മാവോയുടെയും ചെഗുവേരയുടെയും ചിത്രം വരഞ്ഞ തൊപ്പിയും ചെരിപ്പും ടീഷർട്ടും ഇടാം. എന്നാൽ അംബേദ്ക്കർ ചിത്രം ഉടലിൽ വരയുക സാധ്യമല്ല

105

Vishnu Vijayan

അംബേദ്കറിലേക്ക് എത്തിച്ചേരാൻ നമുക്ക് മുൻപിൽ എളുപ്പ വഴികളില്ല.പലരും പലപ്പോഴും ചോദിക്കുന്ന കാര്യമാണ് അംബേദ്കറേറ്റ് ആണോ എന്ന് അപ്പോൾ എല്ലാം, ഇതുവരെ അല്ല എന്ന് തിരിച്ചു മറുപടി പറയുന്ന കാര്യത്തിൽ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിട്ടില്ല. കാരണം, ഒരാൾ ദളിത് ആയിരിക്കുക എന്നാൽ സോഷ്യലി, പൊളിറ്റിക്കലി എന്ന് രണ്ട് അവസ്ഥകൾ ഉണ്ട്, സോഷ്യൽ ദളിത് എന്നത് പോലെയല്ല പൊളിറ്റിക്കൽ ദളിത് അത് കൃത്യമായ രാഷ്ട്രീയ നിലപാട് ആണ്, അവിടെ യാതൊരു കോംപ്രമൈസും ഇല്ല, അത് ആരംഭിക്കുന്നതിൽ കൃത്യമായ ഒരു ടേണിംഗ് പോയിൻ്റ് ഉണ്ട് അത് അംബേദ്കർ ആണ്, (വ്യക്തി മാത്രമല്ല രാഷ്ട്രീയം). കെ.പി.ജയകുമാർ മാഷിന്റെ വാക്കുകൾ കടമെടുത്ത് പറഞ്ഞാൽ, അബേദ്ക്കറിലേയ്ക്ക് എളുപ്പവഴികളില്ല വസന്തത്തിന്റെ ഇടിമുഴക്കം പോലെ ഞെട്ടിവിടരുന്ന കാല്പനിക വരേണ്യതയുടെ ചെമ്പരത്തിത്തോപ്പുകളല്ല അത്.

മാവോയുടെയും ചെഗുവേരയുടെയും ചിത്രം വരഞ്ഞ തൊപ്പിയും ചെരിപ്പും ടീഷർട്ടും ഇടാം. അംബേദ്ക്കർ ചിത്രം ഉടലിൽ വരയുക സാധ്യമല്ല. വ്യക്തിയെത്തന്നെ അടിമുടി പുനർനിർമ്മിച്ചു കൊണ്ടു മാത്രമേ അത് സാധ്യമാകു ‘അതത്ര എളുപ്പമല്ല’.സോഷ്യൽ ദളിത് എന്ന കാറ്റഗറിയിലാണ് ഞാൻ ഇപ്പോഴും ഉള്ളതെന്ന ബോധ്യമുണ്ട്.പക്ഷെ അംബേദ്കർ മുൻപോട്ട് വെക്കുന്ന ചിന്തകളെ കുറിച്ച് അറിഞ്ഞു തുടങ്ങുന്ന ഇടത്ത് നിന്ന് വരുന്ന തിരിച്ചറിവുകൾ വളരെ വലുതാണ് , നമ്മൾ ഉൾപ്പെടുന്ന സമൂഹത്തെ കുറിച്ച്, അവിടെ ഉള്ള നമ്മുടെ സ്ഥാനത്തെ കുറിച്ച്, ജാതിയെ കുറിച്ച് , ജാതി ഇടപെടുന്ന വഴികളെ കുറിച്ച് അതിൻ്റെ മെക്കാനിസത്തെ കുറിച്ച് അങ്ങനെ അങ്ങനെ ഇന്ത്യൻ സമൂഹം എന്തെന്ന യാഥാർത്ഥ്യം അറിയണമെങ്കിൽ അംബേദ്കറിൻ്റെ കണ്ണട വെച്ച് പഠിക്കണം എന്ന വലിയ തിരിച്ചറിവ് ആണത് , എൻ്റെ ഇരുപത് വയസ്സിന് മുൻപും ശേഷവും എന്ന് ഈ രാഷ്ട്രീയ ബോധ്യങ്ങളെ തിരിക്കും.മറ്റൊരു സാധ്യത ഇല്ലാത്ത വിധത്തിൽ ഇതാണ് കൃത്യമായ രാഷ്ട്രീയ ഇടമെന്ന് ഉറച്ച ബോധ്യമുണ്ട് ഇപ്പോൾ, അതുകൊണ്ട് തന്നെ ഓരോ തവണയും അതിനെ കൂടുതൽ മനസിലാക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.

അക്കാദമീഷ്യൻമാർ, ആക്ടിവിസ്റ്റുകൾ, ചിന്തകർ, കലാകാരൻമാർ/കലാകാരികൾ തുടങ്ങി നിരവധി ആളുകൾ പല മേഖലയിൽ നിന്ന് ഇടപെടൽ നടത്തുന്നത് വഴി ഉയർത്തി കൊണ്ട് വരുന്ന ഒരു രാഷ്ട്രീയ മുന്നേറ്റമാണ് കീഴാള രാഷ്ട്രീയം, ഞാൻ ചെയ്യുന്നത് തീർത്തും വ്യക്തിപരമായ സ്പെയ്സിൽ നിന്നു കൊണ്ടാണ് എപ്പോഴും അഭിപ്രായങ്ങൾ പറയുന്നത്, ഒരിക്കലും അത് മേൽപ്പറഞ്ഞ ആളുകളുടെ ഇടപെടലിൽ ഒരുതരത്തിലെ ബുദ്ധിമുട്ടും സൃഷ്ടിക്കരുത് എന്ന നിർബന്ധം ഉണ്ട്, (അതുകൊണ്ട് തന്നെ അങ്ങനെ ഒരു പരാതി വരുന്നത് വരെ ഈ രീതി തുടരാനാണ് തീരുമാനം).എന്നെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയം ഒരു ജീവിതോപാധിയല്ല ജീവിതചര്യ ആണ്.

ഈ ദിവസം തന്നെ ഇത് പറയാൻ വേണ്ടി തെരഞ്ഞെടുത്തത് അവിചാരിതമായല്ല എൻ്റെ രാഷ്ട്രീയ ബോധ്യങ്ങളെ ഇങ്ങനെ ഒരു വഴിയിലേക്ക് തിരിച്ചു വിടുന്നതിൽ സ്വാധീനം ചെലുത്തിയ ഒരുപാട് ഒരുപാട് ഘടകങ്ങൾ ഉണ്ട്, അതിൽ ഏറ്റവും പ്രധാനപ്പെട്ട സംഭവം നടന്നതാണ് ഇന്നാണ്, പ്രിയ സഹോദരൻ രോഹിത് വെമുലയുടെ വിയോഗം,ജീവിതത്തിൽ ഒരുനാളും മറക്കാൻ കഴിയാത്ത ഓർമ്മയാണത്, പ്രിയ രോഹിത്, ജ്വലിക്കുന്ന ഓർമ്മയായി എന്നെന്നും താൻ ഉള്ളിൽ കാണും.

Advertisements