ഗോപാലകൃഷ്ണൻ അവർകൾക്കു അക്ബറിന്റെ അനുഭവം ഒരു പാഠമാകണം

85

Vivek Narayan

അത്യാവശ്യം മാനത്തോടെയും പുരോഗഗമന ചിന്തയുടെയും കേരളത്തിൽ ജീവിച്ചിരുന്ന ഹിന്ദുക്കളെ പരിഹാസ്യരാക്കുവാൻ വേണ്ടി അവതരിച്ച ഗോപാലകൃഷ്ണൻ അവർകൾക്കു അക്ബറിന്റെ അനുഭവം ഒരു പാഠമാകണം .ആത്മീയ – തത്വ ശാസ്ത്ര ചിന്തകളും ശാസ്ത്രീയ കല്പനകളും നേട്ടങ്ങളും തമ്മിൽ കൂട്ടിക്കുഴക്കുന്നതു മഹാ അബദ്ധമാണ് .സ്വയം അപമാനിതനാകുവാനും കൂടെ ഉള്ളവരെ കൂടി അപമാനിതരാക്കുവാനും ഇതിൽ പരം വേറെ ഒരു മാർഗ്ഗമില്ല .

ഇല്ലാത്ത നേട്ടങ്ങൾ വ്യഖ്യാനങ്ങളിലൂടെ കൃത്രിമമായി ഉണ്ടാക്കേണ്ടതില്ല . സെമറ്റിക് മതങ്ങൾ ദൈവത്തിന്റെ അത്ഭുതങ്ങൾ പറഞ്ഞു വിശ്വാസികളെ വിശ്വസിപ്പിച്ചു കൂടെ നിര്ത്തുന്നു , മത പരിവർത്തനനം നടത്തുവാൻ അത് പലർക്കും കാരണം ആയേക്കാം എന്നത് കൊണ്ട് സമാനമായി ഹിന്ദു മതത്തിലും അത്ഭുതങ്ങൾ ഉണ്ടാക്കി എടുക്കാനുള്ള അങ്ങയുടെ സദുദ്ദേശം വ്യക്തമാണ് .

പക്ഷെ ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്തേക്കാം എന്നാണ് പഴമൊഴി ! അത് വിപരീത ഫലമാണ് ചെയ്യുക .ബുദ്ധ – ഹിന്ദു മതങ്ങളുടെ ദാർശനിക ബൗദ്ധിക തലങ്ങൾ ഏറെ ഉയർന്നതാണ് . അവയുടെ പകര്ത്തി -പ്രപഞ്ച പാരസ്പര്യവും ശാന്തവും സ്വച്ഛവുമായ ഒരു വ്യക്തി- സമൂഹ ജീവിതത്തിനു വേണ്ടതായ ഏറ്റവും ഉയർന്ന തലമാണ് .അത് വ്യക്തികൾക്ക് നൽകുന്ന സ്വാതന്ത്ര്യം അനുപമവുമാണ്

ആ ഒരു കാരണം കൊണ്ട് തന്നെ അത്ഭുതങ്ങൾ ഒന്നും ഇവിടെ ആളുകളെ പിടിച്ചു നിർത്തുവാനാവശ്യമില്ല .ഹിന്ദു മതത്തിൽ അന്തർലീനമായ ജാതി ഗോത്രീയത മാത്രമാണ് അതിൻ്റെ മറ്റുള്ള സഗുണങ്ങളെ ഇല്ലായ്മ ചെയ്യുന്നത് .അത് കൊണ്ട് താങ്കൾ ഹിന്ദു മതത്തിന്റെ നിലനിൽപ്പിൽ ഉൽക്കണ്ഠപ്പെടുകയും അതിന്റെ അതിജീവനവും തുടർച്ചയും കാംക്ഷിക്കുന്നു എങ്കിൽ താങ്കൾ ചെയ്യേണ്ടത് ജാതിക്കെതിരെ പ്രവർത്തിക്കുക എന്നത് മാത്രമാണ് .കൃത്രിമമായി ഭൗതിക ശാസ്ത്രത്തെയും ആത്മീയ കാല്പനികതയെയും ഐതിഹ്യ കഥകളെയും കൂട്ടി കെട്ടുന്നത് പരിഹാസ്യവും നില നിൽപ്പ് ഇല്ലാത്തതുമാണ് .അക്ബറിന്റെ ദുരനുഭവം അങ്ങയുടെ കണ്ണ് തുറപ്പിക്കട്ടെ എന്നാശിക്കുന്നു !