കണ്മണിയുടെ രണ്ടാംവരവിനായി – കഥ
അവള് ആ പാവയെ ചേര്‍ത്തുപിടിച്ചു കണ്മണിയുടെ രണ്ടാം വരവിനായി കണ്ണുകള്‍ ഇറുക്കിയടച്ചു കിടന്നു..
127 total views

ഇരവിന്റെ മൂകപ്രകൃതത്തിലാശ്വസിച്ചു ലോകം ഉറങ്ങുകയാണ് .തന്റെ ഹൃദയത്തിന് മാത്രം അന്യമായ ശാന്തിയുടെ കാരണങ്ങള്‍ ഡയാനയുടെ മുഖത്ത് കണ്ണുനീരിന്റെ പുതിയ ചാലുകള്‍ തീര്‍ക്കുന്നു .പത്തുമാസത്തെ ത്യാഗ ,പ്രതീക്ഷകളില്‍ ജനിച്ച സ്വപ്നങ്ങള്‍ ഒരു ദിനം വിധിയില്‍ തട്ടി സ്ഫടിക കൊട്ടാരം പോലെ തകര്‍ന്നു വീണ നിമിഷങ്ങളില്‍ താന്‍ എങ്ങനെ ഈ ലോകത്ത് അവശേഷിച്ചു എന്നോര്‍ക്കുമ്പോള്‍ ദുഃഖത്തില്‍ നേരിയ അത്ഭുതത്തിന്റെ കടന്നുകയറ്റം .
അമ്മ പറയുമായിരുന്നു മാതൃത്വത്തിന്റെ മഹിമയെ കുറിച്ച് . ലാസ്വെഗാസിലെ യുവത്വത്തിന്റെ കൂത്താട്ടങ്ങളില്‍ തന്റെ ഭാഗം ആടിത്തീര്‍ക്കുന്ന കാലം .ലഹരിയുടെ വാതായനങ്ങള്‍ മുന്നില്‍ ഉപചാരമില്ലാതെ തുറന്നു കൊണ്ടിരുന്നു . കന്യകാത്വമെന്ന അവസ്ഥയുടെ മരണത്തോടെ താന്‍ ആണ്ടു പോയ പടുകുഴിയിലേയ്ക്ക് നീണ്ടുവന്ന ഹാരിയുടെ കൈകള്‍ ….
ഹാരി നല്ലൊരു ചെറുപ്പക്കാരനായിരുന്നു .മിതഭാഷണന്‍ ,സുന്ദരന്‍ ,സര്‍വോപരി ഉയര്‍ന്ന കുടുംബം .കോളേജില്‍ തന്റെ സീനിയര്‍ ആയിരുന്നു. അന്നേ അവന് പലപ്രാവശ്യം പ്രണയാഭ്യര്‍ഥന നടത്തുമായിരുന്നു. അന്നൊക്കെ തന്റെ മനസ്സില്‍ എന്തായിരുന്നു..ഒരു തരം മരവിപ്പ് .അടങ്ങാത്ത ഭൌതികത തൃഷ്ണകളുടെ ലോകത്ത് ഹാരിയുടെ പ്രണയം മണ്ണിനടിയില്‍ പവിഴമായി കിടന്നിരുന്നു എന്ന് എപ്പോഴാണ് മനസിലാക്കിയത്…വെള്ളക്കാരികളായ സുന്ദരി മാലാഖമാരെ കിട്ടാന്‍ എല്ലാ യോഗ്യതയുമുണ്ടായിട്ടും ,തലനാരിഴകീറി വര്‍ണ്ണം പരിശോധിയ്ക്കുന്ന നാട്ടില്‍ തന്നോടു അവനു തോന്നിയ സ്നേഹം ഒരുതരം സിമ്പതി ആയി തോന്നിയിരുന്നു…അല്ലെങ്കില്‍ പരിഹാസം .അതവനോടു ചോദിയ്ക്കുമ്പോള്‍ എന്തൊക്കെയോ ഒളിപ്പിച്ച ഒരു ചിരി. അതില്‍ ഒളിച്ചിരിയ്ക്കുന്നത് നന്മതന്നെയെന്ന തിരിച്ചറിവില്‍ ആണല്ലോ തന്റെ കുത്തഴിഞ്ഞ ജീവിതത്തിനു യവനിക വീണത്.
ചിന്തകളുടെ വേലിയേറ്റം രാവിന്റെ തീരങ്ങളെ അപഹരിച്ചു കൊണ്ടിരുന്നു . കുഞ്ഞോളമായും ചിലപ്പോള്‍ സുനാമിയയും ചിന്തകള്‍ ആടിയുലഞ്ഞു കൊണ്ടിരുന്നു .
ആരോ വാതിലില്‍ മുട്ടുന്നു ..ചിന്തകള്‍ കറന്റ് പോയ ടി.വിയിലെന്ന വണ്ണം അപ്രത്യക്ഷമായി .ഓടിച്ചെന്നു വാതില്‍ തുറന്നു . ഒരു ബാലിക !.കയ്യിലൊരു ഡോഗിന്റെ പാവയുമുണ്ട്. അവള് ചിരിതൂകിക്കൊണ്ടു നില്ക്കുന്നു .മുന്‍പ് എവിടെയോ കണ്ട മുഖപരിചയം തോന്നിയെങ്കിലും ഓര്‍ത്തെടുക്കാന്‍ അന്നേരം മെനക്കെട്ടില്ല .
‘മോളാരാ….? ‘ ഡയാന ചോദിച്ചു
അവള് ഒന്നും മിണ്ടിയില്ല .അകത്തു കടന്നു കട്ടിലില്‍ ഇരുന്നു . ഡയാന ചിരി കലര്‍ന്ന അത്ഭുതത്തോടെ അരികില്‍ ഇരുന്നു .ആ മുഖ പരിചയം എത്ര ചിന്തിച്ചിട്ടും മനസിലാകുന്നില്ല .
‘ മോള് ആന്റിയെ അറിയുമോ …മോള് അടുത്ത ഫ്ലാറ്റിലെയാ…?’
അപ്പോഴും മൌനമായിരുന്നു മറുപടി . ആ കുസൃതി നോട്ടത്തില്‍ അവളുടെ ഉള്ളലിഞ്ഞുപോയി. മൂന്നു വര്‍ഷം മുന്‍പ് നഷ്ടപ്പെട്ട പ്രതീക്ഷകള്‍ വര്‍ത്തമാനകാല ജീവിതത്തില്‍ വന്നു കൊതിപ്പിയ്ക്കുകയാണോ എന്ന് ശങ്കിച്ചു .പിറകെ ഇവളുടെ അമ്മ വരും .അത് വരെ ഇവിടുരുന്നോട്ടെ .മാതൃത്വത്തിന്റെ വിളികളെ തൃപ്തിപ്പെടുത്താനെങ്കിലും …
‘മോളുടെ പേരെന്താ…? ‘
‘നതാഷ ‘
നതാഷ നല്ല പേര് .ഹാരിയ്ക്കും റഷ്യന്‍ പേരുകളോട് വലിയ കമ്പം ആയിരുന്നു .അതിനൊരു കാരണമുണ്ട് .ഹരിയുടെ മുത്തച്ഛന് റഷ്യയില്‍ നിന്നും കുടിയേറിപ്പാര്‍ത്തതാണ് . പഴയ സോവിയറ്റിന്റെ പ്രതാപതിനെ ഓര്‍ക്കുമ്പോള്‍ അവന് വചാലനാകാറുണ്ടായിരുന്നു . ഒരിയ്ക്കല്‍ കാറിലിരുന്നു എല്ലാ അമേരിക്കന്‍സിനെയും പോലെ സോവിയറ്റിനെ കളിയാക്കിയതിനെ തുടന്നുണ്ടായ ഒരു തര്ക്കത്തിനടയ്ക്കായിരുന്നല്ലോ മാംസം ചിന്നിചിതറിയ ആ ഘോരശബ്ദം ….ഹാരിയും ഉദരവാസം അവസാനിപ്പിയ്ക്കാറായ കണ്മണിയും തന്നെ വിട്ടുപോയ ശപിയ്ക്കപ്പെട്ട നിമിഷം….
നതാഷയുടെ പിഞ്ചുകൈ അവളുടെ മുടിതുമ്പില്‍ ഉടക്കി..വര്‍ത്തമാനത്തിലും പിന്തുടരുന്ന ദുരന്ത ചിന്തയുടെ ആഴങ്ങളില്‍ ഇപ്പോഴും ആരെങ്കിലും കൈതരാറുണ്ട് ..ഹാരിയുടെ പോലത്തെ കൈകള്‍…
അവള് നതാഷയെ ചുമ്പിചു …കണ്ണുനീരിന്റെ ഉറവ പൊട്ടി കവിളിലൂടെ കടന്നു ചുണ്ടുകളിലൂടെ നതാഷയുടെ മുഖത്ത് പടര്‍ന്നു ..നിര്‍വൃതിയുടെ അനിര്‍വചനീയമായ അനുഭവങ്ങളില്‍ ഡയാന നീന്തി തുടിച്ചു…
‘മോള്‍ക്ക് ആന്റി എന്താ തരുന്നത് ഇപ്പോള്‍ …’ മെല്ലെ പറഞ്ഞു കൊണ്ട് അവള് ചിന്തിച്ചു .സ്നേഹ പ്രകടനങ്ങളുടെ ഉച്ചസ്ഥായിയില്‍ ശ്രദ്ധിയ്ക്കാത്ത ഒരു കാര്യം ഡയാന മനസിലാക്കി .നതാഷയ്ക്ക് നന്നായി പനിയ്ക്കുന്നുണ്ട്.
‘അയ്യോ മോള്‍ക്ക് ചുട്ടു പൊള്ളുന്നല്ലോ ….മോള് കിടക്കൂ ..ആന്റി കുടിയ്കാന്‍ എന്തെങ്കിലും കൊണ്ടുവരാം …’
നതാഷയെ കിടത്തിയിട്ട് അവള് അടുക്കളയിലേയ്ക്ക് പോയി ഷെല്‍ഫില്‍ ലക്ഷ്യമില്ലാതെ വിശ്രമിയ്ക്കുന്ന പാല്‍കുപ്പി കയ്യിലെടുത്തു .മോള്‍ക്ക് ആ പ്രായമൊക്കെ കഴിഞ്ഞു ..പക്ഷെ തന്റെ മോഹങ്ങള്‍ ശൈശവം വിട്ടിട്ടില്ല .വിരസതയുടെ കണ്ണുനീരില്‍ മുഖം തെല്ലും പ്രതിഷേധം കാണിയ്ക്കുന്നില്ല .
നതാഷയുടെ അടുത്തിരുന്നു പാലുകുടിപ്പിച്ചു ..ഉടന്‍ എന്തോ ഓര്‍ത്തുകൊണ്ട് മേശതുറന്ന് തെര്‍മോമീറ്റര്‍ എടുത്തു നതാഷയുടെ നാവിനടിയില്‍ വച്ച് നോക്കി
…ങാ ..സാരമില്ല ..ഇപ്പോള്‍ അത്ര പനി തോന്നിയ്ക്കുന്നില്ല …’ ഡയാനയുടെ ആത്മഗതം
‘മമ്മീ എനിയ്ക്ക് എന്റെ ബാര്ബീയെ വേണം …’
മമ്മീ എന്നുള്ള വികാരജനകമായ വിളിയേക്കാള്‍ അവള് ആവശ്യപ്പെട്ട കാര്യമോര്‍ത്തു ഡയാന അത്ഭുതപ്പെട്ടു ..
‘മോള് എന്താ പറയണത്..ബാര്‍ബിയോ ..അതെന്താ..!!?’
‘ഇന്നലെ മമ്മി എനിയ്ക്ക് വേണ്ടി വാങ്ങിച്ച ടോള്‍…’
ഡയാന ഞെട്ടി തെറിച്ചു …ആ മുഖത്ത് മാറിമറിഞ്ഞ വികാരങ്ങള്‍ക്ക് പരിധി കല്‍പ്പിയ്ക്കുക പ്രയാസമായിരുന്നു .നഷ്ടങ്ങള്‍ കയറിയിറങ്ങുന്ന തന്റെ ജീവിതത്തില്‍ ഇങ്ങനെ ചില ഭ്രാന്തും ഉണ്ട്…കടയില്‍ കാണുന്ന നല്ല ടോള്‍ ഒക്കെ മേടിച്ചു വയ്ക്കും. തന്റെ കാണാകണ്മണിയെ ഓര്‍ത്ത് …
‘മോള് എന്താ പറഞ്ഞത്….. മോള് എന്താ പറഞ്ഞത്….. ‘ നതാഷയെ കുലുക്കിക്കൊണ്ട് അവള് പല പ്രാവശ്യം ഉറക്കെ ചോദിച്ചു.
വാതിലില്‍ ആരോമുട്ടുകയും ബെല്ലടിയ്ക്കുകയും ചെയുന്നു .സംയമനം വീണ്ടെടുത്ത ഡയാന ഒരു വിധം തപ്പിത്തടഞ്ഞു വാതില്‍ തുറന്നു. പുറത്ത് അടുത്ത ഫ്ലാറ്റിലെ കാര്ളിന് ആയിരുന്നു .
‘എന്ത് പറ്റി ഡയാനാ… ഉറക്കെ വിളികള്‍ ഒക്കെ കേട്ടല്ലോ…ഞാനാകെ ഭയന്ന് പോയി..എന്താ സംഭവിച്ചത്….?’ കാര്ളിന് ചോദിച്ചു .
‘അവള്..അവള്..എന്റെ മോള് ….’ ഡയാന വിതുമ്പിക്കൊണ്ടു ഒരു വിധം പറഞ്ഞൊപ്പിച്ചു .
മോളോ ..അതാരാ.. ?’ ആശ്ചര്യത്തോടെ കാര്ളിന് അകത്തു കയറി നോക്കി
‘ഡയാനാ നീ ആരെയാ കണ്ടത്…?’
‘മോള് ഇവിടെ ഉണ്ടായിരുന്നു..എന്റെ പോന്നു മോള് ….അവള് പാവ മേടിയ്ക്കാന് വന്നതാ ..’
‘താന്‍ എന്താടോ പറയുന്നത് …സ്വപ്നം കണ്ടതാണ്..നന്നായി ഒന്ന് ഉറങ്ങൂ..എപ്പോഴും നെഗറ്റീവ് ആയി ചിന്തിച്ചാല്‍ പിന്നെ എങ്ങനെ ഇതൊക്കെ കണാതിരിയ്ക്കും… ‘ കാര്ളിന് പതിയെ പറഞ്ഞു .
കാര്ളിന് ഡയാനയെ ആശ്വസിപ്പിച്ചു ഉറക്കാന്‍ നോക്കി .
‘എന്റെ മോള്…അയ്യോ ..അവള് ഇത്ര നേരം ഇവിടുണ്ടായിരുന്നു ..മമ്മി മേടിച്ച സമ്മാനം വാങ്ങാന്‍ വന്നതാ..പ്ലീസ് കാര്ളിന് ആ ഷെല്‍ഫിലെ ടോള്‍ അതിങ്ങെടുത്ത് താ ..പ്ലീസ് …പ്ലീസ്..’ ഡയാന കിടന്നു കൊണ്ട് വിതുമ്പി
‘ഇവളുടെ ഒരു കാര്യം …’ പിറുപിറുത്തുകൊണ്ട് കാര്ളിന് ആ ഷെല്‍ഫില്‍ നിന്നും ബാര്ബീഗേള് പാവ എടുത്തു ഡയാനയുടെ കയ്യില്‍ പിടിപ്പിച്ചു… ശേഷം യാത്ര പറഞ്ഞു വാതിലടച്ചു കാര്ളിന് പോയി.
അവള് ആ പാവയെ ചേര്‍ത്തുപിടിച്ചു കണ്മണിയുടെ രണ്ടാം വരവിനായി കണ്ണുകള്‍ ഇറുക്കിയടച്ചു കിടന്നു..
128 total views, 1 views today
