ജസ്റ്റിസ് ഫോർ പ്രിയങ്ക റെഡ്ഡി എന്ന ഹാഷ്ടാഗ് ട്രെൻഡിങ് ആണ്, മറ്റൊരു പേരിലേക്കുള്ള ഇടവേള മാത്രമാണ് അതിന്റെ ദൈർഘ്യം

260

Vishnu Vijayan

പശുവിന്റെ പേരിൽ രാജ്യത്ത് ആൾക്കൂട്ട കൊലപാതങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ ആദ്യമൊക്കെ നമ്മളെ എല്ലാം അത് വല്ലാണ്ട് അലട്ടിയിരുന്നു അതിനോട് ആശ്ചര്യവും, ആകുലതയും ഒക്കെ പ്രകടിപ്പിച്ചിരുന്നു, പിന്നെ പിന്നെ അത് ദിനംപ്രതി എന്നപോലെ ആയിത്തീർന്നപ്പോൾ അതിൽ യാതൊരു ആശ്ചര്യവും ഇല്ലാതായി പതിയെ പതിയെ അതിനോട് നമ്മൾ പരുവപ്പെട്ടു. മുൻപും കൊന്നിരുന്നു എന്നാൽ ഇപ്പോൾ അത് നോർമലൈസ് ചെയ്യപ്പെട്ടു.

വർഷം തോറും സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങളിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം 3 ലക്ഷത്തിലധികം ആണെന്ന് വായിച്ചതായി ഓർക്കുന്നു. ബലാത്സംഗം, സ്ത്രീകൾക്ക് എതിരെയുള്ള ബലപ്രയോഗം, ലൈംഗിക ചുവയോടെയുള്ള നോട്ടം, ഗോപ്യമായ പിൻതുടരൽ, ബസിൽ ശല്യം ചെയ്യൽ, അപമര്യാദയായി പെരുമാറൽ, തൊഴിലിടങ്ങളിൽ ശല്യം ചെയ്യൽ, ഭർത്താവോ ഭർത്തൃ ബന്ധുക്കളോ ചെയ്യുന്ന ക്രൂരത തുടങ്ങി സോഷ്യൽ മീഡിയ വരെ ഉൾപ്പെടുന്ന സൈബർ കേസുകളുടെ നീണ്ട നിര വരെയുണ്ട്.

പറഞ്ഞു വന്നത് കഴിഞ്ഞ ദിവസം ഹൈദരാബാദ് ഷംബാദിൽ പ്രിയങ്ക റെഡ്ഡി എന്ന വെറ്റിനറി ഡോക്ടർ റേപ്പ് ചെയ്യപ്പെട്ട ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ച നിലയിൽ കൊലചെയ്യപ്പെട്ടിട്ടുണ്ട്, വീട്ടിൽ നിന്നും ജോലി ചെയ്യുന്ന ഗ്രാമത്തിലെ മൃഗാശുപത്രിയിലേക്ക് പോകുന്ന വഴിയാണ് സംഭവമെന്ന് റിപ്പോർട്ട്.

തീർന്നില്ല, പെരുമ്പാവൂരീൽ ബലാത്സംഗം ചെയ്ത ശേഷം യുവതിയെ തലയ്ക്കടിച്ചു കൊലചയ്ത വാർത്ത മറ്റൊരു വന്നിട്ടുണ്ട്. തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് പത്തൊൻപത് വയസ്സുകാരി ക്രൂര പീഡനത്തിന് ശേഷം കൊലചെയ്യപ്പെട്ടിട്ടുണ്ട്. തെലുങ്കാനയിൽ വാറങ്കലിൽ പത്തൊൻപത് വയസ്സുകാരി കൂടി ഇതേ ദിവസം ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കൊല ചെയ്യപ്പെട്ടിട്ടുണ്ട്. ഏതാനും ദിവസത്തെ വ്യത്യാസത്തിൽ
ഓൺലൈൻ ന്യൂസിൽ ഒറ്റ വായനയിൽ കടന്നു പോകുന്ന നാല് ജീവിതങ്ങളുടെ കാര്യമാണ്, അത് അവിടം കൊണ്ട് തീർന്നു.

അങ്ങനെ ഈ വലിയ രാജ്യത്ത് ഓരോ ദിവസവും ശ്രദ്ധയിൽപെടാതെ പോകുന്ന അഥവാ ഓൺലൈൻ വാർത്തകളുടെ ഒരു സ്ക്രോളിൽ, ട്വിറ്ററിൽ ഹാഷ്ടാഗിൽ ഒതുങ്ങി പോകുന്ന ജീവിതങ്ങളാണ്, പണ്ടേക്ക് പണ്ടേ നമ്മളിൽ നോർമലൈസ് ചെയ്യപ്പെട്ടവ. പെൺകുട്ടികൾ ഏഴ് മണിക്ക് ശേഷം വീട്ടിൽ കയറണം എന്ന സദാചാര ബോധത്തെയും ചുമന്നുകൊണ്ട് നടക്കുന്ന നമ്മൾ ഇരുട്ട് വീണാൽ (അല്ലെങ്കിലും) ഈ നാട്ടിൽ ഓരോ തെരുവുകളിൽ സുരക്ഷിതർ ആണെന്ന കാര്യത്തിൽ എത്രകണ്ട് പ്രാധാന്യം നൽകുന്നുണ്ട്….!!!

ഇപ്പോൾ ജസ്റ്റിസ് ഫോർ പ്രിയങ്ക റെഡ്ഡി എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ് ആണ്, മറ്റൊരു പേരിലേക്കുള്ള ഇടവേള മാത്രമാണ് അതിന്റെ ദൈർഘ്യം, ഇവിടെ പേരുകൾ മാത്രമേ മാറുന്നുള്ളൂ…

Advertisements