ഭർത്താവിന്റെ വീട്ടിൽ ഒരു രാത്രി മുഴുവൻ ജീവഭയം കൊണ്ട് ഉറങ്ങാതിരുന്നിട്ടുണ്ടോ?

51

Vs Bindu

ഭർത്താവിന്റെ വീട്ടിൽ ഒരു രാത്രി മുഴുവൻ ജീവഭയം കൊണ്ട് ഉറങ്ങാതിരുന്നിട്ടുണ്ടോ? പെരുമഴയത്ത് കൈക്കുഞ്ഞിനെയും കൊണ്ട് അറിയാവഴികളിലൂടെ ആരെങ്കിലും പിന്തുടരുന്നുണ്ടോ എന്ന് തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി പാഞ്ഞിട്ടുണ്ടോ? ഭാഷയുടെ പരിമിതിയിൽ കുഴഞ്ഞിരുന്നിട്ടുണ്ടോ? ചവറുകൂനയ്ക്കിടയിൽ നിങ്ങൾക്കായി കരുതി വച്ച മണ്ണെണ്ണ യുടെയോ പെട്റോളിന്ടെയോ ആ വെളുത്ത കന്നാസ് കണ്ടു ഹൃദയമിടിപ്പു ഒരു തവണയെങ്കിലും നിലച്ചിട്ടുണ്ടോ? ഇങ്ങനെയൊക്കെ സംഭവിച്ചിട്ടും ആ ബന്ധം ഏറെക്കാലം തുടർന്നിട്ടുണ്ടോ? അയാൾ പഞ്ചപാവമെന്നും നിങ്ങൾ അഹങ്കാരി എന്നും നിസ്സങ്കോചമായി ബന്ധുത്വം കുറ്റപ്പെടുത്തിയിട്ടുണ്ടോ? പഴുതില്ലാതെ ആസൂത്രണം ചെയ്തിട്ടും നടക്കാതെ പോയ നിങ്ങളുടെ കൊലപാതക ത്തിന്ടെ പ്ളാൻ നിങ്ങൾ ക്കു തന്നെ വായിക്കേണ്ടി വന്നിട്ടുണ്ടോ? പത്തിൽ കൂടുതൽ വർഷം ഈ വിചാരവും ചുമന്ന് നടന്ന ആൾക്കൂട്ടത്തോടൊപ്പം നിങ്ങൾക്ക് ജീവിക്കേണ്ടി വന്നിട്ടുണ്ടോ? വിദ്യാ സമ്പന്നയാണ്..നവ ചിന്തകളുടെ കൂട്ടുകാരിയാണ്.എന്നിട്ടും ഇത്റയും അനുഭവിച്ചതെന്തിനാ എന്നു ചോദിച്ചാൽ അറിയില്ല എന്നു പറയാൻ തോന്നിയിട്ടുണ്ടോ ? കുടുംബ പാരമ്പര്യം ദുരഭിമാനം എന്നിങ്ങനെ യുള്ള സർപ്പ ദംശനമേറ്റു നീലിച്ചു പോയൊരുവളെ സ്വയം ചികിത്സിച്ച് രക്ഷിക്കാൻ എപ്പോഴും കഴിയില്ല. പിന്തുണ വേണം. മനുഷ്യരേ..രണ്ടു പേർക്ക് തമ്മിൽ പിരിഞ്ഞു പോകാനാവാത്ത വിധം സ്നേഹം..ബഹുമാനം.. വിശ്വാസം ഇതൊന്നും വിവാഹച്ചന്തയിൽ വിൽപ്പനയ്ക്കു വച്ചിട്ടില്ല. ഉടമ്പടിയിൽ എഴുതിച്ചേർത്തിട്ടില്ല. എല്ലാമറിയാമെങ്കിലും നമ്മൾ എല്ലാം ആവർത്തിക്കുന്നു. അവിടെ എന്തെങ്കിലും പ്രശ്നം തോന്നുന്നുവെങ്കിൽ തുറന്നു പറയണം .മടങ്ങി പ്പോരണം എന്നൊരു തുറന്ന കത്ത് കൂടി കുട്ടികൾക്ക് കൊടുത്തയയ്ക്കണം.ഇപ്പോഴങ്ങനെയൊന്നു മില്ല എല്ലാം ശുഭമാണ് എന്നു പറഞ്ഞു വന്നേക്കരുത്.ഒട്ടും ശുഭമല്ലെന്ന പൂർണ്ണ സത്യം വാലിൽ കുത്തി ഉയർന്നു നിൽക്കെ.