സ്വന്തം ജനതയോട് യുദ്ധം പ്രഖ്യാപിച്ച് ഊരു ചുറ്റുന്ന മഹാരാജാവ് അറിയാന്‍

245

modi

സുപ്രഭാതം ദിനപത്രം ചീഫ് സബ് എഡിറ്ററും പ്രമുഖ പത്രപ്രവര്‍ത്തകനുമായ ഹംസ ആലുങ്ങല്‍ ഫേസ്ബുക്കില്‍ കുറിച്ച വരികള്‍

സ്വന്തം ജനതയോട് യുദ്ധം പ്രഖ്യാപിച്ച് ഊരു തെണ്ടാനിറങ്ങിയിരിക്കുന്നു മഹാരാജാവ്. കണ്ട രാജ്യങ്ങളിലെ കാണാത്ത ചില കാഴ്ചകള്‍ക്കൂടി ബാക്കിയുണ്ടല്ലോ എന്ന് അദ്ദേഹത്തിന് ഇപ്പോഴാണെത്രെ ഓര്‍മ വന്നത്. പാവം പോയി വരട്ടെ. ഇനി കുറഞ്ഞ സമയം കൂടിയല്ലേ ഇതൊക്കെ നടക്കൂ. സ്വന്തം ജനത നിയാധുരായി പിടഞ്ഞു മരിക്കുന്നതു കാണാന്‍പോലും സമയമില്ലാത്ത ഭരണാധികാരിയായി പോയതു അദ്ദേഹത്തിന്റെ കുറ്റമല്ലല്ലോ. അദ്ദേഹത്തിന്റെ സ്വന്തം പ്രജകള്‍ക്കുണ്ടാവോ ഈ നീതികേടിനോട് വല്ലതും പ്രതികരിക്കാന്‍? ബദല്‍ സംവിധാനം ഒരുക്കാതെ ഒരു യുദ്ധം പ്രഖ്യാപിച്ചാല്‍ അത്ഭുതം കാണിക്കാന്‍ എന്തു മാന്ത്രിക വിദ്യയാണ് അവരുടെ കയ്യിലുള്ളത്.?

ഇത്രയും വലിയൊരു അരക്ഷിതാവസ്ഥ നാട്ടില്‍ വിതച്ചിട്ടും ഒരു കള്ളപ്പണക്കാരുടെയും വെപ്രാളം കാണാനില്ല. കള്ളപ്പണച്ചാക്കുകളെന്ന് പൊതുജനം മുഖത്തെഴുതി ഒട്ടിച്ചവരുടെയൊന്നും പ്രതികരണവും കേള്‍ക്കാനില്ല. കെജ്‌രിവാള്‍ പറഞ്ഞതുപോലെയും ഗുജറാത്തിലെ അഖില എന്ന പത്രം ഏഴു മാസം മുമ്പ് പ്രവചിച്ചതുപോലെയും തന്നെ സംഭവിച്ചിരിക്കുന്നു.

വെപ്രാളവും അങ്കലാപ്പും സാധാരണക്കാരന്റെയും ഇടത്തരക്കാരന്റെയും ശരീര ഭാഷകളിലല്ലേ. കാരണം അവര്‍ക്ക് ജീവിതത്തില്‍ അഭിനയിക്കാനറിയില്ലല്ലോ.

അതുകൊണ്ട് ഒന്നോര്‍ത്താല്‍ നന്ന്. ഇന്ത്യാ രാജ്യത്തെ അഞ്ചു വര്‍ഷത്തിന് പാട്ടത്തിനെടുത്തപ്പോള്‍ കരാറുപ്പിച്ചത് സാധാരണക്കാരന്‍ കൂടുതല്‍ വോട്ടു കുത്തിയതിന്റെ സര്‍ട്ടിഫിക്കറ്റ് കൊണ്ടല്ലേ.? അതേ ജനങ്ങള്‍ തന്നെയാണ് ഇപ്പോഴുമിവിടെയുള്ളത്. നാളെയുമുള്ളത്. അവര്‍ അറിഞ്ഞു നല്‍കിയിട്ടായിരുന്നു ഇത്രയും കാലം കോണ്‍ഗ്രസിവിടെ ഭരിച്ചത്. ഇടക്കവര്‍ ഇടഞ്ഞപ്പോഴായിരുന്നു കോണ്‍ഗ്രസുകാരല്ലാത്തവരും അവിടെ കയറിയിരുന്നത്. അങ്ങനെയൊരവസരമേ താങ്കള്‍ക്കും അവര്‍ തന്നിട്ടുള്ളൂ. അത് കാലകാലം ജനങ്ങളുടെ തലയില്‍ കയറി നിരങ്ങാനുള്ള ലൈസന്‍സല്ല. അങ്ങനെയൊരു ലൈസന്‍സും അവര്‍ തരും. അവരോടൊപ്പം നിന്നാല്‍. അവര്‍ക്കുവേണ്ടി പോരാടിയാല്‍. അല്ലാതെ ഇതുപോലുള്ള ചെപ്പടി വിദ്യകള്‍ക്ക് അര്‍ഹിക്കുന്ന അവജ്ഞയോടെ തന്നെ പ്രതികരിക്കും. കാത്തിരുന്നോളൂ.