Vishnu Vijayan എഴുതുന്നു

സ്വന്തം ജീവിതത്തിൽ അഭിനയിക്കാത്ത, സ്വന്തം മനസ്സിലും ചിന്തകളിലും രാഷ്ട്രീയം നിറക്കാത്ത ഉണ്ണി മുകുന്ദൻമാരും, മോദി കൊള്ളാം എന്തൊക്കെ പറഞ്ഞാലും സൂപ്പർ ആണ് എന്ന് തട്ടിവിടുന്ന നിഷ്പക്ഷൻമാരും ഇനിയെങ്കിലും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ പറയാം….

നിങ്ങൾക്ക് അശോക് മോച്ചിയെ അറിയുമോ, 2002 ൽ ആസൂത്രിതമായി നടന്ന ഗുജറാത്ത് വംശഹത്യയിൽ തലയിൽ കാവി നിറമുള്ള തുണിചുറ്റി, കൈയിൽ ഇരുമ്പ് ദണ്ഡുമായി കൊലവിളി മുഴക്കി നിന്ന, ഗുജറാത്ത് കലാപത്തിൻ്റെ, ഹിന്ദുത്വത്തിൻ്റെ പ്രതീകം എന്നപോലെ ലോക മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന അശോക് മോച്ചിയെ.

Vishnu Vijayan

അശോക് മോച്ചി എന്ന മനുഷ്യൻ ആ ദരിദ്ര എങ്ങനെയാണ് ഗുജറാത്ത് കലാപത്തിൻ്റെ, പ്രതീകമായി ലോക മാധ്യമങ്ങളിൽ നിറഞ്ഞു നിന്നതെന്ന് അറിയുമോ…!

അയാൾ അതികമൊന്നും ചെയ്തില്ല
കലാപത്തിൻ്റെ തീവ്രത എന്തെന്ന് പോലും തിരിച്ചറിയാൻ നിൽക്കാതെ, കലാപ ഘട്ടത്തിൽ മുദ്രാവാക്യം മുഴക്കി വന്ന ഒരു ജാഥയിൽ ആവേശത്തോടെ അദ്ദേഹം പങ്കെടുത്തു, ജാഥ കടന്നു പോയ വഴിയിൽ ഇന്ത്യാ ടുഡേയുടെ ഫോട്ടോഗ്രാഫറായ സെബാസ്റ്റ്യൻ ഡിസൂസയുടെ ക്യാമറയ്ക്ക് മുന്നിൽ ആവേശത്തോടെ കലാപകാരിയുടെ മുഖമണിഞ്ഞ് നിന്നു, പിന്നീട് സംഭവിച്ചത് ഗുജറാത്ത് കലാപത്തിൻ്റെ മുഖമുദ്രയായി അയാൾ ലോകത്തിനു മുൻപിൽ അടയാളപ്പെടുന്ന കാഴ്ചയാണ്.

എന്നാൽ താൻ ചെയ്ത തെറ്റിൻ്റെ ഭീകരത പിന്നീട് അയാൾക്ക് തിരിച്ചറിയാനായി.

ആ തിരിച്ചറിവിൽ പ്രായശ്ചിത്തം എന്നപോലെ അദ്ദേഹം ഹിന്ദു മഹാസഭ നേതാവ് വി.ഡി.സവർക്കറിനെതിരെ മദൻ പാട്ടീൽ മറാത്തിയിൽ എഴുതിയ ‘അകതിത് സവർക്കർ’ എന്ന ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ അജണ്ടകൾ തുറന്നു കാണിക്കുന്ന പുസ്തകം ഗുജറാത്തി ഭാഷയിൽ പരിഭാഷപ്പെടുത്തുകയുണ്ടായി

രാജ്യത്ത് ദളിത് മുസ്ലിം ഐക്യം ഉയർത്തി ഉനയിൽ നടന്ന അസ്മിതയാത്രയിൽ അദ്ദേഹം പങ്കാളിയായിരുന്നു, അശോക് മോച്ചി ഇന്ന് കടുത്ത അംബേദ്കർ അനുഭാവിയാണ്.

ഹിന്ദുക്കളായ തമിഴന്മാരും, സിഖ് മതക്കാരും, സിന്ധികളും, ബീഹാറികളും, ബംഗാളികളും നിറഞ്ഞ ഒരു ചുറ്റുപാടിൽ വളർന്നു വന്ന ആളാണ് ഞാൻ. എന്റെ അടുത്ത സുഹൃത്തുക്കൾ മുസ്ലിങ്ങളും ബംഗാളികളും ആണ്. ഞാൻ പഠിച്ച സ്കൂൾ നടത്തിയിരുന്നത് പാർസികളും അതിനു ശേഷം ഒരു ജൂത മാനേജ്‌മെന്റും.

അത്രമാത്രം വ്യത്യസ്ത സംസ്കാരങ്ങൾ എന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്ന സാഹചര്യത്തിൽ ഇപ്പോൾ ചിലരോട് എങ്കിലും അത് തെളിയിക്കുന്ന രീതിയിൽ സംസാരിക്കേണ്ടി വന്നതിൽ ലജ്ജ തോന്നുന്നു എന്ന് ഉണ്ണി മുകുന്ദൻ നിങ്ങൾ പറയുന്നു.

നമുക്ക് വീണ്ടും അശോക് മോച്ചിയെ കുറിച്ച് പറയാം, ഒരു തെരുവിൽ, അവിടുത്തെ കോളനികളിൽ പരസ്പരം സഹോദര സ്നേഹത്താൽ കഴിഞ്ഞു പോന്നിരുന്ന മുസ്ലിം സമൂഹത്തിന് നേരെ ഒരു നിമിഷം എങ്കിലും ആയുധം എടുക്കാൻ മോച്ചിയെ പ്രേരിപ്പിച്ച രാഷ്ട്രീയ വ്യവസ്ഥിയെ നിങ്ങൾ എപ്പോഴെങ്കിലും അറിയാൻ ശ്രമിച്ചിട്ടുണ്ടോ, ഇല്ലെങ്കിൽ അവരുടെ വിജയത്തിലാണ് നിങ്ങൾ ഇപ്പോൾ ആശംസകൾ അറിയിക്കുന്നത്.

അപ്പോൾ ചിലരൊക്കെ സംശയം പ്രകടിപ്പിച്ച് വന്നാൽ അത് തെളിയിക്കേണ്ടതായി വരും. കാരണം മനുഷ്യൻ കൂടുതൽ പൊളിറ്റിക്കൽ ആകുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്.

അപ്പോൾ ആരെയാണ്, എന്തുതരം രാഷ്ട്രീയത്തെയാണ് നിങ്ങൾ പിന്തുണ നൽകി സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നത്, ചോദ്യം തികച്ചും സ്വഭാവികം.

ജീവിതത്തിൽ ജാതി-മത- വർഗ രാഷ്ട്രീയ കക്ഷികൾക്ക് പിന്തുണ ഒരു കാലത്തും നൽകിയിട്ടില്ല എന്ന ആത്മവിശ്വാസം ഉള്ള, അതേസമയം നരേന്ദ്ര മോദിയുടെ വിജയത്തിൽ ആശംസ അറിയിക്കുമ്പോൾ പോസ്റ്റിൽ പലരും വിദ്വേഷത്തിന്റെ വിഷവും കണ്ടാൽ ഞാൻ അങ്ങനെയെന്തോ വലിയ തെറ്റാണ് ചെയ്തത് എന്നുള്ള രീതിയിൽ ആണ് ചിലർ എടുത്തിരിക്കുന്നത് എന്നും നിങ്ങൾ പറയുന്നു.

നമുക്ക് രണ്ടു പതിറ്റാണ്ട് മുൻപുള്ള ആ ഗുജറാത്തിലേക്ക് തന്നെ ഒരിക്കൽ കൂടി പോകാം, ഗുജറാത്ത് കലാപത്തിൻ്റെ പേരിൽ അന്ന് അവിടുത്തെ മുഖ്യമന്ത്രി ആയിരുന്ന ആൾക്ക് 2005 ൽ അമേരിക്ക വിസ നിഷേധിച്ചിരുന്നു, അതേ നേതാവിന്റെ വിജയത്തിലാണ് നിങ്ങൾ ഇപ്പോൾ ആശംസ അറിയിക്കുന്നത്.

ജാതി-മത- വർഗ ചിന്തകൾക്ക് അതീതമായി ചിന്തിക്കാൻ ശേഷിയുള്ള ആർക്കെങ്കിലും എതിരഭിപ്രായം തോന്നിയാൽ, അവർ സംഘി എന്നോ ചാണകം എന്നോ വിളിച്ചാൽ അത് സ്വഭാവികം മാത്രം, അതിൽ പരാതിപ്പെട്ടിട്ടു കാര്യമില്ല. ചിന്തകളിൽ അൽപമെങ്കിലും രാഷ്ട്രീയം നിറച്ചാൽ തിരിച്ചറിയാൻ കഴിയും.

മോദി കൊള്ളാം എന്തൊക്കെ പറഞ്ഞാലും സൂപ്പർ ആണ്, എന്ന് തട്ടിവിടുന്ന ആളുകളും ഇനിയെങ്കിലും അറിഞ്ഞിരിക്കേണ്ട കാര്യം.

നമ്മൾ ഇങ്ങനെ നടന്നു പൊകുമ്പോൾ അറിഞ്ഞോ അറിയാതെയോ ചാണകത്തിൽ ചവിട്ടിയാൽ ഉറപ്പായും ചാണകം മണക്കും, നമുക്കത് തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിലും നമ്മുടെ സമീപമുള്ള വിവേകമുള്ള ആളുകൾ അത് ഓർമ്മപ്പെടുത്തുകയും ചെയ്യും.

അറിഞ്ഞുകൊണ്ട് ചവിട്ടുന്നവരോട് ഒന്നും പറയാനില്ല.

സംഭവിച്ചത് അറിയാതെയാണെങ്കിൽ അതങ്ങ് കഴുകി വൃത്തിയാക്കി മുൻപോട്ടു പോയാൽ തീരാവുന്നതേയുള്ളു…

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.