Entertainment
12 അടി ഉയരമുള്ള വിശ്വരൂപ ശിൽപം ഇനി മോഹൻലാലിൻറെ വീടിനു അലങ്കാരമാകും

വിശ്വരൂപ ശിൽപം ഇനി മോഹൻലാലിൻറെ വീടിനു അലങ്കാരമാകും. മൂന്നര വർഷം കൊണ്ട് പണിത 12 അടി ഉയരമുള്ള ശിൽപം ലോക റെക്കോർഡ് ലക്ഷ്യമിട്ടാണ് പണിതത്. കോവളം വെള്ളാറിലെ ക്രാഫ്റ്റ് വില്ലേജിൽ ആണ് ശില്പത്തിന്റെ പണി നടന്നത്. ശിൽപത്തിന്റെ ഒരു വശത്ത് 11 മുഖമുള്ള വിശ്വരൂപവും മറുവശത്ത് പാഞ്ചജന്യം മുഴക്കുന്ന കൃഷ്ണനും ചുറ്റും ദശാവതാരവും കൊത്തിയെടുത്തിരിക്കുന്നു. ശില്പി വെള്ളാർ നാഗപ്പനും 8 ശിൽപികളുമുൾപ്പെട്ട സംഘത്തിന്റെ മൂന്നര വർഷത്തെ പ്രയത്നമാണ് വിശ്വരൂപ ശിൽപം.
വെള്ളാർ നാഗപ്പനൊപ്പം രാധാകൃഷ്ണൻ, രാമചന്ദ്രൻ, പീഠം വിജയൻ, സജി, ഭാഗ്യരാജ്, സോമൻ, ശിവാനന്ദൻ, കുമാർ എന്നീ ശില്പികളും ശില്പ നിർമ്മാണത്തിന് ഉണ്ടായിരുന്നു. ഗീതോപദേശവും ചൂതാട്ടവും പിന്നിലായി ശരശയ്യയിലെ ഭീഷ്മരും പാഞ്ചാലി വസ്ത്രാക്ഷേപവുമെല്ലാം ശില്പത്തിലെ വിശ്വരൂപത്തിനു താഴെയായി കാണാം. 400 ഓളം കഥാപാത്രങ്ങളാണ് ശില്പ പീഠത്തിൽ ഉള്ളത്. മുൻപ് 6 അടിയിൽ നിർമിച്ച വിശ്വരൂപവും മോഹൻലാൽ തന്നെ സ്വന്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ നിർദ്ദേശം അനുസരിച്ചാണ് ഈ ശില്പവും പണിതത് എന്ന് പ്രധാന ശില്പിയായ വെള്ളാർ നാഗപ്പൻ പറഞ്ഞു. മോഹൻലാലിൻറെ ചെന്നൈയിലെ വീട്ടിലാണ് ശിൽപം സ്ഥാപിക്കുന്നത്.
463 total views, 8 views today