കേരളത്തിലെ ഏറ്റവും വലിയ യുക്തിവാദ മീറ്റിലെ പ്രഭാഷണങ്ങളിൽ സംഘപരിവാർ ഭീകരതയെ കുറിച്ച് ഒരെണ്ണംപോലുമില്ല

0
11386

Vishnu Vijayan എഴുതുന്നു

മനുഷ്യൻ്റെ ഭക്തി അതിന്റെ ഉച്ചസ്ഥായിൽ എത്തുമ്പോഴാണ് അത് ഉന്മാദാവസ്ഥ പ്രാപിക്കുന്നത്, എരുമേലി പേട്ട തുള്ളലിലും, മാരാമൺ കൺവൻഷനിലും ഒക്കെ നമ്മൾ കാണുന്നതും അതു തന്നെയാണ്. അത് ഭക്തിയുടെ ഒരു തലമാണ്.

ഒരുപക്ഷെ ആ ഭക്തി ദൈവത്തോടാകാം അത് മനുഷ്യരോട് ആകുമ്പോൾ ഒരു പുതിയ കൾട്ട് ആയി അത് രൂപാന്തരപ്പെടും, മറ്റൊരു വശത്ത് ഭരണാധികാരികളോട് ആകുമ്പോൾ അത് ഫാസിസത്തിന് വഴിമാറും, ഇതിൽ നിന്ന് വ്യത്യസ്തമായ ഒരു ഭക്തിയേയും, ഉന്മാദ അവസ്ഥയേയും കുറിച്ച് പറയാം മേൽപ്പറഞ്ഞ ഭക്തിബോധം പൂർണമായി എഴുതിതള്ളുന്ന യുക്തിവാദികൾ എന്ന ഒരു വിഭാഗത്തിൻ്റെ പ്രകടനമാണ്, അത് കണ്ട് യഹോവ അല്ലാതെ മറ്റാര്, അവനുള്ളപ്പോൾ ആരെ ഭയക്കാൻ എന്ന വാക്കുകൾ ആർക്ക് എങ്കിലും ഓർമ്മ വന്നാൽ അവരെ കുറ്റം പറയാനാകില്ല. നാട്ടുകാർ അതിനെ അക്ഷരം തെറ്റാതെ ഭക്തിയെന്നും, നിന്നു കൊടുക്കുന്ന ആളെ കൾട്ട് എന്നും തന്നെ വിശേഷിപ്പിക്കും.

cover photo, Image may contain: 36 people, people smiling, textപറഞ്ഞു വരുന്നത് യുക്തിവാദികളുടെ ഭക്തിയും ആരാധനയും വെച്ച് പൂജയും അതൊന്നും നമ്മുടെ വിഷയം അല്ല പക്ഷെ ഈ പ്രഹസനം കണ്ട് ആരെങ്കിലും ചിരിച്ചാൽ അവർക്ക് അസൂയയാണ്, കുരുപൊട്ടൽ ആണ് എന്ന് കരുതുന്നു എങ്കിൽ മറ്റൊരു വിഷയം പറയാം.

ഇന്ത്യയിൽ ജീവിക്കുന്ന ഇന്ത്യൻ സമൂഹത്തെ കുറിച്ച് അൽപം എങ്കിലും അവബോധം ഉള്ള, ആകുലതയുള്ള, സമൂഹത്തെ കുറിച്ച് ചിന്ത ഉള്ള രണ്ട് മനുഷ്യർ കണ്ടുമുട്ടുന്ന ഇടത്ത്, അവരുടെ സംഭാഷണങ്ങളിൽ ഒരു തവണ എങ്കിലും സമകാലിക രാഷ്ട്രീയം കടന്നു വരും, അതിൽ അപകടകരമായ രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ച വരും.

കേരളത്തിൽ ഏറ്റവും വലിയ യുക്തിവാദ മീറ്റ് എന്ന് പറയപ്പെടുന്ന അവരുടെ തന്നെ കണക്കുകളിൽ ഏഴായിരം ആളുകൾ പങ്കെടുത്തു എന്ന് അവകാശം ഉന്നയിക്കുന്ന ഒരു പ്രോഗ്രാമിൽ 31 ഓളം പ്രഭാഷണങ്ങൾ ഉണ്ടായിരുന്ന പ്രോഗ്രാമിൽ സംഘപരിവാർ ഭീകരതയെക്കുറിച്ച്‌ ഒരെണ്ണം പോലും ഇല്ല എന്നതാണ് കൗതുകകരമായ കാര്യം…!

ഒരു രാജ്യം മത രാഷ്ട്രീയത്തിൽ എരിഞ്ഞു തീരുന്ന കാലത്ത്, ആ രാജ്യത്ത് യുക്തിവാദം എന്ന ചിന്തയ്ക്ക് ഏറ്റവും വേരോട്ടമുള്ള ഒരു സംസ്ഥാനത്ത് അതിൽ തന്നെ വലിയ ഗ്രൂപ്പ് എന്ന് വിശേഷിപ്പിക്കുന്ന ആളുകളുടെ കാര്യം ആണ് പറയുന്നത്, ആള് കൂടുന്നതാണ് യുക്തിവാദ/നിരീശ്വര വാദ കൾട്ടുകൾ നയിക്കുന്ന ഈ യുക്തി വാദി മീറ്റുകളുടെ വിജയമെന്ന് കരുതുന്നുവെങ്കിൽ ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ സംഘടിത ആൾക്കൂട്ടത്തിന് അടിത്തറ സൃഷ്ടിക്കാൻ കഴിഞ്ഞ സവർക്കറും ഒരു നിരീശ്വരവാദി ആയിരുന്നു എന്നത് മാത്രം ഓർമ്മപ്പെടുത്തുന്നു.

Advertisements