ഉഗാണ്ടയിലെ ഉണ്ണിയപ്പത്തിന്റെ വില ചോദിക്കുന്നതിനേക്കാൾ എക്സൽ ഷീറ്റിന്റെ പ്രവർത്തനം ചോദിക്കണം

49

കലഹണപ്പെട്ട ചോദ്യങ്ങൾ ചോദിച്ചു ഉദ്യോഗാർത്ഥികൾക്ക്‌ പരീക്ഷകൾ നടത്തുന്നവർ ജോലിയുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു ചോദ്യം ഉൾപ്പെടുത്തുന്നുണ്ടോ ? പോട്ടെ, ജോലി ചെയ്യേണ്ട കമ്പ്യൂട്ടർ എന്ന ഉപകരണത്തെയും അതിന്റെ പ്രവർത്തനത്തെയും കുറിച്ചെങ്കിലും ? ഉഗാണ്ടയിലെ ഉണ്ണിയപ്പത്തിന്റെ വില അറിഞ്ഞിട്ടു ആർക്ക് എന്തെടുക്കാൻ ? അല്ലെങ്കിൽ അക്ബറാ അശോകനോ കെട്ടിയ കക്കൂസുകളുടെ എണ്ണം അറിഞ്ഞിട്ടു എന്തെടുക്കാൻ ? പി എസ് സി പോലുള്ള സ്ഥാപനങ്ങൾ കാലഹരണപ്പെട്ട ചോദ്യങ്ങൾ ഒഴിവാക്കി ജോലിക്കാവശ്യമായ കാര്യങ്ങൾ ചോദിക്കുന്ന കീഴ്‌വഴക്കം സൃഷ്ടിക്കണം. വിശ്വപ്രഭയുടെ കുറിപ്പ് വായിക്കാം

Viswa Prabha എഴുതുന്നു..

തങ്ങൾ കമ്പ്യൂട്ടർ എന്ന മഹാദ്ഭുതം പഠിച്ചെടുക്കുന്നതു് പൊതുജനങ്ങൾക്കുവേണ്ടി എന്തോ ഒരു ഔദാര്യം ചെയ്യുകയാണെന്നു് സർക്കാർ ജോലിക്കാർക്കു് ഒരു വിചാരമുണ്ടു്.Parasite Service Commission പരീക്ഷയ്ക്കു് എവറസ്റ്റിന്റെ ഉയരവും രാമപുരത്തു വാര്യരുടെ പല്ലിന്റെ എണ്ണവും ഉഗാണ്ടയിലെ ഉണ്ണിയപ്പത്തിന്റെ വിലയും ചോദിക്കുന്നതിനു പകരം ഒരു എക്സൽ ഷീറ്റിലെ അടിസ്ഥാനക്രിയകളെപ്പറ്റിയും ഒരു ടെക്സ്റ്റ് ഫയലിലെ ഫൈൻഡ് ആന്ദ് റീപ്ലേസിനെപ്പറ്റിയും ചോദ്യം വരട്ടെ.അതുപോലെ, എത്ര ചെറുതോ വലുതോ ആയ ഏതു പ്രൊജക്റ്റും പ്ലാൻ / എക്സിക്യൂട്ട് ചെയ്യുമ്പോൾ ആവശ്യമായ ഏറ്റവും ലഘുവായ കാര്യങ്ങളെപ്പറ്റി ചോദ്യം വരട്ടെ.

സ്വന്തം വട്ടച്ചെലവിന്റെയെങ്കിലും വരവും ചെലവും നീക്കിയിരിപ്പും ബാലൻസ് ഷീറ്റും ക്യാഷ് ഫ്ലോയും എഴുതിവെയ്ക്കാനറിയട്ടെ. റോഡിലെ ട്രാഫിക്ക് നിയമങ്ങളെപ്പറ്റിയും കെട്ടിടങ്ങളിൽ വേണ്ട അടിസ്ഥാന അഗ്നിനിവാരണ-ശമനോപാധികളെപ്പറ്റിയും ചോദ്യങ്ങളുണ്ടാവട്ടെ. വാട്ട്സ്‌ആപ്പിൽ ലൊക്കേഷൻ ഷെയർ ചെയ്യുന്നതിനേക്കാളും വലിയ ഉപകാരങ്ങളുണ്ടു് ഫോണിലെ GPS സെൻസറിനു് എന്നും അക്ഷാംശം, രേഖാംശം എന്നൊക്കെ ഉഷ്കൂളിൽ പണ്ടു പഠിച്ച സാധനത്തിനു് ഏതുവിധത്തിലുമുള്ള പബ്ലിൿ അഡ്‌മിനിസ്റ്റ്രേഷനിലും അതിശയകരമായ ഉപകാരങ്ങളുണ്ടെന്നും അവറ്റ തിരിച്ചറിയട്ടെ.

ഡിജിറ്റൽ സിഗ്നേച്ചർ എന്നു പറയുന്നതു് ചുമ്മാ ഒരു ക്ലിക്കും തേമ്പും അല്ലെന്നു് ബോധം വെയ്ക്കട്ടെ.അതുപോലെ, ഒരു ഓഫീസിലെ സാധാരണ ജോലികൾ പോലും കാര്യക്ഷമമായി നടത്താനുള്ള എല്ലാ വിധ ടെൿനിക്കുകളെപ്പറ്റിയും ടെൿനോളജികളെപ്പറ്റിയും അടിസ്ഥാനചോദ്യങ്ങളെങ്കിലും ഉണ്ടാവട്ടെ. അല്ലാതെ, 19-ആം നൂറ്റാണ്ടിൽ ബ്രിട്ടീഷ് സായ്പ്പന്മാർക്കു് കുശിനിക്കാരനാവാൻ വേണ്ട യോഗ്യതകളല്ല ഇന്നത്തെ സർക്കാർ ജോലിക്കാർക്കു് ആവശ്യം.ഇതൊക്കെ ഗൈഡ് നോക്കിയും കോച്ചിങ്ങ് ക്ലാസ്സിൽ പോയും പഠിച്ചുകൂട്ടി, എങ്ങനെയെങ്കിലും PSC ജോലികിട്ടിയിട്ട് ലീവെടുക്കാൻ കാത്തിരിക്കുന്ന, അഭ്യച്ചവിദ്യരായ സാച്ചരകേരളജനതയ്ക്കു് ഇനി അഥവാ റാങ്കും ജോലിയുമൊന്നും കിട്ടിയില്ലെങ്കിലും, നിത്യജീവിതത്തിൽ വല്ല കാര്യവുമുള്ള, എന്തെങ്കിലുമൊക്കെ ലോകോപകാരമുള്ള ഇച്ചിര വിവരമെങ്കിലും വെയ്ക്കട്ടെ.