കോൺവെക്സ് കണ്ണാടികൾ രാഷ്ട്രീയ മത്സരത്തിനുള്ളതല്ല കൂട്ടരേ, ഒരെണ്ണം മതി

49

വി.പി.റഷീദ്

വളവിൽ തിരിവ് സൂക്ഷിക്കുക ! 🛑

റോഡുകളിലെ ടി ജങ്ങ്ഷനുകളിലും ദൂരക്കാഴ്ചയെ മറക്കുന്ന വളവുകളിലും മറ്റു ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ കാണുവാനായിട്ടാണല്ലൊ കോൺവെക്സ് കണ്ണാടികൾ (Traffic Convex Ovel Mirror ) സ്ഥാപിക്കുന്നത്. അപകടങ്ങൾ ഒഴിവാക്കാനുള്ള നല്ല മാർഗ്ഗമാണിത്. തിരുവേഗപ്പുറ പഞ്ചായത്തിലെ ഞാവളുംകാട് വാർഡിൽ കണ്ണാടികൾ സ്ഥാപിക്കാൻ രാഷ്ട്രീയ പാർട്ടികളിലെ യുവത മത്സരത്തിലാണ്. പലയിടങ്ങളിലും അവരത് സ്ഥാപിച്ചു കഴിഞ്ഞു. അവരുടെ സാമുഹ്യ പ്രതിബദ്ധതയെ അഭിനന്ദിക്കുകയും പിന്തുണക്കുകയും ചെയ്യുന്നു.എന്നാൽ നിർഭാഗ്യവശാൽ ഒരു ജംഗ്ഷനിൽ ഒരേ പോയിന്റിൽ രണ്ട് എണ്ണം സ്ഥാപിച്ചു കാണുന്നു . തീർത്തും ഒഴിവാക്കേണ്ടിയിരുന്ന കാര്യമാണത്. ആളുകൾക്ക് പറഞ്ഞു ചിരിക്കാൻ പറ്റിയ ഒരു ഐറ്റം എന്നല്ലാതെ മറ്റെന്ത് മേന്മയാണ് അതു കൊണ്ട് അർത്ഥമാക്കുന്നത് ?

ഏതായാലും രണ്ടു കൂട്ടർ ഒന്നിച്ച് ഒരേ സമയം അവ സ്ഥാപിച്ചിരിക്കാൻ സാധ്യതയില്ലല്ലോ !

പകൽ സമയം ഒരു സംഘടന മിറർ സ്ഥാപിക്കുകയും പിന്നീട് രണ്ടാമത്തെ വിഭാഗം രാത്രിയിൽ രണ്ടാമത്തേത് സ്ഥാപിക്കുകയും ചെയ്യുക എന്നതിനെ അവിവേകവും അപഹാസ്യവുമായ പ്രവൃത്തി എന്നു മാത്രമേ വിശേഷിപ്പിക്കാൻ കഴിയൂ. അതേ സമയം രണ്ടാം കൂട്ടർ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന മറ്റൊരു സ്ഥലത്ത് തങ്ങളുടെ കണ്ണാടി സ്ഥാപിക്കാനുള്ള വിവേകം കാണിക്കുകയായിരുന്നു ഉചിതം. ഇനിയും അതാവാം. അല്ലാത്ത പക്ഷം സമൂഹ മധ്യത്തിൽ അവർ അപഹാസ്യരാവുകയാണുണ്ടാവുക.
അഹം ബോധത്തേക്കാളും വാശിയേക്കാളും ജനങ്ങൾ വിലമതിക്കുക തെറ്റു തിരുത്താൻ തയ്യാറാവുന്ന നൈർമ്മല്യത്തേയും നന്മയേയും ആണ് എന്നത് മറക്കാതിരിക്കുക.