നാം കുന്നെന്നും മലയെന്നും വിളിക്കുന്ന എല്ലാ മണ്ണടുക്കുകളും കൂറ്റൻ പാറകൾക്കുമീതെ എങ്ങനെയോ അള്ളിപ്പിടിച്ചുനിൽക്കുന്ന നേരിയ മേൽമണ്ണുമാത്രമാണ്, പിന്നെയെന്താണ് സംഭവിക്കുന്നതെന്നറിയാമോ ?

63

Viswa Prabha

പെട്ടിമുടിയിലെ ഉരുൾപൊട്ടലിൽ ആളുകൾ ദാരുണമായി കൊല്ലപ്പെട്ടതു് നമുക്കു് ഒഴിവാക്കാനാവുമായിരുന്നു. വേണ്ടത്ര മുൻകരുതലുകൾ ഉണ്ടായിരുന്നുവെങ്കിൽ, ഒരു പക്ഷേ ആ ഉരുൾപൊട്ടൽ പോലും ഒഴിവാക്കാനാവുമായിരുന്നു.

രണ്ടു നീളൻമലകൾക്കിടെ ഉൾപ്പെട്ടുകിടക്കുന്ന ഒരു വലിയ കുഴിയാണു് അവിടെയുള്ളതു്. ആ കുഴിയുടെ ഒരു വശത്താണു് ദുരന്തം സംഭവിച്ചതു്. (ലഭ്യമായ വിവരം വെച്ചു്, എന്നു പ്രത്യേകം പറയണം. അക്ഷാംശരേഖാംശരേഖകൾ വെച്ചു്, കൃത്യമായി എവിടെ ഏതു പോയിന്റിൽ നിന്നു് ഏതുപോയിന്റിലേക്കു് ഉരുൾപൊട്ടിയൊലിച്ചു എന്നു് ഒരു പരട്ടപ്പത്രവും ചാനലും വിദഗ്ദ്ധനും എവിടെയും റിപ്പോർട്ടു ചെയ്തു കണ്ടില്ല. എല്ലാ ദുരന്തങ്ങളുടേയും അടിസ്ഥാനകാരണം ആ “കണക്കില്ലായ്മ”യും “ഊഹിക്കലുമാണു്. അത്തരം കണക്കില്ലായ്മ വെച്ചുപുലർത്തുന്ന കൂറ മാദ്ധ്യമങ്ങളേയും അതു് അനുവദിച്ചുകൊടുക്കുകയും സ്വയം ശീലമാക്കുകയും ചെയ്യുന്ന വായനക്കാരേയും കാണികളേയുമാണു് ആദ്യം തുറുങ്കിലടക്കേണ്ടതു്).

നാം കുന്നു് എന്നും മല എന്നും വിളിക്കുന്ന എല്ലാ മണ്ണടുക്കുകളും കൂറ്റൻ പാറകൾക്കുമീതെ എങ്ങനെയോ അള്ളിപ്പിടിച്ചുനിൽക്കുന്ന നേരിയ മേൽമണ്ണുമാത്രമാണു്. ഒന്നോ രണ്ടോ ദിവസം ശക്തമായ മഴപെയ്താൽ ഏതു മണ്ണടുക്കും കുതിർന്നു് അകം നിറയേ ചെളിയായി മാറും. അതായതു് മൺതരികൾക്കിടയിലുള്ള ഒഴിഞ്ഞ സ്ഥലങ്ങളിലുള്ള വായു അവിടെനിന്നു മാറി അവിടെ മഴവെള്ളം കൊണ്ടു നിറയും. അതോടെ മൊത്തം ആ മൺതിട്ടയുടെ ഭാരം 25% എങ്കിലും വർദ്ധിക്കും. മൺതിട്ടയ്ക്കടിയിലുള്ള പാറയടുക്കുകൾ ഒരു ചെരിഞ്ഞ തലത്തിലാണെങ്കിൽ അതുവരെ ആ മൺതിട്ട അവിടെ പിടിച്ചുനിന്നിരുന്നതു് പ്രതലഘർഷണം കൊണ്ടു മാത്രമാണു്. ആ ഘർഷണപ്രതിരോധം എത്ര വരെയാവാം എന്നതിനു് നിശ്ചിതമായ കണക്കുണ്ടു്. പ്രതലഘർഷണാങ്കം ഗുണം ഭാരം.
ഇതു മാത്രമല്ല, മഴ പെയ്തു് ആ മണ്ണിലൂടെ കിനിഞ്ഞിറങ്ങുമ്പോൾ മണ്ണിലെ ഏറ്റവും വലിപ്പം കുറഞ്ഞ തരികളും പൊടികളും ഏറ്റവും അടിയിലെത്തും. പാറയ്ക്കും മണ്ണിനും ഇടയിൽ അവ ഏതാനും സെന്റിമീറ്റർ കനത്തിൽ ഒരു തരം ലൂബ്രിക്കന്റ് ഗ്രീസ് പോലെ ആയിത്തീരും. അതായതു് കട്ടച്ചെളി! ആ ഗ്രീസ് പാടയിൽ ഘർഷണാങ്കം അതിഭയങ്കരമായി കുറയും. എത്ര എന്നറിയാൻ കണക്കു കൂട്ടണമെന്നുപോലുമില്ല. നിങ്ങൾ ഏറ്റവും ഒടുവിൽ കുറച്ചു ചെളിയിൽ വഴുതി വീണതോ മണലിൽ സൈക്കിളോ കാറോ നിരങ്ങിയതോ ഓർത്താൽ മതി.

ഭാരം ഏറെ വർദ്ധിക്കുകയും ഘർഷണാങ്കം തീരെ കുറയുകയും ചെയ്താൽ ആ മൺകൂനയും അതിനുമേലുള്ള, മരങ്ങൾ, കല്ലുകൾ, ചെറിയ പാറത്തുണ്ടുകൾ, കെട്ടിടങ്ങൾ, കുരിശുകൾ, വിഗ്രഹങ്ങൾ തുടങ്ങി എല്ലാ വസ്തുക്കളും താഴേയ്ക്കു് വഴുതിയിറങ്ങിയേ മതിയാവൂ. എം.എൽ.എ.യോ മന്ത്രിയോ ക്വാറിരാജാക്കന്മാരോ അല്ല അതു തീരുമാനിക്കുന്നതു്. മറുതല പറയാൻ ദൈവത്തിനുപോലും ത്രാണിയില്ലാത്തത്ര ശക്തിയും ബലവുമുള്ള സാക്ഷാൽ ഫിസിക്സാണു്. ഇനി അങ്ങനെ വഴുതിയിറങ്ങാതിരിക്കണമെങ്കിൽ തൊട്ടുതാഴെ അതിനെതിരെ ഒരു താങ്ങുവേണം. മുമ്പുതന്നെ, പണ്ടെന്നോ അതുപോലെ വഴുതിയിറങ്ങി പ്രകൃത്യാ സ്ഥിരത കൈവരിച്ച ചെരിഞ്ഞുകിടക്കുന്ന താഴ്‌വരകളും പാറക്കെട്ടുകളും ഇന്നലെവരെ അത്തരമൊരു താങ്ങായിരുന്നു. ആ താങ്ങാണു് ‍നമ്മളൊക്കെ ഭയങ്കര ഉത്സാഹത്തോടെ JCB കൊണ്ടു ഹൽവ മുറിയ്ക്കുന്നതുപോലെ മുറിച്ചും അവിലിടിയ്ക്കുന്നതുപോലെ ഇടിച്ചും കൊണ്ടുപോയി കുട്ടനാട്ടിലും പറവൂരിലും മറ്റും വെള്ളം കെട്ടിക്കിടക്കേണ്ട കുഴികൾ തൂർത്തുകളയാൻ ഉപയോഗിച്ചതു്.

പെട്ടിമുടി പോലൊരു ദുരന്തം എന്തുകൊണ്ടു സംഭവിച്ചു എന്നതിനു് കൃത്യമായും കാരണങ്ങൾ ഉണ്ടാവും. തൊട്ടപ്പുറത്തെ തടാകക്കുഴിയിലും അതിന്റെ ഓരത്തുള്ള റോഡിലും അവിടെ നിശ്ചയമായും ഉണ്ടാകേണ്ടിയിരുന്ന കാനയും ആ കാനയിൽനിന്നും തടാകത്തിൽനിന്നും എത്രയും പെട്ടെന്നു് ഒഴുകി പുറത്തുകടക്കേണ്ടിയിരുന്ന ജലനിർഗ്ഗമനപാതയും കഴിഞ്ഞ മൂന്നുവർഷം എന്തുചെയ്യുകയായിരുന്നു എന്നു് ഏതെങ്കിലും ചാനൽ വിദഗ്ദ്ധൻ ചെന്നു നോക്കണം. അവിടെ ആർ എന്തൊക്കെ ചെയ്തെന്നും ആർ എന്തൊക്കെ ചെയ്തില്ലെന്നും ചികഞ്ഞുപരിശോധിക്കണം.പശ്ചിമഘട്ടത്തിൽ ഇനിയും ഇതുപോലുള്ള തടാകക്കുഴികൾ വേണ്ടുവോളമുണ്ടു്. ഒന്നോ രണ്ടോ ദിവസം പേമാരി പെയ്താൽ അതിൽ എവിടെ വേണമെങ്കിലും ഉരുൾ പൊട്ടാം.ഒരു ഇത്തിരി ഉളുപ്പും ഇത്തിരി കണക്കും ഉള്ള ഒരു ഡസൻ വിദഗ്ദ്ധരെങ്കിലുമുണ്ടെങ്കിൽ സ്വന്തം വീട്ടിലിരുന്നുകൊണ്ടുതന്നെ അവയിൽ പലതും മുൻകൂട്ടിത്തന്നെ കണ്ടുപിടിക്കാം. അവിടെ അത്യാവശ്യമായി ചെയ്യേണ്ട കാര്യങ്ങൾ (വെള്ളം ഒഴുകിക്കളയാനുള്ള കാനകൾ, ചാലുകൾ, തോടുകൾ, മണ്ണു് ഇടിച്ചയിടങ്ങളിൽ കല്ലുകൊണ്ടോ കമ്പികൊണ്ടോ താങ്ങുകൾ തുടങ്ങി..) പലതും മുന്നേ ചെയ്തുവെയ്ക്കാം.
ഉരുൾപൊട്ടുക എന്നാൽ അഗ്നിപർവ്വതം പോലെ ഭൂമിയ്ക്കടിയിൽനിന്നും ബോംബുപോലെ എന്തോ പൊങ്ങിവന്നു് കുന്നും മലയും ശ്രീം ഹ്രീം ഫട് എന്നു സ്ഫോടിക്കുന്നതല്ല!

കേരളത്തിലെ ഉരുൾപൊട്ടലുകൾക്കുള്ള മനുഷ്യജനകമായ കാരണങ്ങൾ മൂന്നാണു്:

1. കുന്നിൻ‌ചെരിവുകളിലൂടെയും മലയിടുക്കുകളിലൂടെയും പുതുതായി പണിയുന്ന റോഡുകളുടെ അടിസ്ഥാനഗുണനിലവാരത്തിലുള്ള തികഞ്ഞ അശ്രദ്ധ. അത്തരം പാതകളിൽ നിശ്ചയമായും ഉണ്ടായിരിക്കേണ്ട കാനകളും പെരുവെള്ളപ്പുറം‌പോക്കുപൊത്തുകളും ഒഴിവാക്കൽ / അവയുടെ അപക്വമായ സ്പെസിഫിക്കേഷൻ.

2. സ്വാഭാവികമായി ചെരിഞ്ഞുകിടക്കുന്ന ഏതെങ്കിലും കുന്നിന്റെ പള്ളയിൽ ചതുരത്തിലും ഭംഗിയിലും കുറേ മണ്ണു് കാർന്നെടുത്തു് അവിടെ സ്കൂളുകളും റിസോർട്ടുകളും ഹോട്ടലുകളും വീടുകളും മറ്റും പണിയൽ. (അടുത്തതു് വെച്ചിരിക്കുന്നതു് വാഴത്തോപ്പിനാണു്. കണ്ടോ! ക്യാമറയും ലോഡ് ചെയ്തു് കാത്തിരുന്നോ!)

3. ചുമ്മാ ഒരു JCB ഉണ്ടെങ്കിൽ എളുപ്പത്തിനു് ഇടിച്ചിറക്കി നേരേ ടിപ്പറിൽ കയറ്റാമല്ലോ എന്ന ചുളു ഐഡിയയിൽ ഉയരങ്ങളിൽനിന്നും പാറയും മണ്ണും മോഷ്ടിച്ചുകൊണ്ടുപോയി അസ്ഥികൂടം പോലും ബാക്കിവരാതെ ചെങ്കുത്തായി നിർത്തിയ മലമേടുകൾ.