ഇന്ത്യയുടെ ആത്മാവല്ല, തനി പ്രാകൃതമാണ് ഗ്രാമങ്ങളിൽ

133

Vivek Narayan

ഇന്ത്യയുടെ ഹൃദയം ഗ്രാമങ്ങളിൽ ആണ് എന്ന് ഗാന്ധിജി പറഞ്ഞു എന്ന് കേട്ട് ഞാൻ അതിശയപ്പെട്ടു പോയിട്ടുണ്ട് . കാരണം ഇന്ത്യയുടെ എന്തൊക്കെയാണോ ഏറ്റവും കൂടുതൽ മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്നതായി ഉള്ളത് അതെല്ലാം ഗ്രാമങ്ങളിൽ ആണ് എനിക്ക് കാണുവാൻ കഴിഞ്ഞത് .ഇന്ത്യയുടെ ഗ്രാമങ്ങൾ എന്ന് പറയുമ്പോൾ അത് കേരളത്തിലെ ഗ്രാമങ്ങൾ പോലെയാണ് എന്ന് തെറ്റിദ്ധരിക്കുന്നവർ പോസ്റ്റ് വായന നിർത്തി ഇപ്പോൾ തന്നെ കമന്റിൽ അക്രമാസക്തനായിക്കാണും . അവർ അങ്ങനെ തുടരുക. മറ്റുള്ളവർ പോസ്റ്റ് തുടർന്ന് വായിക്കുക .

ഇന്ത്യയെ സംബന്ധിച്ചെടുത്തോളം ഏറ്റവും കൂടുതൽ പ്രതിലോമകരവും സാമൂഹ്യ വിരുദ്ധമായതുമായ ഒന്നാണ് ജാതി വിവേചനം . . മത വിവേചനം , തൊഴിൽ – സാമ്പത്തിക വിവേചനം എന്നിവ .ഇതിന്റെ എല്ലാം മൂര്ധന്യമാണ്‌ ഇന്ത്യയിലെ ഗ്രാമങ്ങളിൽ നിങ്ങൾ കാണുക . കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന അവസ്‌ഥയും ജമീന്ദാരി സമ്പ്രദായവും അടിമ -ഉടമ ജീവിതവും എല്ലാം ഇന്ത്യൻ ഗ്രാമങ്ങൾക്ക് സ്വന്തം .ഗ്രാമങ്ങളിൽ നിന്നും ചെറു പട്ടണങ്ങളിലേക്കും നഗരങ്ങളിലേക്കും വരുമ്പോൾ അതിനു വളരെ മാറ്റങ്ങൾ സംഭവിക്കുന്നു . എന്നിട്ടു പോലും പല ഇന്ത്യൻ നഗരങ്ങളും ഈ അപരിഷ്കൃത സംമ്പ്രദായങ്ങൾ നല്ല വണ്ണം നില നിർത്തുന്നു .അപ്പോൾ ഗ്രാമങ്ങളുടെ അവസ്‌ഥ നിങ്ങള്ക്ക് ഊഹിക്കാവുന്നതേയുളളൂ

പല ഗ്രാമങ്ങളും പോലീസ് സ്റ്റേഷനോ കോടതിയോ മറ്റു സർക്കാർ ഓഫിസുകളോ കണ്ടു പരിചയം ഇല്ലാത്തവയാണ്. പോലെൻസും അധികാരികളും ഉണ്ടെങ്കിൽ തന്നെ നീതി മാത്രം പ്രതീക്ഷിക്കരുത് . ദാദാ ഗിരിയാണ് സിസ്റ്റം .ജനാധിപത്യം സമത്വം സ്വാതന്ത്ര്യം എന്നതൊക്കെ തമാശയാണ് .പല ഗ്രാമങ്ങളും ജാതി അനുസൃതമാണ് . ദളിത് ഗ്രാമങ്ങൾ . ഒബിസി സമുദായ ഗ്രാമങ്ങൾ ,സവർണ ഗ്രാമങ്ങൾ ,ബ്രാഹ്മിൻ ഗ്രാമങ്ങൾ എന്നിങ്ങനെ . അഥവാ അവിവിധ ജാതികൾ ഉണ്ട് എങ്കിൽ തന്നെ അവർ താമസിക്കുന്നത് പരസ്പരം ബന്ധമില്ലാത്ത ഇടങ്ങളിലാണ് . സഹവർത്തിത്വമോ , ഇടകലർന്ന ജീവിതമോ അവിടെയില്ല.

സ്വത്വ ബോധത്തിന്റെ താണ്ഡവ രൂപമാണ് ഏറ്റവും പാവപ്പെട്ടവരിൽ പോലും .ആൾക്കൂട്ടങ്ങൾ , കാട്ടു നീതി എല്ലാം അവിടെ സർവ്വരാലും അംഗീകരിക്കപ്പെടുന്നു . തങ്ങളുടെ ഗ്രാമത്തിനു പുറത്തുള്ളവനെ – താങ്കൾക്ക് പരിചയം ഇല്ലാത്തവനെ അടിക്കുവാനോ കൊല്ലുവാനോ ഒരുതരത്തിലുള്ള മടിയും പ്രതീക്ഷിക്കേണ്ടതില്ല .മൂന്ന് സന്യാസിമാർ ആൾക്കൂട്ട ആക്രമണത്തിന് ഇരയായി മരണപ്പെട്ട വിവരം വായിച്ചപ്പോൾ ഓര്മയിലെത്തിയത് ഇങ്ങനെയുള്ള അനേകം ഇന്ത്യൻ ഗ്രാമങ്ങളുട നേർ ചിത്രങ്ങളാണ് .

അതിൽ മത വർഗീയത കാണേണ്ട കാര്യമില്ല ! ഈ ഗ്രാമങ്ങളെയാണ് ഗാന്ധിജി ഇന്ത്യയുടെ ഹൃദയം എന്ന് വിളിച്ചത് എന്നോർക്കുമ്പോൾ ….! സ്വത്വബോധത്തിൻ്റെ രൗദ്രത ഭീകരമാണ്. അത് “തങ്ങൾ – അവർ” എന്ന ദ്വന്ദ ബോധത്തെ സൃഷ്ടിക്കുന്നു. അതാണ് നിങ്ങൾ പറയുന്ന സാത്താൻ . നിങ്ങൾ ഏതെങ്കിലും സമൂഹ സ്വത്വത്തിന്റെ ഭാഗമാകുമ്പോൾ ആ സാത്താൻ നിങ്ങളുട ഉള്ളിൽ കയറിക്കൂടുന്നു . ആ സ്വത്വം ജാതിയാകട്ടെ , മതമാകട്ടെ, ഗ്രാമ- ദേശ സ്വതമാകട്ടെ അതുപോലുള്ള മറ്റെന്തെങ്കിലും വർഗ്ഗീയതകൾ ആകട്ടെ !