Share The Article

സുധാകരന്‍ ചന്തവിള

ആഗോളവല്‍ക്കരണവും കമ്പോളവല്‍ക്കരണവും വഴി ഏറെ വിറ്റഴിക്കപ്പെടുന്ന സ്ത്രീത്വം സ്ത്രീകളാണ്. സ്ത്രീ എല്ലാക്കാലത്തും പുരുഷന്റെ ദൗര്‍ബല്യങ്ങളില്‍ പ്രധാനപ്പെട്ടതാണെങ്കിലും, സ്ത്രീ കമ്പോളാധിഷ്ഠിത ഉല്‍പന്നമായി മാറപ്പെട്ടത് ആധുനിക കാലഘട്ടത്തിലാണ്.

‘ആരാകിലെന്ത് മിഴിയുള്ളവര്‍ നോക്കിനിന്നിരിക്കാം’എന്ന് നൂറുവര്‍ഷം മുമ്പ് കുമാരനാശാന്‍ ‘വീണപൂവി’ലൂടെ പറഞ്ഞപ്പോഴും അതിനുമുമ്പ് വേണ്മണിക്കവികളും ചമ്പൂകാരന്മാരും എന്തിന് കാളിദാസന്‍ വരെ സ്ത്രീകളുടെ സൗന്ദര്യസൗഷ്ഠവങ്ങളെ വര്‍ണ്ണിച്ചപ്പോഴും സ്ത്രീ കമ്പോളോല്‍പന്നമാണെന്ന ഉദ്ദേശമുണ്ടായിരുന്നില്ല.

ഇപ്പോള്‍ തൊഴില്‍ശാലകളിലും വ്യവസായശാലകളിലും കച്ചവടസ്ഥാപനങ്ങളിലുമെല്ലാം പണിയെടുക്കപ്പെടുന്ന സ്ത്രീകള്‍ക്ക് ണല്ലോരളവോളം ‘ഉല്‍പന്ന’മെന്ന അവസ്ഥ നേരിടേണ്ടിവരുന്നു. വലിയ വലിയ സ്വര്‍ണ്ണമാളികകളും വസ്ത്രമാളികകളും മറ്റു ആഢംബരകച്ചവടശാലകളുമെല്ലാം സുന്ദരികളായ സ്ത്രീകളെ പ്രദര്‍ശിപ്പിച്ച് പരോക്ഷമായി കമ്പോളം ചെയ്യപ്പെടുന്നു. അവിടങ്ങളില്‍ സ്ത്രീകള്‍ കഴിവുള്ളതുകൊണ്ടുമാത്രം അംഗീകരിക്കപ്പെടുന്നില്ല. അതിനനുസരിച്ച് അവര്‍ക്ക് സൗന്ദര്യവുമുണ്ടാകണം.

കഴിവിനെ ചൂഷണം ചെയ്യപ്പെടുന്നതിനെക്കാള്‍ ശരീരസൗന്ദര്യത്തെ ചൂഷണം ചെയ്യപ്പെടുക എന്ന തന്ത്രമാണ് മുതലാളിത്വം സ്വീകരിക്കുന്നത്. ഒരു സ്ത്രീക്കുനല്‍കുന്ന വേതനം (രൂപ) പോലും അവള്‍ ചെയ്യുന്ന ജോലിക്കല്ല, മറിച്ച് ആ സ്ത്രീയുടെ സൗന്ദര്യത്തിനാണെന്നും വരുത്തിതീര്‍ക്കുന്നു. സൗന്ദര്യത്തെ പ്രദര്‍ശിപ്പിക്കുന്നതിനും അതുവഴി കമ്പോളം വര്‍ദ്ധിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള വേഷമണിയുന്നതിനും സംസാരിക്കുന്നതിനുമെല്ലാം സ്ത്രീകളെ പരിശീലിപ്പിക്കപ്പെടുന്നു.

പല ആശ്രമങ്ങളിലേയും ആരാധാനാലയങ്ങളിലേയും പരിചാരികമാരുടെയും അവസ്ഥയും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. സ്വാമിമാര്‍ക്കോ ആള്‍ദൈവങ്ങള്‍ക്കോ സേവകരായി നിയമിക്കപ്പെടുന്നതും ഏറ്റവുമധികം സൗന്ദര്യമുള്ള സ്ത്രീകളെയാണ്. അവിടെയെല്ലാം എത്തിച്ചേരുന്ന മറ്റു ഭക്തജനങ്ങള്‍ക്ക് നയനാനന്ദകരവും ആത്മാനന്ദകരവുമായ ആമോദമുണ്ടാകണമെങ്കില്‍ ശരീരസൗന്ദര്യം പ്രദര്‍ശിപ്പിച്ചേ മതിയാകൂ എന്ന മനഃശ്ശാസ്ത്രം ഇവിടെ വിനിയോഗിക്കപ്പെടുന്നു.

മാധ്യമങ്ങളുടെ കവര്‍ പേജുമുതല്‍ അവസാനപേജുവരെ സ്ത്രീശരീരപ്രദര്‍ശനവേദിയായി മാറുന്നു. നമ്മുടെ മുഖ്യധാരാപ്രസിദ്ധീകരണങ്ങളുടെ വിശേഷാല്‍പ്പതിപ്പുകള്‍പോലും ‘ലൈംഗികപ്പതിപ്പു’കളാക്കി മാറ്റുന്നു. സാഹിത്യത്തിനോ സംസ്‌കാരത്തിനോ സമകാലികവിഷയങ്ങള്‍ക്കോ പ്രാധാന്യം നല്‍കാത്ത സ്ഥിതിയാണുള്ളത്. ഏതെങ്കിലും സ്ത്രീകളുടെ പൂര്‍വ്വജീവിതകഥകള്‍ വര്‍ണ്ണിച്ചോ വിസ്തരിച്ചോ സ്ത്രീസമൂഹത്തെതന്നെ കമ്പോളവല്‍ക്കരിക്കപ്പെടുന്നു.

എന്തിനേറെപ്പറയുന്നു, നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ധാരാളമായി പ്രസിദ്ധീകരിക്കപ്പെടുന്ന ആരോഗ്യമാസികകള്‍പോലും ചിന്തിക്കുന്നത് ആ വഴിക്കാണെന്നു കാണാം. സ്ത്രീരോഗങ്ങളെയും ചികിത്സകളെയുംക്കുറിച്ച് പ്രതിപാദിക്കുന്ന അവസരത്തില്‍ സ്ത്രീകളുടെ സെക്‌സ് എങ്ങനെ വൈറ്റ്‌ഴിക്കപ്പെടാം എന്നതാണ് അവിടെ വിജയിച്ചുകാണുന്നത്. അതുവഴി സെക്‌സ് വായനയാണ് ഏറ്റവുമധികം റീഡബിലിറ്റിയുള്ള വായന എന്നു വരുത്തുകയും മറ്റുള്ള പ്രസാധകര്‍ക്കുപോലും അങ്ങനെ ചെയ്യാനുള്ള വഴിയൊരുക്കുകയും ചെയ്യുന്നു.

സിനിമയുടെ അവസ്ഥ ചര്‍ച്ചചെയ്യാതിരിക്കുകയാണ് നല്ലത്. കാരണം അത്രയ്ക്കാണ് അവിടെ ശരീരം കച്ചവടം ചെയ്യപ്പെടുന്നത്. ലൈംഗികത പഠിക്കപ്പെടേണ്ടുന്ന വിഷയം എന്നതിനപ്പുറം കമ്പോളം ചെയ്യപ്പെടേണ്ടുന്ന ഒന്നായിമാത്രം വാഴ്ത്തുന്നത് ഏറ്റവും കൂടുതല്‍ സിനിമയിലാണ്. ഇവിടെയും ഭരിക്കപ്പെടുന്നത് മുതലാളിത്തത്തിന്റെ സ്വാര്‍ത്ഥതത്തന്നെയെന്ന് സൂക്ഷ്മമായ ചിന്തയില്‍ ബോധ്യപ്പെടും.

നമ്മുടെ നാട്ടില്‍ ആവശ്യത്തിലധികം സ്ത്രീസംഘടനകളും പ്രവര്‍ത്തകരുമുണ്ട്. എന്നാല്‍ യഥാര്‍ത്ഥ സ്ത്രീവിഷയങ്ങളില്‍ നിന്നും പിന്മാറിപ്പോകുന്ന സ്ത്രീവിമോചന സംഘടനകളെയാണ് കാണാന്‍ കഴിയുന്നത്. ഇത്രമാത്രം സ്ത്രീവിമോചനസംഘനകള്‍ ഇല്ലാത്ത നാട്ടില്‍ സ്ത്രീകള്‍ രാത്രിസമയങ്ങളില്‍പ്പോലും ഒറ്റയ്ക്ക് സഞ്ചരിക്കുകയും സ്വാതന്ത്ര്യം അനുഭവിക്കുകയും ചെയ്യുന്നു. ഇവിടെ സ്ത്രീത്വം വൈറ്റ്‌ഴിക്കപ്പെടുന്നതില്‍ പുരുഷന്മാര്‍ക്കുള്ള വിഷമംപോലും സ്ത്രീസംഘടനകള്‍ പ്രകടിപ്പിക്കുന്നില്ലല്ലോ?

ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.