ദമ്പതികൾ കുട്ടികളെയും കൊന്നു ആത്മഹത്യ ചെയ്യുന്നതായിരുന്നു തുടർ വാർത്തകൾ, ഇപ്പോൾ കുട്ടികളെ മാത്രം കൊല്ലാൻ മടിക്കാത്ത കാലത്തിലെത്തി, ഇനി?

77
Vs Bindu
എന്താണ് ശരണ്യയെക്കുറിച്ച് എഴുതാത്തതെന്തെന്ന് ചിലർ ചോദിച്ചു. ശരണ്യ യെക്കുറിച്ചല്ല എഴുതേണ്ടതെന്നു കരുതുന്നു. അതിവിടെ എഴുതി അവസാനിപ്പിക്കാനാവാത്തതുകൊണ്ടു തന്നെ. ഇതിപ്പോൾ തുടർച്ചയല്ലേ ? ദമ്പതികൾ കുട്ടികളെയും കൊന്നു ആത്മഹത്യ ചെയ്യുന്നതായിരുന്നു തുടർ വാർത്തകൾ. കുറേ ദിനം ആഘോഷിക്കപ്പെട്ടു അവ. പിന്നീട് അടുത്ത കഥയ്ക്കായി കാതോർത്തു. കഥ മാറുന്നു. ഇപ്പോൾ കുട്ടികളെ മാത്രം കൊല്ലാൻ മടിക്കാത്ത കാലത്തിലെത്തി. ഇനി?
അടച്ചിട്ടിരിക്കുന്ന കരിമരുന്ന് പുര.അതിനു മുകളിൽ വെള്ളമൊഴിച്ചുകൊണ്ടേയിരിക്കുന്നു നാം. സിനിമകളിൽ..സീരിയലുകളിൽ..വീടകങ്ങളിൽ മാധ്യമ ക്കണ്ണുകളിൽ പഴയ സമ്പദായങ്ങളുടെ പ്രേത സമ്മേളനം. ജോളി..കൂടത്തായി എന്നീ രണ്ടു വാക്കുകൾ സ്ഥിരമായി ഉപയോഗിച്ച് സ്ത്രീകളെ അഭിസംബോധന ചെയ്യുന്ന ഒരു വിദ്യാഭ്യാസ പരിശീലകയെ നേരിട്ടറിയാം.പുതിയ കാഴ്ചപ്പാടുകളുടെ വാർക്കപ്പണി ഇവരെയാണ് നാം ഏൽപ്പിച്ചിരിക്കുന്നത്! വാസ്തവത്തിൽ ജോളിയും കൂടത്തായിയും ആവർത്തിക്കാതിരിക്കാനല്ലേ നേതൃത്വത്തിൽ നിൽക്കുന്ന അവർ ശ്രമിക്കേണ്ടത്?
അത്തരം സാമൂഹിക ബാധ്യതകളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നവരും ശിക്ഷാർഹരാണ്. മുൻപും എഴുതിയിട്ടുള്ളതാണ്. ലോകം വളരെ തുറന്നു.അത് അതിവേഗം മുന്നോട്ട് കുതിക്കുന്നു. അണുകുടുംബങ്ങളുടെ അവസ്ഥാപഠനം ആരാണ് ചെയ്യുക? കെട്ടുറപ്പുള്ള കുടുംബ ങ്ങൾക്കു രൂപം നൽകാൻ ഈ സാമൂഹിക സ്ഥിതി തുടർന്നാൽ മതിയോ?മക്കൾ ക്ക് മൊബൈൽ നൽകാതെ ഒളിപ്പിച്ചു വയ്കുന്ന തിരക്കിലാണ് നാം.!സൗഹാർദ പൂർണ്ണ മായ ഒരിടപെടലില്ല.അമ്മ കുഞ്ഞിനെ കൊല്ലുന്നത് കാമുകസാമീപ്യത്തിനു മാത്രമായെന്ന മാധ്യമ വാർത്തയിലാണ് നമുക്ക് അടിപതറുന്നത്.
ഇതുവരെ ഇങ്ങനെയുള്ള സംഭവങ്ങളെ അതിനെക്കാൾ വലിയ തെറ്റ് കൊണ്ട് നേരിട്ടു ഫലമെന്തായി? തൂക്കിക്കൊല ഒരു ചെറിയ ശിക്ഷയാണെന്നെങ്കിലും ബോധ്യം വേണം. ശരണ്യ വിദ്യാഭ്യാസം നേടിയ കുട്ടിയാണ്. അവൾക്കെന്താണ് ആ വിദ്യാഭ്യാസം ജീവിതത്തിൽ നൽകിയത്? അവളെ ഇന്നിലേക്ക് രൂപപ്പെടുത്തിയെടുത്തതിൽ സമൂഹത്തിനുളള പങ്കു എത്ര മാത്രം?നാളെ ഇതു നമ്മുടെ വീടുകളിൽ സംഭവിക്കില്ല എന്ന് തീർത്തും ഉറപ്പിച്ചിട്ടാണ് ഈ ക്ഷോഭ പ്രകടനമെങ്കിൽ നമ്മൾ ശരിയാണ്!
അല്ലെങ്കിൽ കല്ലുകൾ തയാറാക്കി വയ്ക്കാം. നമുക്ക് നേരെ നമ്മൾ തന്നെ അതു വലിച്ചെറിയേണ്ടി വരും. ആ കുഞ്ഞ് ഒരടയാളമാണ്. ഇനി ഇങ്ങനെ ഉണ്ടാകരുതേ എന്നവന്ടെ മുഖം പറഞ്ഞു കൊണ്ടേയിരിക്കുന്നു. വിദ്യാഭ്യാസം മന:ശാസ്ത്രം സാമൂഹിക പഠനങ്ങൾ സാംസ്കാരിക ചിന്തകൾ സാമ്പത്തിക മേഖല എഞ്ചിനീയറിംഗ് കുടുംബം എന്ന സ്ഥാപനത്തിന്റെ ക്ളാസ് മുറികൾ ഒഴിഞ്ഞു കിടക്കുകയാണ്. അവിടേക്കെത്തുക ശ്രമകരമാണ്. എങ്കിലും ഇനി വൈകരുത്.