വിശ്വനും യാശോദയും
രാഗീത് ആർ ബാലൻ
കെപിഎസി ലളിത ചേച്ചിയുടെ കഥാപാത്രമായ യാശോദയേ കാണാൻ ഇരുപതു വർഷങ്ങൾക്കു ശേഷം മോഹൻലാൽ അവതരിപ്പിച്ച മകൻ വിശ്വനാഥൻ പോകുന്ന ഒരു രംഗം ഉണ്ട് കന്മദം എന്ന സിനിമയിൽ. അക്ഷരർത്ഥത്തിൽ പെർഫോമൻസ് കൊണ്ട് രണ്ട് പേരും ഞെട്ടിച്ച ഒരു രംഗം.ഇരുപതു വർഷങ്ങൾക്കു ശേഷം അമ്മയെ കാണാൻ ആയി ഗുരുവായൂരിന്റെ മണ്ണിൽ ബസ് ഇറങ്ങി നിൽക്കുമ്പോൾ വിശ്വന്റെ മനസ്സ് തിളച്ചു മറിയുക ആയിരുന്നു. എങ്ങനെ ആയിരിക്കും അമ്മ അയാളെ സ്വികരിക്കുന്നത്.. ഉള്ളിൽ ദേഷ്യം ആയിരിക്കാം വെറുപ്പ് ആയിരിക്കാം…പല വിധ ചിന്തകൾ മനസ്സിലൂടെ പാഞ്ഞു..
യശോദയുടെ ആദ്യത്തെ കല്യാണത്തിൽ ഉണ്ടായ മകൻ ആണ് വിശ്വൻ.രണ്ടാമത് അവർ കല്യാണം കഴിച്ചത് വൈക്കത്തുകാരൻ ഗോപാലൻ നായരേ ആണ്.പക്ഷെ കുട്ടികാലത്തു വിശ്വനു അയാളെ ഇഷ്ടം അല്ലായിരുന്നു. ചെറുപ്പത്തിലെ അയാളുടെ കുസൃതിക്കു ഒരിക്കൽ ഗോപാലൻ അയാളെ തല്ലി.. എന്നാൽ കയ്യിൽ കിട്ടിയ വെട്ട് കത്തി ഉപയോഗിച്ച് അയാൾ ഗോപാലനെ വെട്ടി നാട് വിട്ടതാണ് ബോംബെക്ക്.വർഷങ്ങൾക്കു ഇപ്പുറം വിശ്വൻ ആ മണ്ണിൽ ചവിട്ടുമ്പോൾ അയാൾ അറിയുന്നു ഗോപാലൻ നായർ മരിച്ചിട്ടില്ല ഒരു ഭാഗം തളർന്നു കിടക്കുകയാണ് എന്നുള്ളത്.
വിശ്വൻ വീടിനു മുൻപിൽ ചെന്നു ബെല്ല് അടിക്കുന്നു… കതകു തുറന്നു യാശോദാ പുറത്തിറങ്ങി ചെറിയൊരു പുഞ്ചിരി നൽകി ചോദിക്കും
“ആരാ ”
വിശ്വൻ അമ്മയേ ഒന്ന് നോക്കി അവരുടെ കാലിൽ തൊട്ടു എണീക്കുന്നു..
“ഞാൻ തന്നെ ആണ് അമ്മേ”
യാശോദ തിരിച്ചറിയുന്നു അവരുടെ മകനെ…..കരച്ചിൽ അടക്കാൻ കഴിയാതെ യാശോദാ മകനെ കെട്ടി പിടിച്ചു.. അന്യോന്യം അവർ കെട്ടി പിടിച്ചു കരയുന്നു.. മകന് ആയി അവർ മുത്തം നൽകാൻ ഒരുങ്ങുമ്പോൾ വീടിനു അകത്തു നിന്നും
“യാശോദേ ഹരി കുട്ടൻ ആണോ ”
യാശോദാ ഒരു ഞെട്ടലോടെ വിശ്വനിൽ നിന്നു പിടിവിട്ടു അകത്തേക്ക് നോക്കും…എന്നിട്ടു വിശ്വനോട് പറയും
“ആരാണെന്നു മനസ്സിലായോ ചത്തിട്ടില്ല.. അതറിഞ്ഞു കൊല്ലാൻ ആണോ വന്നത് ”
വിശ്വൻ അമ്മേ എന്ന് വിളിക്കുമ്പോൾ യാശോദാ പൊട്ടി കരഞ്ഞു കൊണ്ട്
“എന്നെ അങ്ങനെ വിളിക്കണ്ട എനിക്ക് ഇങ്ങനെ ഒരു മകൻ ഇല്ല..ഞാൻ മറന്നു എല്ലാം…എനിക്ക് വേണ്ട ”
വിശ്വൻ മനസ്സു തകർന്നു നിൽക്കുക ആണ്… കരയാൻ മാത്രമേ അയാൾക്ക് പറ്റുന്നുള്ളു.. അതല്ലേ പറ്റു..
അകത്തു നിന്നും വീണ്ടും “യാശോദേ ആരാ അത് ”
വിശ്വനെ ഒന്ന് നോക്കിയിട്ട് അവർ പറയും “ആരോ……വഴി തെറ്റി വന്നതാ” അതിനൊപ്പം എസ് പി വെങ്കടേഷിന്റെ പശ്ചാത്തല സംഗീതം ശെരിക്കും കാണുന്ന പ്രേക്ഷകനെ ഒന്ന് വേദനിപ്പിക്കും.. ഇരുപതു വർഷമായി മുറിയിൽ നിന്നു പുറത്തിറങ്ങാൻ പറ്റാതെ കട്ടിലിൽ തന്നെ കഴിയുന്ന ഗോപാലൻ നായരേ കുറിച്ച് യാശോദ വിശ്വനോട് പൊട്ടി കരഞ്ഞു കൊണ്ട് പറയും..അവരുടെ ജീവിതം തകർത്ത സ്വന്തം മകനോട്..
“എന്തിനാണ് ഇപ്പോൾ വന്നത് ”
വിശ്വൻ നൽകിയ ഉത്തരം അമ്മ മാത്രമുള്ള ഒരു കുട്ടി അമ്മയുടെ സ്നേഹം പലർക്ക് ആയി പോകുന്നത് കണ്ടപ്പോൾ പ്രാന്ത് പിടിച്ചു വിവരവും വിവേകവും ഇല്ലതായിരുന്ന കാലത്ത് അറിയാതെ ചെയ്തു പോയ ഒരു തെറ്റാണു എന്നാണ്..എന്ത് പ്രായശ്ചിതവും ചെയ്യാൻ അയാൾ തയ്യാർ ആണ്.. ആത്മഹത്യാ വരെ ചെയ്യാൻ അയാൾ മനസ്സിനെ പാക പെടുത്തിയിരുന്നു.. ചെയ്തത് ഒരിക്കലും പൊറുക്കുവാൻ സാധിക്കുന്ന ഒന്ന് അല്ലല്ലോ..കുറ്റബോധം ജീവിത അവസാനം വരെ അയാളെ വേട്ടയാടുന്നുണ്ട്.. കുറ്റബോധം കൊണ്ടാണ് അയാൾ അമ്മയെ കാണാൻ വരുന്നത് പോലും..
പക്ഷെ യാശോദ വിശ്വനോട് പറയുന്നുണ്ട് എവിടെയെങ്കിലും പോയി ജീവിക്കാൻ.. ഇരുപതു വർഷത്തോളം ആയി അവർ തമ്മിൽ കണ്ടിട്ട് പോലും.. അത് കൊണ്ട് തന്നേ സ്നേഹം കൂടും എന്ന് കരുതി വിശ്വൻ അവരുടെ ഭർത്താവിനെ കൊല്ലുമോ എന്ന് പോലും ഭയക്കുന്നു.
” സന്തോഷായി.. അമ്മ എന്നെ ഒന്ന് തൊട്ടല്ലോ..അത് മതി ഈ ജന്മം അത് മതി “അമ്മയുടെ കാൽ തൊട്ടു അയാൾ ആ വീടിന്റെ പടി ഇറങ്ങി പോകും.. യാശോദാ കണ്ണിനു മുൻപിൽ നിന്നു മകൻ മറയുന്നത് വരെ നോക്കി നിൽക്കും…അതിനൊപ്പം മനസ്സിനെ വേദനിപ്പിക്കുന്ന എസ് പി വെങ്കടേഷിന്റെ പശ്ചാത്തല സംഗീതവും.. മോഹൻലാലും ലളിത ചേച്ചിയും ജീവിച്ചു കാണിച്ചു തന്ന രംഗം..മനസ്സിൽ എന്നും തങ്ങി നിൽക്കുന്ന.. ആഴത്തിൽ പതിഞ്ഞു പോയ ഒരു രംഗവും കഥാപാത്രങ്ങളും ആണ് വിശ്വനും യാശോദയും
മലയാള സിനിമ ചരിത്രത്തിലെ എക്കാലത്തെയും മികച്ച മികച്ച തിരക്കഥാകൃത്താണ് ലോഹിതദാസ്.. മനുഷ്യ മനസ്സിനെ വേട്ടയാടുന്ന എത്ര എത്ര കഥാപാത്രങ്ങൾ ആണ് അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും പിറവി കൊണ്ടിട്ടുള്ളത്..ലോഹിതദാസ് സിനിമകൾ കാണുമ്പോൾ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് എങ്ങനെ ആണ് അദ്ദേഹം നമ്മുടെ ഇടയിലെ അല്ലെങ്കിൽ നമ്മളെ തന്നെ നമുക്ക് ചുറ്റുപാടുള്ള മനുഷ്യനെയും അവന്റെ പ്രശ്നങ്ങളും ദുഃഖങ്ങളും എല്ലാം പച്ച ആയി ആവിഷ്കരിക്കുന്നത് എന്ന്.കാണുന്ന പ്രേക്ഷകന്റെ മനസിനുള്ളിൽ ആഴത്തിൽ പതിഞ്ഞു പോകുന്ന കഥയും കഥാപാത്രങ്ങളും അതുപോലെ വേട്ടയാടുന്നവയുമാണ് അദ്ദേഹത്തിന്റെ ഓരോ സിനിമകളും കഥാപാത്രങ്ങളും. ലോഹിതദാസ് എന്ന അതുല്യ പ്രതിഭക്ക് മാത്രമേ അതിവൈകാരികമായ ദുരന്തങ്ങൾ വേട്ടയാടപെടുന്ന കഥകളും കഥാപാത്രങ്ങളും സംഭാഷണങ്ങളും സൃഷ്ടിക്കാൻ സാധിക്കുകയുള്ളു…..അദ്ദേഹത്തിന് മാത്രം…