Entertainment
ഏതു പ്രായക്കാർക്കും റിലേറ്റ് ചെയ്യാൻ സാധിക്കുന്ന ഒരു കണ്ടൻറ് വൃത്തിയിൽ പറഞ്ഞ ചിത്രം

Vyshnav Jayaram
കീടം (2022)
കെട്ടുറപ്പുള്ള തിരക്കഥയുടെ ബലത്തിൽ ആദ്യവസാനം ത്രില്ലടിപ്പിച്ചും കൂടെ നിർത്തിയും കഥപറയുന്ന സമീപകാലത്തെ മികച്ചൊരു തിയേറ്റർ അനുഭവം നൽകുന്ന ചിത്രമാണ്, മികവും പോരായ്മയും ഒരുപോലെ ചർച്ച ചെയ്യാം…
രജിഷ വിജയൻ കേന്ദ്രകഥാപാത്രമാകുന്ന ഒരു ചിത്രം, കൂടെ ശ്രീനിവാസൻ , വിജയ് ബാബു, മണികണ്ഠൻ പട്ടാമ്പി തുടങ്ങി കഥയോടു ചേർന്നു നിൽക്കുന്ന കഥാപാത്രങ്ങളുള്ള സിനിമ. കഥാപശ്ചാത്തലം സൈബർ ക്രൈം ത്രില്ലർ ആയതിനാൽ ആ ഴോന്നറിനോട് അങ്ങേയറ്റം നീതി പുലർത്തിയ ആഖ്യാനത്തിലെ മികവ് എടുത്തുപറയേണ്ട മേന്മയാണ്. പലതരം ത്രില്ലർ സിനിമകൾ നമ്മുടെ ഫേവറിറ്റ് ലിസ്റ്റിൽ ഉണ്ടാകുമെങ്കിലും ഒരു ലക്ഷണമൊത്ത സൈബർ ക്രൈം ത്രില്ലർ മലയാളത്തിൽ ഇതുവരെ പുറത്തിറങ്ങിയില്ല എന്നാണ് എൻറെ പക്ഷം, കീടം ഗംഭീരമായൊരു ആദ്യപകുതിയും കഥയുടെ ഒഴുക്കിനെ ബാധിക്കാതെ നല്ലൊരു പര്യവസാനത്തിലെത്തിച്ച രണ്ടാം പകുതിയും പ്രേക്ഷകന് നൽകുന്ന തീയറ്റർ കാഴ്ച അർഹിക്കുന്ന സിനിമയാണ്.
ഒറ്റമുറി വെളിച്ചം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകൻ രാഹുൽ റിജി നായർ ‘KHO KHO’ എന്ന സിനിമയ്ക്കുശേഷം വീണ്ടും രജിഷ വിജയനുമായി വീണ്ടുമെത്തുമ്പോൾ മുൻ സിനിമയോട് യാതൊരു അടുപ്പവും തോന്നാത്ത തീർത്തും വ്യത്യസ്തമായൊരു പശ്ചാത്തലം തന്നെയാണ് കഥയ്ക്കായി സ്വീകരിച്ചിട്ടുള്ളത്.
കീടം എന്ന ടൈറ്റിൽ പലർക്കും പുതുമയായും വേറിട്ടതായും തോന്നിയേക്കാം, എന്നാൽ സിനിമയുടെ ആദ്യ അര മണിക്കൂറിൽ തന്നെ ഈ ടൈറ്റിൽ എന്താണെന്നും ഇത് സിനിമയുമായി എങ്ങനെ ബന്ധപ്പെട്ടു നിൽക്കുന്നു എന്നും പൂർണ്ണമായ ഒരു ധാരണ പ്രേക്ഷകനിൽ എത്തും. രാധികാ ബാലൻ എന്ന രജിഷ കഥാപാത്രം സൈബർ സെക്യൂരിറ്റിയിൽ തൻറെ സ്റ്റാർട്ടപ്പ് വളർത്തിക്കൊണ്ടുവരുന്ന അതിനായി നിലപാടിൽനിന്ന് പ്രയത്നിക്കുന്ന എത്തിക്സുള്ള കഥാപാത്രമാണ്. ഇവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമ സംസാരിക്കുന്നത്.
സൈബർ സുരക്ഷയും മറ്റൊരാളുടെ പ്രൈവസിയിലേക്ക് ടെക്നോളജി മൂലം കടന്നുവന്ന മാറ്റങ്ങളും സിനിമ സംസാരിക്കുന്നുണ്ട്. ഇതിനു മുൻപൊരു മുൻ മാതൃക കാണിക്കാൻ ഇല്ലാത്ത തീർത്തും വ്യത്യസ്തമായ ഒരു പശ്ചാത്തലവും കഥാഗതിയും സിനിമയുടെ പോസിറ്റീവാണ്. തീയേറ്ററിൽ എൻജോയ് ചെയ്തു എൻഗേജ്ഡായ് ആദ്യാവസാനം പ്രേക്ഷകനെ കണ്ടിരുത്തുന്ന പടം.
ആദ്യപകുതിയെ അപേക്ഷിച്ചു കഥ കൂടുതൽ സീരിയസ് മൂഡിലേക്ക് ഗിയർ മാറ്റുന്ന രണ്ടാം പകുതിയുടെ പ്രധാന ഭാഗങ്ങൾ പേസിൽ വരുന്ന വേരിയേഷൻ കൊണ്ട് ഡൗൺ ആയതുപോലെ തോന്നിയേക്കാം, എന്നാൽ പിന്നീട് ക്ലൈമാക്സിൽ എത്തുമ്പോൾ സിനിമ അർഹിക്കുന്നൊരു കാഴ്ചയിൽ മികച്ച അവസാനം നൽകാൻ അണിയറക്കാർക്ക് സാധിക്കുന്നുണ്ട്.
ഇത്തരം ചെറിയ സിനിമകൾ തിയേറ്ററിൽ തന്നെ വിജയമാകേണ്ടതുണ്ട്, കാരണം കഥയുടെ മേന്മയിൽ നല്ല അഭിനേതാക്കളുടെ മികവുള്ള പ്രകടനം കാണിച്ച് ടെക്നിക്കലി സൗണ്ടായ ഒരു സിനിമയൊരുക്കുമ്പോൾ അത് തിയറ്ററിലെത്തുമ്പോൾ പ്രേക്ഷകർ അത് സ്വീകരിക്കുമ്പോഴാണ് ഇത്തരം ശ്രമങ്ങൾ വിജയം ആകുന്നതും തുടർന്നും സിനിമകളെത്തുന്നതും. ഒരു നല്ല തീയേറ്റർ എക്സ്പീരിയൻസ് നൽകിയ സിനിമയാണ് കീടം, കുടുംബത്തോടൊപ്പം ധൈര്യമായി കാണാൻ സാധിക്കുന്ന ചിത്രം. ഏതു പ്രായക്കാർക്കും റിലേറ്റ് ചെയ്യാൻ സാധിക്കുന്ന അറിഞ്ഞിരിക്കേണ്ട ഒരു കണ്ടൻറ് വൃത്തിയിൽ പറഞ്ഞ ചിത്രം. കൊടുക്കുന്ന കാശിന് തൃപ്തി നൽകുന്ന കാഴ്ച തീയേറ്ററിൽ നിന്ന് തന്നെ കാണണം എന്ന പക്ഷക്കാരനാണ് ഞാൻ, കീടം ഈ സീസണിലെ മികച്ച ചിത്രമാണ് ഉറപ്പായും നഷ്ടപ്പെടുത്തരുത്. 💯
803 total views, 4 views today