ചേരി എന്നാൽ ചേർന്ന് വാഴുന്ന ഇടം, കുപ്പം എന്നാൽ കൂടി വാഴുന്ന ഇടം

134
Vishnu Vijayan
ചേരി എന്നാൽ ചേർന്ന് വാഴുന്ന ഇടം
കുപ്പം എന്നാൽ കൂടി വാഴുന്ന ഇടം
കോൺഗ്രസ് സർക്കാർ ഇന്ത്യ ഭരിക്കുമ്പോൾ 2010 ൽ നടന്ന ഡൽഹി കോമൺവെൽത്ത് ഗെയിംസ് നടക്കുന്ന വേളയിൽ ഗെയിംസ് നഗരിയിലെ റോഡുകളുടെ ഇരു വശവും ഉള്ള ചേരികൾ പടുകൂറ്റൻ ഫ്ളക്സ് ബോർഡ് കൊണ്ട് മറച്ചത് ഓർക്കുന്നു. പത്ത് വർഷം കഴിഞ്ഞ് ഗുജറാത്തിൽ ട്രംപ് വന്നപ്പോൾ അൽപ്പം കൂടി പരിഷ്കരിച്ച് മതിലുകൾ തീർത്ത് മോദി ഗവൺമെന്റ് അത് വൃത്തിയായി ചെയ്തു…!
ഇങ്ങനെ മതിൽ കെട്ടി മറച്ചാൽ മറയാത്ത മനുഷ്യർ തിങ്ങി പാർക്കുന്ന ചേരികൾ ഡൽഹിയിലും, ഗുജറാത്തിലും മാത്രമല്ല ഈ രാജ്യം മുഴുവൻ വ്യാപിച്ചു കിടക്കുന്ന പ്രതിഭാസമാണ്.
ഗ്രാമീണ ജീവിതം വഴിമുട്ടി രൂക്ഷമായ തൊഴിലില്ലായ്മയും, ദാരിദ്ര്യവും മൂലം വേട്ടയാടപ്പെടുന്ന വേളയിൽ നഗരങ്ങളിൽ അതിജീവന പ്രതീക്ഷയുമായി കുടിയേറുന്ന,ചേരിയുടെ ഇടുങ്ങിയ ഇരുളറകളിലേക്ക് നയിക്കപ്പെടുന്ന മനുഷ്യരുടെ സങ്കേതം ആയി മുഖമുദ്രയായി നഗരത്തിൻ്റെ അരികിൽ അതെ നമ്മുടെ ഭാഷയിൽ പറഞ്ഞാൽ ‘ ഡാർക്ക് സൈഡ് ഓഫ് എവരി ഇന്ത്യൻ മെട്രോ സിറ്റി ‘
നഗരത്തിനുള്ളിൽ കീഴാള സമൂഹത്തെ ആസൂത്രിതമായി നിലനിർത്തി പോരുന്ന, ഒടുവിൽ അർബൻ ബ്യൂട്ടിഫിക്കേഷൻ്റെ ഭാഗമായി അവിടെയും വേട്ടയാടപ്പെടുന്ന ജീവിതങ്ങളുടെ കൃത്യമായ സങ്കേതങ്ങളായ ചേരികൾ രാജ്യത്തിന്റെ മുഖമുദ്രയാണ് അത് എത്ര കെട്ടിയടക്കാൻ നോക്കിയാലും മറച്ച് നിർത്താൻ കഴിയില്ല.
തങ്ങളുടെ ആഗ്രഹങ്ങളും, ചിന്തകളും, മോഹങ്ങളും, പ്രണയവും, ലൈഗികതയും തുടങ്ങി ജീവിതത്തിലെ സകല കാര്യങ്ങളും പരിമിതമായ സാഹചര്യത്തിൽ ഒതുക്കി നിർത്തപ്പെട്ട മനുഷ്യരാണ് അവിടെയുള്ളത്, ലോകത്തെ എല്ലായിടത്തും ചേരികൾ സൃഷ്ടിക്കപ്പെടുന്നതിൽ ക്യാപിറ്റലിസത്തിനും ആഗോളവത്കരണത്തിനും അതിൻ്റേതായ പങ്കുണ്ട് ഇന്ത്യയിലെ ചേരികളുടെ പിന്നിലും അതേ കാരണങ്ങളുണ്ട്.എന്നാൽ അതിൽനിന്ന് വ്യത്യസ്തമായി ഇന്ത്യയിലെ ചേരികൾ നിലനിൽക്കുന്നതിന് അടിസ്ഥാനപരമായി മറ്റൊരു കാരണമുണ്ട്.ഇന്ത്യയിൽ നിലനിൽക്കുന്ന ജാതീയത എന്ന യാഥാർത്ഥ്യമാണത്, ഇന്ത്യൻ മധ്യവർഗ വാരേണ്യ സമൂഹത്തിന് പുറത്ത് കോർണർ ചെയ്യപ്പെട്ട സാമൂഹികമായി പിന്നൊക്കം നിൽക്കുന്ന മനുഷ്യരുടെ ഒരു ക്ലോസ്ഡ് സോഷ്യൽ സിസ്റ്റത്തിന്റെ ഇരകളാണ് അവിടത്തെ മനുഷ്യർ.
…………..
സായ് ദീന
മലയാളിക്ക് അത്ര പരിചയമില്ലാത്ത പേരാണ് സായ് ദീന എന്നത്, തമിഴ് സിനിമയിൽ വളരെ കുറച്ച് റോളുകളിൽ വില്ലൻ, പോലീസ് വേഷങ്ങളിൽ മാത്രം കണ്ടു പരിചയമുള്ള നടൻ. സിനിമക്ക് പുറത്തു കൃത്യമായ രാഷ്ട്രീയം പറയുന്നയാൾ.താൻ ഉൾപ്പെടുന്ന സമൂഹത്തിൻ്റെ യാഥാർത്ഥ്യം ഉൾക്കൊണ്ട് അതിനെതിരെ നിലകൊള്ളേണ്ടതുണ്ട് എന്ന് ആവർത്തിച്ചു പറയുന്ന വ്യക്തി. സിനിമയിൽ വന്നില്ലായിരുന്നു എങ്കിൽ മറ്റെന്തു ചെയ്യുമായിരുന്നു എന്ന് ചോദിച്ചാൽ…!!!’തീർച്ചയായും ജാതീയതയ്ക്ക് എതിരെ പോരാടാൻ മുഴുവൻ സമയവും മാറ്റി വെക്കും ‘ എന്ന് പറയാൻ അയാൾക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരുന്നില്ല.
സായ് ദീന തമിഴ് സിനിമയിലെ നോർത്ത് ചെന്നൈയുടെ പ്രതിനിധിയാണ് , നമുക്ക് മനസിലാകുന്ന രീതിയിൽ പറഞ്ഞാൽ ‘വട ചെന്നൈ ‘ തന്നെ. മുംബൈയിൽ ധാരാവി പോലെ, കൊച്ചിയിൽ കമ്മട്ടിപ്പാടം പോലെ ചെന്നൈയുടെ നോർത്ത് ചെന്നൈ.പക്ഷെ നമുക്ക് നന്നായി അറിയാം നോർത്ത് ചെന്നൈയെ പുതുപേട്ടൈ, മദ്രാസ്, ജെമിനി, ഭൂലോകം, പൊല്ലാതവൻ, വിക്രംവേദ ഏറ്റവും ഒടുവിൽ വെട്രിമാരൻ്റെ വട ചെന്നൈ, നമ്മൾ സ്ക്രീനിൽ കണ്ടു പരിചയപ്പെട്ടതാണ് നോർത്ത് ചെന്നൈ ജീവിതങ്ങൾ.
സ്ക്രീനിന് പുറത്ത് അൽപം വ്യത്യസ്തമാണ് നോർത്ത് ചെന്നൈ അതിനെയാണ് ദീന അടയാളപ്പെടുത്താൻ ശ്രമിക്കുന്നത്.
നോർത്ത് ചെന്നൈയിലെ മനുഷ്യരെ കുറിച്ച് നിലനിൽക്കുന്ന സ്റ്റീരിയോടൈപ്പ് ചിന്തകൾ ഈ രാജ്യത്തെ എല്ലാ ചേരികളിലും കഴിയുന്ന മനുഷ്യരെ കുറിച്ചുള്ള വാരേണ്യ ബോധം തന്നെയാണ്.
എന്നാൽ നന്നായി അറിയാവുന്ന ദീന, ഓരോ തവണയും അയാളുടെ അഭിമുഖങ്ങളിൽ, വേദികളിൽ ദീന ഇതിനെതിരെ ശക്തമായ രീതിയിൽ പറഞ്ഞു വെക്കുന്നുണ്ട്.ചേരി എന്നാൽ ചേർന്ന് വാഴുന്ന ഇടം കുപ്പം എന്നാൽ കൂടി വാഴുന്ന ഇടം എന്ന്. ചേരി ജീവിതങ്ങളെ വിദൂരതയിൽ ഇരുന്ന് കണ്ട് റൊമാന്റിസെസ് ചെയ്ത് സാഹിത്യം രചിക്കുന്ന ലൈനിൽ അല്ല കേട്ടോ ദീന പറയുന്നത് മറിച്ച്, പൊതുബോധം തങ്ങളെ എങ്ങനെ പ്ലെയ്സ് ചെയ്യുന്നു എന്ന ഉറച്ച ബോധ്യത്തിന് നേരെ ഉള്ള കൊട്ട് തന്നെയാണ്.
ദീന പറയുന്നത് ഇതിൽപ്പരം അൻപ് വേറെ എവിടെ കാണാൻ കഴിയും എന്ന് അയാൾ പറയുമ്പോൾ നഗരത്തിൽ അരികുവത്കരിച്ച ഇടങ്ങളിലെ മാറ്റി നിർത്തപ്പെട്ട മനുഷ്യർക്ക് നേരെ ഉയർത്തി തീർത്ത വംശീയ/ജാതീയ മതിലുകളുടെ അടിത്തറ ഇങ്ങനെയൊക്കെ കൂടിയാണ് ഇളക്കാൻ കഴിയുക, തകർന്നു വീഴാൻ പോകുന്നത്.