പേരിൽ ഒടുവിലും പ്രകടനത്തിലും പ്രവർത്തിയിലും ആദ്യവും

0
86

വൈശാഖ്.കെ.എം

പേരിൽ ഒടുവിലും പ്രകടനത്തിലും പ്രവർത്തിയിലും ആദ്യവും

എന്റെ ഏറ്റവും പ്രിയപ്പെട്ട അഞ്ച് മികച്ച അഭിനേതാക്കളെ എടുത്താൽ അതിൽ മോഹൻലാൽ കഴിഞ്ഞാൽ എന്റെ മനസ്സിൽ സ്ഥാനമുള്ളത് സ്വഭാവികാഭിനയത്തിന്റെ രാജാക്കന്മാരിൽ ഒരാളായ ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന മഹാനായ അഭിനേതാവിനാണ്. അത് കഴിഞ്ഞേ തിലകൻ സാറിനും, സത്യൻ മാഷിനും, ഗോപി സാറിനും, നെടുമുടി വേണു ചേട്ടനുമെല്ലാം സ്ഥാനമുള്ളൂ.
ഒടുവിൽ ഉണ്ണികൃഷ്ണൻ

1943-ൽ തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ വടക്കാഞ്ചേരി എണക്കാട്ട് ഒടുവിൽ വീട്ടിൽ കൃഷ്ണ മേനോന്റേയും പാറുക്കുട്ടി അമ്മയുടേയും മകനായി ജനനം. ചെറുപ്പത്തിൽ സംഗീതത്തോട് ഉണ്ടായിരുന്ന ഇഷ്ടം കാരണം സ്വര സംഗീതവും, താളവാദ്യങ്ങളുമെല്ലാം കലാമണ്ഡലം വാസുദേവ പണിക്കരുടെ ശിക്ഷണത്തിൽ അഭ്യസിച്ചു. പിന്നീട് ചില ഓർക്കേസ്ട്ര ട്രൂപ്പുകളിലും ചേർന്നു. അതിന് ശേഷം കെ.പി.എ.സിയിലും കേരള കലാവേദിയിലുമെല്ലാം ചേർന്നു എല്ലാത്തിലും പ്രധാന ജോലി തബലിസ്റ്റ് ആയിട്ടായിരുന്നു. പിന്നീട് അനേകം ഗാനങ്ങൾ ആലപിച്ചു അതിന് ശേഷം അനവധി ഗാനങ്ങൾ രചിച്ചു. അതിനോടൊപ്പം തന്നെ നിരവധി നാടകങ്ങളിൽ ചെറിയ വേഷങ്ങളിൽ മനോഹരമായി അഭിനയിക്കുകയും ചെയ്തു അവിടന്നാണ് അദ്ദേഹം അഭിനയത്തിന്റെ ആദ്യ പാഠങ്ങൾ പഠിക്കുന്നത്.
സിനിമയിലേക്ക്…..

1970-ൽ പി.എൻ.മേനോൻ സംവിധാനം ചെയ്ത ദർശ്ശനം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്. എ.വിൻസെന്റ് സംവിധാനം ചെയ്‌ത ചെണ്ടയാണ് രണ്ടാമത്തെ ചിത്രം. 1977-ൽ ഭരതന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഗുരുവായൂർ കേശവനിലെ വേഷം ശ്രദ്ധിക്കപ്പെട്ടു പിന്നീട് 1979-ൽ ഹരിഹരന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ശരപഞ്ചരം എന്ന ചിത്രത്തിലെ സുബ്ബയ്യർ എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ദർശ്ശനം മുതൽ 2006-ൽ പുറത്തിറങ്ങിയ സത്യൻ അന്തിക്കാട് ചിത്രം രസതന്ത്രം വരെ ഏകദേശം നാനൂറിലധികം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ വന്ന് അദ്ദേഹം നമ്മെ വിസ്മയിപ്പിച്ചു.

അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഒരിക്കലും ആ മനുഷ്യൻ അഭിനയിക്കുകയാണെന്ന് തോന്നിയിട്ടില്ല ഏത് കഥാപാത്രം ആണേലും അവയെല്ലാം നമുക്കിടയിൽ ഉള്ള ഒരാളെപ്പോലെ അദ്ദേഹം ജീവിച്ചു കാണിക്കും. പൊന്മുട്ടയിടുന്ന താറാവിലെ പശുവിനെ കളഞ്ഞ പാപ്പിയും, മഴവിൽ കാവടിയിലെ കുഞ്ഞാപ്പുവുമൊക്കെ അതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ്. ഏത് വേഷവും അദ്ദേഹത്തിന്റെ കൈയ്യിൽ ഭദ്രമായിരുന്നു. സത്യൻ അന്തിക്കാട് സിനിമകളിലെ സ്ഥിര സാന്നിധ്യങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടതും അദ്ദേഹം തന്നെയായിരുന്നു. എന്ത് അനായാസമായാണ് അദ്ദേഹം ഓരോ വേഷങ്ങളും പകർന്നാടിയിട്ടുള്ളത്….. ദേവാസുരം എന്ന സിനിമയിലെ പെരിങ്ങോട് ശങ്കരന്മാരാർ തന്നെ എടുക്കാം വളരെ കുറച്ച് സമയം മാത്രം നമുക്ക് മുൻപിൽ വന്ന് മിന്നി മറഞ്ഞു പോകുന്ന ഒരു കഥാപാത്രം പക്ഷേ സിനിമ കഴിഞ്ഞാൽ മറക്കാതെ മുന്നിൽ തന്നെ കാണും പെരിങ്ങോടൻ. നീലനും, ശേഖരനും, വാര്യരും നിറഞ്ഞടിയ ചിത്രത്തിൽ അവരോടൊപ്പം തന്നെ മിനുട്ടുകൾ മാത്രം വരുന്നൊരു കഥാപാത്രത്തെ ജനങ്ങൾ ഇന്നും ഓർത്തിരിക്കണേൽ ആലോചിച്ചു നോക്കൂ ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന നടന്റെ റേഞ്ച് എന്താണെന്ന്.

തൂവൽ കൊട്ടാരത്തിലെ അച്യുത മാരാരും, ആറാം തമ്പുരാനിലെ കൃഷ്ണ വർമ്മയും,മാട്ടുപ്പെട്ടി മച്ചാനിലെ പ്രഭാകര പ്രഭുവും, സന്ദേശത്തിലെ അച്യുതൻ നായരുമെല്ലാം അജഗജാന്തരം വ്യത്യാസമുള്ള കഥാപാത്രങ്ങളാണ് എത്ര വ്യത്യസ്ഥമായാണ് അദ്ദേഹം ഓരോ കഥാപാത്രങ്ങളേയും അവതരിപ്പിച്ചിരിക്കുന്നത്. അതേപോലെ ഒരുപോലുള്ള പല വേഷങ്ങളിലും ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട് അദ്ദേഹം പക്ഷേ ഒരെണ്ണത്തിൽപ്പോലും മറ്റൊന്നിലെ യാതൊരു സാമ്യതകളും കടന്നു വരാതെ അദ്ദേഹം ഓരോന്നും മികവുറ്റതാക്കി. സിനിമ മോശമായാലും തങ്ങളുടെ കഥാപാത്രങ്ങൾ മികച്ചതാക്കുന്ന ചുരുക്കം ചില അഭിനേതാക്കളിൽ ഒരാളാണ് അദ്ദേഹം. ഒടുവിൽ ഉണ്ണികൃഷ്ണൻ മോശമായി എന്ന് ഇതുവരെ ആരും എവിടേയും പറഞ്ഞു കേട്ടിട്ടില്ല. അങ്ങനെയുള്ള മറ്റൊരാൾ സുകുമാരിയമ്മയാണ് അവരും ഒരു കഥാപാത്രം മോശമാക്കി എന്ന് ആരും ഇതുവരെ പറഞ്ഞിട്ടില്ല. ഏത് തരം വേഷവും ആ കൈകളിൽ ഭദ്രമായിരുന്നു.

വരവേൽപ്പിലെ നാരായണൻ,പെരുവണ്ണാപുരത്തെ വിശേഷങ്ങളിലെ അപ്പുണി നായർ, മഴവിൽക്കാവടിയിലെ കുഞ്ഞാപ്പു, തലയണമന്ത്രത്തിലെ കെ.ജി.പൊതുവാൾ,സന്ദേശത്തിലെ അച്യുതൻ നായർ, ഭാതത്തിലെ ഉണ്ണിമാമ,സർഗ്ഗത്തിലെ വല്യച്ഛൻ,കമലദളത്തിലെ രാവുണ്ണി നമ്പീശൻ ആശാൻ,യോദ്ധായിലെ ഗോപാല മേനോൻ,ദേവാസുരത്തിലെ പെരിങ്ങോട് ശങ്കര മാരാർ,മേലേപ്പറമ്പിൽ ആൺവീടിലെ കുട്ടൻ നായർ,ഗോളാന്തര വാർത്തയിലെ സുശീലൻ,പിൻഗാമിയിലെ മേനോൻ,CID ഉണ്ണികൃഷ്ണൻ B.A., B.Ed. ലെ പപ്പുണ്ണി,അനിയൻ ബാവ ചേട്ടൻ ഭാവയിലെ ഈശ്വരപിള്ള,തൂവൽകൊട്ടാരത്തിലെ അച്യുത മാരാർ,മന്ത്രമോതിരത്തിലെ ഫാദർ വട്ടക്കുഴി,ആറാംതമ്പുരാനിലെ കൃഷ്ണ വർമ്മ,കഥനായകനിലെ ശങ്കുണ്ണി,ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കത്തിലെ മുൻഷി പരമേശ്വര പിള്ള,മാട്ടുപ്പെട്ടി മച്ചാനിലെ പ്രഭാകര പ്രഭു,വീണ്ടും ചില വീട്ടുകാര്യങ്ങളിലെ ഫാദർ നെടുമരം,ഞങ്ങൾ സന്തുഷ്ടരാണിലെ മർമ്മരം ഗോപാല പിള്ള,രണ്ടാം ഭാവത്തിലെ ഈശ്വരൻ പോറ്റി,ഈ പറക്കും തളികയിലെ ശ്രീധര കൈമൾ,നരേന്ദ്രൻ മകൻ ജയകാന്തൻ വകയിലെ നക്ക്സലേറ്റ് വാസു,മീശമാധവനിലെ അച്യുതൻ നമ്പൂതിരി,നിഴൽകുത്തിലെ കാളിയപ്പൻ,ഗ്രാമഫോണിലെ പാട്ട് സേട്ട്,വെള്ളിത്തിരയിലെ പേപ്പട്ടി നായർ,പട്ടാളത്തിലെ വെളിച്ചപ്പാട് നാരായണൻ,മനസ്സിനെക്കരെയിലെ സഖാവ് ശ്രീധരൻ,അച്ചുവിന്റെ അമ്മയിലെ അബ്ദുള്ള,Etc തുടങ്ങിയ കഥാപാത്രങ്ങളെല്ലാം ഏറെ പ്രിയപ്പെട്ടതാണ്. (ഒരുപാട് എണ്ണം വിട്ടുപോയിട്ടുണ്ട് )

ചിരിപ്പിച്ചും, കരയിച്ചും, ചിന്തിപ്പിച്ചും പകർന്നാടിയ എത്രയെത്ര കഥാപാത്രങ്ങൾ.
പൊന്മുട്ടയിടുന്ന താറാവിൽ സ്വയം വിശേഷിപ്പിക്കുന്നത് “ഞാൻ പാപ്പി പശൂനെ കളഞ്ഞ പാപ്പി” എന്നാണ് ഒരുപാട് ഇഷ്ടമുള്ള ഒരു സിനിമയും കഥാപാത്രവുമാണത് ഏറെ ചിരിപ്പിച്ചൊരു കഥാപാത്രം. ഓരോ മൈന്യൂട്ട് ആയിട്ടുള്ള കാര്യങ്ങൾക്ക് പോലും ഭയങ്കര ഭംഗിയായിരുന്നു. അതേപോലെ ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രത്തിൽ മരുമകൾ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുന്ന രംഗം, പിൻഗാമിയിൽ മദ്യപിച്ച് ഭക്ഷണം കഴിക്കുന്ന സീൻ, പട്ടാളത്തിൽ വെളിച്ചപ്പെടുന്നതിന്റെ ഇടയ്ക്ക് പാലിന്റെ കാശ് ചോദിക്കുന്നത്, യോദ്ധായിലെ ഉറക്കം തൂങ്ങൽ, മീശമാധവനിലെ പോലീസ് സ്റ്റേഷൻ രംഗങ്ങൾ തുടങ്ങി പറഞ്ഞാൽ തീരാത്ത ഒരുപാട് ഒരുപാട് പ്രിയപ്പെട്ട രംഗങ്ങൾ ഉണ്ട് ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന അഭിനേതാവ് അനശ്വരമാക്കിയ അനവധി കഥാപാത്രങ്ങൾ.
സത്യൻ അന്തിക്കാടിന്റെ കഥകളിൽ ഒടുവിലിന്റെ ജീവിതത്തെ പറ്റിയൊക്കെ ഒരുപാട് പറയുന്നുണ്ട് ഈയിടെയാണ് അതൊക്കെ വായിക്കുന്നത്. അദ്ദേഹത്തിന്റെ സിനിമ കാണുന്നത് പോലെ തന്നെ അതിമനോഹരമാണ് അവയും. ജീവിതത്തിലും അഭിനയിക്കാനറിയാത്ത ഒരു പാവം മനുഷ്യൻ.

ഒടുവിൽ ഉണ്ണികൃഷ്ണൻ ശരിക്കും ആഘോഷിക്കപ്പെടാതെ പോയൊരു ഇതിഹാസമാണ്.
1995-ലും 1996ലും മികച്ച രണ്ടാമത്തെ നടനുള്ള സ്റ്റേറ്റ് അവാർഡ് അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.അടൂർ ഗോപാലകൃഷ്ണന്റെ കഥാപുരുഷനിലെ പ്രകടനത്തിനും, സത്യൻ അന്തിക്കാടിന്റെ തൂവക്കൊട്ടാരത്തിലെ പ്രകടനത്തിനുമായിരുന്നു അവാർഡുകൾ.
2002-ൽ അടൂർ ഗോപാലകൃഷ്ണന്റെ തന്നെ നിഴൽകുത്ത് എന്ന ചിത്രത്തിലെ കാളിയപ്പനെ വിസ്മയകരമാക്കിയതിന് ഏറ്റവും മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡും ലഭിച്ചു.

ഒട്ടും അഭിനയിക്കാൻ അറിയാത്ത നടൻ കിട്ടുന്ന കഥാപാത്രങ്ങളിൽ ജീവിച്ചു കാണിച്ചു തന്ന ചുരുക്കം ചില അഭിനേതാക്കളിൽ ഒരാൾ. സാധാരണക്കാരിൽ സാധാരണക്കാരനായി അഭിനയിച്ച…. അതേപോലെ ജീവിച്ച മികച്ച വ്യക്തിത്വത്തിനുടമ. മലയാള സിനിമയുടെ തീരാനഷ്ടങ്ങളിൽ ഒന്ന്. ഒടുവിൽ ഉണ്ണികൃഷ്ണൻ.സിനിമയിലും ജീവിതത്തിലും അഭിനയിക്കാൻ അറിയാത്ത മനുഷ്യൻ. സ്വാഭാവികാഭിനയത്തിന്റെ കിരീടം വെക്കാത്ത രാജാവ്.