അയാൾ നടന്നു വന്നത് മനോഹരമായ പരവതാനി വിരിച്ച പാതകൾ താണ്ടിയല്ല, വേണ്ടി വന്നാൽ അടിക്കുന്നവനെ തിരിച്ചടിക്കും

0
123
Vishnu Vijayan
ആസാദ് വരുമ്പോൾ മാറി മറിയുന്ന മറ്റൊന്ന് കൂടിയുണ്ട്. ചരിത്രത്തിൽ ഇന്നേവരെ ഒരു ദളിത് നേതാവിന്, ദളിത് ഐഡന്റിറ്റി ഉള്ള ഒരാൾക്ക് ലഭിക്കാതെ പോയ പൊതുസമ്മതി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അയാൾക്ക് ലഭിക്കുന്നത്, അത് തിരിച്ചറിയാൻ കേരളത്തിലെ, വിഷ്വൽ, പ്രിൻ്റ് മീഡിയകൾ റിപ്പോർട്ട് ചെയ്യുന്ന രീതി മാത്രം ശ്രദ്ധിച്ചാൽ മതി, അതിൽ മുൻകാല മാതൃകകൾ ഇല്ല.
അംബേദ്കറിന് തൻ്റെ ജീവിതകാലത്തോ മരണാനന്തരമോ ലഭിച്ചതിനെക്കാൾ ഒക്കെ, ഒരുപക്ഷെ അതിലേറെ സ്വീകാര്യതയാണ് ഇപ്പോൾ ചന്ദ്രശേഖർ ആസാദിന് കുറഞ്ഞ കാലം കൊണ്ട് ലഭിക്കുന്നത്, അത് ചരിത്രം ആണ്. അയാൾ ഇതിന് മുൻപും ഇവിടെ തന്നെ ഉണ്ടായിരുന്നു പക്ഷെ ഡൽഹിയിൽ പൗരത്വ ബില്ലിനെതിരെ നടന്ന പ്രതിഷേധങ്ങളിൽ അയാൾ സ്വീകരിച്ച സമീപനമാണ് അയാളിൽ പെട്ടെന്ന് പ്രതീക്ഷ ഉണ്ടാക്കിയത്. അതിന്റെ മറ്റൊരു കാരണം അത്രമേൽ നേതൃത്വ അഭാവം ഉണ്ടായിരുന്ന ഇടത്താണ് അയാൾ വന്നിറങ്ങിയത് എന്നത് തന്നെ.
ഇന്ത്യാ ടുഡേ കോൺക്ലേവിൽ യങ് ദളിത് സ്കോളർ Suraj Yangde യോട് രാഹുൽ കൺവാൽ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് ആസാദിനെ ചൂണ്ടിക്കാട്ടി ആണ് ചോദ്യം, എന്തുകൊണ്ടാണ് പലപ്പോഴും അയാൾ അഗ്രസീവ് ആയി ഇടപെടുന്നതെന്ന്, ഉത്തരം വളരെ ലളിതമാണ്, അയാൾ നടന്നു വന്നത് മനോഹരമായ പരവതാനി വിരിച്ച പാതകൾ താണ്ടിയല്ല, നൂറ്റാണ്ടിന്റെ ചവിട്ടി താഴ്ത്തലുകളുടെ ചതുപ്പിൽ നിന്ന് ഉയർന്നു വന്നതാണ്, അയാൾ ചിലപ്പോൾ അഗ്രസീവ് ആകും, വേണ്ടി വന്നാൽ അടിക്കുന്നവനെ തിരിച്ചടിക്കും, ഒരു സംശയവും വേണ്ട.
ദളിത് രാഷ്ട്രീയം വഴി നാളെ അയാൾ എന്തായിരിക്കും ചെയ്യാൻ പോകുന്നതെന്ന ആകുലത ഇപ്പോൾ തന്നെ സംഘ് വിരുദ്ധർ എന്ന് പറയപ്പെടുന്ന ചില ആളുകൾ ഉയർത്തി വിടുന്നുണ്ട്, ഇങ്ങ് കേരളത്തിൽ പോലും.നോ ഡൗട്ട്, നിങ്ങൾ കാലങ്ങളായി ഇരുന്ന് തഴമ്പിച്ച, നിങ്ങൾ കൂടി അറിഞ്ഞോ അറിയാതെയോ അനുഭവിച്ചു പോന്നിരുന്ന പ്രിവിലേജുകളുടെ അധികാര, ധിക്കാരങ്ങൾ നിലകൊള്ളുന്ന കോട്ടകൊത്തളങ്ങളുടെ അടിവേര് ഇളക്കുക തന്നെയായിരിക്കും അയാൾ ചെയ്യുക.ഒപ്പം ഒന്നുകൂടി.
ആസാദ് എപ്പോഴും മാറോട് ചേർത്ത് നിർത്തുന്നത് ഭരണഘടനയാണ് അതൊരു ഓർമ്മപ്പെടുത്തലാണ് നമുക്ക് മുൻപിലുള്ള കൃത്യമായ മാർഗം എന്താണെന്ന്.