സുരേഷ് സി പിള്ള എഴുതുന്നു

വോട്ടിങ്ങ്/ ഇലക്ഷൻ മഷി എന്താണ്? ഇതാവശ്യം ഉണ്ടോ?

ഇലക്ഷന് ഇനിയും ഏതാനും ദിവസങ്ങളെ ഉള്ളൂ. വോട്ട് ചെയ്തിട്ട് കയ്യിൽ മഷി പുരട്ടുന്നത്, വളരെ പ്രാകൃതമായ രീതിയാണ് എന്ന് തോന്നിയിട്ടില്ലേ?

ഇലക്ട്രോണിക് സംവിധാനങ്ങൾ ഇത്രയും പുരോഗതി പ്രാപിച്ച ഈ നൂറ്റാണ്ടിൽ ഇതിന്റെ ആവശ്യം ഉണ്ടോ?

ഇതിന്റെ ശാസ്ത്രവും, സാമൂഹിക വശവും ഒന്ന് വിശകലനം ചെയ്തു നോക്കാം.

വോട്ടിങ്ങ്/ ഇലക്ഷൻ മഷി എന്താണ്?

വോട്ടു ചെയ്യുമ്പോൾ ഉപയോഗിക്കുന്ന മായാത്ത മഷി, സിൽവർ നൈട്രേറ്റ് (silver nitrate), എന്ന കെമിക്കൽ കൊണ്ടാണ് ഉണ്ടാക്കുന്നത്. സിൽവർ നൈട്രേറ്റ് 10%, 14% അല്ലെങ്കിൽ 18%, വെള്ളത്തിൽ ലയിക്കുമ്പോൾ ഉണ്ടാകുന്ന ദ്രാവകം കയ്യിൽ പുരട്ടിയാൽ കുറഞ്ഞത് 72 മണിക്കൂർ മുതൽ രണ്ടാഴ്ച വരെ, കയ്യിൽ കറ (stain) ആയി നിൽക്കും. മൂന്നാം ലോക് സഭാ ഇലക്ഷൻ മുതലാണ് സിൽവർ നൈട്രേറ്റ് ലായനി stain ആയി ഉപയോഗിക്കാൻ തുടങ്ങിയത്. CSIR ന്റെ നാഷണൽ ഫിസിക്കൽ ലബോറട്ടറി യിലെ സയന്റിസ്റ് ആയ Dr. M.L. Goel ന്റെ നേതൃത്വത്തിൽ (including Dr. B. G. Mathur, Dr. V. D. Puri ) ആണ് ഇത് ഇന്ത്യയിൽ വോട്ടിങ്ങിനായി ഉപയോഗിക്കാം എന്ന് ഇലക്ഷൻ കമ്മീഷനോട് നിർദ്ദേശിച്ചത്. കർണ്ണാടക ഗവണ്മെന്റിന്റെ The Mysore Paints & Varnish Ltd. നാണ് ഇത് നിർമ്മിക്കാനുള്ള ലൈസൻസ് ഉള്ളത്.

എങ്ങിനെയാണ് തൊലി കറുക്കുന്നത്?

ഇത് കയ്യിൽ ഒഴിച്ചാൽ ഉടനെ കറുത്ത നിറമാകില്ല എന്ന് ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ? സൂര്യ പ്രകാശത്തിന്റെ (അല്ലെങ്കിൽ കൃത്രിമമായ വെളിച്ചത്തിന്റെ) സാന്നിദ്ധ്യത്തിലെ ഇത് കറുത്ത നിറമാകൂ. കയ്യിൽ പുരട്ടിയാൽ ഉടനെ സിൽവർ നൈട്രേറ്റ് പുറംതൊലിയിൽ (epidermis) വ്യാപിക്കും (diffusion). ഇത് നമ്മളുടെ ശരീരത്തിലെ വിയർപ്പു ഗ്രന്ധികളിൽ നിന്നും വരുന്ന ക്ലോറിനു മായി സിൽവർ ക്ലോറൈഡ് ആകും. ഇത് പിന്നീട് വെളിച്ചത്തിന്റെ സാന്നിദ്ധ്യത്തിൽ മെറ്റാലിക് സിൽവർ ന്റെ colloid പാർട്ടിക്കിൾസ് ആയി തൊലിപ്പുറമേ ഇരുന്ന് oxidize ആയി സിൽവർ oxide ആകും. ഇതാണ് ടാറ്റൂ പോലെ സ്കിന്നിൽ ഒട്ടി ഇരിക്കുന്നത് (പല Tattoo ink കളും ഹെവി മെറ്റൽ oxide കൾ കൊണ്ടാണ് ഉണ്ടാക്കുന്നത്. അത് വേറെ ഒരു അവസരത്തിൽ പറയാം).

ഇത് വിഷമാണോ?

കുറഞ്ഞ ഡോസിൽ വിഷമല്ല. എങ്കിലും ചിലർക്ക് പുരട്ടിയ സ്ഥലത്ത് അലർജി ഉണ്ടാക്കാം. കൂടിയ അളവിൽ ഇത് മാരക വിഷമാണ്. ഇത് ചിലർക്ക് പൊള്ളൽ ഉണ്ടാക്കിയതായും റിപ്പോർട്ടു ചെയ്തിട്ടുണ്ട് (Indelible voters’ ink causing partial thickness burn over the fingers, Indian J Plast Surg. 2014 Sep-Dec; 47(3): 472–473. doi: 10.4103/0970-0358.146691).

ഈ രീതി പ്രചാരത്തിലുള്ള രാജ്യങ്ങൾ ഏതൊക്കെ?

വികസിത രാജ്യങ്ങളിൽ ഒന്നും തന്നെ ഈ രീതി പ്രചാരത്തിൽ ഇല്ല. അഫ്ഗാനിസ്ഥാൻ, നേപ്പാൾ, പാക്കിസ്ഥാൻ, ലബനോൻ, ഇറാക്ക് തുടങ്ങിയ ഇരുപത്തഞ്ചോളം രാജ്യങ്ങളിൽ മാത്രമാണ് ഇലക്ഷൻ മഷി ഉപയോഗിക്കുന്നത്.

ഈ രീതി ശാസ്തീയമാണോ?

അല്ലേയല്ല. വോട്ടിങ് കാർഡും മറ്റ് തിരിച്ചറിയൽ കാർഡുകളും ഉള്ളപ്പോൾ ‘ഇലക്ഷൻ മഷി’ ഉപയോഗിക്കേണ്ട ആവശ്യം തന്നേയില്ല. വികസിത രാജ്യങ്ങളിൽ ഒന്നും ഈ പതിവില്ല എന്ന് മുകളിൽ പറഞ്ഞല്ലോ. കൂടാതെ സുതാര്യമായ ക്ലോറിൻ സംയുക്തങ്ങൾ അടങ്ങിയ ഗ്ലൂ/ പശ വിരലിന്റെ ചുറ്റിനും പുരട്ടിയാൽ ഇത് കഴുകിക്കളയാം എന്നും വായിച്ചിട്ടുണ്ട് (ആധുനികമായി വികസിപ്പിച്ച ചിലവു കുറഞ്ഞ ടെക്നോളജിയുടെ ലിങ്ക് താഴെ നോക്കുക Smart-Vote: Digital Election Ink Based Voting System, എന്ന ജേർണൽ ആർട്ടിക്കിൾ വായിക്കുക).

ഇത് വളരെ അനാവശ്യവും, മനുഷ്യാവകാശ ലംഘനം ആയതും, സമയം അനാവശ്യമായി പാഴാക്കുന്നതും ആയ ഒരു പ്രക്രിയയും ആണ് എന്ന് കാണാം. അധികച്ചിലവ് വേറെയും (ഏകദേശം 12 കോടി രൂപയാണ് ഇങ്കിന് മാത്രമായി ചിലവാക്കുന്നത് എന്നാണ് വായിച്ചത്).

ചുരുക്കത്തിൽ ശാസ്ത്ര സാങ്കേതിക രംഗത്ത് പുരോഗതി പ്രാപിച്ചു എന്നവാക്ഷപ്പെടുന്ന ആധുനിക ഇന്ത്യയിൽ എന്തായാലും കയ്യിൽ മഷി പുരട്ടുന്നത് വളരെ പ്രാകൃതമായ ഒരു രീതിയാണ് എന്ന് വിലയിരുത്താം. അതുകൊണ്ട് അടിയന്തിരമായി ഗവണ്മെന്റ് ആധുനിക തിരിച്ചറിയൽ മാർഗ്ഗങ്ങൾ ഉപയോഗിച്ച്, പ്രാകൃതമായ മഷിപുരട്ടൽ അവസാനിപ്പിക്കുവാനുള്ള നടപടി ഉണ്ടാവണം.
എഴുതിയത്- സുരേഷ് സി. പിള്ള

കൂടുതൽ വായനയ്ക്ക്

Smart-Vote: Digital Election Ink Based Voting System, Aloka Sinha, Int’l Journal of Computing, Communications & Instrumentation Engg. (IJCCIE) Vol. 2, Issue 2 (2015) ISSN 2349-1469 EISSN 2349-1477

Indelible voters’ ink causing partial thickness burn over the fingers, Indian J Plast Surg. 2014 Sep-Dec; 47(3): 472–473.
doi: 10.4103/0970-0358.146691

“Smart Device Based Election Voting System Endorsed through Face Recognition.” Patel, Trisha, Maitri Chokshi, and Nikhil Shah. International Journal of Advance Research in Computer Science and Software Engineering 3.11 (2013).

ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.