കോവിഡിനെതിരെ ഇപ്പോൾ നിങ്ങൾക്കെന്തുചെയ്യാൻ കഴിയും?

37

Viswa Prabha

കോവിഡിനെതിരെ ഇപ്പോൾ നിങ്ങൾക്കെന്തുചെയ്യാൻ കഴിയും?

 • വിറ്റാമിൻ ഡി.
  എട്ടുമാസം മുമ്പെഴുതിയതിൽനിന്നും ഏറെ വ്യത്യസ്തമായി പുതുതായി അധികമൊന്നും എഴുതാനില്ല. എങ്കിലും, കോവിഡ് തൊട്ടടുത്തുവന്നു് നിങ്ങളെ നോക്കി സ്വല്പമൊരു പരിഹാസത്തോടെ ഇളിച്ചുകാട്ടുമ്പോൾ, ഇപ്പോഴും ചെയ്യാവുന്ന ചില നിസ്സാരകാര്യങ്ങളുണ്ടു്. പക്ഷേ തുടക്കം മുതലേ തീരെ നിസ്സാരമായി അവയെ കരുതിയതുകൊണ്ടാണു് എട്ടുമാസമായിട്ടും നമ്മൾക്കൊക്കെ ഇതേ കാര്യം എഴുതുകയും വായിക്കുകയും ചെയ്യേണ്ടിവരുന്നതു്.
 1. പരസ്പരം അകന്നുനിൽക്കുക! എപ്പോഴും, എവിടെയും!
  രണ്ടു മീറ്റർ അകന്നുനിന്നുകൊണ്ടുതന്നെ നിങ്ങൾക്കു് നിങ്ങളുടെയോ നിങ്ങൾക്കു വേണ്ടപ്പെട്ടവരുടെയോ മരണം ഒഴിവാക്കാം എന്നതു് ഒരു നിസ്സാരകാര്യമാണോ? എത്ര അടുപ്പമുള്ള ബന്ധുവോ സുഹൃത്തോ അപരനോ ആവട്ടെ, തൊട്ടുതൊട്ടുനിൽക്കണമെന്നു് ഈ സമയത്തു് എന്തിനിത്ര വാശി?
 2. മാസ്ക് ധരിക്കുക, എപ്പോഴും എവിടെയും. അതും ശരിയായി വായും മൂക്കും താടിയും മുഴുവനായും മൂടുന്ന വിധത്തിൽ. പ്രത്യേകിച്ച് മറ്റുള്ളവർ രണ്ടുമീറ്ററിനുള്ളിൽ അടുത്തുവരുന്ന സാഹചര്യത്തിൽ.
  കൂടാതെ, അടുത്തൊന്നും ആരുമില്ലെങ്കിൽ പോലും അടച്ചുകെട്ടിയ (indoor) സ്ഥലങ്ങൾക്കുള്ളിൽ.
 3. പിശുക്കില്ലാതെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ മുട്ടുവരെ കഴുകുക. വീട്ടിൽനിന്നു പുറത്തിറങ്ങിയാൽ ഏതൊരു വീട്ടിലും കടയിലും സ്ഥാപനത്തിലും ചെന്നുകയറുമ്പോളും അവിടെനിന്നിറങ്ങുമ്പോളും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ മുട്ടുവരെ കഴുകുക.

ഇതിന്റെ ഒരു ലഘൂകരിച്ച വേർഷൻ മാത്രമാണു് സാനിട്ടൈസർ. സോപ്പ് ഉപയോഗിക്കാൻ അസൗകര്യം നേരിടുമ്പോൾ സാനിട്ടൈസർ ഉപയോഗിക്കേണ്ടി വന്നാലും തൊട്ടടുത്ത ഏറ്റവും നേരത്തെ അവസരത്തിൽ സോപ്പും വെള്ളവും തന്നെ ഉപയോഗിക്കുക.
സാനിട്ടൈസർ ഉപയോഗിക്കുന്നതു തന്നെ, തീർത്ഥമോ വിശുദ്ധമൂറോ ഉപയോഗിക്കുന്നതുപോലെ, ദൈവത്തെയോ പോലീസിനെയോ കാണിക്കാൻ ആയിരിക്കരുതു്. വെറും നാലുമില്ലിയെടുത്തു് വിരലിലും ഉള്ളങ്കൈയിലും അത്തറുപോലെ പൂശുന്നതല്ല ശരി. കൊറോണാവൈറസ് അത്തറിന്റെ മണത്തിൽ മയങ്ങില്ല. രണ്ടുകൈകളും കൈത്തണ്ടയടക്കം മുഴുവനായും തേച്ചുപിടിപ്പിച്ചുതന്നെ സാനിട്ടൈസർ ഉപയോഗിക്കണം. പണച്ചെലവുള്ള കാര്യമാണു് എന്നു തോന്നുന്നുവെങ്കിൽ അതിനേക്കാൾ നല്ല ഒരു വഴിയുണ്ടു്. സോപ്പും വെള്ളവും ഉപയോഗിക്കുക. ഇരട്ടി ഫലപ്രദവുമാണു്.
പക്ഷേ, ഇതിനുപുറമേ ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കാം:

ചില തരം ഡാറ്റകൾ കേരളത്തിനുള്ളിൽ അതീവരഹസ്യമാണു്. അത്തരം ഡാറ്റയൊക്കെ അധികാരികൾക്കു മാത്രമേ അറിയൂ. പക്ഷേ, പല മറ്റു രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും ലഭ്യമായ വിവരങ്ങൾ അനുസരിച്ചു് ഇവിടെയും അക്കാര്യം ശരിയായിരിക്കണം. അത്തരമൊരു ഡാറ്റയാണു് ഒന്നാംനിര സമ്പർക്കത്തിലൂടെ രോഗം വന്ന ആളുകൾക്കു് അടച്ചുകെട്ടിയ കെട്ടിടങ്ങളിൽ വെച്ചാണോ പുറത്തു് നിരത്തിലോ മൈതാനത്തോ വെച്ചാണോ അതോ ഏതെങ്കിലും വാഹങ്ങളിൽ വെച്ചാണോ രോഗം പകർന്നതെന്നു്.
ഇതുവരെയുള്ള വിവരങ്ങൾ അനുസരിച്ചു്,

 1. ഇൻഡോർ സ്ഥലങ്ങളിൽ, അതായതു് അധികം വായുസഞ്ചാരമില്ലാത്ത, അല്ലെങ്കിൽ പുറത്തേക്കു് വേണ്ടത്ര അളവിലും വേഗത്തിലും വായു പോകാത്ത വിധം എയർകണ്ടീഷൻ / വെന്റിലേഷൻ ചെയ്ത സ്ഥലങ്ങൾക്കുള്ളിലാണു് ഏറ്റവും കൂടുതൽ സംക്രമണം നടക്കുന്നതു്. അതും അത്തരം ഇടങ്ങളിൽ എത്ര സമയം കൂടുതൽ നിന്നോ അത്രയും രോഗപ്പകർച്ചയ്ക്കുള്ള സാദ്ധ്യത കൂടുതലാണു്.
 • കൊറോണാ പാരെറ്റോ പാറ്റേൺ:
  20 ശതമാനം ആളുകളാണു് 80% രോഗപ്പകർച്ചയ്ക്കു കാരണം. അതായതു് കൊറോണ പോസിറ്റീവായതിൽ അഞ്ചിൽ നാലുപേരും രോഗം പകർത്തുന്നില്ല. പക്ഷേ ബാക്കിയുള്ള അഞ്ചിലൊരാൾ മതി വേറെ നാലുപേർക്കെങ്കിലും രോഗം പകർത്താൻ.

 • ഇത്തരത്തിൽ വമ്പിച്ച രീതിയിൽ രോഗം പകർത്തുന്നവർക്കു് മറ്റുള്ളവരിൽനിന്നു് അധികം പ്രത്യേകതകളൊന്നുമുണ്ടായിരിക്കണമെന്നില്ല. പ്രശ്നം ആ ആളുകൾ അല്ല. അവരുടെ സമയം ശരിയല്ലാത്തതാണു്.
  എങ്ങനെയെന്നു പറയാം: ഇതു ശ്രദ്ധിച്ചു വായിക്കണം:
  ഒരിക്കൽ ഒരാൾക്കു് അണുബാധയുണ്ടായാൽ അന്നു മുതൽ രണ്ടാം ദിവസം തുടങ്ങി മൂന്നോ നാലോ ദിവസമാണു് അയാൾ തുമ്മൽ / ചുമ/ സംസാരം/ കഫം/ ഉമിനീർ / കൈ തുടയ്ക്കൽ / കണ്ണുനീർ തുടങ്ങിയ വഴികളിലൂടെ ഏറ്റവും കൂടുതൽ അണുക്കളെ പുറത്തുവിടുക. ഈ സമയത്തുപോലും അയാൾക്കു് പ്രകടമായ എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടായിരിക്കണമെന്നു നിർബന്ധമില്ല. എന്നാൽ, ഇതേ ദിവസങ്ങളിൽ അദ്ദേഹം ഒരു ആൾക്കൂട്ടത്തിലോ അടഞ്ഞ ഹാളിലോ ഇടപെട്ടു എന്നു കരുതുക. അവിടെയുള്ള എല്ലാർക്കും അയാൾ വഴി രോഗം പടർന്നെന്നുവരും. അതേ ആൾ, മറ്റൊരു ദിവസത്തിലോ മറ്റൊരു സ്ഥലത്തോ ആർക്കും രോഗം പകർത്തിയില്ലെന്നും വരാം.
  അതിനാൽ, ആദ്യം പറഞ്ഞതുപോലെ,
  പരസ്പരം അകന്നുനിൽക്കുക,
  മാസ്ക് ധരിക്കുക,
  കൈ കഴുകുക.
  കൂടാതെ, അടച്ചുകെട്ടിയ ഇടങ്ങൾ പരമാവധി ഒഴിവാക്കുക. അഥവാ അത്യാവശ്യമെങ്കിൽ, ഏറ്റവും കുറഞ്ഞ സമയം കൊണ്ടു് കാര്യം നടത്തി സ്ഥലം വിടുക.
  കൂടാതെ, കഴിയാവുന്നിടത്തെല്ലാം പ്രതലസമ്പർക്കം ഒഴിവാക്കുക. പ്രത്യേകിച്ച് കറൻസി നോട്ടുകളും മറ്റും. സ്പർശനം ആവശ്യമില്ലാത്ത ഡിജിറ്റൽ പേമെന്റുകൾ ഉപയോഗിക്കുക. നിങ്ങൾ കരുതുന്നതിലും എത്രയോ എളുപ്പമാണു് ഡിജിറ്റൽ പേയ്‌മെന്റുകൾ.
  രോഗം വരാതിരിക്കാൻ ഇത്രയൊക്കെയേ നമുക്കു് ഇപ്പോഴും ചെയ്യാനുള്ളൂ. അല്ലാതെ, വല്ല ഒറ്റമൂലികളും കീടനാശിനികളും ഉപയോഗിച്ചു് നമുക്കു് അണുബാധയിൽനിന്നു് രക്ഷപ്പെടാനാവില്ല.
  പക്ഷേ, അഥവാ രോഗം വന്നാൽ അതിന്റെ പ്രത്യാഘാതങ്ങൾ പരമാവധി ലഘൂകരിക്കാൻ ചിലതെല്ലാം മുൻകൂട്ടി ചെയ്യാൻ പറ്റും:
  ശരീരം മികച്ച പ്രതിരോധാവസ്ഥയിലാണെന്നു് ഉറപ്പാക്കുക. ഏറ്റവും എളുപ്പത്തിൽ ഇതിനുവേണ്ടതു് മിതമായ എന്നാൽ പോഷകസംതുലിതമായ ആഹാരം മാത്രമാണു്.
  ഇന്ത്യക്കാരിൽ നല്ലൊരു ഭാഗത്തിനും ശരീരത്തിൽ ആവശ്യമായ തോതിൽ വിറ്റാമിൻ ഡി ഇല്ലെന്നാണു് കണക്കു്. മറ്റു പല വൈറൽ രോഗങ്ങൾക്കുമെന്ന പോലെ വിറ്റാമിൻ ഡി-യുടെ കുറവു് കോവിഡിന്റെ പ്രത്യാഘാതങ്ങളേയും സാരമായി ബാധിക്കുന്നുണ്ടെന്നു് ഇപ്പോൾ ധാരാളം തെളിവുകൾ വന്നുതുടങ്ങിയിട്ടുണ്ടു്. അതിനാൽ നമ്മുടെ ശരീരത്തിൽ വേണ്ടത്ര വിറ്റാമിൻ ഡി ഉണ്ടെന്നുറപ്പിക്കുന്നതു് നല്ല കാര്യമാണു്.
  പ്രകൃത്യാ വിറ്റാമിൻ ഡി ശരീരത്തിനു ലഭ്യമാവുന്നതു് രണ്ടു വഴിയിലൂടെയാണു്. ഒന്നു്, സൂര്യപ്രകാശത്തിലൂടെ. രണ്ടു്, തക്കതായ ഭക്ഷണപദാർത്ഥങ്ങളിലൂടെ.
  ഏകദേശം 11 മണിമുതൽ 4 മണിവരെയുള്ള സമയത്തിനിടയിൽ ദിവസേന 15 മിനിട്ടെങ്കിലും സാമാന്യമായി തൊലിപ്പുറമേ വെയിൽ കൊള്ളിക്കുന്നതു് വിറ്റാമിൻ ഡി അപര്യാപ്തത ഒഴിവാക്കാൻ സഹായിക്കും. പക്ഷേ, ഇതൊരു ഉടന്തടി (quickfix) ഉപായമല്ല. തൊലിയുടെ നിറം, തടി, കരൾ, വൃക്ക, അസ്ഥി, രക്തം എന്നിവയുടെ നിലവിലുള്ള ആരോഗ്യാവസ്ഥ തുടങ്ങിയവയെല്ലാം അനുസരിച്ചു് പലർക്കും പല തോതിലായിരിക്കും സൂര്യപ്രകാശത്തിൽനിന്നും വിറ്റാമിൻ ഡി ആഗിരണം ചെയ്യാനുള്ള കഴിവു്. ത്വൿകോശങ്ങളിൽ വന്നുചേരുന്ന അടിസ്ഥാനജീവകഘടകം അവിടെനിന്നു് ആദ്യം കരളിലേക്കും (ലിവർ) പിന്നെ വൃക്ക (കിഡ്നി) യിലേക്കും തുടർന്നു് രക്തത്തിലേക്കും എത്തിച്ചേരണം. ഇന്നു മുതൽ തുടങ്ങിയാൽ രണ്ടാഴ്ചയെങ്കിലും കഴിഞ്ഞേ അതു് വിറ്റാമിൻ-ഡിയുടെ അന്തിമരൂപത്തിൽ രക്തത്തിൽ പ്രത്യക്ഷമാവൂ. അതിനാൽ, ഏതാനും ദിവസങ്ങൾ മാത്രം വെയിൽ കൊണ്ടു് കുറേ മാസങ്ങളോളം വിറ്റാമിൻ ഡി സംഭരിച്ചുവെയ്ക്കാം എന്നു് ആശിക്കരുതു്. ഒരൊറ്റ ദിവസം തന്നെ നാലഞ്ചുമണിക്കൂർ വെയിൽ കൊണ്ടു് പ്രതിരോധം ഒറ്റയറ്റിയ്ക്കു ബൂസ്റ്റ് ചെയ്യാമെന്നും കരുതിക്കൂടാ. സംഗതി വളരെ പരിമിതമായ നിരക്കിൽ സാവധാനത്തിൽ സംഭവിക്കുന്ന ഒരു ജൈവരാസപ്രക്രിയയാണു്.
  ചിലയിനം ഭക്ഷണപദാർത്ഥങ്ങൾ വിറ്റാമിൻ ഡി-യുടെ നല്ല സ്രോതസ്സുകളാണു്. എടുത്തുപറയാവുന്നതു് മത്സ്യം, ബീഫ്, കൂൺ, പാൽക്കട്ടി തുടങ്ങിയവയാണു്.

 • മത്സ്യങ്ങളിൽ തന്നെ അയില (Mackerel), മത്തി (ചാള sardine), ചൂര (Tuna), ഏട്ട (cod) തുടങ്ങിയവയാണു് ഏറ്റവും മികച്ച വിറ്റാമിൻ ഡി ഉറവിടം. കഴിയുമെങ്കിൽ ധാരാളം മത്തി കഴിയ്ക്കുക.
  മീനെണ്ണഗുളിക ( cod liver oil) അത്യധികം സമ്പുഷ്ടമായ വിറ്റാമിൻ ഡി സ്രോതസ്സാണു്.
  ഇതുകൂടാതെ, ധാരാളം വെയിൽ കൊണ്ടിട്ടുള്ളയിനം കൂണുകൾ, പുഴുങ്ങിയ മുട്ട, തൈരു്, മറ്റു പാലുല്പന്നങ്ങൾ എന്നിവയിലും സോയാബീൻ, സോയാ മിൽക്ക് തുടങ്ങിയവയിലും വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ടു്.
  വിപണിയിൽ വാങ്ങാവുന്ന ഗ്ലൂക്കോസ് ബിസ്കറ്റുകൾ, ബ്രെഡ്, കോൺഫ്ലേൿസ്, മാർഗരിൻ തുടങ്ങിയ ഭക്ഷ്യവസ്തുക്കളിൽ മിക്കപ്പോഴും വിറ്റാമിൻ ഡി മിതമായ നിരക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ടാവും.
  എന്നാൽ, പച്ചക്കറികളിലും പഴങ്ങളിലും വിറ്റാമിൻ ഡിയുടെ അളവു് തീരെ കുറവാണെന്നുതന്നെ പറയാം.
  ഇങ്ങനെയൊന്നും വിറ്റാമിൻ ഡി ആർജ്ജിക്കാൻ കഴിയാത്തവർ എന്തുചെയ്യണം? മരുന്നുകടയിൽനിന്നും വിറ്റാമിൻ ഗുളികകൾ വാങ്ങിയാൽ പോരേ?

  ഇവിടെ ചെറിയൊരു പ്രശ്നമുണ്ടു്. ഒറ്റയടിയ്ക്കു് അമിതമായി വിറ്റാമിൻ ഡി ശരീരത്തിൽ വന്നുചേരുന്നതു് ചില ആളുകൾക്കെങ്കിലും സുരക്ഷിതമല്ല. പ്രത്യേകിച്ചു് കരൾരോഗങ്ങൾ, വൃക്കരോഗങ്ങൾ, പ്രമേഹം, അസ്ഥിക്ഷയം, രക്താതിസമ്മർദ്ദം, ഹൃദ്രോഗം തുടങ്ങിയവയുള്ളവർക്കു് ഇതു് അപകടകരമാവാം. രക്തത്തിൽ വിറ്റാമിൻ ഡിയുടെ അളവിനു് ആനുപാതികമായി കാൽഷ്യം, വിറ്റാമിൻ കെ എന്നിവയും ശരിയായ ക്രമത്തിൽ ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ ശരീരകോശങ്ങളിലേയും അസ്ഥികളിലേയും കാൽഷ്യം സംതുലനാവസ്ഥയുടെ താളം തെറ്റാം.

  ഈ വക കാരണങ്ങളെക്കൊണ്ടു്, മുൻകൂട്ടി രക്തപരിശോധനയും വൈദ്യോപദേശവുമില്ലാതെ മരുന്നുകടകളിൽനിന്നു് വിറ്റാമിൻ ഡി ഗുളികകൾ വാങ്ങിക്കഴിയ്ക്കുന്നതു് ഒരു നല്ല പ്രവണതയാവില്ല.
  വിറ്റാമിൻ ഡി പോലെത്തന്നെ കോവിഡ് ഗുരുതരാവസ്ഥകളിൽ നമ്മെ സഹായിക്കാവുന്ന മറ്റു ചില പ്രതിരോധപോഷകങ്ങളാണു് വിറ്റാമിൻ സി, വിറ്റാമിൻ കെ, സിങ്ക് തുടങ്ങിയവ. എന്നാൽ, ധാരാളം പച്ചക്കറികളും ഇലക്കറികളും പഴങ്ങളും പതിവായി കഴിക്കുന്നതിലൂടെ നമുക്കാവശ്യമുള്ള അളവിൽ ഇവ ശരീരത്തിൽ വന്നുചേരുന്നുണ്ടെന്നു് ഉറപ്പാക്കാം.
  ഇത്രയും വായിച്ചതുകൊണ്ടു് എന്തെങ്കിലും പ്രയോജനമുണ്ടായി എന്നുതോന്നുന്നുവെങ്കിൽ ആ വിവരം താഴെ അറിയിക്കുക. അതിനനുസരിച്ചു് മറ്റു ചില കാര്യങ്ങൾ കൂടി എഴുതാം. സൂപ്പർ സ്പ്രെഡർമാരെ എങ്ങനെ തിരിച്ചറിയാം, പൾസ് ഓക്സിമീറ്റർ കൊണ്ടു് എന്തുപകാരം തുടങ്ങിയവയെല്ലാം അതിൽ ഉൾപ്പെട്ടെന്നുവരും.