന്നു) ഇടത്ത് നിന്ന് സിനിമയിൽ പകരം വെക്കാനില്ലാത്ത തരം അഭിവാജ്യ ഘടകമായി തീരുന്നത് മറ്റൊരു തലത്തിൽ അവരിലെ അഭിനേതാക്കളെ പ്ലെയ്സ് ചെയ്യാൻ കഴിഞ്ഞിടത്താണ്.

(സഫാരി ചാനലിൽ) സ്മൃതി എന്ന പ്രോഗ്രാമിൽ ജോൺ പോൾ ജയൻ്റെ ഓർമ്മകൾ പറയുന്ന കൂട്ടത്തിൽ ടൈപ്പ് കാസ്റ്റിംഗിലേക്ക് കൃത്യമായി അകപ്പെട്ടു പോയ ജയനെ പറഞ്ഞു വെക്കുന്നുണ്ട്, അയാളിലെ നടനിലെ സാധ്യതകൾ പലപ്പോഴും പുറത്തു കൊണ്ടുവരാൻ കഴിയാതെ പോയതിനെ കുറിച്ച് അദ്ദേഹം പറയുന്നു. പക്ഷെ ജയൻ തിരിച്ചറിയാതെ പോയ വസ്തുത അല്ലെന്നും, അതിനോടകം മലയാള സിനിമയുടെ വിപണി മൂല്യത്തെ കുത്തനെ ഉയർത്തിവിടാൻ ശേഷിയുള്ള, പലപ്പോഴും അയാൾ ഭാഗമായ ഇൻഡസ്ട്രി അയാളെ ആശ്രയിച്ച് യാത്ര തുടരുന്ന ഒരു ഘട്ടത്തിൽ എത്തിച്ചേർന്നു എന്നും. ഒടുവിൽ ആ തിരിച്ചറിവിൽ തൻ്റെ വ്യക്തിപരമായ സ്വാർത്ഥതകൾ അദ്ദേഹം ത്യജിക്കുന്നു എന്നും ജോൺ പോൾ കൂട്ടിച്ചേർക്കുന്നു.

ആറ് വർഷത്തെ അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിൽ നൂറിൽപ്പരം സിനിമകളിൽ കൂടിയാണ് കടന്നു പോയത്, സഹനടൻ, മൾട്ടി സ്റ്റാർ സിനിമകളിൽ സഹനായകനടൻ, നായകൻ, പ്രതിനായകൻ കുറഞ്ഞ കാലം കൊണ്ട് പകരം വെക്കാൻ കഴിയാത്ത പ്രകടനമാണ് അയാൾ ചെയ്തു വെച്ചത്, മലയാള സിനിമയിലെ എക്കാലത്തെയും സാഹസികതയുടെ അടയാളം കൂടിയാകാം ജയൻ എന്ന് മൂന്നക്ഷരം.

പ്രേക്ഷകരെ അന്ധമായ ആരാധനയിലേക്ക് കടത്തി വിടാൻ സ്ക്രീനിൽ വരുന്ന ഓരോ തവണയും അയാൾക്ക് കഴിഞ്ഞു എന്ന് മാത്രമല്ല, ചെയ്യുന്ന പ്രവർത്തി അതിന്റെ പൂർണതയിൽ സ്വയം സമർപ്പിച്ചു ചെയ്യാനും, സാങ്കേതികവിദ്യ ഇന്നത്തേതിൽ നിന്നൊക്കെ രാപ്പകൽ വ്യത്യാസമുളള കാലത്ത്, ഇന്നത്തെ രൂപത്തിൽ മാർക്കറ്റിംഗ് സ്വപ്‌നം പോലും കാണാൻ കഴിയാത്ത കാലത്ത് തലമുറയെ ഇത്ര ശക്തമായ രീതിയിൽ സ്വാധീനിച്ചു എന്നതാണ് ജയൻ എന്ന നടനെ സംബന്ധിച്ച് അതുല്യ പ്രതിഭ എന്ന വിശേഷണത്തിന് ഒരു കാരണമായി എടുത്തു പറയേണ്ടതെന്ന് തോന്നുന്നു.

‘ജയൻ ഇന്നും ഉണ്ടായിരുന്നു എങ്കിൽ’ എന്ന് പഴയ തലമുറ പറയുന്നത് കേട്ടിട്ടില്ലേ അവർ അത് വെറുതെ പറയുന്നതല്ല, ജയനോളം
ആ തലത്തിൽ അവർ മറ്റാരെയും സ്ക്രീനിൽ അനുഭവിച്ചറിഞ്ഞിട്ടില്ല, മലയാള സിനിമയിൽ ജയൻ ഒഴിച്ചിട്ട ഇടം മറ്റാർക്കും മറികടക്കാൻ കഴിയാത്ത വിധത്തിൽ ഇന്നും അനാഥമാണ് ഒരു തലമുറയുടെ ഉള്ളിലും, സിനിമയിലും….