പ്രിയപ്പെട്ട അച്ഛനും അമ്മയും അറിയുന്നതിന് വീണ എഴുതുന്നത്
നിങ്ങള്‍ക്ക് ഇരുവര്‍ക്കും സുഖമായിരിക്കും എന്ന് വിശ്വസിക്കുന്നു. കുറച്ചു കാലമായി ഞാന്‍ കത്തെഴുതിയിട്ട് എന്നോട് ക്ഷമിക്കുമല്ലോ.
അമ്മ തിരക്ക് കൂട്ടി വായിക്കാതെ സാവധാനം അച്ഛനോടൊപ്പം ഒരിടത്ത് ഇരുന്നിട്ട് വേണം വായിക്കാന്‍ എന്ന് ഞാന്‍ അപേക്ഷിക്കുന്നു.
എഴുതാന്‍ പലവുരി തുനിഞ്ഞതാണ് പക്ഷെ നല്ല തലവേദന ആയിരുന്നതിനാല്‍ മുഴുമിപ്പിക്കാന്‍ ആയില്ല. തലയിലെ മുറിവുകള്‍ ഇപ്പോള്‍ നന്നായി ഉണങ്ങി നെറ്റിയില്‍ ഒരു മുറിഞ്ഞ പാടും ഈ ചെറിയ തലവേദനയും ഒഴിച്ചാല്‍ എല്ലാം സുഖം ആണ്. തലമുമുറിഞ്ഞത് ഞാന്‍ ഹോസ്റ്റലിന്റെ ഒന്നാം നിലയില്‍ നിന്നും ചാടി മതിലില്‍ അടിച്ചപ്പോള്‍ ആണ്. ഹോസ്റ്റലില്‍ തീപിടുത്തം ഉണ്ടായപ്പോള്‍ പലരും ചാടി രക്ഷപെടാന്‍ ശ്രമിച്ചത് പോലെ ഞാനും ശ്രമിച്ചതാണ്. ഇതൊരു ആറു മാസം മുന്‍പായിരുന്നു. നിങ്ങളെ വിഷമിപ്പിക്കണ്ടാ എന്ന് കരുതി പറയാതിരുന്നതാണ്.
ഹോസ്റ്റല്‍ മുക്കാലും കത്തി നശിച്ചു കുട്ടികള്‍ എല്ലാം പല വീടുകളിലേക്കും മാറി. ഞാന്‍ ഹോസ്റ്റല്‍ കാന്റീന്‍ നടത്തുന്ന ബെന്നിയുടെ കോര്‍ട്ടെര്സിലേക്ക് മാറി. അമ്മേ ബെന്നി ക്രിസ്ത്യന്‍ ആണെങ്കിലും വളരെ സ്നേഹമുള്ളവനാ. എനിക്ക് താമസിക്കാന്‍ ഇടം മാത്രമല്ല ഭക്ഷണവും വസ്ത്രങ്ങളും വാങ്ങി തന്നു. വിദ്യാഭ്യാസം കുറവായതുകൊണ്ട് കാന്റീന്‍ നടത്തുന്നു എന്ന കുറവേ ഉള്ളൂ പക്ഷെ വലിയ മനസ്സിന്റെ ഉടമയാ.
ബെന്നിക്ക് സ്വന്തം എന്ന് പറയാന്‍ മറ്റാരും ഇല്ല, ഞാന്‍ ഒഴിച്ച്. അത് അറിഞ്ഞു കൊണ്ട് തന്നെയാണ് ഞാന്‍ ബെന്നിയെ വിവാഹം കഴിച്ചത്. പെട്ടെന്ന് എടുത്ത തീരുമാനം ഒന്നും അല്ല, ഞാന്‍ ഗര്‍ഭിണി ആണെന്ന് അറിഞ്ഞപ്പോള്‍ ബെന്നിക്കായിരുന്നു ആവേശം ആ സന്തോഷം തല്ലിക്കെടുത്താന്‍ തോന്നിയില്ല. അമ്മയോട് പറയാതെ ചെയ്യുന്നത് തെറ്റാണെന്ന് തോന്നാഞ്ഞിട്ടല്ല പക്ഷെ അച്ഛന് ഒരു ഷോക്ക് ഇനി താങ്ങാന്‍ കഴിയില്ലെന്ന് ഡോക്ടര്‍ പറഞ്ഞത് ഓര്‍ത്തപ്പോള്‍ വേണ്ടാ എന്ന് തോന്നി.
എന്‍റെ തീരുമാനത്തിന് എന്‍റെ പ്രിയപ്പെട്ട അമ്മ ഒരിക്കലും എതിരു നില്കില്ല എന്ന ഒരു വിശ്വാസം മാത്രമായിരുന്നു രജിസ്റ്റര്‍ ഓഫീസില്‍ എനിക്കുള്ള ഏക ബലം. ഒരു മുത്തച്ഛനും മുത്തശ്ശിയും ആവുന്നെന്ന വാര്‍ത്ത നിങ്ങള്‍ക്കായിരിക്കും ഞങ്ങളെക്കാള്‍ സന്തോഷം തരിക എന്നും കഴിഞ്ഞതെല്ലാം ഒരു സ്വപ്നമായി മറക്കാന്‍ എന്‍റെ പ്രിയപ്പെട്ട മാതാപിതാക്കള്‍ക്ക് കഴിയും എന്ന് അറിയാതെയല്ല എങ്കിലും എന്‍റെ സമാധാനത്തിനു വേണ്ടി പറയുകയാണ് നിങ്ങള്‍ക്ക് ബെന്നിയോട് ഇഷ്ട്ടക്കെടോന്നും തോന്നരുത്, ബെന്നി പാവമാണ് അവന് ആരുമില്ല, എനിക്കും.. നിങ്ങളല്ലാതെ.
അച്ഛന്‍ എന്നോടു പൊറുക്കണം. ഞാന്‍ സത്യത്തില്‍ ഒന്നാം നിലയില്‍ നിന്നും ചാടിയിട്ടില്ല, എന്‍റെ തല മുറിഞ്ഞിട്ടും ഇല്ല, ഹോസ്റ്റലില്‍ തീപിടുത്തം ഉണ്ടായിട്ടും ഇല്ല, ഞാന്‍ ഗര്‍ഭിണിയും അല്ല എന്‍റെ വിവാഹം കഴിഞ്ഞിട്ടും ഇല്ല, പക്ഷെ പരീക്ഷക്ക് രണ്ടു വിഷയത്തില്‍ ഞാന്‍ തോറ്റിട്ടുണ്ട്, ഒന്നിന് വളരെ കുറച്ച് മാര്‍ക്കും ഉള്ളൂ. മുകളില്‍ എഴുതിയ വിശേഷങ്ങള്‍ അപേക്ഷിച്ച് ഇതൊരു ചെറിയ കാര്യം മാത്രമാണെന്ന് ഞാന്‍ പറയാതെ തന്നെ അച്ഛന് അറിയാലോ. അച്ഛന്‍റെ വിശ്വാസത്തിനു എതിരായി ഈ വീണ എന്തെങ്കിലും ചെയ്യും എന്ന് അച്ഛന് തോന്നുന്നുണ്ടോ.?
ഈ കത്ത് കിട്ടിയാല്‍ ഉടനെതന്നെ അച്ഛന്‍ കോളേജില്‍ വന്നു പ്രിന്‍സിയെ കാണണം. അച്ഛന്‍ വന്നിട്ട് ക്ലാസ്സില്‍ കയറിയാല്‍ മതി എന്നാ പ്രിന്‍സി പറയുന്നത്.
നിങ്ങളുടെ പ്രിയമകള്‍
വീണ
NB: കാന്‍റീന്‍ നടത്തുന്നതു രാമന്‍നായര്‍ എന്ന ഒരു വയസ്സന്‍ ആണ്, ബെന്നി എന്ന പേരുള്ള ഒരാളേയും എനിക്കറിയില്ല