ജീവന്റെ ഭൂപടത്തിൽ നിന്ന് ഒരു ഡോക്ടർ കൂടി നമ്മെ വിട്ടു പോയി

429
Vk Jobhish
ജീവന്റെ ഭൂപടത്തിൽ നിന്ന് ഒരു ഡോക്ടർ കൂടി നമ്മെ വിട്ടു പോയി.
ഒസാമ റിയാസ്- കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ മരിക്കുന്ന ആദ്യത്തെ പാക്കിസ്ഥാനി യുവ ഡോക്ടർ. ഇറാനിൽ നിന്നും ഇറാക്കിൽ നിന്നും സ്വന്തം ദേശത്തേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുന്ന പ്രവാസികളെയും തീർത്ഥാടകരെയും തന്റെ ജീവൻപോലും അവഗണിച്ച് തുടർച്ചയായി ചികിത്സിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഇരുപത്താറുകാരനായ ഒസാമ മരണത്തിനു കീഴടങ്ങിയത്. അർദ്ധരാത്രിയിലുൾപ്പെടെ ഐസൊലേഷൻ വാർഡിലുള്ളവർക്കൊക്കെ ആശ്വാസം നൽകിക്കൊണ്ട് ഈ കൊറോണക്കാലത്ത് ഉസാമ തുടർച്ചയായി ഡ്യൂട്ടിയിലായിരുന്നു എന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറയുന്നു.കഴിഞ്ഞ ദിവസം അർദ്ധരാത്രി ആശുപത്രിയിൽ നിന്നും വീട്ടിലേക്കു മടങ്ങിയ ഒസാമ ‘താൻ ക്ഷീണിതനാണെന്നും ഉറങ്ങാൻ പോവുകയാണെന്നും’ പറഞ്ഞ് സ്വന്തം മുറിയിലേക്ക് പോയതായിരുന്നു.പക്ഷെ പതിവുപോലെ രാവിലെ ഉണർന്നില്ല.കരുണയുടെ ഒരധ്യായം കൂടി തീർന്നു. ഭൂമിയിൽ ഇപ്പോഴവശേഷിക്കുന്നവരെല്ലാം ഇതുപോലുള്ള മനുഷ്യരോട് എക്കാലവും കടപ്പെട്ടിരിക്കും. മരിച്ചുപോയ ഈ ധീരന്റെ ഓർമ്മയ്ക്കു മുന്നിൽ ആ നാട് ഇപ്പോൾ മരവിച്ചു നിൽക്കുകയാണ്.
അവരുടെ സങ്കടങ്ങൾക്കൊപ്പം ഈ ഒരറ്റത്തു നിന്നും നമുക്കും ചേർന്നു നിൽക്കാം. ഒസാമറിയാസിന് ആദരവ്.
രോഗത്തിനുമുന്നിൽ അതിർത്തികളില്ല. മരണത്തിനു മുന്നിൽ ദേശീയതയുമില്ല. അവ എല്ലാറ്റിനു മുകളിലൂടെയും പടർന്നു കൊണ്ടിരിക്കയാണ്.എല്ലാ നാടും ശവഗന്ധങ്ങൾ കൊണ്ട് നിറയുകയാണ്.ലോകത്തിന്റെ പല ഭാഗങ്ങളിലായി ഒരുപാട് ആരോഗ്യ പ്രവർത്തകർ ഒസാമയെപ്പോലെ കൊറോണയ്ക്ക് കീഴടങ്ങി മരണപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. അത് ഏറ്റവും ഭീതിയുളവാക്കുന്നതാണ്.ഇപ്പോൾ നമ്മുടെ ഒരാളുടെ ജീവനേക്കാൾ എത്രയോ വിലപ്പെട്ടതാണ് ഒസാമയെപ്പോലുള്ളവരുടെ ജീവനുകൾ.ഡോക്ടർമാരും നഴ്സുമാരും നാടിന്റെ കാവലാളുകളാണ്.നിസ്സഹായരായി ആശുപത്രികളിലേക്കെത്തിക്കൊണ്ടിരിക്കുന്നവർക്ക് അവർ ആശ്രയമാണ് ആശ്വാസമാണ്. അവരുടെ എണ്ണം കുറക്കാതിരിക്കേണ്ടത് നമ്മുടെ നാടിന്റെ ആവശ്യമാണ്. നാളെ നമ്മുടെ നാട്ടിൽ ഒരു ഒസാമ ആവർത്തിക്കാതിരിക്കാൻ ഈ ദിവസങ്ങളിൽ നാം വീടുകളിലിരുന്നേ പറ്റൂ. ഇറ്റലിയിൽ ഇന്നലെയും 602 ആളുകൾ മരണപ്പെട്ടു എന്ന് ഈ പുലർച്ചെ നാം വായിക്കുന്നുണ്ട്. ഓരോ ദിവസവും മരണത്തിന്റെ ആഴങ്ങളിലേക്കാണ് പടികളിറങ്ങിപ്പോകുന്നത്. എന്നിട്ടും നമ്മുടെ നാട് ഇപ്പോഴും നിശ്ശബ്ദമല്ല. ഇനിയും ചിലർ ആൾക്കൂട്ടങ്ങളായി തെരുവിലുണ്ട്.!
സർക്കാർ ഒപ്പമല്ല. മുന്നിലുണ്ടെന്നു തന്നെയാണ്. പക്ഷെ നമ്മൾ ഓരോരുത്തരും സർക്കാരിന്റെ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ഇല്ലെങ്കിൽ വരും ദിവസങ്ങളിൽ ശ്മശാനങ്ങളിലേക്കെടുത്തെറിയപ്പെടുന്ന ഒരു വംശമായി നമ്മളും അവസാനിച്ചേക്കാം. ഇനിയും നമ്മൾ അലസമായി ഇറങ്ങിനടക്കുകയാണെങ്കിൽ ഭാവിയിൽ
സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും, മനുഷ്യരല്ലാത്ത മറ്റ് ജീവജാലങ്ങളും മാത്രമായി കേരളത്തിൽ നിന്നുള്ള കാഴ്ചകളും മാറിയേക്കാം.