റോമാസാമ്രാജ്യത്തിന്റെ ചുണക്കുട്ടികള്‍

499
roman_army1
ഗ്ലാഡിയേറ്റര്‍ സിനിമയില്‍ റസല്‍ ക്രോ

മനുഷ്യന്‍ സമൂഹജീവിതം ആരംഭിച്ച കാലം മുതല്‍ക്കേ ചെറുതും വലുതുമായ യുദ്ധങ്ങളും ആരംഭിച്ചു. മറ്റു സമൂഹങ്ങളെക്കാള്‍ കരുത്തുറ്റ ഒരു വിഭാഗം ആളുകള്‍ തങ്ങള്‍ക്ക് ചുറ്റുമുള്ള സമൂഹങ്ങളെ പരാജയപ്പെടുത്തി കീഴടക്കിയാണ് ഇത്തരം ചെറിയ സമൂഹങ്ങള്‍ വലിയ രാജ്യങ്ങളും സാമ്രാജ്യങ്ങളും ആയി മാറിയത്. യുദ്ധങ്ങളുടെ ചരിത്രം കേള്‍ക്കുമ്പോള്‍ ഒരു കാര്യം മനസിലാകും: യുദ്ധം നയിച്ചവരുടെയോ യുദ്ധത്തിന് കാരണമായവരുടെയോ പേരുകള്‍ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ.യുദ്ധത്തില്‍ പോരാടിയ പടയാളികള്‍ എന്നും വിസ്മരിക്കപ്പെട്ടിട്ടേയുള്ളൂ.

എന്നാല്‍, കൃത്യമായ പരിശീലനത്തിലൂടെ, ഉറച്ച ആത്മവിശ്വാസത്തോടെ എതിരെ വന്നവരെയെല്ലാം തകര്‍ത്തുമുന്നേറിയ ഒരു സൈന്യം ഉണ്ടായിരുന്നു. മഹത്തായ റോമാസാമ്രാജ്യത്തിന്റെ പേര് കേട്ട യുധവീരന്മാരായിരുന്നു അവര്‍. റോമാസാമ്രാജ്യം അതിന്റെ പ്രതാപങ്ങള്‍ക്കെല്ലാം കടപ്പെട്ടിരിക്കുന്നത് ജീവന്‍ പണയം വെച്ച് പോരാടിയ ഈ ധീരന്മാരുടെ ചങ്കൂറ്റത്തിനോടാണ്. റോമന്‍ സൈന്യത്തിന്റെ ഏതാനും വിശേഷങ്ങള്‍ നമ്മുക്ക് കാണാം.

 • റോമന്‍ സൈന്യത്തിലെ അംഗങ്ങള്‍ ലീജിയനറി എന്നാണ് അറിയപ്പെട്ടിരുന്നത്. 4,000 മുതല്‍ 6,000 സൈനികര്‍ ഉള്ള ഒരു സംഘത്തെ ലീജിയന്‍ എന്നാണ് വിളിച്ചിരുന്നത്. റോമന്‍ സൈന്യത്തില്‍ മുപ്പതില്‍ അധികം ലീജിയനുകള്‍ ഉണ്ടായിരുന്നുവത്രേ.
 • ഇരുപത് വയസിന് മുകളില്‍ പ്രായമുള്ള പുരുഷന്മാര്‍ക്ക് മാത്രമേ റോമന്‍ സൈന്യത്തില്‍ ചേരുവാന്‍ സാധിക്കുമായിരുന്നുള്ളൂ.
 • ഒരിക്കല്‍ റോമന്‍ സൈന്യത്തില്‍ അംഗമായാല്‍ പിന്നെ 25 വര്‍ഷം സൈന്യത്തില്‍ ജോലി ചെയ്യണം. 25 വര്‍ഷത്തിന് ശേഷം പടയാളികള്‍ക്ക് വിരമിക്കുവാനുള്ള അവസരം ഉണ്ടായിരുന്നു. ഇങ്ങനെ വിരമിക്കുന്നവര്‍ക്ക് പണമോ, സ്ഥലമോ, പദവിയോ പ്രതിഫലമായി നല്‍കുകയും ചെയ്തിരുന്നു.
 • 80 പടയാളികളുടെ കൂട്ടത്തെ സെഞ്ചുറി എന്നാണ് വിളിച്ചിരുന്നത്. ഈ കൂട്ടത്തിന്റെ നേതാവിനെ സെഞ്ചൂറിയന്‍ എന്നും.
 • 6 സെഞ്ചുറികളുടെ കൂട്ടം കൊഹോര്‍ട്ട് എന്നാണ് അറിയപ്പെട്ടിരുന്നത്. ഇത്തരം 10 കൂട്ടങ്ങള്‍ ആണ് ഒരു ലീജിയനില്‍ ഉണ്ടാവുക.
 • മൂന്ന് പ്രധാന ആയുധങ്ങള്‍ ആണ് ഒരു റോമന്‍ പടയാളിയുടെ കൈവശം ഉണ്ടാവുക. ഒരു വാള്‍, ഒരു കുന്തം, പിന്നെ ഒരു പരിചയും. എതിരാളിയുടെ ആക്രമണം തടയുക എന്നതാണ് പരിചയുടെ ലക്ഷ്യമെങ്കിലും അത്യാവശ്യ ഘട്ടങ്ങളില്‍ പരിചയും ഒരു ആയുധമായി ഉപയോഗിച്ചിരുന്നു.
 • റോമന്‍ പൗരന്മാര്‍ക്ക് മാത്രമേ സൈന്യത്തില്‍ അംഗങ്ങള്‍ ആകുവാന്‍ സാധിച്ചിരുന്നുള്ളൂ. എന്നാല്‍, ഇവര്‍ റോമില്‍ തന്നെ ജനിച്ചു വളര്‍ന്നവര്‍ ആയിരുന്നില്ല. അക്കാലത്തെ റോമാസാമ്രാജ്യം വ്യാപിച്ചുകിടന്ന പ്രദേശങ്ങളില്‍ നിന്നെല്ലാം ആളുകള്‍ റോമന്‍ സൈന്യത്തില്‍ ചേര്‍ന്നിരുന്നു.

  സെഞ്ചൂറിയന്‍ എന്ന ചിത്രത്തില്‍ നിന്ന്
 • റോമന്‍ പൌരന്മാര്‍ അല്ലാത്തവരെയും സൈന്യത്തില്‍ എടുത്തിരുന്നു. എന്നാല്‍, അവരെ ലീജിയനറികള്‍ എന്ന് വിളിച്ചിരുന്നില്ല. ലീജിയനറികള്‍ക്ക് നല്‍കുന്ന പണത്തിന്റെ മൂന്നില്‍ ഒന്നേ ഇവര്‍ക്ക് നല്‍കിയിരുന്നുള്ളൂ. യുദ്ധം ഉണ്ടാകുമ്പോള്‍ ഏറ്റവും അപകടസാധ്യതയുള്ള മുന്‍നിരയില്‍ നിര്‍ത്തിയിരുന്നതും ഇവരെയായിരുന്നു.
 • പ്രധാനമായും കാലാളുകള്‍ ആണ് റോമന്‍ സൈന്യത്തില്‍ ഉണ്ടായിരുന്നത്. അല്ലെങ്കില്‍, അവര്‍ ആ രീതി ആയിരുന്നു ഇഷ്ടപെട്ടിരുന്നത്. യുദ്ധത്തില്‍ പിന്തിരിഞ്ഞു ഓടുന്ന ശത്രുക്കളെ കീഴടക്കാന്‍ വേണ്ടിയായിരുന്നു കുതിരപ്പടയെ പ്രധാനമായും ഉപയോഗിച്ചിരുന്നത്.
 • റോമാസാമ്രാജ്യത്തെ അടിസ്ഥാനമാക്കി, പലപ്പോഴും റോമന്‍ യുധവീരന്മാരെ നായകരാക്കി, ഒട്ടേറെ ഹോളിവുഡ് ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഗ്ലാഡിയേറ്റര്‍, സ്പാര്‍ട്ടക്കസ്, സെഞ്ചൂറിയന്‍, ദി ലാസ്റ്റ് ലീജിയന്‍ എന്നിവ അവയില്‍ ചിലത് മാത്രം.