ഇന്ത്യൻ സമൂഹത്തിൽ കൃത്യമായൊരു സ്കെയിലുണ്ട് അത് ജാതിയാണ്

119
Vishnu Vijayan
നിങ്ങൾ ജീവിതത്തിൽ ഉടനീളം തൻ്റെ സവർണ ജാതീയ ഐഡന്റിറ്റി എക്സ്പോസ് ചെയ്തു കൊണ്ട് നടന്ന ആളാണ് എന്ന് കരുതുക, പേരിനൊപ്പം അത് വച്ചിരുന്ന ആളായിരുന്നു എന്നും കരുതുക.
അതേ സവർണത പേറുന്ന ജാതീയമായ ഉച്ചനീചത്വങ്ങളുടെ ആ കെട്ട ഭൂതകാലത്തെ ഓർത്ത് നിങ്ങൾക്ക് മാപ്പ് പറയേണ്ടി വരില്ല, പശ്ചാത്താപമോ, കുറ്റബോധമോ ലവലേശം പോലും തോന്നില്ല എന്ന് മാത്രമല്ല,
നേരെമറിച്ചു നിങ്ങൾ ഒരു ദളിത് ഐഡന്റിറ്റി ഉള്ളയാളാണ് എന്ന് കരുതുക, വലിയ കാലത്തോളം അത് നിങ്ങളുടെ ചുറ്റുമുള്ളവർക്ക് അറിയില്ലെന്ന് ഇരിക്കട്ടെ, പിന്നീട് ഒരവസരത്തിൽ നിങ്ങളത് തുറന്നു പറയുന്നു. ശേഷം അന്നേവരെ ഇല്ലാത്ത ചില ഉത്തരവാദിത്വം നിങ്ങളിൽ വന്നു നിറയുന്നത് കാണാം, അതിൽ ആദ്യത്തേത്. റിസർവേഷൻ ആണ്.
റിസർവേഷൻ വഴി നിങ്ങളോ, നിങ്ങളുടെ തലമുറകളോ മറ്റൊരാളുടെ അവസരം നഷ്ടപ്പെടുത്തി എന്ന കെട്ടുകഥയ്ക്ക് ഉത്തരം പറഞ്ഞേ മതിയാകൂ, അവിടെ ഭരണഘടന, നീതി, സ്റ്റേറ്റ്, അതിന്റെ ജനാധിപത്യ പരമായ ഉത്തരവാദിത്വം ഇതൊക്കെ തികച്ചും അപ്രസക്തമായി തീരും.
വർത്തമാന കാലത്ത് ജാതിയുടെ പേരിൽ നടക്കുന്ന ഒരുതരം വയലൻസിനെയും അഡ്രസ് ചെയ്യേണ്ടി വരില്ലെന്ന ബോണസ് കൂടിയുണ്ട്.
ഭരണഘടനയിലെ സംവരണം ഒഴിച്ചിട്ട ആ സീറ്റുകൾക്ക് പുറത്ത് കാലങ്ങളായി നിങ്ങളുടെ തലമുറ അധീശത്വം പുലർത്തുന്ന പാരമ്പര്യമായി കൊണ്ടു നടക്കുന്ന എണ്ണമറ്റ അവസരങ്ങളും അധികാരങ്ങളും ഒരിക്കലും ചോദ്യം ചെയ്യപ്പെടില്ല എന്നതാണ്….
സോ..
സോഷ്യൽ ഐഡന്റിറ്റി എന്നൊരു സംഗതിയുണ്ട്, അതിന് ഇന്ത്യൻ സമൂഹത്തിൽ കൃത്യമായൊരു സ്കെയിലുണ്ട് അത് ജാതിയാണ്. അതാണ് ഇവിടെ മനുഷ്യനെ അവർ എന്തെന്നും, എന്ത് ആയിരിക്കണം എന്നും നിർണ്ണയിക്കുന്ന പരമപ്രധാനമായ, കൃത്യമായൊരു ഘടകം…..
നമ്മൾ എല്ലാം മനുഷ്യരാണ് എന്ന ചിന്തയിൽ കഴിയുന്ന അതേസമയം മനുഷ്യർ കടന്നു പോകുന്ന അതിസങ്കീർണമായ വഴികളെ കുറിച്ച് സ്വജീവിതത്തിൽ യാതൊരു പരിചയ സമ്പത്തും ഇല്ലാത്ത മാനവികവാദികൾക്കു മനസിലാക്കാൻ കഴിയാത്ത ഒന്നാണത്.