വിദ്യാഭ്യാസം മനുഷ്യനെ പുതുക്കാനുള്ളതാണ് , ഈ പഴഞ്ചൻ രോഗം പടരാതിരിക്കാൻ ജാഗ്രതൈ

151
VK Jobhish
ടീച്ചർക്കും മനോരമയ്ക്കും നന്ദി.!
എല്ലാ നിമിഷങ്ങളും ഫോട്ടോഗ്രാഫുകളാകാറില്ല.ആയിരുന്നെങ്കിൽ ലോകം ഇക്കാണുന്നതുപോലെ അശ്ലീലമാകുമായിരുന്നില്ല.!
ഇതാ നമ്മുടെ വിദ്യാലയങ്ങളിലെ അപൂർവ്വനിമിഷങ്ങൾ. ഒരിടത്ത് പരീക്ഷയ്ക്കുമുമ്പ് അധ്യാപികയുടെ കാലിൽ വീഴുന്ന വിദ്യാർത്ഥിനികൾ.മറ്റൊരിടത്ത് അധ്യാപികയുടെ കാൽകഴുകി ഗുരുപൂജ ചെയ്യുന്നവർ.ഒരുപക്ഷെ ഇതിലപ്പുറവും നമ്മുടെ വിദ്യാലയങ്ങളിൽ നടക്കുന്നുണ്ടാവാം. നമ്മളറിയാഞ്ഞിട്ടാവാം.ഇങ്ങനെയുള്ള അശ്ലീലങ്ങൾ ഫോട്ടോഗ്രാഫുകളാകാത്ത കാലത്തോളം അല്ലെങ്കിൽ അധ്യാപകരിൽ വെളിച്ചം വരാത്ത കാലത്തോളം വിദ്യാലയങ്ങളിൽ ഇത്തരം ആചാരങ്ങൾ നിലനിന്നേക്കാം.അധ്യാപകനോളം യാഥാസ്ഥിതികർ ലോകത്ത് മറ്റാരുമില്ലെന്ന് ഒരിക്കൽ ഓഷോ പറഞ്ഞത് വെറുതെയല്ല.!
വിജ്ഞാനം എന്നാൽ വിമോചനമാണ്. പക്ഷെ നമ്മുടെ വിദ്യാലയങ്ങളിൽ എന്തൊക്കെയാണ് നടക്കുന്നത്.ശാസ്ത്രവും ചരിത്രവും സാഹിത്യവുമൊക്കെ പഠിപ്പിച്ച് ഒടുവിൽ ഇങ്ങനെ കുമ്പിടാനും ‘കുമ്പിടി’യാവാനും പഠിപ്പിക്കുന്നവർ.ഇവർ ഏത് മൂല്യബോധമാണ് തങ്ങളുടെ കുട്ടികളെ പഠിപ്പിക്കുന്നത്.ഇതുപോലുള്ള അധ്യാപകരുടെ ചിന്തകളാലും പ്രവർത്തികളാലും തടവിലാക്കപ്പെട്ട കുട്ടികളാണ് നാളെ ഐസ്ആർഒവി ലെത്തിയാലും ഐഐടിയിൽ അധ്യാപകരായാലും അവധി ദിവസങ്ങളിൽ ആൾദൈവങ്ങൾക്ക് മുന്നിലെത്തുക.! അങ്ങനെയുള്ള വലിയ ‘കുട്ടികളിൽ’കുറേപ്പേരെ മലയാളിക്ക് പരിചയമുണ്ടല്ലോ. തെറ്റായിട്ട് പഠിപ്പിക്കുന്നതിനേക്കാൾ നല്ലത് ഒന്നും പഠിപ്പിക്കാതിരിക്കുന്നതാണ്‌.അതാരാണ് ഈ ടീച്ചർമാരോട് പറഞ്ഞു കൊടുക്കുക.!
വിദ്യാഭ്യാസം മനുഷ്യനെ പുതുക്കാനുള്ളതാണ്. അല്ലാതെ വിധേയനാക്കാനുള്ളതല്ല. വിദ്യാഭ്യാസം ഭാവിയെയാണ് ലക്ഷ്യം വെക്കേണ്ടത്. ഭൂതത്തെയല്ല.ഭൂതകാലത്തോട് തീർച്ചയായും കുട്ടികളെ ചേർത്തുവെക്കണം.അതവരെ അടിമകളാക്കാനല്ല.സ്വതന്ത്രരാക്കാനാകണം. ഭൂതകാലത്തിന്റെ അടിമത്തങ്ങളെ പരാജയപ്പെടുത്തിയാണ് നമ്മുടെ കുട്ടികൾ സ്വാതന്ത്ര്യത്തിന്റെ വർത്തമാനങ്ങൾ സൃഷ്ടിക്കേണ്ടത്.സ്വാതന്ത്ര്യത്തിലും ധിഷണയിലും വേരൂന്നിയ വിദ്യാർത്ഥികളാണ് നമുക്കാവശ്യം.അവരാണ് നാളെയിലെ നാട്.
നിങ്ങൾ ഭൂതകാലത്തിൽ നിന്ന് വിട്ടു പോരാൻ കൂട്ടാക്കാത്തവരാകാം.ദയവു ചെയ്ത് നിങ്ങളുടെ വാർധക്യം കൗമാരത്തിൽ ഇറക്കി വെക്കരുത്. നിങ്ങളുടെ ജീവിതബോധം കൊണ്ട് തൃപ്തിയടയേണ്ടവരല്ല കുട്ടികൾ. നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ആചാരങ്ങൾ ആവർത്തിക്കുന്ന അധികാരികളല്ല അധ്യാപകർ.
പിന്നെ ആരാകണം നമ്മുടെ ടീച്ചർമാർ.?
തീർച്ചയായും അവർ പരിവർത്തനോൻമുഖരാകണം.
അവർ നവലോകത്തിന്റെ മാധ്യമമാകണം.
പുതിയ മൂല്യബോധങ്ങൾ സൃഷ്ടിക്കാൻ കഴിയുന്നവരാകണം.
ഈ ലോകത്തെ യാഥാസ്ഥിതികതയിൽ നിന്ന് രക്ഷിക്കാൻ കഴിയുന്നവരാകണം. അങ്ങനെയുള്ളവരിലൂടെയേ ഇന്നത്തേക്കാൾ മെച്ചപ്പെട്ട ഒരു ലോകം സാധ്യമാകുകയുള്ളൂ.
മറിച്ച് അധ്യാപകരെക്കുറിച്ചോർക്കുമ്പോൾ ഇതുപോലുള്ള ചിത്രമാണ് ഒരു ജനതയ്ക്ക് ഓർമ്മ വരുന്നതെങ്കിൽ അധ്യാപനം തന്നെ ഈ നാടിനപമാനമായി മാറും.
മലയാള മനോരമ പത്രം പവിത്രമായ ഗുരുശിഷ്യബന്ധത്തിന്റെ സാക്ഷാത്കാരങ്ങളിലൊന്നായിട്ടാണ് ഈ ചിത്രം പ്രസിദ്ധീകരിച്ചതെങ്കിലും ഇത്തരമൊരു ‘നിമിഷത്തെ’ ഭാവിയിൽ നാമൊരവസരമാക്കി മാറ്റണം. സ്കൂൾ പരിസരത്ത് ലഹരി വസ്തുക്കൾ നിരോധിച്ചിരിക്കുന്നതിന്റെ പരസ്യചിത്രം പോലെ ഈ രണ്ട് അശ്ലീലജീവിത ചിത്രവും ടീച്ചർമാരുടെയും കുട്ടികളുടെയും ഓർമ്മയിൽ എക്കാലവുമുണ്ടാവണം. ഇതിനല്ല ടീച്ചർമാരും കുട്ടികളും സ്കൂളുകളിൽ വരുന്നത്.ഈ വിധേയരെയല്ല സ്കൂളുകൾ സൃഷ്ടിക്കേണ്ടത്. ഇതുപോലുള്ള സന്ദർഭങ്ങളെ പൊതുവിമർശനത്തിലൂടെ നാം നിരന്തരം കഴുകിയെടുത്തുകൊണ്ടേയിരിക്കണം. ഗുരുശിഷ്യബന്ധവുമായി ബന്ധപ്പെട്ട അശ്ലീലം നിറഞ്ഞ കേരളത്തിലെ അവസാന ഫോട്ടോഗ്രാഫാകളിലൊന്നായി ചരിത്രത്തിലീ ചിത്രം ഇടം പിടിക്കണം.അതിനുള്ള ഇടപെടലാണ് ഇനിയുണ്ടാവേണ്ടത്.
അവസാനമായി ഒരു കാര്യം കൂടി.
തീർച്ചയായും ഇന്നത്തെ വിധേയത്വത്തിന്റെ ഇരുട്ടിൽക്കഴിയുന്ന ഈ കുട്ടികളിൽ ചിലർ നാളെയുടെ സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലേക്ക് ഉണരുന്ന ഒരു ദിവസം വരും. അന്ന് അവർ ഏറ്റവും ലജ്ജയോടെ ഓർക്കുന്ന മുഖങ്ങളിൽ ചിലത് അധ്യാപകരുടേതു കൂടിയാവും.
അതുകൊണ്ട് ഈ പഴഞ്ചൻ രോഗം പടരാതിരിക്കാൻ ജാഗ്രതൈ.
Advertisements