വാർ – ഒരു ഇന്റർനാഷണൽ ഇന്ത്യൻ സിനിമ (റിവ്യു)

487

എഴുതിയത് : Arun

WAR – An International Indian Cinema

ഇന്റർനാഷണൽ ?
ധൂം 2 ഇന്റർവെൽ സീനിൽ ഹൃതിക് പറയുന്ന ഒരു ഡയലോഗ് ഉണ്ട് “ദിസ് ടൈം ഇറ്റ് ഈസ് ഇന്റർനാഷണൽ”.
ആ വിശേഷണം പൂർണമായും യോജിക്കുന്ന സിനിമയാണ് ‘വാർ’.
Njan Arun
Njan Arun

രഹസ്യാനേഷണ ഉദ്യോഗസ്ഥർ, അന്താരാഷ്ട്ര ക്രിമിനലുകൾ എന്നിവരുടെ കഥകൾ പറയുന്ന ഹോളിവുഡ് സിനിമകൾ നമ്മെ ശീലിപ്പിച്ച ചില കാഴ്ചകളും രീതികളൂം ഉണ്ട്. ഒരു മസാല ഹിന്ദി സിനിമയുടെ ശീലു പിടിക്കാതെ നേരത്തെ പറഞ്ഞ തരത്തിലുള്ള ഒരു ഹോളിവുഡ് സിനിമയുടെ ശൈലിയിലാണ് “വാർ” നിർമിക്കപ്പെട്ടിട്ടുള്ളത്. അത്തരം ഹോളിവുഡ് സിനിമകളുടെ പാത്രസൃഷ്ടി, കഥാ സന്ദർഭങ്ങൾ, എഡിറ്റിംഗ് പാറ്റേൺ, തുടങ്ങിയ പലതും “വാർ’ എന്ന ഹിന്ദി സിനിമയിലും കാണാം.

ലുക്ക് & ഫീൽ
  • ഇന്റർനാഷണൽ ആക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചത് ലൊക്കേഷനുകൾ ആണ്. സിനിമ തുടങ്ങി അധികം വൈകാതെ തന്നെ പാകിസ്ഥാൻ, ഇന്ത്യ, അഫ്‍ഹാനിസ്ഥാൻ, പാരീസ്, ഇറാഖ് എന്നിങ്ങനെ ലൊക്കേഷനുകൾ മാറിക്കൊണ്ടിരിക്കും. ഹോളിവുഡ് സിനിമകളുടെ രീതി തന്നെ.
  • ലൊക്കേഷൻ കഴിഞ്ഞാൽ വസ്ത്രങ്ങൾ ആണ് ഈ ലുക്ക് & ഫീൽ തരുന്ന അടുത്ത ഘടകം. പ്രത്യേകിച്ച് വിദേശ രാജ്യങ്ങളിൽ എത്തുമ്പോൾ ഉള്ള വസ്ത്രങ്ങൾ ഇതൊരു ഹിന്ദി സിനിമയാണെന്ന തോന്നൽ ഉണ്ടാക്കാത്തവയായിരുന്നു.
  • പിന്നെ ഇതിൽ ആക്ഷൻ സീനുകളിൽ ഉപയോഗിച്ചിരിക്കുന്ന വാഹനങ്ങൾ എല്ലാം വൻകിട ബ്രാൻഡുകളുടെ വിലപിടിപ്പുള്ള വാഹനങ്ങൾ ആണ്. അതും ഇതൊരു ബിഗ് ബഡ്‌ജറ്റ്‌ സിനിമയാണെന്ന തോന്നൽ ഉണ്ടാക്കുന്നുണ്ട്.
ആക്ഷൻ
“ഇന്ത്യയിലെ ഏറ്റവും വലിയ ആക്ഷൻ ഫിലിം’ എന്ന ലേബലിൽ ഇറങ്ങിയ സാഹോയേക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്ന ആക്ഷൻ രംഗങ്ങൾ ആണ് ‘വാറിൽ’ ഉള്ളത്.
ഒരു ഹൈ ഏൻഡ് ആക്ഷൻ സീനിന്റെ ഇടയിൽ ചിരിച്ചിട്ടുണ്ടോ ?? ഈ സിനിമയിലെ ആക്ഷൻ രംഗത്തിനിടയിൽ അത്തരത്തിൽ ഒരു രംഗം ഉണ്ട്. എന്നാൽ അതെ ആക്ഷൻ സീക്വെന്സില് അധികം വൈകാതെ തന്നെ ത്രില്ല് അടിപ്പിക്കുന്നുമുണ്ട്. അത്തരത്തിൽ ആണ് സിനിമയുടെ ആക്ഷൻ സീനുകളുടെ ഘടന. വളരെ ആസ്വദിച്ച് കണ്ടിരിക്കാം. ഇന്ത്യൻ സിനിമകളുടെ ആക്ഷൻ സീനുകളിൽ ഒരു പുതിയ ബെഞ്ച് മാർക്ക് ആണ് “വാർ.”
രണ്ടുപേർ തമ്മിലുള്ള ഫൈറ്റ്, ഷൂട്ട് ഔട്ട് , കാർ ചെയ്‌സ്, ബൈക്ക് ചെയ്‌സ്, വിമാനത്തിൽ ഉള്ള സ്റ്റണ്ട്, വമ്പൻ പൊട്ടിത്തെറികൾ എന്നിങ്ങനെ ആക്ഷന്റെ എല്ലാ സാധ്യതകളും ഈ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്.
ആക്ഷൻ രംഗങ്ങളുടെ വൈവിധ്യവും അത് കഥയോട് ചേർന്ന് നിൽക്കുന്നതും ഈ രംഗങ്ങളെ കൂടുതൽ ആസ്വാദ്യകരമാക്കാൻ കാരണമാക്കുന്നുണ്ട്.
VFX
vfx ഉപയോഗിച്ചിട്ടുണ്ട് എന്ന് അറിയിക്കാതെ ഇരിക്കുന്നതാണ് ഏറ്റവും മികച്ച vfx എന്ന് പറയാറുണ്ട്. എന്നാൽ ഈ സിനിമയിൽ ചില സീനുകൾ കാണുമ്പോൾ നമ്മുടെ സാമാന്യ യുക്തിക്ക് തിരിച്ചറിയാം ഈ രംഗങ്ങൾ അവർ vfx ന്റെ സഹായത്തോടെ ചെയ്തതായിരിക്കും എന്ന്. എന്നാൽ അവിടെയെല്ലാം ഒരു കല്ലുകടി തോന്നാതെ വൃത്തിയായി അത് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ vfx രംഗങ്ങൾ വളരെ നന്നായിരിക്കുന്നു എന്ന് പറയാം.
വാണി കപ്പൂർ
സിനിമയുടെ ട്രൈലെർ കണ്ടപ്പോൾ അനാവശ്യമായ പ്രേമവും സെന്റിമെൻസും കുത്തിക്കയറ്റി സിനിമയെ തനി ഹിന്ദി പടം ആക്കാൻ വേണ്ടി എന്തിനാണ് ഇങ്ങനെ ഒരു നായിക എന്നാണ് ഞാൻ ചിന്തിച്ചത്. അതുകൊണ്ട് തന്നെ വാണിയുടെ കഥാപാത്രം വന്നപ്പോൾ തന്നെ ഇനിയങ്ങോട്ട് ലാഗ് ആയിരിക്കും എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു. പക്ഷെ പ്രതീക്ഷിച്ചതല്ല സംഭവിച്ചത്. വാണിയുടെ കഥാപാത്രവും, ഡയലോഗുകളും നന്നായി ഇഷ്ടപ്പെട്ടു. ഒരു ചെറിയ ഗാനരംഗം ഉണ്ട്, അതിലെ സ്റ്റേജിൽ ഉള്ള ഡാൻസും പുതിയൊരു ദൃശ്യ വിരുന്നായിരുന്നു.
അത്തരത്തിൽ സിനിമയിലെ എല്ലാ കഥാപാത്രങ്ങളും കഥാഗതിയെ കൃത്യമായ സമയങ്ങളിൽ സ്വാധീനിക്കുന്നവയാണ്. ആ കാര്യത്തിൽ തിരക്കഥാകൃത്തുക്കളായ ശ്രീധർ രാഘവറും, സിദ്ധാർഥ് ആനാടും അഭിനന്ദനം അർഹിക്കുന്നു.
ടൈഗർ ഷ്‌റോഫ്
ഒറ്റക്ക് നായകൻ ആയ സിനിമകളേക്കാൾ ഈ സിനിമയിൽ ടൈഗർ ഷൈൻ ചെയ്യുന്നുണ്ട്. വെറും 6 സിനിമകളുടെ വലിപ്പമുള്ള കരിയറിന്റെ ഈ ഘട്ടത്തിൽ ഇത്രയും വലിയ ഒരു ആക്ഷൻ സിനിമയിൽ ഭാഗം ആവാൻ കഴിഞ്ഞത്ത് ടൈഗറിന്റെ ഭാഗ്യമാണ്. നല്ല ഷാർപ്പ് ആയ നോട്ടം ഉണ്ട്. അത് ആക്ഷൻ സീനുകളിലും മറ്റും നന്നായി ഉപയോഗിച്ചിട്ടുണ്ട്. അതെ സമയം ചിരിച്ചുകൊണ്ട് ഡയലോഗ് പറയുമ്പോൾ ഒരു സുന്ദരിയുടെ മുഖഭാവം വരുന്നുമുണ്ട്. എന്തായാലും ടൈഗർ പ്രതീക്ഷിച്ചതിലും നന്നായി.
ഡയലോഗുകൾ
ധൂം സിനിമകളിലെ പോലെ പഞ്ച് ഡയലോഗുകൾ ഇതിൽ അധികം ഇല്ല. എന്നാൽ ഇമോഷണൽ ആയ, മനസിൽ നിൽക്കുന്ന ഒരുപാട് ചെറിയ സംഭാഷണങ്ങൾ ഉണ്ട്. ഇന്റർവെൽ കഴിഞ്ഞു ആദ്യ സീനിൽ മത്സരത്തിലെ ജയവും തോൽവിയും എന്നതിനെ പറ്റി ഹൃതിക് പറയുന്ന ഒരു ഡയലോഗ് ഉണ്ട്. അതാണ് ഇപ്പോഴും മനസ്സിൽ നിൽക്കുന്ന ഡയലോഗ്.
ലോജിക്
ആക്ഷനിലും, മറ്റു സീനുകളിലും ഗ്രാവിറ്റിയും, ലോജിക്കും കൊണ്ടുവരാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ക്ലൈമാക്സിനോടടുത്ത് ‘അവിശ്വസിനീയമായ’ ഒരു എൻട്രി സീൻ കണ്ടപ്പോൾ മന്സുപറഞ്ഞു ഇതിനും ഒരു ലോജിക്കൽ എക്സ്പ്ലനേഷൻ ഉടനെ വരും എന്ന്. വിചാരിച്ചതു പോലെ തന്നെ അധികം വൈകാതെ ലോജിക്കൽ ആയി കാര്യം അവർ വിശദീകരിക്കുന്നുണ്ട്. അത് തന്നെയാണ് സിനിമയുടെ വിജയം.
കുറ്റം പറയാൻ
ഒരു ഹോളിവുഡ് സിനിമ ആണെങ്കിൽ നമ്മൾ അംഗീകരിക്കുമായിരുന്ന ട്വിസ്റ്റുകളും സീനുകളും ഈ സിനിമയിൽ ഉണ്ട്. അത് അംഗീകരിക്കാം അംഗീകരിക്കാതിരിക്കാം, അത് കാണുന്നയാളുടെ ചോയ്‌സ്.
മൊത്തത്തിൽ

വലിയ സ്‌ക്രീനിൽ തന്നെ കാണേണ്ട ഒരു ബിഗ് ബഡ്‌ജറ്റ്‌ ആക്ഷൻ സിനിമ.

ഇന്ത്യയിൽ എപിക് വാർ സിനിമകളെ മാറ്റി നിർത്തിയാൽ അടുത്ത കാലത്ത് ഇറങ്ങിയ ഏറ്റവും വലിയ ആക്ഷൻ സിനിമ.
ട്രെയ്ലറിൽ കണ്ട സീനുകളിൽ ലോജിക്ക് ഇല്ലായ്മ അനുഭവപ്പെടുന്നില്ലെങ്കിൽ ധൈര്യമായി പോയി കാണുക.
The Real Treat
ശരീര സൗന്ദര്യം, മുഖ സൗന്ദര്യം, ഡാൻസിലെ അഗ്രഗണ്യൻ, ആക്ഷൻ രംഗങ്ങളിലെ മികവ്, മികച്ച അഭിനയ ശേഷി ഇതെല്ലം ഒത്തിണങ്ങിയ ഒരു ടിപ്പിക്കൽ ഹോളിവുഡ് സ്റ്റാർ മെറ്റീരിയൽ ആയ ഹൃതിക് റോഷൻ കരിയറിന്റെ തുടക്ക കാലത്തിനു ശേഷം അത്തരത്തിൽ അടിയും, ഡാൻസും പ്രേമവും സെന്റിമെൻസും എല്ലാം ഉള്ള തനി ഹിന്ദി സിനിമ എത്രയെണ്ണം ചെയ്തിട്ടുണ്ട് എന്ന് നോക്കുക. ഹൃതിക്കിനെ അങ്ങനെ ഫുൾ ഫോമിൽ ഒരു കൊമേർഷ്യൽ സിനിമയിൽ കണ്ടിട്ട് കുറച്ചു നാൾ ആയി .

എന്റെ ഓർമയിൽ ഉള്ള ചിത്രങ്ങളിൽ വിജയ് ചൗഹാൻ ( അഗ്നിപദ് ) ആണ് ഇന്നേവരെ ചെയ്തതിൽ ഏറ്റവും ഇന്റെൻസ് ആയ മാസ്സ് കഥാപാത്രം.

അതെ സമയം ധൂം 2 , ബാംഗ് ബാങ് എന്നിവയിൽ കണ്ടിട്ടുള്ള ഏറ്റവും സ്റ്റൈലിഷ് ആക്ഷൻ, ഷോ ഓഫ് & ഡാൻസ് കഥാപാത്രങ്ങളുടെ കൂട്ടത്തിൽ അവയേക്കാൾ മുകളിൽ വെയ്ക്കാവുന്ന ‘കബീർ’ എന്ന പ്രകടനം കാണണം എങ്കിൽ ‘വാർ’ കാണുക.

©️ ഞാൻ അരുൺ