ഈ വേട്ടയാടലിനെ ഭയന്ന് പല ഇടങ്ങളിൽ നിന്നും അവർ ബോധപൂർവം ഒഴിഞ്ഞു മാറിനിന്നിട്ടുണ്ടാകും, വഴി മാറി നടന്നിട്ടുണ്ടാകും

0
131
Vishnu Vijayan
ഒരു വർഷം മുൻപ് ഏതാണ്ട് ഇതേ സമയത്ത് ഒരു പതിനേഴ് വയസുകാരൻ ചാനൽ പ്രോഗ്രാമിൽ ഇങ്ങനെ പറഞ്ഞത് ഓർക്കുന്നു.തൻ്റെ പേര് സുഹൃത്തുക്കൾ മൊബൈലിൽ സേവ് ചെയ്തിരിക്കുന്നത് കൊക്കച്ചി എന്ന് കൂട്ടിയാണ് ‘ ഉസ്കൂളിൽ നിന്നും എല്ലാടത്തു നിന്നും ഈ കറുത്തതിൻ്റെ പേരിൽ വംശീയ പരമായി പറയുകയാണ് ‘ അതുകൊണ്ട് ഞാൻ ഒരിക്കൽ ഉമ്മാൻ്റെ അടുത്ത് പോയി കെട്ടിപ്പിടിച്ചിട്ട് പറഞ്ഞു ഉമ്മാ ഇങ്ങക്ക് പ്രസവിക്കുമ്പോൾ കുറച്ചു കുങ്കുമപ്പൂവ് കലക്കി കൂടിച്ചൂടാരുന്നോ, എന്ന് ചോദിച്ചിട്ടുണ്ടെന്ന്.
അവൻ്റെ നിറത്തെ കുറിച്ച് അവനില്ലാത്ത ചിന്തകളും, ആകുലതയും സൃഷ്ടിക്കാനും അതുവഴി കൃത്യമായ അപകർഷതാ ബോധം രൂപപ്പെടുത്താനും, കറുത്ത മനുഷ്യർക്ക് എന്തോ പ്രശ്നമുണ്ട്, അതിൽ നിന്ന് പുറത്ത് കടക്കണം എന്ന കാഴ്ചപ്പാട് അവൻ്റെ വാക്കുകളിൽ നിറഞ്ഞ് നിന്നിരുന്നു.
…………
എന്നെ ഒന്ന് കൊന്നു തരുമോ ഹൃദയത്തിൽ കത്തി കുത്തിയിറക്കാനാണ് തോന്നുന്നത് ഒരു കയർ തരൂ ഞാൻ തന്നെ ജീവിതം അവസാനിപ്പിക്കാം.എന്ന് തന്റെ ഉയരകുറവിൽ സഹപാഠികൾ നിന്ന് നിരന്തരം പരിഹാസം ഏൽക്കേണ്ടി വരുന്നതിൽ മനംനൊന്ത് ക്വാഡൻ ബെയിൽസ് പറയുമ്പോൾ,
അതൊരാളുടെ അനുഭവം മാത്രമായി കാണേണ്ടതല്ല ലോകത്തെ ലക്ഷോപലക്ഷം മനുഷ്യർ അവരുടെ ഓരോ ദിനവും കടന്നു പോകുന്ന മനോനില കൂടിയാണത്.നിറത്തിൻ്റെ, ശരീരത്തിലെ കുറവുകളുടെ (!) വംശത്തിന്റെ, ജാതിയുടെ, ലിംഗത്തിന്റെ പേരിൽ ചുറ്റുമുള്ളവരിൽ നിന്ന് നിരന്തരം ഏൽക്കേണ്ടി വരുന്ന പരിഹാസങ്ങൾ മറികടന്ന് കഴിഞ്ഞു കൂടേണ്ടി വരുന്ന, അതിജീവനം നേടേണ്ട രൂക്ഷമായ സാഹചര്യമാണ് ക്വാഡൻ പറഞ്ഞു വെക്കുന്നത്.വീട്ടിൽ, സ്കൂൾ/കോളേജ്, ജോലി സ്ഥലത്ത്, സൗഹൃദ കൂട്ടായ്മയിൽ കറുത്ത നിറമുള്ള, അതുമല്ലെങ്കിൽ മെലിഞ്ഞ, വണ്ണമുള്ള, പൊക്കം കൂടിയ/കുറഞ്ഞ, നമ്മുടെ സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് പുറത്തു നിൽക്കുന്ന മനുഷ്യരെ അവരുടെ ചെറുപ്രായത്തിൽ മുതൽ എത്രയോ തവണ വേട്ടയാടി തളർത്തി തകർത്തു കളഞ്ഞിട്ടുണ്ടാകും,
ഇതൊന്നും അവരുടെ വ്യക്തിപരമായ ചോയ്സ് അല്ലാഞ്ഞിട്ടും അവർ എത്രയോ വട്ടം അതിനെയോർത്ത് അവരുടെ വിലപ്പെട്ട സമയം പാഴാക്കേണ്ടി വന്നിട്ടുണ്ടാകും….! ഈ വേട്ടയാടലിനെ ഭയന്ന് പല ഇടങ്ങളിൽ നിന്നും അവർ ബോധപൂർവം ഒഴിഞ്ഞു മാറിനിന്നിട്ടുണ്ടാകും, വഴി മാറി നടന്നിട്ടുണ്ടാകും, അതിനു മുകളിലും അപകർഷതാബോധം എന്ന മറ്റൊരു ടാഗ് ലൈൻ നൽകി വീണ്ടും അവരുടെ ആത്മവിശ്വാസത്തെ അവരിൽ നിന്ന് വേരോടെ പിഴുതെറിഞ്ഞിട്ടുണ്ടാകും.! ഇതിനെല്ലാം ഒടുവിൽ ഇതൊക്കെ വെറും തമാശയായി കണ്ടാൽ പോരെ എന്ന് പറഞ്ഞ് തോളിൽ തട്ടി ഈ വംശീയ ബോധത്തിൻ്റെ ആത്മരതിയിൽ ഉന്മാദം കൊണ്ടിട്ടുണ്ടാകും, എത്രയോ പ്രതിഭകൾ എന്നെന്നേക്കുമായി ഇതിനിടയിൽ ഇല്ലാണ്ടായി പോയിട്ടുണ്ടാകും…! ചോദിച്ച് നോക്കണം നിങ്ങൾ എങ്ങനെയാണ് ഈ വംശീയ തമാശകളെ അനുഭവിച്ചതെന്ന് ഈ കെട്ട സമൂഹത്തെ അതിജീവിച്ച് നിങ്ങൾ എങ്ങനെയാണ് ഈ ലോകത്ത് ഇപ്പോഴും ജീവിച്ചിരിക്കുന്നതെന്ന്…