എനിക്ക് എന്റെ അഭിപ്രായ സ്വാതന്ത്ര്യം തിരികെ വേണം, അര ദിവസമെങ്കിലും ഞാനായി ജീവിയ്ക്കണം.

369

Vishnu Vijayan

ബ്യൂറോക്രസിയിൽ വിപ്ലവം തേടുന്ന അരാഷ്ട്രീയ വർഗമേ, നിങ്ങൾ കണ്ണൻ ഗോപിനാഥിനെ ആഘോഷിക്കുന്നതിന് മുൻപ് ശ്രദ്ധിക്കുക. അരാഷ്ട്രീയ ചിന്താഗതിയിൽ ബ്യൂറോക്രാറ്റ് വിപ്ലവം വരുമെന്ന് കരുതി ജീവിക്കുന്ന വലിയ വിഭാഗം നമുക്കിടയിലുണ്ട്.

ഇങ്ങനെ അതാത് കാലത്ത് അരാഷ്ട്രീയ വർഗ്ഗത്തിൻ്റെ ഹീറോസ് ആയിരുന്ന പലരും ഔദ്യോഗിക ജീവിതത്തിന് ശേഷം ബോധോദയം ഉദിക്കുമ്പോൾ എത്തി നിൽക്കുന്നത് കൃത്യമായി തീവ്ര വലതു പാളയത്തിലാണ്. ഇങ്ങനെ തീവ്ര വലതുപക്ഷം ശക്തി പ്രാപിക്കുന്ന ഘട്ടത്തിൽ സുരക്ഷിത കേന്ദ്രങ്ങളിൽ അഭയം പ്രാപിക്കുക എന്നതാണ് പ്രിവിലേജ്ഡ് വർഗ്ഗത്തിൻ്റെ അജണ്ട. അവരത് കൃത്യമായി നടപ്പിലാക്കി വരും, ഇതാണ് രാജ്യത്ത് കണ്ടു വരുന്ന നടപ്പ് രീതി.

അതേസമയം ഈ ഒഴുക്കിനെതിരെ നീന്തി ഒരാൾ തൻ്റേതായ ഇടം കണ്ടെത്തുന്നുണ്ട് അത് സുരക്ഷിതമായ കേന്ദ്രമല്ല, വെല്ലുവിളി നേരിടുന്ന ഇടമാണ്, ആ തിരിച്ചറവിൽ തന്നെയാണ് അയാളത് തിരഞ്ഞെടുത്തത്.

ഏതാനും മാസം മുമ്പ് കാശ്മീർ വിഷയത്തിൽ തൻ്റെ പ്രതിഷേധം അറിയിച്ചാണ് മലയാളി ഐഎഎസ്‌ ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ പദവി ഉപേക്ഷിച്ചത്, ഭരണകൂടം തിരിച്ചു വിളിച്ചിട്ടും അതിനു വഴങ്ങാതെ നിന്നത്, പാക്കിസ്ഥാനി എന്ന് വിളിച്ചാലും തനിക്ക് പറയാനുള്ളത് താൻ പറയുമെന്ന് ആർജ്ജവത്തോടെ വിളിച്ചു പറഞ്ഞത്.

എനിക്ക് എന്റെ അഭിപ്രായ സ്വാതന്ത്ര്യം തിരികെ വേണം. അര ദിവസമെങ്കിലും ഞാനായി ജീവിയ്ക്കണം. 2019 ൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഒരു സംസ്ഥാനത്ത്‌ മുഴുവൻ നിരോധനാജ്ഞ പ്രഖ്യാപിച്ചപ്പോൾ നിങ്ങൾ എന്തുചെയ്യുകയായിരുന്നു എന്ന് എന്നോടു ചോദിച്ചാൽ ഞാനെന്റെ ജോലി രാജി വച്ചു എന്നെങ്കിലും എനിയ്ക്ക്‌ പറയാൻ സാധിയ്ക്കണം. നിശ്ശബ്ദരായവർക്ക്‌ ശബ്ദം നൽകാനാകുമെന്ന പ്രതീക്ഷയിലാണു ഞാൻ ഐ.എ.എസിൽ ചേരുന്നത്‌. പക്ഷെ ഇവിടെയെനിക്കെന്റെ സ്വന്തം ശബ്ദം നഷ്ടമായിരിയ്ക്കുകയാണ്. ഇവിടെ എന്തുകൊണ്ട്‌ രാജി എന്ന ചോദ്യത്തേക്കാൾ എങ്ങനെ വയ്ക്കാതിരിയ്ക്കാനാകും എന്ന ചോദ്യത്തിനാണു പ്രസക്തി…

പൗരത്വബില്ലിനെതിരെ പ്രതിഷേധിച്ച കണ്ണൻ ഗോപിനാഥനെ കഴിഞ്ഞ ദിവസം മുംബൈ പൊലീസ്‌ കസ്റ്റഡിയിൽ എടുക്കാൻ നടത്തിയ ശ്രമം എന്നാൽ തുടർന്ന് ഉണ്ടായ വിദ്യാർത്ഥി പ്രക്ഷോഭം മൂലം പോലീസ് ആ നീക്കം ഉപേക്ഷിച്ചു.

കസ്റ്റഡിയിൽ നിന്നിറങ്ങി ഉടൻ തന്നെ അദ്ദേഹം ട്വീറ്റ് വന്നു.

‘തുടങ്ങിയിട്ടേയുള്ളു അമിത്‌ഷാ, ഈ രാജ്യത്തെ മനസ്സിലാക്കിക്കോളൂ എന്നാണ്.

കഴിഞ്ഞ കുറച്ചു നാളുകളായി അയാൾ തെരുവിലുണ്ട്, തനിക്ക് എതിരെ വരാനിരിക്കുന്ന അപകടം പോലും വകവെക്കാതെ ആർജ്ജവത്തോടെ അഭിപ്രായം പറയുന്നുണ്ട്, ദേശഭക്തർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ദേശീയതയുടെ മൊത്ത കച്ചവടക്കാരുടെ നടുവിൽ നിന്ന് പ്രിവിലേജുകൾ വലിച്ചെറിഞ്ഞാണ് അയാൾ സ്വന്തം ദേശം പോലും അന്യമായി തീരുന്ന ജനതയുടെ നടുവിൽ നിന്ന് രാഷ്ട്രീയം പറയുന്നത്.

ബ്യൂറോക്രസിയിൽ വിപ്ലവം തേടുന്ന അരാഷ്ട്രീയ വർഗമേ, നിങ്ങൾ കണ്ണൻ ഗോപിനാഥിനെ ആഘോഷിക്കുന്നതിന് മുൻപായി ഓർക്കുക അയാൾ നിങ്ങൾ കരുതുന്ന അരാഷ്ട്രീയ വിപ്ലവത്തിൻ്റെ പണിയാൾ അല്ല,

അടിമുടി രാഷ്ട്രീയമുള്ള, ആ രാഷ്ട്രീയം താൻ ഉൾപ്പെടുന്ന ജനാധിപത്യ രാഷ്ട്രത്തിന്റെ നിലനിൽപ്പിനായി ഉറക്കെ മുഴക്കുന്ന മനുഷ്യനാണ്.