എറണാകുളം ബാംഗ്ലൂർ റൂട്ടിൽ കുറേക്കാലം മുൻപ് സ്ഥിരമായി യാത്ര ചെയ്യുമായിരുന്നു. ഇപ്പോഴുള്ള നാലുവരി പാതയുടെ പണിയൊക്കെ തുടങ്ങുന്ന കാലം. കേരളത്തിന്റെ KSRTC യിലും, അല്ലെങ്കിൽ കർണാടകയുടെ KSRTCയിലും. അധികം പ്രൈവറ്റ് ബസ്സുകൾ ഉണ്ടായിരുന്നില്ല. കേരളത്തിന്റെ KSRTC ബസ്സിന് കർണാടകയുടെ ബസ്സിന്റെ അത്ര പകിട്ടില്ല. പക്ഷെ ഞാൻ കൂടുതലും കേരള വണ്ടിയിലാണ് കയറിയിരുന്നത്. സീറ്റ് കിട്ടാതിരുന്ന ദിവസം ഒരു രാത്രി മുഴുവൻ, ഡ്രൈവറുടെ അരികിലിരുന്ന് കഥകൾ പറഞ്ഞ്, ഇടക്ക് ചായയൊക്കെ കുടിച്ച് യാത്ര ചെയ്തത് ഹൃദ്യമായ ഒരോർമ്മയാണ്. അന്നൊക്ക ഞാൻ വളരെ താല്പര്യപൂർവ്വം നോക്കിയിരുന്ന ഒന്നാണ് ‘എയർ ബസ്സുകൾ’ എന്ന പേരിൽ ഓടിയിരുന്ന പ്രൈവറ്റ് ബസ്സുകൾ. ചാർജ്ജ് കൂടുതലായിരുന്നത് കൊണ്ട് ഞാൻ അതിൽ കയറാറില്ലായിരുന്നു. പിന്നീട് എപ്പോഴോ ഒരിക്കൽ അതിൽ കയറേണ്ടി വന്നപ്പോഴാണ്, യാത്രാ സുഖത്തിന്റെ വ്യത്യാസമറിഞ്ഞത്.
പിന്നീട് ഏസി യുള്ള വണ്ടികൾ വന്നു. പക്ഷെ ബസ്സ് യാത്രയുടെ രീതി തന്നെ മാറി മറിഞ്ഞത് വോൾവോ ബസ്സുകൾ ഇന്ത്യയിൽ എത്തിയതിന് ശേഷമാണ്. അന്ന് മുതൽ, ടാറ്റയും ലെയ്‌ലാന്റുമെല്ലാം യഥാർത്ഥത്തിൽ മാറിത്തുടങ്ങി. ട്രക്കിന്റെ ഷാസിയിൽ ബസ്സുണ്ടാക്കുന്ന പരിപാടി നിറുത്തി, യഥാർത്ഥ ബസ്സ് ഉണ്ടാക്കി തുടങ്ങി. വോൾവോയോട് കിട പിടിക്കാനുള്ള സൗകര്യങ്ങൾ നൽകിത്തുടങ്ങി. രണ്ടു കാരണങ്ങളാണ്, ഒന്ന്, ജനങ്ങളുടെ മനസ്സിലുള്ള ഗുണനിലവാര സൂചിക (quality benchmark) ഉയർന്നു. ഇത്രയൊക്കെ സൗകര്യങ്ങൾ നാട്ടിൽ കിട്ടുമല്ലോ എന്ന തിരിച്ചറിവ്. രണ്ട്, വലിയ പണച്ചിലവില്ലാതെ കിട്ടുന്ന ആഡംബരം. അന്നൊക്കെ, വോൾവോയിൽ ജോലിചെയ്യുന്നവർ പ്ലെയിനിൽ ജോലി ചെയ്യുന്നവരെപോലെയാണ്. വർഷങ്ങൾ കഴിഞ്ഞപ്പോൾ, റോഡ് യാത്രക്ക് കൂടുതലും വോൾവോ തന്നെ മതി എന്ന അവസ്ഥയായി.
ഈ കഥ ഇവിടെ പറയാൻ ഒരു കാരണമുണ്ട്. ഞാൻ നേരത്തെ പറഞ്ഞ ഗുണനിലവാര സൂചിക ഉയരണമെങ്കിൽ, നിലവിലുള്ള രീതികളെക്കാൾ മെച്ചപ്പെട്ട എന്തെങ്കിലും ഉണ്ടാകണം. ഒരു ദിവസം പൊട്ടിവീണ് ട്വന്റി 20 അനുഭാവിയായതല്ല ഞാൻ. സത്യത്തിൽ, ഞാൻ ട്വന്റി 20 അംഗം പോലുമല്ല. പക്ഷെ, ഈ മാറ്റം എനിക്ക് ഒരുപാട് പ്രതീക്ഷ നൽകുന്നുണ്ട്. കേരളം പലകാര്യങ്ങളിലും ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമാണ്. പക്ഷെ, നമുക്ക് ഇനിയും വളരാനുണ്ട്. അത് മനസ്സിലാകണമെങ്കിൽ, ചിലതെല്ലാം ചെയ്തു കാണിക്കാൻ ആരെങ്കിലും വേണം. കിഴക്കമ്പലത്തെ മികച്ച റോഡുകൾ, ഇന്ന് ഒരു ഗുണമേന്മാ സൂചികയാണ്. ഗോഡ്സ് വില്ലയും മറ്റു പല വികസനപ്രവർത്തങ്ങളും ഇന്ന് ഒരു അളവുകോലാണ്. ഇനി നമ്മുടെ നാട്ടിൽ ആര് ഇപ്പറഞ്ഞത് ചെയ്താലും, കിഴക്കമ്പലത്തേക്കാൾ മികച്ചതാക്കാൻ ശ്രമിക്കും. അവിടെയാണ് ട്വന്റി 20യുടെ പ്രസക്തി. ഈ പ്രസ്ഥാനത്തെ നൂറു പേർ കുറ്റം പറഞ്ഞാലും, ആയിരക്കണക്കിന് പേർ ഈ ആശയത്തെ പിന്തുണക്കുന്നുണ്ട് എന്നത് കൊണ്ടാണ് കന്നിയങ്കത്തിൽ തന്നെ ട്വന്റി 20 ഒന്നര ലക്ഷത്തിനടുത്ത് വോട്ട് നേടിയത്. നിയുക്ത MLA ആദ്യം തന്നെ കിഴക്കമ്പലത്തേക്ക് ഓടിയെത്താനുള്ള കാരണവും ഇതൊക്കെ തന്നെ. 6000ത്തിലധികം പേർ കോവിഡ് ബാധിച്ചു മരിച്ച ഒരു സംസ്ഥാനത്ത്, ഒരു കോവിഡ് മരണത്തിന്റെ പേരിൽ, കിഴക്കമ്പലം എന്ന ഒരു ചെറിയ പഞ്ചായത്തിനെ കുറ്റപ്പെടുത്തുന്നുണ്ടെങ്കിൽ, അത് കാണിക്കുന്നത് എതിരാളികളുടെ പേടിയാണ്. മാറേണ്ടി വന്നാൽ, അത് തങ്ങളുടെ ലാഭത്തെ ബാധിക്കുമെന്ന പേടി. നല്ല സുഖം കിട്ടിയാൽ, നീ അച്ഛനെ മാറ്റുമോ, അമ്മയെ മാറ്റുമോ എന്നൊക്കെ ചോദിച്ച് ഒരുപാട് പേർ ഈ പോസ്റ്റിനടിയിൽ വരുമെന്നറിയാം. പക്ഷെ, എനിക്ക് പറയാനുള്ളത്, സ്വന്തം അച്ഛനും അമ്മയും, കുടുംബവുമെല്ലാം സുഖമായി ജീവിക്കാൻ ചിലതെല്ലാം മാറേണ്ടതുണ്ട്. അതിനൊരു ചാലകശക്തിയാണ് ട്വന്റി 20.
ചീത്ത വിളിച്ചു കഴിയുമ്പോൾ എന്റെ പ്രിയപ്പെട്ട ട്വന്റി 20 വിരുദ്ധ സുഹൃത്തുക്കൾ ഒന്ന് ചിന്തിച്ചു നോക്കണം. ഇപ്പോൾ കിട്ടുന്നതെല്ലാം മികച്ചതാണെന്ന തോന്നൽ, അതിലും മികച്ചത് കാണുമ്പോൾ മാറും. സ്വയം നവീകരിക്കാൻ കിട്ടുന്ന അവസരമാണിത്. എതിരാളികൾ എല്ലാവരും മത്സരിക്കണം. ട്വന്റി 20യെക്കാൾ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച് അവരെ തോൽപിക്കാൻ. അങ്ങനെ ട്വന്റി 20യെ തോല്പിക്കുമ്പോൾ, കേരളം ജയിക്കും. ട്വന്റി 20 ജയിക്കും, നമ്മൾ ജയിക്കും.. ശുഭദിനം.