അദ്ദേഹം നേരിടുന്ന വലിയ വിമർശനം, ചെയ്യുന്ന കഥാപാത്രങ്ങളെ തമ്മിൽ വേർതിരിച്ചറിയാൻ പറ്റുന്നില്ല എന്നതാണ്

183

വിവേക് ചന്ദ്രൻ

ഇന്ന് സൗത്ത് ഇൻഡസ്ട്രിയിൽ ഒരുപക്ഷെ ഏറ്റവും തിരക്കുള്ള പ്രധാന നടനാണ് വിജയ് സേതുപതി. ഒരു വർഷത്തിൽ ശരാശരി 6 സിനിമകളോളം ചെയ്യുന്നതുകൊണ്ട് തന്നെയാവണം, അദ്ദേഹം നേരിടുന്ന ഏറ്റവും വലിയ വിമർശനം ഈ ചെയ്യുന്ന കഥാപാത്രങ്ങളെ തമ്മിൽ വേർതിരിച്ചറിയാൻ പറ്റുന്നില്ല എന്നതാണ്. എന്നാൽ ഈയൊരു വിമർശനത്തിന്റെ അടിസ്ഥാനം കിടക്കുന്നത് വിജയ് സേതുപതി പിന്തുടരുന്ന അഭിനയത്തെ കുറിച്ചുള്ള കാഴ്ചപ്പാടിൽ തന്നെയാണ് എന്നതാണ് സത്യം. വിജയ് സേതുപതി ചെയ്ത ഭൂരിപക്ഷം കഥാപാത്രങ്ങളിൽ ഏറ്റവും പ്രകടമായി കാണാവുന്ന ഒരു പൊതുസ്വഭാവം അത് സിനിമയുടെ പ്ലോട്ടിനെ ഒട്ടും ഗൗരവത്തോടെ എടുക്കുന്നില്ല എന്നതാണ്.

Vijay Sethupathi Birthday Special: Top movies of the versatile Superstarതാൻ അഭിനയിക്കുന്ന സിനിമയിൽ നിന്നും സ്വയം വേറിട്ട് നിന്നുകൊണ്ട് ആ സിനിമയെ, അതിലെ കഥാപാത്രങ്ങളെ (തന്റേതടക്കം), അതിലെ കഥാസന്ദർഭങ്ങളിലെ അസ്വാഭാവികതയെ, absurdityയെ ഒക്കെ ഒരു മയവും ഇല്ലാതെ ട്രോളാനും വളരെ ക്രിട്ടിക്കൽ ആയി കമന്റ് ചെയ്യാനും വിജയ് സേതുപതിയുടെ കഥാപാത്രം ശ്രമിക്കാറുണ്ട്. ഒരു ഉദാഹരണം പറയുകയാണെങ്കിൽ, ‘വിക്രംവേദ’യിൽ വിക്രമും(മാധവൻ) പോലീസും തമ്മിൽ ഊടുപാട് വെടിവെപ്പ് നടക്കുന്നതിനിടയിൽ കൂളായിരുന്ന് തമാശ പറയാനും തനിക്കുനേരെ വെടിയുതിർക്കുന്ന പോലീസുകാരെ ഓരോ ചേഷ്ടകൾ കാണിച്ച് പരിഹസിച്ച് പ്രേക്ഷകരിൽ ചിരി ഉണർത്താനും VJSന് സാധിക്കുന്നുണ്ട്. ഇങ്ങനെ സ്വന്തം കഥാപാത്രത്തിന് മെയിൻ പ്ലോട്ടുമായി വേറിട്ട് ഒരു പാരലൽ ട്രാക്ക് ഉണ്ടാക്കിയെടുക്കാനും അതിനനുസരിച്ച് ക്ലൈമാക്‌സിലടക്കം മെയിൻ പ്ലോട്ടുമായി ഒരു ദൂരം സ്ഥാപിക്കാനും (കുറഞ്ഞപക്ഷം പ്രേക്ഷകർക്കെങ്കിലും അങ്ങനെയൊരു തോന്നൽ ഉണ്ടാക്കാനും) VJSന് സാധിക്കുന്നിടത്താണ് അദ്ദേഹത്തിന്റെ ആക്ടിങ് ബ്രില്യൻസ്. ഇപ്പോൾ വിക്രംവേദയിലെ കഥാപാത്രത്തിന്റെ കാര്യമെടുത്താൽ വേദ അങ്ങനെ weird ആയി പെരുമാറുന്നതിൽ ഒട്ടും തന്നെ അസ്വാഭാവികതയില്ല. അയാൾ തന്റേതെന്ന് കരുതിയ എല്ലാം നഷ്ടപ്പെട്ട മനുഷ്യനാണ്, ഇനിയങ്ങോട്ടുള്ള എന്തിനെയും sporty ആയിട്ടെടുക്കാൻ പോന്ന മരവിപ്പ് അയാളിൽ രൂപപ്പെട്ടു കഴിഞ്ഞിരിക്കണം.

Vijay Sethupathi – Biography, movies, wife, life, family, movie listഅങ്ങനെ പിരിമുറുക്കം വരുന്ന സന്ദർഭങ്ങളിൽ പോലും Intentionally ridiculous ആവാൻ, absurd ആയി പെരുമാറാൻ VJSന്റെ കഥാപാത്രങ്ങൾക്ക് സാധിക്കുന്നത് കൊണ്ട് ഒരു പരിധിവരെ അദ്ദേഹത്തിന്റെ പ്രതികരണം സിനിമ കാണുന്ന പ്രേക്ഷകന്റെ പ്രതികരണത്തോട് അടുത്തുനിൽക്കുന്നു. പ്രേക്ഷകന് മാത്രം കാണാവുന്ന കാമുകിയുമായി സംവദിക്കുന്ന ‘സൂത് കവ്വു’മിലെ കിഡ്നാപ്പറും ‘നടുവിലെ കൊഞ്ചം പക്കത്തെ കാണോ’മിലെ ഓർമ്മ നഷ്ടപ്പെട്ട യുവാവും ‘കകപോ’യിലെ പരാജയപ്പെട്ട ഗ്യാങ്സ്റ്ററും ഒക്കെ അവർ വ്യവഹരിക്കുന്ന സിനിമാറ്റിക്ക് യൂണിവേഴ്സിൽ നിന്നും അകന്നുമാറി പ്രേക്ഷകർക്ക് മാത്രം ഉൾക്കൊള്ളാനാവുന്ന മറ്റൊരു ലോകത്തിൽ വിഹരിക്കുന്നവരാണ്. അങ്ങനെ സിനിമയിലെ പ്രേക്ഷകന്റെ പ്രതിനിധിയായാണ് VJS ചെയ്യുന്ന കഥാപാത്രങ്ങൾ സിനിമയിൽ നിലകൊള്ളുന്നത്. ഇത് തമിഴ് സിനിമയിലെ ഒരു പുതിയ സങ്കേതമൊന്നുമല്ല, പാർത്ഥിപൻ അദ്ദേഹത്തിന്റെ മധ്യവയസ്സിൽ ചെയ്ത റിലേഷൻഷിപ്പ് ഡ്രാമകളിൽ ഇതേ ടെക്ക്നിക്ക് ഉപയോഗിച്ചിട്ടുണ്ട്. വടിവേലുവുമായി ചേർന്ന് അദ്ദേഹം സിനിമയ്ക്ക് സമാന്തരമായി കൊണ്ടുപോകുന്ന കോമഡി ട്രാക്ക് വലിയ ജനപ്രിയമായിരുന്നു. കുറച്ചുകൂടി പിന്നോട്ട് പോയാൽ പാർത്ഥിപന്റെ ഗുരു ഭാഗ്യരാജ് സംവിധാനം ചെയ്ത സിനിമകളിൽ അദ്ദേഹത്തിന്റെ കഥാപാത്രം സിനിമയുടെ പ്ലോട്ടിനെ കുറിച്ചും ചില കഥാപാത്രങ്ങളുടെ പെരുമാറ്റത്തെ കുറിച്ചും ഒക്കെ പാരലൽ കമന്റേറ്ററി നടത്തുന്നതായി കാണാം.

Why Tamil actor Vijay Sethupathi bowed out of Sri Lankan cricketer Muttiah  Muralitharan's biopic '800' | Bollywood – Gulf Newsസോറി സോറി, പറഞ്ഞുവന്ന വിഷയത്തിന്റെ ഫ്ലോ അങ്ങ് പോയി. ബാക്ക് റ്റു VJS, വിക്രം-വേദയിലെ വേദ അപാരമായ God-like complex മനസ്സിൽ സൂക്ഷിക്കുന്ന ഒരാളാണ്. ആ ഒരൊറ്റ സവിശേഷത കൊണ്ടാണ് ഒരിക്കലും നടക്കില്ലെന്നു തോന്നി ചേട്ടൻ (ഹരീഷ് പേരടി) ഏൽപ്പിക്കുന്ന ഓരോ അസൈൻമെന്റും അയാൾ നിസ്സാരമായി നിറവേറ്റുന്നത്. ‘ചെക്ക ചിവന്ത വാന’ത്തിൽ സഹോദരന്മാർ തമ്മിൽ പോരടിക്കുമ്പോഴും റസൂലിന് (VJS) അത് വെറും തമാശയാവുന്നത് എന്തായാലും ക്ലൈമാക്സിൽ ഇവരെയൊക്കെ താൻ കൊല്ലാൻ പോവുകയാണ് എന്ന തിരിച്ചറിവുള്ളത് കൊണ്ടാകണം. ഒരുപക്ഷെ മണിരത്‌നത്തിന്റെ തന്നെ ‘അഗ്നിനറ്റ്ച്ചത്തിര’ത്തിന്റെ ഹെവി വേർഷൻ മാത്രമായി അവസാനിക്കാവുന്ന സിനിമയാണ് VJS തന്റെ സാന്നിധ്യം കൊണ്ട് മറ്റൊരു തലത്തിൽ എത്തിക്കുന്നത്. ഈ സിനിമയിൽ കഥാപരിണാമത്തെ കുറിച്ച് ഏറ്റവും കൃത്യമായ അറിവുള്ള ചിത്രയും (ജ്യോതിക) റസൂലും തമ്മിൽ നടക്കുന്ന സംഭാഷണവും അവരുടെ ബോഡി ലാംഗ്വേജ് വഴിയുള്ള സമാന്തര സംവേദനവും നമ്മുടെ സിനിമാ കാഴ്ചകളിൽ തന്നെ pure gold എന്ന് വിശേഷിപ്പിക്കാവുന്ന ഒരു രംഗമാണ്. ഇതാണ് എന്റെ രണ്ടാമത്തെ പോയിന്റും, മെയിൻ പ്ലോട്ടിൽ നിന്നും അകലം പാലിച്ച് കൂൾ ആയി നിൽക്കുമ്പോഴും ഈ കഥ ഒടുക്കം എവിടെ ചെന്നെത്തും എന്നറിയുന്നവരാണ് VJS ചെയ്യുന്ന കഥാപാത്രങ്ങൾ. പക്ഷെ പലപ്പോഴും VJSന്റെ കഥാപാത്രങ്ങൾ കൈക്കൊള്ളുള്ള ഈ ആറ്റിട്യൂട് അങ്ങേയറ്റം ഉദ്വെഗത്തോടെയുള്ള കഥാസന്ദർഭങ്ങളുടെ കാറ്റ്കുത്തികളയുന്നത് പോലെയും ചിലപ്പോൾ അനുഭവപ്പെടാറുണ്ട്. അതുവഴി സിനിമ പലപ്പോഴും ഉദ്ദേശിക്കാത്ത തരത്തിൽ humorous ആയി അനുഭവപ്പെടാറുമുണ്ട്.

‘ധർമ്മദുരൈ’യിൽ VJS ചെയ്ത കഥാപാത്രം തന്റെ സഹോദരങ്ങളുടെ ക്രൂരതയെ മറ്റൊരു വീക്ഷണകോണിലൂടെ കണ്ടു പ്രേക്ഷകരുമായി അതിനെക്കുറിച്ച് സംവദിക്കുന്നതിലൂടെ സിനിമ അതിലെ കഥ അർഹിക്കുന്നത്രയും ഡാർക്ക് ടോണിലേക്ക് വീഴാതെ റിപ്പീറ്റ്-വാച്ചിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇനി ഇതിൽനിന്നും വ്യത്യസ്തമായ ഒരു കൈവഴി കൂടിയുണ്ട് VJSനു തന്റെ അഭിനയ ശൈലിയിൽ. അത് പലപ്പോഴും അന്തർമുഖരായ, അങ്ങേയറ്റം struggling ആയ കഥാപാത്രങ്ങളെ സ്വീകരിക്കുമ്പോൾ (96, ആണ്ടവൻ കട്ടളൈ) അദ്ദേഹത്തിന്റെ ബോഡി ലാംഗ്വേജിൽ വരുത്തുന്ന ഒതുക്കവും ശബ്ദത്തിൽ പ്രകടമാകുന്ന ആത്മവിശ്വാസമില്ലായമയുമാണ്. ഒന്നോർത്തുനോക്കൂ, അങ്ങേയറ്റം extrovert ആയ കഥാപാത്രങ്ങൾ വഴി സ്റ്റാർവാല്യൂവും introvert ആയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരിൽ ‘എന്റെ മനുഷ്യൻ’ എന്ന തോന്നലും ഉണ്ടാക്കാൻ ഒരു നടന് സാധിക്കുന്നുണ്ടെങ്കിൽ അദ്ദേഹത്തിനെ മക്കൾ സെൽവൻ (പ്രേക്ഷകന്റെ സമ്പത്ത്) എന്നതില്‍ കുറഞ്ഞ് എന്താണ് വിളിക്കേണ്ടത് ?

എന്നാല്‍, ഇനി എഴുതാന്‍ പോകുന്നത് അണ്പോ‍പ്പുലർ ആവാനിടയുള്ള ഒരു അഭിപ്രായമാണ്, തീർച്ചയായും ഞാനത് ഉൾക്കൊള്ളുന്നു (മാസ്റ്റർ സിനിമ കണ്ടിട്ടില്ലെങ്കിൽ ഇനിയങ്ങോട്ട് സ്പോയിലറുണ്ടേ !). ‘മാസ്റ്ററി’ലെ ഭവാനി VJS സ്ക്രീനില്‍ ചെയ്തു ഫലിപ്പിക്കുന്നതില്‍ പരാജയപ്പെട്ട ഒരു കഥാപാത്രമാണ്. സിനിമയില്‍ ഭവാനി സ്വന്തം സ്പേസില്‍ നില്‍ക്കുമ്പോള്‍ VJSന് തന്റെ സ്വതസിദ്ധമായ നർമ്മവും സര്‍ക്കാസവും (ലോറി തൊഴിലാളി യൂണിയനില്‍ ഉള്ള നേതാക്കളുമായുള്ള കോൺഫ്രൺറ്റേഷൻ സീക്വന്‍സുകള്‍, ഒട്ടകപ്പക്ഷിയുടെ മുട്ടയെ കുറിച്ചുള്ള പരാമർശം etc.) വിജയകരമായി അവതരിപ്പിക്കാന്‍ സാധിക്കുന്നുണ്ട്. കുളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ JDയുമായുള്ള ഭവാനിയുടെ ഫോൺകോളിൽ അദ്ദേഹം ദൈവത്തോളമെത്തുന്ന ആത്മവിശ്വാസത്തോടെയാണ് പേനയും പേപ്പറും എടുത്ത് അടുത്ത സുഹൃത്തുക്കളുടെ പേരെഴുതാൻ പറയുന്നത്. ഈ പറഞ്ഞ രംഗങ്ങളിൽ ഒക്കെ ഭവാനി നായകനെക്കാൾ സ്‌കോർ ചെയ്തു കയറുകയാണ്. നേരുപറഞ്ഞാൽ അതുതന്നെയാണ് വേണ്ടതും, നായകനെക്കാൾ ഹീറോയിസം ഉള്ള വില്ലൻ തന്നെയാണ് ഒരു കൊമേഷ്യൽ പടത്തിന്റെ ‘ഐശ്വര്യം’. എന്നാൽ എനിക്ക് പ്രശനം തോന്നിയ രംഗം ജുവനൈൽ ഹോമിൽ കയറി ഭവാനി രണ്ടു കുട്ടികളെ ഇടിച്ച് കൊല്ലുന്നിടത്താണ്.

നമ്മുടെ സിനിമാകാഴ്ചകളിൽ തന്നെ പ്രത്യക്ഷത്തിൽ ഏറ്റവും കടുത്ത ക്രൂരതയാണ് അയാൾ ചെയ്യുന്നത്, പത്ത് വയസ്സ് തികയാത്ത കുട്ടികളെ നെഞ്ചിനിടിച്ച് കൊന്ന് കെട്ടിത്തൂക്കുക ! അത് കഴിഞ്ഞിട്ടും നമുക്ക് ഭവാനി ഇറക്കുന്ന തഗ്ഗ് കണ്ടു കൈയ്യടിക്കാൻ തോന്നുന്നുണ്ടെങ്കിൽ, അയാള്‍ പറയുന്ന തമാശകള്‍ക്ക് ചിരി വരുന്നുണ്ടെങ്കില്‍, ആ കഥാപാത്രം അര്‍ഹിക്കുന്ന ഭീതിയും വെറുപ്പും പ്രേക്ഷകനില്‍ വിതയ്ക്കാന്‍ നടന്‍ എന്ന നിലയില്‍ VJS പരാജയപ്പെട്ടു എന്ന് തന്നെയാണ് കരുതേണ്ടത്. അവസാനത്തോടെ JDയുമായി തുറന്ന യുദ്ധത്തിൽ ഏർപെടുന്നതോടെ സംഘർഷത്തിൽ ആവുന്ന ഭവനിയിൽ നിന്നും വേർപെട്ട് ആ കഥാപാത്രത്തിന്റെ അവസ്ഥയെ കുറിച്ച് കമന്റ് ചെയ്യാനോ തമാശ പറയാനോ VJSന് സാധിക്കുന്നില്ല. അത് സ്വാഭാവികവുമാണ്. എന്നാൽ “ഒരു പോലീസുകാരനെ അവതരിപ്പിച്ചാൽ അത് വിജയ് സേതുപതി ആയിട്ടാവും, ഗ്യാങ്‌സ്റ്ററേ അവതരിപ്പിച്ചാൽ അതും വിജയ് സേതുപതി ആയിട്ടാവും…” എന്നൊരു അഭിമുഖത്തിൽ പറഞ്ഞ VJSന് അങ്ങനെയൊരു സ്പേസ് ഭവാനിയുടെ കഥാപാത്ര നിർമ്മിതിയിൽ ലഭിക്കുന്നില്ല എന്നത് അദ്ദേഹത്തിന്റെ അഭിനയത്തെ സാരമായി ബാധിക്കുന്നുണ്ട്. അതിന്റെ എല്ലാ അസ്വസ്ഥതയും ഭവാനിയുടെ ബോഡി ലാംഗ്വേജില്‍ തന്നെ evident ആണെന്നതാണ് രസം. അനൂപ് മേനോൻ ഒക്കെ ചെയ്യുന്നത് പോലെ fake ആയ ഒരു easiness പെരുമാറ്റത്തിൽ കൊണ്ടുവരാൻ VJS ശ്രമിക്കുന്നതായി അനുഭവപ്പെടുന്നുണ്ട് പല രംഗങ്ങളിലും. സമുദ്രക്കനി മുതൽ കലാഭവൻ മണി വരെ നീളുന്ന തീക്ഷണതയുള്ള നടന്മാർക്ക് ചേരുന്ന ഒരു കഥാപാത്രത്തിൽ VJSനെ പോലെ വളരെ friendly ആയ ബോഡി ലാംഗ്വേജ് ഉള്ള ഒരു നടനെ കാസ്റ്റ് ചെയ്തതിൽ ഉള്ള പരാധീനതയായിട്ടാണ് ഞാൻ ഇതിനെ മനസ്സിലാക്കുന്നത്. ഒരു നടൻ താരമായി മാറുമ്പോൾ സംഭവിയ്ക്കുന്ന ഏറ്റവും സ്വാഭാവിക പരിണാമം മാത്രമാണ് ഇത്. (നവാസുദ്ദിൻ സിദ്ദിഖി ‘മുന്ന മൈക്കിളി’ലും ‘ഹൗസ്ഫുൾ 4’ലും അഭിനയിക്കുമ്പോൾ താനൊരു എക്‌സെൻട്രിക്ക് ആണെന്ന് വല്ലാതെ ഫോഴ്‌സ് ചെയ്ത് സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നത് പോലെ തോന്നിയിട്ടില്ലേ ?

നടനും താരവും തമ്മിലുള്ള മത്സരം തനിക്ക് അധികമൊന്നും ചെയ്യാനില്ലാത്ത കഥാപാത്രങ്ങളിൽ വളരെ പ്രകടമാകുന്നത് സ്വാഭാവികമാണ്.) എന്നാൽ ഭവാനി എന്ന കഥാപാത്രം ഒരു താരം എന്ന നിലയിൽ ഇൻഡസ്ട്രിയിൽ സംഭവിക്കാൻ പോകുന്ന കൂടുതൽ വലിയ/സമ്പന്നമായ പ്രോജെക്റ്റുകളിലേക്ക് VJS ന്റെ സാന്നിധ്യം സാധ്യമാക്കും എന്ന് തന്നെയാണ് പ്രതീക്ഷ. അപ്പോഴും അദ്ദേഹത്തിന്റെ core-strength കൃത്യമായി മനസ്സിലാക്കിയ സംവിധായകരിൽ നിന്നും അദ്ദേഹത്തിന് നല്ല പ്രോജക്റ്റുകൾ ലഭിക്കട്ടെ എന്നാഗ്രഹിക്കുന്നുണ്ട്. ഇങ്ങനെ ഇത്തിരി കുറ്റമൊക്കെ പറയുമ്പോഴും ഒരു സ്‌പെക്ടക്കിൾ എന്ന അർഥത്തിൽ എനിക്ക് പൂർണ്ണ സംതൃപ്തി തന്ന സിനിമയാണ് ‘മാസ്റ്റർ’. ഇതിനെ കുറിച്ച് സമയം കിട്ടിയാൽ വരും ദിവസങ്ങളിൽ എഴുതാം.
സ്നേഹം ❤️